വിലക്കയറ്റത്തിൽ രാജ്യം ; പിടിച്ചുനിർത്തി കേരളം

രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുകയും ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ചെയ്തതോടെ സമ്പദ്ഘടനയെ സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ അവകാശവാദങ്ങൾ പൊള്ളയെന്ന് വീണ്ടും തെളിയുകയാണ്. ചില്ലറവിൽപ്പനയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം അഥവാ പണപ്പെരുപ്പനിരക്ക് ജൂലൈയിൽ 7.44 ശതമാനമെന്ന അസാധാരണനിലയിലേക്ക് ഉയർന്നതായി ദേശീയ സ്ഥിതിവിവര ഓഫീസ് പുറത്തുവിട്ട കണക്കുകൾ ആശങ്കാജനകമാണ്. ജൂണിൽ 4.7 ശതമാനമായിരുന്ന പണപ്പെരുപ്പനിരക്കാണ് റിസർവ് ബാങ്ക് പരമാവധി പരിധിയായി കണക്കാക്കുന്ന ആറു ശതമാനവും കടന്ന് കഴിഞ്ഞമാസം കുതിച്ചുയർന്നത്. ഒറ്റമാസംകൊണ്ട് ഉണ്ടായ 2.57 ശതമാനം വർധന കുടുംബ ബജറ്റുകളുടെ താളംതെറ്റിക്കാൻ പോന്നതാണ്. കാരണം പച്ചക്കറിയും ധാന്യങ്ങളും അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വൻ വർധനയാണ് വിലക്കയറ്റ സൂചികയിലെ വർധനയായി പ്രതിഫലിച്ചത്. ഭക്ഷ്യോൽപ്പന്ന വിലസൂചിക ജൂണിൽ 4.49 ശതമാനമായിരുന്നത് ജൂലൈയിൽ 11.51 ശതമാനമായാണ് കൂടിയത്. പച്ചക്കറിവില 37.3 ശതമാനംകണ്ട് ഉയർന്നപ്പോൾ ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കും 13 ശതമാനം വില അധികമായി. ഈ മാസവും വിലക്കയറ്റം തുടരുമെന്ന് പണനയ പ്രഖ്യാപനത്തിൽ റിസർവ് ബാങ്ക് ഗവർണർ സൂചിപ്പിച്ചത് വിലക്കയറ്റം താൽക്കാലിക പ്രതിഭാസമാകില്ലെന്ന് വ്യക്തമാക്കുന്നു.

ദരിദ്രർക്കും സാധാരണക്കാർക്കും വിശപ്പടക്കാൻ നിലവിൽ വൻവില നൽകി ഭക്ഷ്യസാധനങ്ങൾ വാങ്ങേണ്ടിവരുന്നുവെന്ന് മാത്രമല്ല, ഭാവിയിൽ സാധാരണക്കാരുടെ കീശ കവരുന്ന പലിശ വർധനയിലേക്കും വിലക്കയറ്റം നയിക്കും. പ്രധാനമായും ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കി പലിശ നിശ്ചയിക്കുന്ന റിസർവ് ബാങ്ക് നാലു ശതമാനത്തിൽ അത് പിടിച്ചുനിർത്തുക ലക്ഷ്യമായി നിശ്ചയിച്ചിട്ടുണ്ട്. മുന്നോട്ടോ പിന്നോട്ടോ പരമാവധി രണ്ടു ശതമാനം പോകാവുന്ന വിലക്കയറ്റസൂചിക മുന്നോട്ടുള്ള പരമാവധിയായ ആറു ശതമാനവും കടന്ന് 7.44 ശതമാനം ആയതോടെ വിലക്കയറ്റം നേരിടാൻ അടിസ്ഥാനപലിശയായ റിപ്പോ നിരക്ക് കൂട്ടാൻ റിസർവ് ബാങ്ക് നിർബന്ധിതമാകും. അത് ഭവന –-വാഹന വായ്പകളുടെ പലിശയിൽ വർധനയായി പ്രതിഫലിക്കുന്നതോടെ രാജ്യത്തെ ഭൂരിപക്ഷം വരുന്ന ഇടത്തരം നിശ്ചിത വരുമാനക്കാരുടെ ജീവിതം താളംതെറ്റും.

ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത് സാമ്പത്തിക വൻശക്തികളെപ്പോലും പിന്നിലാക്കി ഇന്ത്യ കുതിക്കുന്നുവെന്ന സംഘപരിവാർ പിണിയാളുകളുടെ പ്രചാരണത്തിന്റെ തനിനിറം ചൂണ്ടിക്കാട്ടുന്നു. വിദേശ നാണ്യവിപണിയിൽ രൂപയുടെ മൂല്യത്തിലുണ്ടായ തകർച്ച വിദേശനിക്ഷേപം സംബന്ധിച്ച അതിശയോക്തിപരമായ അവകാശ വാദങ്ങളുടെ നിജസ്ഥിതിയാണ് പുറത്തുകൊണ്ടുവരുന്നത്.

അതേസമയം വിലക്കയറ്റത്തോത് ദേശീയ ശരാശരിയിലും ഒരു ശതമാനംകണ്ട് താഴ്ത്തിനിർത്താൻ ഭക്ഷ്യോൽപ്പന്നങ്ങളുടെ ഉൽപ്പാദനത്തിലെ വർധനയിലൂടെയും ഫലപ്രദമായ പൊതുവിതരണ സമ്പ്രദായത്തിലൂടെയും കേരളത്തിന് കഴിഞ്ഞുവെന്നത് നിസ്സാര നേട്ടമല്ല. എൽഡിഎഫ് സർക്കാർ നിലവിൽവന്നശേഷം കൃഷിഭൂമിയും കൃഷിയും വീണ്ടെടുക്കുന്നതിനു സ്വീകരിച്ച നടപടികൾ ഭക്ഷ്യോൽപ്പാദനത്തിൽ പ്രതിഫലിച്ചിരിക്കുന്നു. സാമ്പത്തികമായി സംസ്ഥാനത്തെ ശ്വാസംമുട്ടിക്കാൻ കേന്ദ്ര സർക്കാർ ഫെഡറൽ നയങ്ങൾക്ക് വിരുദ്ധമായി നടത്തുന്ന നീക്കങ്ങൾക്കിടയിലും പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമായി നിലനിർത്താൻ സർക്കാർ പുലർത്തുന്ന ജാഗ്രതയും രാജ്യം നേരിടുന്ന വിലക്കയറ്റത്തിൽനിന്ന് സംസ്ഥാനത്തെ ജനങ്ങളെ ഒരു പരിധിവരെ രക്ഷിക്കാൻ സഹായകമായി. ഇന്ത്യ 7.2 ശതമാനം സാമ്പത്തികവളർച്ച നേടിയെന്നും ലോകത്ത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടേതാണ്‌ എന്നുമുള്ള മോദി ഭരണനേതൃത്വത്തിന്റെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുകൂടിയായ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ പരകാല പ്രഭാകർ ‘പുതിയ ഇന്ത്യയുടെ വളഞ്ഞ മോന്തായം’ (The Crooked Timber Of New India ) എന്ന പുസ്തകത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 2021ൽ മാത്രം ഏഴരക്കോടി ജനങ്ങൾ ദാരിദ്ര്യരേഖയ്‌ക്ക് താഴേക്ക് പുതുതായി കൂട്ടിച്ചേർക്കപ്പെട്ടുവെന്നും ലോകത്തെ ദരിദ്രരുടെ 60 ശതമാനമാണ്‌ ഇതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഏതാനും അതിസമ്പന്നർ അതിദ്രുതം വളരുന്ന ഇന്ത്യയിൽ അത്യന്തം അസമവും അൽപ്പവും ഉൽപ്പാദനക്ഷമവും അല്ലാത്ത വളർച്ചയാണ്‌ ഉണ്ടാകുന്നതെന്നുള്ള മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ അടക്കമുള്ള സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം ശരിവയ്ക്കുന്നതാണ് സമ്പദ്‌വ്യവസ്ഥയിലെ പുതിയ പ്രവണതകളും.