നാടിനെ മറന്ന എംപിമാർ

കണ്ണുള്ളത് കാണാൻ മാത്രമല്ല; കാണാതിരിക്കാൻ കൂടിയാണ്’. സി ജെ തോമസിന്റെ "ആ മനുഷ്യൻ നീ തന്നെ’ എന്ന മഹത്തായ നാടകത്തിലെ ഒരു വാചകമാണിത്. കേരളത്തിലെ യുഡിഎഫ് എംപിമാരെ മുൻനിർത്തി ആലോചിച്ചാൽ ഇത് അക്ഷരംപ്രതി ശരിയാണ്. ഇന്ത്യയുടെ തെക്കേ അറ്റത്തുകിടക്കുന്ന കേരളത്തോട് കേന്ദ്ര സർക്കാർ എത്രമാത്രം ക്രൂരതയും അവഗണനയും കാണിച്ചാലും ഈ എംപിമാർ കാണില്ല, കാണാറില്ല. കേന്ദ്ര വിഹിതങ്ങളും വായ്പാപരിധിയും വെട്ടിക്കുറച്ച് കേരളത്തോട് കാണിക്കുന്ന വിവേചനം അവർ കാണുന്നേയില്ല. ധനപരമായ കാര്യങ്ങളിൽ ഒട്ടും ഉദാരമല്ലാത്ത സമീപനമാണ് സംസ്ഥാനത്തോട് കേന്ദ്രം സ്വീകരിക്കുന്നതെന്ന് പറയാൻ ഒരിക്കലും അവർക്ക് നാവു പൊങ്ങിയിട്ടില്ല. സാമ്പത്തിക അടിയന്തരാവസ്ഥ മറികടക്കാൻ അർഹമായ പണം തരണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നതിൽനിന്ന് യുഡിഎഫ് എംപിമാർ വിട്ടുനിന്നത് ഈയൊരു തുടർ സമീപനത്തിന്റെ ഭാഗമാണ്. ഇതുസംബന്ധിച്ച് കേന്ദ്ര ധനമന്ത്രിയെ കണ്ട്‌ നിവേദനം നൽകിയത് എൽഡിഎഫ് എംപിമാർമാത്രം.
സംസ്ഥാനത്തിന്റെ മൊത്തം റവന്യു വരുമാനത്തിൽ കേന്ദ്ര വിഹിതം തുടർച്ചയായി ഗണ്യമായി കുറയുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു നിവേദനം. മറ്റു സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ എത്രയോ ചെറിയ വിഹിതമാണ് കേരളത്തിനു ലഭിക്കുന്നത്. ഇതോടൊപ്പം സംസ്ഥാനത്തിന്റെ വായ്പാവകാശവും വെട്ടിച്ചുരുക്കുന്നു. നിലവിലുള്ള നിയമപ്രകാരം സംസ്ഥാന വരുമാനത്തിന്റെ മൂന്നു ശതമാനം വായ്പയെടുക്കാൻ നമുക്ക് അവകാശമുണ്ട്. എന്നാൽ, നടപ്പു സാമ്പത്തികവർഷം 2.2 ശതമാനം വായ്പയേ അനുവദിക്കൂ എന്നാണ് കേന്ദ്രം ശഠിക്കുന്നത്. കേന്ദ്ര വിഹിതത്തിൽ വരുത്തിയ വെട്ടിക്കുറവിന്റെ വിശദാംശങ്ങൾ ഞങ്ങൾ പലവട്ടം ചൂണ്ടിക്കാട്ടിയിട്ടുള്ളതിനാൽ വീണ്ടും പറയുന്നില്ല. ഇതേസമയം, മൊത്തം വരുമാനത്തിൽ സംസ്ഥാനം സമാഹരിക്കുന്ന വിഹിതം തുടർച്ചയായി വർധിക്കുന്നുണ്ട്. ഈവർഷം വർധന 71 ശതമാനം കടക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതായത്, കേന്ദ്ര വിഹിതവും വായ്പാപരിധിയും വെട്ടിച്ചുരുക്കുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. അതൊന്ന് ചൂണ്ടിക്കാട്ടാൻപോലും യുഡിഎഫ് തയ്യാറല്ല.
കേരളത്തിൽ കണ്ണീരിന്റെ പുഴകളൊഴുക്കാനും കൂട്ടയാതനകളുടെ കാട്ടുതീ പടർത്താനും അതു കണ്ട് ആനന്ദിക്കാനും മാത്രമാണ് യുഡിഎഫും ബിജെപിയും ഒരുപോലെ ആഗ്രഹിക്കുന്നത്. കോവിഡ്, പ്രളയകാലത്തൊക്കെ അവരുടെ ആ മോഹം നാട് കണ്ടു. പക്ഷേ, പ്രാപ്തിയുള്ള കൈകളിലാണ് സംസ്ഥാനത്തിന്റെ ഭരണമെന്നതിനാൽ ആ മോഹം നടക്കുന്നില്ല. ഒരു തരത്തിലുമുള്ള പക്ഷപാതപരമായ പരിഗണനയുമില്ലാതെ, നാടിനെ ഒന്നായിക്കണ്ട് ഈ ഭരണം മുന്നേറുകയാണ്. എല്ലാവരും സുഖത്തിലും ക്ഷേമത്തിലും തൃപ്തിയിലും സമത്വത്തിലും കഴിയുന്ന അവസ്ഥ സൃഷ്ടിക്കാനാണ് ഏഴുവർഷമായി എൽഡിഎഫ് ഭരണം ശ്രദ്ധിക്കുന്നത്. ഏതു പ്രതിസന്ധിയുടെ നടുക്കടലിൽ നിൽക്കുമ്പോഴും ജനങ്ങളുടെ ക്ഷേമവും സർവതലസ്പർശിയായ സമഗ്രവികസനവും എന്ന കാഴ്ചപ്പാടിൽനിന്ന് സർക്കാർ അണുവിട മാറിയിട്ടില്ല. ഈ ഓണക്കാലത്ത് 60 ലക്ഷത്തോളം പേർക്ക് ക്ഷേമ പെൻഷനും ആറു ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് സൗജന്യക്കിറ്റും അടക്കം സർക്കാരിന്റെ കൈത്താങ്ങ് കിട്ടാത്ത ഒരു മേഖലയുമില്ല. ബോണസിനും വിവിധ ആനുകൂല്യങ്ങൾക്കുമായി 19,000 കോടി രൂപ സർക്കാർ നീക്കിവച്ചു. കേന്ദ്രം അർഹമായ സഹായങ്ങൾ വെട്ടിക്കുറയ്ക്കുമ്പോഴും ഭക്ഷ്യസുരക്ഷയും സാമൂഹ്യസുരക്ഷയും ഉറപ്പാക്കി, വികസന വഴികളിലൂടെ കേരളം മുന്നേറുന്നു. ഈ മുന്നേറ്റം തടയലാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. അതിന് യുഡിഎഫും ഒത്താശ ചെയ്യുകയാണ്.