കേന്ദ്രത്തിന്റെ കടുത്ത നിയന്ത്രണത്തിനിടയിലും സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി മോശമല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സാധാരണക്കാരെ ബാധിക്കാത്തരീതിയിൽ കാര്യങ്ങൾ നിർവഹിക്കാനായി. കേരളത്തെ സാമ്പത്തികമായി തകർക്കാനാകില്ല. ധനമേഖല കൂടുതൽ വളർച്ചയുണ്ടാക്കിയ ഘട്ടമാണ് ഇത്. ട്രഷറിയിലെ നിയന്ത്രണം ഉടൻ നീക്കാനാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2021-–-2023ൽ 53 ശതമാനം സാമ്പത്തിക വളർച്ചയുണ്ടായി. വർഷം ശരാശരി 11 മുതൽ 12 ശതമാനം വരെ ആയിരുന്നതാണ് 25ൽ എത്തിയത്. ചരിത്രത്തിലെ ഏറ്റവുംവലിയ റവന്യൂ വരുമാനമാണ് ഇത്. ലോട്ടറി ക്ഷേമനിധി തൊഴിലാളികൾക്കും പെൻഷൻകാർക്കുമുള്ള ആനുകൂല്യം തിങ്കളാഴ്‌ചതന്നെ ലഭിക്കും. തുടർച്ചയായി അവധി വരുന്നതിനാൽ എടിഎമ്മുകളിൽ ആവശ്യത്തിന് പണം നിറയ്‌ക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓണത്തിന് മുന്നോടിയായി ജനങ്ങളിലേക്ക് എത്തിച്ചത് 18,000 കോടി രൂപയാണ്. വിവിധ പെൻഷനുകളും ആനുകൂല്യങ്ങൾക്കും പണം അനുവദിച്ചു. വിപണി ഇടപെടലുകൾക്കുമാത്രം 400 കോടി രൂപ ചെലവഴിച്ചതുമൂലമാണ് വിലക്കയറ്റത്തിന്റെ രൂക്ഷത അനുഭവപ്പെടാത്തത്. സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്തവർക്കുള്ള രണ്ടുമാസത്തെ ഇൻസെന്റീവ് നൽകുന്നതിനായി 13.95 കോടി രൂപ അനുവദിച്ചു
ഫിച്ച് റിപ്പോർട്ടിലും വളർച്ച
ആഗോള റേറ്റിങ് ഏജൻസിയായ ഫിച്ചിന്റെ റിപ്പോർട്ടിലും കേരളത്തിന്റെ സാമ്പത്തികവളർച്ച ‘മൈനസി’ൽനിന്ന് സുസ്ഥിരതയിലേക്ക് കുതിച്ചു. കഴിഞ്ഞവർഷം ധനസ്ഥിതി താഴേക്കെന്ന് ഫിച്ച് റിപ്പോർട്ട് ചെയ്‌തപ്പോൾ ചില മാധ്യമങ്ങൾ വലിയ വാർത്തയാക്കിയിരുന്നു. 2027 മാർച്ചുവരെ വളർച്ചയാണെന്നും അവർ പ്രവചിക്കുന്നു.