ആഗോള ക്രെഡിറ്റ്‌ റേറ്റിങ്‌ ഏജൻസി റിപ്പോർട്ട്‌-കേരളം ‘നെഗറ്റീവി'ൽനിന്ന് സ്ഥിരതയിലേക്ക്

കേരളത്തിന്റെ സാമ്പത്തികവീക്ഷണം വിലയിരുത്തിയ ആഗോള ക്രെഡിറ്റ്‌ റേറ്റിങ്‌ ഏജൻസി ഫിച്ച്‌ നൽകിയ സാക്ഷ്യപത്രം ധനദൃഢീകരണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം. കേരളത്തിന്റെ ‘നെഗറ്റീവ്’ ആയിരുന്ന റേറ്റിങ്‌ ‘സുസ്ഥിരത’യിലേക്ക് ഉയർത്തിയതായി ഫിച്ചിങ്‌ ലോക ക്രഡിറ്റ്‌ മേഖലയെ അറിയിച്ചു.
കേരളത്തിന്റെ ധനസ്ഥിതി താഴേക്കെന്ന കഴിഞ്ഞവർഷത്തെ ഫിച്ച് റിപ്പോർട്ട് മാധ്യമങ്ങളും പ്രതിപക്ഷവും കൊട്ടിഘോഷിച്ചിരുന്നു. കേരളം തകരുന്നു, ആരും കടംതരില്ല, കിഫ്‌ബി ഇല്ലതാകുന്നു എന്നിങ്ങനെയായിരുന്നു പ്രചാരണം. എന്നാൽ, 25നു പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഫിച്ച്‌ കേരളത്തിനു നൽകിയ ബിബി സുസ്ഥിര റേറ്റിങ്‌ നിലനിർത്തി. സംസ്ഥാനത്തിന്റെ സാമ്പത്തികവീക്ഷണം നെഗറ്റീവിൽനിന്ന് സ്ഥിരതയിലേക്ക് മാറിയതായും സാക്ഷ്യപ്പെടുത്തി.
പണവിപണിയിലെ നിക്ഷേപ സംരംഭകർക്ക്‌ കേരളം തെരഞ്ഞെടുക്കുന്നതിനുള്ള ഉറപ്പാണ്‌ ഫിച്ച്‌ നൽകുന്നത്‌. കേരളത്തിൽ നിക്ഷേപിക്കുന്നതിനുള്ള നഷ്ടസാധ്യത മധ്യനിരയിലാക്കി. 2023 മുതൽ 2027 വരെ സാമ്പത്തിക വർഷങ്ങളിൽ സുസ്ഥിര സാമ്പത്തികവളർച്ച തുടരും. മൊത്തം വാർഷിക വളർച്ചനിരക്ക്‌ (സിഎജിആർ) ഒമ്പത്‌ ശതമാനമായിരിക്കും. ഇതേ കാലയളവിൽ പ്രവർത്തനച്ചെലവിലെ വളർച്ചനിരക്ക്‌ 8.1 ശതമാനമായിരിക്കും. കേരളത്തിന്‌ ഇക്കാലം വളർച്ചയുടേതായിരിക്കുമെന്നും ഫിച്ച് പ്രവചിക്കുന്നു. പൊതു, സർക്കാർ ചെലവുകളുടെ ഗണ്യമായ വിഹിതം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രധാന ഉത്തരവാദിത്വങ്ങൾ, ബജറ്റ് കമ്മി കൈകാര്യം ചെയ്യാനുള്ള ശേഷി തുടങ്ങിയ ആറ് വ്യത്യസ്ത ഘടകം കണക്കിലെടുത്താണ് കേരളത്തെ പ്രാദേശിക സമ്പദ്ഘടനയായി കണ്ടുള്ള ഫിച്ചിന്റെ വിലയിരുത്തൽ. കേന്ദ്ര സർക്കാരിന്റെ നയസമീപനംമൂലമുള്ള സാമ്പത്തിക ഞെരുക്കം നേരിടുന്നതിനുമിടയിലാണ്‌ കേരളത്തിന്‌ ഈ അംഗീകാരം ഉറപ്പാക്കാനാകുന്നത്‌.

ക്രെഡിറ്റ് റേറ്റിങ്‌
സർക്കാരിന്റെ കടങ്ങൾ തിരിച്ചടയ്‌ക്കാനുള്ള സാധ്യതയാണ്‌ ക്രെഡിറ്റ്‌ റേറ്റിങ്ങിൽ വിലയിരുത്തുക. ക്രെഡിറ്റ് റേറ്റിങ്‌ ഏജൻസികൾ കമ്പനികളുമായും സർക്കാരുകളുമായും (കടം വാങ്ങുന്നയാൾ അല്ലെങ്കിൽ കടം ഉപകരണങ്ങൾ നൽകുന്നയാൾ) ബന്ധപ്പെട്ട ക്രെഡിറ്റ് യോഗ്യതയും തിരിച്ചടവ്‌ മുടങ്ങാവുന്നതിലൂടെയുള്ള അപകടസാധ്യതയും വിലയിരുത്തും. ഏജൻസിയുടെ മൂല്യനിർണയത്തെ അടിസ്ഥാനമാക്കി റേറ്റിങ്ങുകൾ നൽകും. ഇതിന്‌ വ്യത്യസ്‌ത റേറ്റിങ്‌ ഏജൻസികൾ വ്യത്യസ്‌ത രീതികൾ പിന്തുടരുന്നു. ലണ്ടൻ ആസ്ഥാനമാക്കിയ ഫിച്ച്‌ ക്രെഡിറ്റ്‌ ഏജൻസിക്ക്‌ നൂറ്റാണ്ടിലേറെ നീളുന്ന പ്രവർത്തനപാരമ്പര്യമുണ്ട്‌.