നടൻ ജയസൂര്യ കർഷകരുടെ പ്രശനമെന്ന നിലയിൽ നടത്തിയ പരാമർശങ്ങൾ വാസ്തവവിരുദ്ധം


ജയസൂര്യ വിഷയം
നടൻ ജയസൂര്യ കർഷകരുടെ പ്രശനമെന്ന നിലയിൽ നടത്തിയ പരാമർശങ്ങൾ വാസ്തവവിരുദ്ധമാണ്
തന്റെ സുഹൃത്തും നടനുമായ കൃഷ്ണപ്രസാദിൽ നിന്നും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നാളിതുവരെ നൽകിയിട്ടില്ലെന്നും അത് ലഭിക്കാനായി
തിരുവോണ ദിവസം അദ്ദേഹം ഉപവാസമിരിക്കുന്നു എന്നതുമാണ് ജയസൂര്യ പറഞ്ഞത്.
കൃഷ്ണപ്രസാദിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില ജൂലൈമാസം നൽകിയതാണ്. കോട്ടയം ജില്ലയിൽ പായിപ്പാട് കൃഷിഭവനുകീഴിൽ കൃഷ്ണപ്രസാദിന്റെ കൊല്ലാത്ത് ചാത്തൻകേരി പാടശേഖരത്തെ 1.87 ഏക്കർ കൃഷിഭൂമിയിൽ വിളയിച്ച 5,568 കിലോ നെല്ല് സപ്ലൈകോ സംഭരിച്ചു. അതിന്റെ വിലയായ 1.57 ലക്ഷം രൂപ ജൂലൈ മാസത്തിൽ എസ്ബിഐ വഴി നൽകി.
ഈ സീസണിൽ കർഷകരിൽ നിന്നും സംഭരിച്ച 7.31 ലക്ഷം മെട്രിക് ടൺ നെല്ലിന്റെ വിലയായി 2070.71 കോടി രൂപയാണ് കർഷകർക്ക് നൽകേണ്ടിയിരുന്നത്. ഇതിൽ 1817.71 കോടി രൂപ കർഷകർക്ക് വിതരണം ചെയ്തു. 50,000- രൂപ വരെ നെല്ലിന്റെ വില നൽകേണ്ട കർഷകർക്ക് പൂർണമായും ബാക്കി കർഷകർക്ക് നെല്ലിന് നൽകേണ്ട വിലയുടെ 28 ശതമാനവും ഓണത്തിന് മുൻപു നൽകി

https://www.youtube.com/watch?v=Vx240zXHJAs(
വീഡിയോ 3.17 മുതൽ 6 .20 വരെ )

ജയസൂര്യ മനസ്സിലാക്കണം ; വായ്‌പയ്‌ക്ക്‌ ഗ്യാരന്റിയും പലിശയും നൽകുന്നത്‌ സർക്കാർ
നെല്ലുസംഭരിച്ച ഇനത്തിൽ നൽകാനുള്ള തുക കേന്ദ്രം കുടിശികയാക്കിയിട്ടും ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന്‌ വായ്‌പയെടുത്ത്‌ വേഗത്തിൽ തുക ലഭ്യമാക്കാനാണ്‌ സംസ്ഥാന സർക്കാർ ശ്രമിച്ചത്‌. ഈ വായ്‌പയ്‌ക്ക്‌ ഗ്യാരന്റിയും പലിശയും നൽകുന്നതും സംസ്ഥാന സർക്കാർ. നെല്ല്‌ സംഭരിച്ചതിന്റെ വിലകൊടുത്തില്ലെന്നും അവർ കൊടിയ ദുരിതത്തിലാണെന്നുമുള്ള നടൻ ജയസൂര്യയുടെ പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കമുള്ള രൂക്ഷമായ പ്രതികരണം ഈ വസ്തുതകളുടെ പിൻബലത്തിലാണ്‌.
സംസ്ഥാനസർക്കാർ കർഷകർക്ക്‌ തുകയെത്തിക്കാനുള്ള എല്ലാ നടപടികളും ഓണത്തിനുമുമ്പേ പൂർത്തിയാക്കിയിരുന്നു. കർഷകർക്ക്‌ കൊടുക്കാനുള്ള 2070.71 കോടിയിൽ 1820.71 കോടിയും വിതരണം ചെയ്തു. 50, 000 രൂപയിൽ താഴെ തുകയുള്ള ആർക്കും കുടിശ്ശികയില്ല. മറ്റുള്ളവർക്ക്‌ ബാക്കി തുക നൽകാൻ കേന്ദ്രം തരാനുള്ള 637.7 കോടി കിട്ടുന്നതുവരെ കാത്തുനിൽക്കാതെ ബാങ്ക്‌ കൺസോർഷ്യം രൂപീകരിച്ച്‌ പണംനൽകാനും സംവിധാനമായി. വായ്പയെന്നാണ്‌ പേരെങ്കിലും പലിശ നൽകുന്നത്‌ സർക്കാരാണ്‌. ചില ബാങ്കുകൾ ഇക്കാര്യത്തിൽ വീഴ്‌ച വരുത്തി. സാധാരണ കർഷകർക്ക്‌ കുടിശ്ശികയില്ലെന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഒരുതരത്തിലുള്ള പോരായ്മയും ഉണ്ടായിട്ടില്ലെന്നുമാണ്‌ ഇക്കാര്യങ്ങൾ തെളിയിക്കുന്നത്‌. ലക്ഷക്കണക്കിന്‌ കർഷകരിൽ നിന്നാണ്‌ നെല്ല്‌ സംഭരിക്കുന്നത്‌. അവർക്കാർക്കും തുക നൽകാതിരുന്നാൽ സംസ്ഥാനത്തെ പ്രക്ഷോഭാന്തരീക്ഷം എത്ര രൂക്ഷമാകുമെന്നും വിമർശകർ കാണുന്നില്ല.
സാങ്കേതിക കാരണങ്ങളാൽ തുക കിട്ടാനുള്ള ചുരുക്കം കർഷകരുടെ പ്രശ്നം ഊതിവീർപ്പിക്കാനാണ്‌ ശ്രമം. വസ്തുതകൾ മറച്ച്‌ പ്രശ്നങ്ങൾ ധരിപ്പിച്ച ബിജെപി പ്രവർത്തകനായ നടൻ കൃഷ്ണപ്രസാദിന്‌ കൃത്യമായ രാഷ്‌ട്രീയ ലക്ഷ്യമുണ്ടായിരുന്നു. ഈ രഷ്‌ട്രീയ താൽപ്പര്യത്തിന്‌ കൂട്ടുനിൽക്കുകയല്ല ജയസൂര്യ ചെയ്തതെങ്കിൽ അബദ്ധം പറ്റിയതാണെന്ന്‌ കരുതേണ്ടിവരും. അങ്ങനെയെങ്കിൽ വസ്തുതകൾ ബോധ്യപ്പെട്ടുകഴിഞ്ഞാൽ ജയസൂര്യ തന്നെ തിരുത്തുമെന്നുമാണ്‌ വിമർശകർ കരുതുന്നത്‌. പ്രത്യേകിച്ചും, കർഷക സമരവും വർഗീയ കലാപങ്ങളും മണിപ്പുർ കത്തിയതുമുൾപ്പെടെ രാജ്യത്തെ മുൻമുനയിൽ നിർത്തിയ നിരവധി വിഷയങ്ങളിൽ പ്രതികരിക്കാത്തയാൾ എന്ന നിലയ്ക്ക്‌, ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത്‌ ജയസൂര്യയാണ്‌.
വിവാദത്തിനു പിന്നിൽ നിക്ഷിപ്‌ത താൽപ്പര്യക്കാർ: മന്ത്രി പി പ്രസാദ്‌
നെല്ലിന്റെ തുക വിതരണംചെയ്യുന്നതിലെ വിവാദത്തിനുപിന്നിൽ നിക്ഷിപ്‌ത താൽപ്പര്യക്കാരാണെന്ന്‌ കൃഷിമന്ത്രി പി പ്രസാദ്‌. നെല്ലിന്‌ പണം കൊടുക്കാൻ ബാങ്കുമായി ധാരണയുണ്ടാക്കിയ ശേഷമാണ്‌ ഇപ്പോഴത്തെ ആരോപണമുയർന്നത്‌. അതിന്‌ മുമ്പായിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നു. പുതുപ്പള്ളിയിൽ എൽഡിഎഫ്‌ സ്ഥാനാർഥി ജെയ്‌ക്‌ സി തോമസിന്റെ പര്യടനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നെല്ല്‌ സംഭരിച്ച വകയിൽ സംസ്ഥാനത്തിന്‌ നൽകാനുള്ള കുടിശ്ശിക കേന്ദ്രസർക്കാർ നൽകാത്തത്‌ രാഷ്‌ട്രീയപ്രേരിതമാണെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ. കേന്ദ്ര വിഹിതമായി 637.6 കോടി രൂപ ലഭിക്കാനുണ്ട്. 2018 മുതലുള്ള കുടിശ്ശിക നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ പതിനൊന്ന്‌ തവണ കേന്ദ്രത്തിനെ സമീപിച്ചു. ആഗസ്‌ത്‌ 17, 19 തീയതികളിലും കത്ത്‌ നൽകി. എന്നാൽ, തുക അനുവദിച്ചില്ല. ഓണത്തിന്‌ ഒരുകിലോ അരിപോലും അധികമായി അനുവദിക്കാൻ കേന്ദ്രം തയ്യാറായില്ല. സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കുന്ന നിലപാടാണ്‌ കേന്ദ്രം തുടരുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2022-–-23 സീസണിൽ സപ്ലൈകോ കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ വിലയായി ഇതുവരെ 1854 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്‌. 2,50,373 കർഷകരിൽ നിന്നായി 7,31,184 ടൺ നെല്ലാണ് സംഭരിച്ചത്. ഇതിൽ 2,30,000 പേർക്ക് മുഴുവൻ പണവും നൽകി. 50,000 രൂപയ്ക്ക് താഴെയുള്ള എല്ലാ കർഷകർക്കും പൂർണമായി തുക നൽകി. 216 കോടിയാണ് നെല്ലിന്റെ വിലയായി ഇനി നൽകാനുള്ളത്‌. ഇത് ഉടൻ കർഷകരുടെ അക്കൗണ്ടുകളിൽ എത്തും.
കേന്ദ്രവിഹിതം ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നതിനാലാണ് കർഷകർക്ക് ഉടൻ പണം കൈമാറുന്നതിന്‌ ബാങ്ക് കൺസോർഷ്യവുമായി ധാരണയുണ്ടാക്കിയത്. ഇതുപ്രകാരം പണം വിതരണം ചെയ്യുന്നതിൽ ബാങ്കുകളുടെ ഭാഗത്തുനിന്ന്‌ അനാസ്ഥ ഉണ്ടായി. ഈ വായ്പയുടെ മുഴുവൻ പലിശയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. ഒക്ടോബറിൽ ആരംഭിക്കുന്ന അടുത്ത സീസൺ മുതൽ കർഷകർക്ക് പരമാവധി വേഗത്തിൽ പണം നൽകുന്നതിനായി കേരള ബാങ്കുമായുള്ള ചർച്ച പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.