എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനുള്ള (ഇഡി) വിശാല അധികാരങ്ങൾ ശരിവച്ച സുപ്രീംകോടതി വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌

. ഇഡിയെ ദുരുപയോഗിച്ച്‌ ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും ചവിട്ടിമെതിക്കാൻ കേന്ദ്രസർക്കാരിനാകും. പ്രതിപക്ഷ പാർടികൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കും മാധ്യമങ്ങൾക്കും എതിരായ ഇഡിയുടെ നടപടികൾ സുപ്രീംകോടതി വിധിയോടെ കൂടുതൽ രൂക്ഷമാകും. ഗുജറാത്ത്‌ വംശഹത്യകേസിലെ സുപ്രീംകോടതി വിധിയുടെ ആനുകൂല്യത്തിലാണ്‌ ടീസ്‌ത സെതൽവാദിനെയും ആർ ബി ശ്രീകുമാറിനെയും ഗുജറാത്ത്‌ പൊലീസ്‌ കള്ളക്കേസിൽ ജയിലിലടച്ചതെന്നും പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു.

ടീസ്‌ത സെതൽവാദ്‌, സഞ്ജീവ്‌ ഭട്ട്‌, ആർ ബി ശ്രീകുമാർ എന്നിവരെ മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇ എം എസ്‌ പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച ജനകീയകൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പ്രകാശ്‌ കാരാട്ട്‌.
ഗുജറാത്ത്‌ വംശഹത്യ കേസിൽ വിധിപറഞ്ഞ ജസ്‌റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്‌ ഇഡി കേസിലും വിധിപറഞ്ഞത്‌. വിരമിക്കുന്നതിന്റെ തലേന്നായിരുന്നു ഇഡി കേസിലെ വിധി. ജഡ്‌ജിമാർക്കുമേലുള്ള സമ്മർദങ്ങളാണ്‌ ഗുരുതര പ്രത്യാഘാതങ്ങൾക്ക്‌ ഇടയാക്കുന്ന ഇത്തരം വിധിക്ക്‌ കാരണം. ജഡ്‌ജിമാരെ നിയമിക്കുന്ന കൊളീജിയത്തെപ്പോലും കേന്ദ്രസർക്കാർ സമ്മർദത്തിലാക്കി. ജഡ്‌ജിമാർ ഇത്തരം സമ്മർദങ്ങൾക്ക്‌ വഴങ്ങാതെ ഭരണഘടനാനുസൃതമായി പ്രവർത്തിക്കേണ്ടവരാണെന്ന്‌ കാരാട്ട്‌ പറഞ്ഞു.
ഗവേഷണകേന്ദ്രം ചെയർമാൻ സി എൻ മോഹനൻ അധ്യക്ഷനായി. മന്ത്രി പി രാജീവ്‌ സംസാരിച്ചു.

സുപ്രീംകോടതി എക്‌സിക്യൂട്ടീവിന്റെ ഭാഗമായി

കൊച്ചി> സാകിയ ജാഫ്രി കേസിൽ നരേന്ദ്ര മോദിക്ക്‌ ക്ലീൻചിറ്റ്‌ നൽകിയ വിധി സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഏറ്റവും മോശം ഉത്തരവാണെന്ന്‌ പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. ഇതിലൂടെ പരമോന്നത കോടതി കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും താൽപ്പര്യങ്ങൾക്ക് തുല്യംചാർത്തുന്ന സ്ഥാപനമായിതീർന്നു. പരാതിക്കാരെ കേൾക്കാതെ അവരാണ്‌ കുറ്റവാളികൾ എന്ന്‌ വിധിച്ചതിലൂടെ എക്‌സിക്യൂട്ടീവിന്റെ ഭാഗമായി സുപ്രീംകോടതി മാറി. എതിർശബ്‌ദങ്ങളെയാകെ അടിച്ചമർത്തുന്ന, പ്രതിപക്ഷമുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക്‌ ബിജെപിയെത്തി. പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട 24 പ്രതിപക്ഷ എംപിമാരെ സസ്‌പെന്റ്‌ ചെയ്‌തത്‌ അതിന്റെ ഭാഗമാണ്‌.

ബിജെപിയുടെ വർഗീയ അജൻഡയെ എതിർക്കാത്ത കോൺഗ്രസ്‌ അതുമായി സന്ധിചെയ്യാനാണ്‌ ശ്രമിക്കുന്നത്‌. സംഘപരിവാറിന്റെ വർഗീയ അജൻഡകളെ തുറന്നുകാട്ടുന്നത്‌ ഇടതുപാർടികൾ മാത്രമാണ്‌. വർഗീയതക്കെതിരെ ശക്തമായ നിലപാടുള്ളതിനാലാണിത്‌. ഡൽഹിയിൽ സിപിഐ എം ചെറിയ പാർടിയാണെങ്കിലും മുസ്ലിം വിഭാഗത്തിന്റെ വീടുകൾക്കുനേരെ വന്ന ബുൾഡോസറുകൾ തടയാനായത്‌ അതുകൊണ്ടാണെന്നും കാരാട്ട്‌ പറഞ്ഞു