വ്യാജ പ്രചാരണം --നിപ്പാ വൈറസ്

നിപാ വ്യാപനം തടയാൻ സർക്കാർ പഴുതുകളില്ലാത്ത പ്രതിരോധ പ്രവർത്തനം നടത്തുമ്പോൾ ‘പ്രതിരോധം പാളി’യെന്ന്‌ വാർത്തയിലൂടെ അവയെ ദുർബലപ്പെടുത്താൻ മലയാള മനോരമയുടെ നീക്കം. കരുതൽ നടപടികളെ കേന്ദ്ര പ്രതിനിധിസംഘവും ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർടികളുടെയും യോഗവും പിന്തുണച്ചിരുന്നു. എന്നാൽ, പട്ടികയിലില്ലാത്ത ഒരാൾക്ക്‌ നിപാ സ്ഥിരീകരിച്ചത്‌ പാളിച്ചയെന്ന്‌ സ്ഥാപിക്കാനാണ്‌ മനോരമയുടെ ശ്രമം.
ആദ്യംമരിച്ച മുഹമ്മദലി ചികിത്സയിലിരിക്കെ മറ്റൊരാൾക്കൊപ്പം കൂട്ടിരിപ്പുകാരനായി എത്തിയതാണ് ആറാമതായി രോഗബാധിതനായ ചെറുവണ്ണൂർ സ്വദേശി. രോഗികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സമ്പർക്ക പട്ടിക കണ്ടെത്തൽ താരതമ്യേന എളുപ്പമാണ്‌. ഒട്ടേറെ കൂട്ടിരിപ്പുകാർ ഉണ്ടാകുമെന്നതിനാൽ അവരെ കണ്ടെത്തൽ സങ്കീർണമാണ്‌. നിപാ സ്ഥിരീകരിച്ചതിന്റെ പിറ്റേന്ന്‌ (സെപ്‌തംബർ 13)‌ രാത്രിതന്നെ മുഹമ്മദലിയുടെ റൂട്ട്‌ മാപ്പ്‌ പുറത്തുവിട്ടു. ആഗസ്‌ത്‌ 29ന്‌ പുലർച്ചെ 2.30 മുതൽ 4.15 വരെ ഇഖ്‌റ ആശുപത്രി എമർജൻസി വിഭാഗത്തിലും 4.15ന്‌ എംഐസിയുവിലും രോഗി ഉണ്ടായിരുന്നുവെന്ന്‌ പറയുന്നുണ്ട്‌. ഈ സമയങ്ങളിൽ ഇവിടെ ഉണ്ടായിരുന്നവർ കൺട്രോൾ റൂമുമായി ബന്ധപ്പെടാൻ നിർദേശിച്ചിരുന്നു.
കൺട്രോൾ റൂമിൽ എൺപതോളം ആരോഗ്യ പ്രവർത്തകർ രാപകൽ അധ്വാനിച്ചാണ്‌ ആയിരത്തിലേറെ പേരുടെ സമ്പർക്ക പട്ടികയുണ്ടാക്കിയത്‌. നിപാ സ്ഥിരീകരിച്ചശേഷം റിപ്പോർട്ട്‌ ചെയ്‌ത രണ്ട്‌ കേസിൽ ഒന്ന്‌ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടയാളാണ്‌. മരിച്ച ആദ്യ രോഗി‌ക്ക്‌ നിപാ സ്ഥിരീകരിക്കാനുമായി. പട്ടിക തയ്യാറാക്കാൻ പൊലീസിന്‌ വിവരം കൈമാറിയില്ലെന്ന നുണയും വാർത്തയിലുണ്ട്‌. വ്യാഴം മുതൽ കൺട്രോൾ റൂമിൽ എസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനുണ്ട്‌. പ്രോട്ടോക്കോൾ പ്രകാരം നടത്തിയ സാമ്പിൾ പരിശോധനയെയും വാർത്ത സംശയനിഴലിലാക്കുന്നു. സ്രവം സ്വകാര്യ ആശുപത്രിയിൽനിന്ന്‌ മെഡിക്കൽ കോളേജ്‌ മൈക്രോ ബയോളജി ലാബിൽ എത്തിക്കണമെന്ന്‌ ചട്ടമില്ല. ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥന്റെ അപേക്ഷ മതി. കൺട്രോൾ സെല്ലിലെ ചുമതലയുള്ളയാൾ കൃത്യമായി നടപടിയെടുത്തതിനാലാണ് കാലതാമസമില്ലാതെ ഫലം കിട്ടിയത്. ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥരും ദേശീയ ആരോഗ്യ ദൗത്യം ഉദ്യോഗസ്ഥരും തമ്മിൽ ഭിന്നതയുണ്ടെന്ന പ്രചാരണത്തിനെതിരെയും ഡോക്ടർമാരുടെ സംഘടനയും രംഗത്തെത്തി.

ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ഫേസ്ബുക് പോസ്റ്റ്
മനോരമ ദിനപത്രം ഇന്ന് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത സംബന്ധിച്ചാണ്…
കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധത്തിന് ഒറ്റക്കെട്ടായി (ഇന്നലെ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത എല്ലാവരും ഒരുപോലെ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെയും ഇടപെടലുകളെയും അഭിനന്ദിക്കുകയാണ് ചെയ്തത്.) നാം ശ്രമിക്കുമ്പോള്‍ ദയവായി ആളുകളെ ഭയചകിതരാക്കുന്ന വാര്‍ത്തകള്‍ കൊടുക്കരുത് എന്ന് മനോരമ പത്രത്തോട് അഭ്യര്‍ത്ഥിക്കുന്നു. നിപ നിയന്ത്രണത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം, തെറ്റായതോ വളച്ചൊടിച്ചതോ ആയ വാര്‍ത്തകള്‍ നല്‍കി കെടുത്താന്‍ ശ്രമിക്കരുത് എന്നും അഭ്യര്‍ത്ഥിക്കുന്നു. അത് ഉത്തരവാദിത്വമുള്ള ഒരു മാധ്യമത്തിന് ഒരിക്കലും ചേരാത്ത ഒരു പ്രവര്‍ത്തിയാണ് എന്ന് പറയട്ടെ.
'നിപ പ്രതിരോധം പാളി… സമ്പര്‍ക്ക പട്ടിക ഉണ്ടാക്കുന്നതില്‍ പോലും മെല്ലെ പോക്ക് എന്നാണ് വാര്‍ത്തയുടെ തലക്കെട്ട’് !
സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടാത്ത ആള്‍ പോസിറ്റീവ് ആയി എന്നതാണ് ഒരു അക്ഷേപം. സ്രവപരിശോധനയ്ക്ക് സാമ്പിള്‍ അയച്ചതില്‍ പ്രോട്ടോക്കോള്‍ പാലിച്ചില്ല എന്നതാണ് രണ്ടാമത്തെ ആക്ഷേപം.
അവസാനം പോസിറ്റീവായ വ്യക്തിക്ക് രോഗബാധയുണ്ടായത് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ റൂട്ട് മാപ്പില്‍പ്പെട്ട സ്ഥലത്ത് നിന്ന് തന്നെയായിരുന്നു. പ്രസ്തുത സ്ഥലം ഒരു ആശുപത്രിയാണ്. അവിടയെുള്ള എല്ലാ ആരോഗ്യ പ്രവര്‍ത്തകരും രോഗികളും ആരോഗ്യ വകുപ്പിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. നിപ ഉണ്ട് എന്ന് കണ്ടെത്തിയ ആരോഗ്യ പ്രവര്‍ത്തകന്‍ പ്രസ്തുത പട്ടികയില്‍ ഉണ്ടായിരുന്ന ആളാണ്. മേപ്പറഞ്ഞ വ്യക്തി ഒരു ആരോഗ്യ പ്രവര്‍ത്തകനോ രോഗിയോ ആയിട്ടല്ല സമ്പര്‍ക്ക സ്ഥലത്ത് വന്നത്. മറിച്ച് ഒരു രോഗിക്ക് തന്നെ ഉണ്ടാകാനിടയുള്ള പല കൂട്ടിരിപ്പുകാരില്‍ ഒരാളായിരുന്നു. തിരക്കുള്ള ആശുപത്രിയില്‍ രോഗികളായി വന്ന ആളുകള്‍ ഓരോരുത്തരെയും ബന്ധപ്പെട്ട് കൂട്ടിരിപ്പുകാരുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അതിലൊരാള്‍ പോസിറ്റീവായത്. രോഗം പകരാനിടയുള്ള സ്ഥലങ്ങള്‍ പൊതുമീഡിയയില്‍ പ്രസിദ്ധീകരിച്ചിരുന്നു. അവിടങ്ങളിലുണ്ടായിരുന്നവര്‍ നിപ കണ്‍ട്രോള്‍ റൂമില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അപേക്ഷിച്ചിരുന്നു.
നിപ രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക എന്നത് അത്യന്തം ക്ലേശകരമായ പ്രവര്‍ത്തനമാണ്. കേരളത്തില്‍ സ്തുത്യര്‍ഹമായി മുന്‍കാലങ്ങളില്‍ നടന്ന നിപാ നിയന്ത്രണങ്ങളിലും രോഗബാധയുണ്ടായതായി കണ്ടെത്തിയത് അതിനകം സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരായിരുന്നില്ല. രോഗബാധയുണ്ടായി എന്നറിഞ്ഞതിന് ശേഷം സമ്പര്‍ക്കം കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇത്തവണ രോഗ വ്യാപനം ശ്രദ്ധയില്‍പ്പെട്ടതിന് ശേഷം കണ്ടെത്തിയ രണ്ട് രോഗികളില്‍ ഒരാള്‍ ആരോഗ്യ വകുപ്പിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്ന് തന്നെ ആയിരുന്നു. മാത്രമല്ല, ആദ്യ രോഗിക്ക് തന്നെ നിപയായിരുന്നു എന്ന് ഉറപ്പാക്കാനും കഴിഞ്ഞിട്ടുണ്ട്.
നിപ സ്ഥിരീകരിച്ച വ്യക്തിയുടെ സ്രവം പരിശോധനക്കായി വൈറോളജി ലാബിലേക്ക് അയച്ചതില്‍ പ്രേട്ടോക്കോള്‍ പാലിച്ചില്ല എന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണ്. നിപ രോഗം ബാധിച്ച് മരണമടഞ്ഞ ആള്‍ ചികിത്സയ്ക്കായി എത്തിയ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ രണ്ടു പേരെ കോണ്ടാക്ട് സര്‍വ്വേയിലൂടെ കണ്ടെത്തുകയും സ്രവം പരിശോധനയ്ക്കായി എടുക്കുകയും ചെയ്തു. നിപ കണ്‍ട്രോള്‍ സെല്ലില്‍ സ്രവപരിശോധനാ ചുമതലയുള്ള മെഡിക്കൽ കോളേജിലെ ഡോക്ടറായ ടീം ലീഡര്‍ നിയോഗിച്ച വാഹനത്തില്‍ സ്രവം എറണാകുളത്തെത്തിക്കുകയും അവിടെ നിന്നും വിമാനമാര്‍ഗ്ഗം12.09.2023 ചൊവ്വാഴ്ച രാത്രിയില്‍ ഐന്‍. ഐ.വി. പൂനയിലേക്ക് അയക്കുകയുമാണ് ചെയ്യത്. ഇതോടൊപ്പം നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ റിക്വസ്റ്റ് പൂനയിലേക്ക് അയക്കുകയും അവിടെ നിന്നും പരിശോധനാ ഫലം 13.09.2023 ബുധനാഴ്ച തന്നെ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാളിന്റെ ഫലം പോസിറ്റീവും മറ്റേയാളിന്റേത് നെഗറ്റീവുമായിരുന്നു. സാമ്പിള്‍ അയക്കുന്നതില്‍ കാലതാമസമോ ആശയക്കുഴപ്പമോ ഉണ്ടായിട്ടില്ല.

മന്ത്രി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്

ഒരു മാധ്യമവാർത്തയുടെ കഥ…
തെറ്റായ വാർത്തകൾ ആളുകളെ എത്രത്തോളം ബുദ്ധിമുട്ടിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാനാണ് ഈ കുറിപ്പ്. തൊഴിൽ വകുപ്പിന്റെ കീഴിലുള്ള വിദേശ റിക്രൂട്ടിംഗ് ഏജൻസിയായ ODEPC വഴി എട്ടു നഴ്സുമാരെ ജർമ്മനിയിലേക്ക് അയച്ചിരുന്നു. തൊഴിൽ മന്ത്രി എന്ന നിലയിൽ ഞാനും യാത്രയയപ്പ് ചടങ്ങിൽ നേരിട്ട് പങ്കെടുത്തു. നഴ്സുമാർ ജർമ്മനിയിൽ എത്തിയപ്പോഴേക്കും ഒരു ജർമൻ മാധ്യമത്തിൽ ഒരു വാർത്ത വന്നു. നിപ മൂലം കേരളത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തി എന്നായിരുന്നു വാർത്ത. ജർമ്മനിയിലെ സാർലൻഡ് സംസ്ഥാനത്ത് ജോലിയിൽ പ്രവേശിക്കേണ്ട നഴ്സുമാർ ഇപ്പോൾ ഫ്രാൻക്ഫർട്ട് വിമാനത്താവളത്തിന് സമീപം ക്വാറന്റൈനിൽ കഴിയുകയാണ്.
വിഷയത്തിൽ ODEPC നേരിട്ട് ഇടപെട്ടിട്ടുണ്ട്.

5-1112547