കേന്ദ്ര ബിജെപി സർക്കാരിന് യുഡിഎഫ് കൂട്ടുനിൽക്കുന്നത് എന്തിന്? വി ഡി സതീശനോട് തോമസ് ഐസക്കിന്റെ ഏഴ് ചോദ്യങ്ങൾ

പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ കടുത്ത ആക്ഷേപം കിഫ്‌ബിയെക്കുറിച്ചാണ്. ബജറ്റിനു പുറത്തെടുത്ത തുക കടമെടുപ്പിന്റെ പരിധിയിൽ വരുമെന്നു പ്രതിപക്ഷം മുന്നറിയിപ്പു നൽകിയിരുന്നതാണ്. പ്രതിപക്ഷം പറഞ്ഞ അതേ കാര്യങ്ങളാണ് സി ആൻഡ് എജി റിപ്പോർട്ടിലും പറഞ്ഞതെന്ന കാര്യം എന്റെ ഓർമ്മയിലും ഉണ്ടാകുമല്ലോ എന്നാണ് അദ്ദേഹം എഴുതിയത്.

അതു ശരി. സി ആൻഡ് എജിക്ക് ഈ ബുദ്ധി ഉപദേശിച്ചു കൊടുത്തത് അങ്ങായിരുന്നല്ലേ? ഞാൻ എത്രയും നിനച്ചില്ല. ഏതായാലും അതു കുറച്ചു കടുത്തകൈ ആയിപ്പോയി. കൂടുതൽ വ്യക്തത ഇക്കാര്യത്തിൽ ഉണ്ടാവാൻ “7” ചോദ്യങ്ങൾ ചോദിക്കുകയാണ്. സമയമെടുത്തു മറുപടി നൽകുക. ആരോഗ്യകരമായ ഒരു സംവാദം നടക്കട്ടെ.

I. കിഫ്‌ബി ശിവദാസമേനോൻ ധനമന്ത്രി ആയിരുന്നപ്പോൾ രൂപീകൃതമായതാണ്. ആ നിയമത്തെ സമഗ്രമായി ഭേദഗതി ചെയ്‌തു പരിഷ്കരിക്കുകയാണു 2016-ൽ ചെയ്‌തത്. നിയമ നിർമ്മാണത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ പ്രതിപക്ഷം “കിഫ്‌ബി വായ്പ കടമെടുപ്പിന്റെ പരിധിയിൽ വരും” എന്നു പറഞ്ഞിട്ടുണ്ടോ? നിയമസഭാ രേഖകളുണ്ടല്ലോ. പ്രസക്തമായ ഭാഗം ഉദ്ധരിക്കാൻ തയ്യാറാകുമോ? യഥാർത്ഥത്തിൽ സി ആൻഡ് എജി റിപ്പോർട്ട് സംബന്ധിച്ച ചർച്ചയിൽ സി ആൻഡ് എജിയുടെ വാദത്തെ പിന്താങ്ങുകയാണു യുഡിഎഫ് ചെയ്‌തത്.

II. കിഫ്‌ബിക്കെതിരെ ഞങ്ങൾ മുന്നേ മുന്നറിയിപ്പു തന്നിരുന്നതാണെന്ന് അവകാശപ്പെടുന്ന പ്രതിപക്ഷനേതാവ് ശ്രീ. ഉമ്മൻ ചാണ്ടി ധനമന്ത്രിയെന്ന നിലയിൽ അവതരിപ്പിച്ച 2016-ലെ ബജറ്റ് വേളയിലും സഭയിലുണ്ടായിരുന്നു. ബജറ്റിൽ ഇങ്ങനെയൊരു പ്രസ്താവനയുണ്ട്. “കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾക്കു 30,000 കോടി രൂപ മൂലധനം സമാഹരിക്കുന്നതിനായി Kerala Infrastructure Investment Fund-നെ സജ്ജമാക്കുന്നതാണ്”. എന്തുകൊണ്ട് അന്ന് മുന്നറിയിപ്പു നൽകിയില്ല. 2011-ലെ ബജറ്റിൽ ഞാനാണ് ആദ്യമായി ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവച്ചത്. അന്നൊന്നും തോന്നാതിരുന്ന ജാഗ്രത ഇപ്പോൾ ഉണ്ടായത് ഈ വൻകിട പദ്ധതികൾ പൂർത്തീകരിച്ചാൽ ഉണ്ടാകുന്ന രാഷ്‌ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വേവലാതിമൂലമല്ലേ?

III. ശിവദാസമേനോന്റെ കാലത്തും തുടർന്നു വന്ന യുഡിഎഫ് സർക്കാരിന്റെ കാലത്തും കിഫ്‌ബി വായ്‌പയെടുത്തിട്ടുണ്ട്. അന്ന് ആ വായ്‌പ സംസ്ഥാന സർക്കാരിന്റെ കടത്തിന്റെ ഭാഗമായി കണക്കിൽ ഉൾപ്പെടുത്തിയിരുന്നോ? ധനഉത്തരവാദിത്വ നിയമം നിലവിൽ വന്നതിനുശേഷം ഏപ്പോഴെങ്കിലും ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന്റെ വായ്‌പ സർക്കാരിന്റെ വായ്‌പാ പരിധിയിൽ ഉൾപ്പെടുത്തിയ സംഭവം ഉണ്ടായിട്ടുണ്ടോ? കേരളം പോകട്ടെ. ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാന സർക്കാരിൻ്റെ കാര്യത്തിൽ ഇന്നു ബിജെപി സർക്കാർ ഇത്തരമൊരു സമീപനം സ്വീകരിച്ചതായി ചൂണ്ടിക്കാണിക്കാനാകുമോ? എന്തിനാണു ബിജെപി നയത്തെ വെള്ളപൂശുന്നത്?

IV. കേന്ദ്ര സർക്കാർ “ഓഫ് ബജറ്റ്”, “എക്‌സ്‌ട്രാ ബജറ്റ്” വായ്പകൾ എടുക്കാറുണ്ടല്ലോ? എന്നെങ്കിലും അവ കേന്ദ്ര സർക്കാർ കടത്തിലോ കടമെടുപ്പു പരിധിയിലോ ഉൾക്കൊള്ളിച്ചിട്ടുണ്ടോ? നിർമ്മലാ സീതാരാമൻ മന്ത്രി ആയതിനുശേഷം ഈ തുകകൾ ഒരു അനുബന്ധമായി നൽകുന്ന പതിവ് തുടങ്ങി. എന്നാൽ 2019-20-ൽ ഈ ലിസ്റ്റിൽപ്പെടാത്ത 3 ലക്ഷം കോടിയോളം രൂപ ബജറ്റിനു പുറത്തു കേന്ദ്ര സർക്കാർ വായ്പ എടുത്തൂവെന്ന് സി ആൻഡ് എജി തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സി&എജി ഈ തുകകൾ കേന്ദ്രത്തിന്റെ കടത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ? എന്നാൽ കേരളത്തിന്റെ കാര്യം വരുമ്പോൾ എന്തിനാണ് ഇരട്ടത്താപ്പ്? ഇതിനെയല്ലേ യുഡിഎഫ് പിന്താങ്ങുന്നത്?

V. ഇനി സംസ്ഥാനങ്ങളുടെമേൽ എന്തു വായ്പാ നിബന്ധനയും അടിച്ചേൽപ്പിക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ട് എന്നാണു യുഡിഎഫിന്റെ അഭിപ്രായം എന്നിരിക്കട്ടെ. പക്ഷേ, അവയ്‌ക്കു മുൻകാല പ്രാബല്യം നൽകുന്നത് എന്തടിസ്ഥാനത്തിലാണു ന്യായീകരിക്കുക? ഇപ്പോൾ കേന്ദ്ര സർക്കാർ ചെയ്‌തിരിക്കുന്നത് എന്താണെന്നോ? 2016 മുതൽ കിഫ്‌ബി എടുത്ത എല്ലാ വായ്പകളും ഇന്നു സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തിന്റെ വായ്പ വെട്ടിച്ചുരുക്കുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനെ എങ്ങനെയാണ് പ്രതിപക്ഷനേതാവേ ന്യായീകരിക്കാൻ കഴിയുന്നത്? സ്വാഭാവിക നീതി എന്നൊന്നില്ലേ?

VI. ക്ഷേമ കേരളത്തിന്റെ ഇനിയുള്ള വികസനത്തിനു പശ്ചാത്തലസൗകര്യങ്ങളിലെ പിന്നോക്കാവസ്ഥ വലിയ പ്രതിബന്ധമാണ്. ഇത് എന്നെങ്കിലും പരിഹരിച്ചാൽ പോരാ. ഇന്നു തന്നെ പരിഹരിക്കണം. തീരദേശ ഹൈവേ ഒഴികെ ഒരു കിഫ്‌ബി പ്രൊജക്ടുകളും അനാവശ്യമാണെന്നു യുഡിഎഫ് അഭിപ്രായപ്പെട്ടിട്ടില്ല. (തീരദേശ ഹൈവേയുടെ കാര്യത്തിൽ മലബാറിലെ പല യുഡിഎഫ് എംഎൽഎമാരും തങ്ങളുടെ മണ്ഡലത്തിൽ പുതിയ ഹൈവേയെ സ്വാഗതം ചെയ്‌തിട്ടുണ്ടെന്നതു മറ്റൊരു കാര്യം). കിഫ്‌ബി തെറ്റാണെങ്കിൽ യുഡിഎഫിന് ഒരു ബദൽ മാർഗ്ഗം ചൂണ്ടിക്കാണിക്കാൻ ഉണ്ടോ? ഉണ്ടെങ്കിൽ പറഞ്ഞാട്ടെ, ഇതാണു ഞങ്ങൾ കേരളത്തിലെ ജനങ്ങളോടു പറയുന്നത്: ഭരണകക്ഷി - പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും നടക്കുന്ന സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ തുടരണമോ? വേണമെങ്കിൽ യുഡിഎഫ് നയത്തെ തിരുത്തിക്കണം. അതിനുള്ള രാഷ്‌ട്രീയ പ്രഹരം നൽകണം.

VII. യുഡിഎഫിന്റെ ബദലായി പറഞ്ഞു കേട്ടിട്ടുള്ളത് ആന്വിറ്റി മാതൃകയിൽ ഇത്തരം വലിയ പ്രൊജക്‌ടുകൾക്കു ടെണ്ടർ വിളിക്കണം എന്നതാണ്. കരാറുകാരൻ വായ്പയെടുത്തു പണിയണം. സർക്കാർ 15-20 വർഷംകൊണ്ട് പണം നൽകും. ഇതു തന്നെയല്ലേ കിഫ്ബി മാതൃകയും? 70,000 കോടി രൂപയുടെ പ്രൊജക്ടുകൾ നിർമ്മിക്കുന്നതിനു കിഫ്‌ബിയെ ചുമതലപ്പെടുത്തിയിരിക്കുന്നു. ഈ തുക അടുത്ത 20-25 വർഷംകൊണ്ട് വർഷംതോറും ഗ്രാന്റായി കിഫ്‌ബിക്കു നൽകും. 25 ശതമാനത്തോളം വരുന്ന തുക കിഫ്‌ബി ചില പ്രൊജക്ടുകളുടെ തിരിച്ചടവായി ഉറപ്പാക്കുകയും ചെയ്യും. ഇത്തരം ഒരു പദ്ധതി പ്രയോഗികമാണെന്നുള്ളതു തെളിഞ്ഞു കഴിഞ്ഞതാണല്ലോ. ഇതു പൊളിക്കാൻ എന്തിനാണ് യുഡിഎഫ് കേന്ദ്ര ബിജെപി സർക്കാരിനു കൂട്ടുനിൽക്കുന്നത്? ഇതു ബിജെപിയുടെ കാവിയെ വെള്ളപൂശുന്ന രാഷ്ട്രീയമാണെന്നു പറയുമ്പോൾ അലോസരപ്പെട്ടിട്ടു കാര്യമില്ല.

വി ഡി സതീശൻ - ഡോ തോമസ് ഐസക് ചോദിച്ച ഏഴ് ചോദ്യങ്ങൾക്കുള്ള മറുപടി
I. 2016- ല്‍ കിഫ്ബി നിയമ ഭേദഗതി ചര്‍ച്ചയില്‍ ‘കിഫ്ബി വായ്പ കടമെടുപ്പിന്റെ പരിധിയില്‍ വരും’ എന്ന് പ്രതിപക്ഷം പറഞ്ഞിട്ടേയില്ലെന്നാണ് ഐസക്കിന്റെ വാദം. ഇതിന്റെ നിയമസഭാ രേഖ സമര്‍പ്പിക്കാന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. ആ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുന്നു.

നിയമസഭാ രേഖകള്‍ പ്രകാരം 2016 നവംബര്‍ രണ്ടിന് കിഫ്ബി നിയമ ഭേദഗതി ചര്‍ച്ചയില്‍ ഞാന്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു.

‘അങ്ങ് എങ്ങിനെയെല്ലാം ബൈപാസ് ചെയ്യാന്‍ ശ്രമിച്ചാലും അവസാനം എഫ്.ആര്‍.ബി.എം ആക്ട് ഇതിനെ അട്രാക്ട് ചെയ്യും. കാരണം ഫൈനലായി ഗവണ്‍ന്മെന്റിന്റെ burden വര്‍ധിക്കുന്നതാണ്. ഗവണ്‍ന്മെന്റിന്റെ fiscal deficit ഫൈനലായി കൂടുകയാണ്. കാരണം Government has to pay the money’

എന്റെ ഈ പ്രസംഗം മറന്നു പോയെങ്കില്‍ അങ്ങേയ്ക്ക് രേഖകള്‍ പരിശോധിക്കാം.

II. കിഫ്ബിക്കെതിരെ ഞങ്ങള്‍ മുന്നേ മുന്നറിയിപ്പു തന്നിരുന്നതാണെന്ന് അവകാശപ്പെടുന്ന പ്രതിപക്ഷനേതാവ് ശ്രീ. ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച 2016-ലെ ബജറ്റ് വേളയില്‍ എന്തുകൊണ്ട് മുന്നറിയിപ്പ് നല്‍കിയിരുന്നില്ല എന്നതാണ് ഐസക്കിന്റെ അടുത്ത ചോദ്യം

അടിസ്ഥാന സൗകര്യ വികസനത്തിന് വായ്പ എടുക്കുന്നതിന് ഞങ്ങള്‍ അന്നും ഇന്നും എതിരല്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മെട്രോ റെയില്‍ ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ വായ്പയെടുത്തുകൊണ്ടാണ് നടപ്പാക്കിയത്. അതെല്ലാം വായ്പ തിരിച്ചടക്കാന്‍ സാധിക്കുന്ന Self Sustaining പദ്ധതികളായിരുന്നു. എന്നാല്‍ കിഫ്ബി അത്തരത്തിലുള്ള മോഡലല്ല പിന്തുടരുന്നത്. നേരത്തെ ബജറ്റിലൂടെ നടത്തിവന്നിരുന്ന പദ്ധതികളും ഇപ്പോള്‍ കിഫ്ബി വഴിയാണ് നടപ്പാക്കുന്നത്. അതുകൊണ്ടു തന്നെയാണ് എല്ലാ ബാധ്യതയും സഞ്ചിത നിധിയിലേക്ക് വരുന്നതും. കിഫ്ബി ഭേദഗതി ബില്‍ ചര്‍ച്ച പരിശോധിച്ചാല്‍ അങ്ങേയ്ക്ക് അത് ബോധ്യമാകും.

III. ശിവദാസമേനോന്റെ കാലത്തും തുടര്‍ന്നു വന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും കിഫ്ബി വായ്പയെടുത്തിട്ടുണ്ടെന്ന വാദമാണ് മുന്‍ ധനമന്ത്രി ഉയര്‍ത്തുന്നത്.

വായ്പയെടുക്കാതെ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ യു.ഡി.എഫ് കാലത്തെടുത്ത വായ്പകളുടെ പ്രത്യേകതകളെ കുറിച്ച് തൊട്ടുമുകളിലുള്ള ഉത്തരത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. യു.ഡി.എഫ് പിന്‍തുടര്‍ന്ന മാതൃകയില്‍ നിന്നും വ്യത്യസ്തമാണ് കിഫ്ബി മോഡല്‍. യാതൊരു അവധാനവും ഇല്ലാതെ മസാല ബോണ്ടുകളിറക്കി 9.723 ശതമാനം പലിശയ്ക്ക് സമാഹരിച്ച 2150 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിച്ചത് കിഫ്ബിയുടെ സാമ്പത്തിക മോഡല്‍ പരാജയമാണെന്നതിന്റെ നേര്‍ചിത്രമാണ്.

IV. കേന്ദ്ര സര്‍ക്കാര്‍ ‘ഓഫ് ബജറ്റ്’, ‘‘എക്സ്ട്രാ ബജറ്റ്’’ വായ്പകള്‍ എടുക്കാറുണ്ടല്ലോ? എന്നെങ്കിലും അവ കേന്ദ്ര സര്‍ക്കാര്‍ കടത്തിലോ കടമെടുപ്പു പരിധിയിലോ ഉള്‍ക്കൊള്ളിച്ചുണ്ടോയെന്നതാണ് ഐസക്കിന്റെ അടുത്ത ചോദ്യം.

എഫ്.ആര്‍.ബി.എം നിയമത്തിന് അനുസൃതമായി മാത്രമേ സംസ്ഥാനങ്ങളും കേന്ദ്രവും പ്രവര്‍ത്തിക്കാന്‍ പാടുള്ളു. കേന്ദ്രം പാസാക്കിയ എഫ്.ആര്‍.ബി.എം നിയമത്തിനെതിരെ കേന്ദ്രവും സംസ്ഥാനം പാസാക്കിയ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാരും പ്രവര്‍ത്തിച്ചാല്‍ ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ല. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന തെറ്റായ പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ എതിര്‍ക്കുക തന്നെ ചെയ്യും. അതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.

V. സംസ്ഥാനങ്ങളുടെ മേല്‍ എന്തു വായ്പാ നിബന്ധനയും അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട് എന്നാണ് യു.ഡി.എഫിന്റെ അഭിപ്രയമെന്നതാണ് മുന്‍ ധനമന്ത്രിയുടെ അടുത്ത ആരോപണം.
യു.ഡി.എഫ് കാലത്തടക്കം കേരളത്തില്‍ ഉണ്ടായ കൊച്ചിന്‍ മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ നടപ്പിലാക്കിയത് കിഫ്ബിയിലൂടെ അല്ലല്ലോ? കിഫ്ബിയിലൂടെ പൂര്‍ത്തിയാക്കിയ ഏതെങ്കിലും ഒരു വന്‍കിട പദ്ധതിയുടെ പേര് ഐസക്കിന് പറയാമോ? വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ വായ്പകള്‍ സ്വീകരിച്ച് കൊച്ചി മെട്രോ അടക്കമുള്ള വന്‍കിട പദ്ധതികള്‍ നടപ്പിലാക്കിയ രീതി തന്നെയായാണ് യു.ഡി.എഫ് ഇപ്പോഴും മുന്നോട്ടു വയ്ക്കുന്ന മാതൃക.
VII. യു.ഡി.എഫിന്റെ ബദലായി പറഞ്ഞു കേട്ടിട്ടുള്ള ആന്വിറ്റി മാതൃക തന്നെയാണ് കിഫ്ബി പിന്തുടരുന്നതെന്ന വിചിത്ര വാദമാണ് ഐസക്ക് ഉയര്‍ത്തുന്നത്.
അങ്ങനെയെങ്കില്‍ കിഫ്ബി പുതിയ സാമ്പത്തിക മാതൃകയാണെന്ന് അങ്ങ് വാദിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
കരാറുകാര്‍ വായ്പയെടുത്തു നടത്തുന്ന ആന്വിറ്റി മാതൃക കിഫ്ബി പിന്തുടരുന്നെങ്കില്‍ 9.723 ശതമാനം പലിശയ്ക്ക് മസാല ബോണ്ടുകളിലൂടെ സമാഹരിച്ച 2150 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിച്ചത് എന്തിന് വേണ്ടിയായിരുന്നെന്ന് വ്യക്തമാക്കാമോ?


മറുപടികൾ ഫേസ്ബുക്കിലൂടെ ആണ് വി ഡി സതീശൻ പങ്കുവച്ചത്