സഹകരണ മേഖലയെ തകർക്കാനുള്ള നീക്കം -ആസൂത്രിതം


സിപിഐ എം അത്താണി ലോക്കൽ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്ത ഇഡിയുടെ നടപടിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. കോർപ്പറേറ്റുകൾക്ക് അനുകൂലമായ സാമ്പത്തിക നയങ്ങൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാർ അതിന്‌ ബദലായ സഹകരണ പ്രസ്ഥാനത്തെ ദുർബലപ്പെടുത്തുകയാണ്. സഹകരണ പ്രസ്ഥാനത്തെയും, അതിനെ വളർത്തി മുന്നോട്ടുകൊണ്ടുപോകുന്ന ഇടതുപക്ഷ പ്രസ്ഥാനത്തെയും തകർക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര ഏജൻസികളുടെ ഇടപെടൽ.

അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തിയും, മർദിച്ചും കള്ളമൊഴി രേഖപ്പെടുത്തുവാനുള്ള ശ്രമം ഇഡിയുടെ ഭാഗത്ത് നിന്നുണ്ടായി. അത് തുറന്നുകാട്ടിയതോടെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പരാതി പൊലീസിന്‌ മുമ്പിലുണ്ട്‌. ഈ ഘട്ടത്തിലുണ്ടായയ അറസ്റ്റിൽ നിന്ന്‌ ഇതിന്റെ പിന്നിലുള്ള താൽപര്യം വ്യക്തമാണ്. സഹകരണ മേഖലയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്നതിനാണ് പാർടിയും, സംസ്ഥാന സർക്കാരും ശ്രമിക്കുന്നത്.

എന്നാൽ സഹകരണ പ്രസ്ഥാനത്തെയും, ഇടതുപക്ഷത്തേയും ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നത്. ഇത്തരം നീക്കങ്ങളെ രാഷ്ട്രീയമായും, നിയമപരമായും നേരിടും. നാടിന്റെ ജനാധിപത്യ അന്തരീക്ഷത്തെയും, സഹകരണ പ്രസ്ഥാനത്തെയും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ ജനങ്ങളുടെയും പിന്തുണയുണ്ടാകണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

സഹകരണ സംഘങ്ങളിലേക്ക്‌ കടന്നുകയറുന്ന കേന്ദ്ര ഏജൻസികൾക്ക്‌ അകമ്പടിയായി സായുധ സൈന്യത്തെയും മാധ്യമപ്പടയെയും ഒപ്പം കൂട്ടുന്നതിലെ ലക്ഷ്യം വ്യക്തമാണ്‌. കള്ളപ്പണം വെളുപ്പിക്കുന്ന പണി സഹകരണ ബാങ്കുകൾക്കില്ല. നിക്ഷേപകന്റെ കെവൈസി വിവരങ്ങൾ സഹകരണ ബാങ്കുകൾ ഉറപ്പാക്കേണ്ടതുണ്ട്‌. നിക്ഷേപ തുകയുടെ സ്രോതസ്സ്‌ അന്വേഷിക്കാനുള്ള അധികാരമില്ല. വിവരങ്ങൾ സമാഹരിക്കേണ്ട ചുമതലയുമില്ല. ഇതെല്ലാം മറച്ചുവച്ചാണ്‌ കള്ളപ്പണം തിരയാൻ എന്നപേരിൽ സഹകരണ ബാങ്കുകളിലേക്ക്‌ കടന്നുകയറുന്നത്‌.

രാജ്യത്തെ കള്ളപ്പണ ഇടപാടുകളെല്ലാം വാണിജ്യ ബാങ്കുകളിലൂടെയാണ്‌ നടക്കുന്നതെന്ന യാഥാർഥ്യം വിവിധ സ്വതന്ത്ര ഏജൻസികൾ പുറത്തുകൊണ്ടുവന്നു. രാജ്യത്തിനുപുറത്തേക്കുപോകുന്ന ഈ കള്ളപ്പണം മൗറീഷ്യസിലേയും മറ്റും ബാങ്കുകളിലൂടെ അദാനിമാരുടെ കമ്പനികളിലെത്തുന്നു. ഇക്കാര്യങ്ങളിലൊന്നും കേന്ദ്ര ഭരണാധികാരികൾക്കോ ഏജൻസികൾക്കോ വേവലാതിയില്ല. കേരളത്തിലെ സഹകരണ സംഘങ്ങളെ എങ്ങനെ ഇല്ലാതാക്കാമെന്നതിൽ മാത്രമാണ്‌ ശ്രദ്ധ. കേരള ബാങ്കിനെ പ്രവാസി നിക്ഷേപം സ്വീകരിക്കാൻ അനുവാദമുള്ള ബാങ്കാക്കി മാറ്റുക എന്നതടക്കം സഹകരണ മേഖലയുടെ ശാക്തീകരണത്തിനും നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുമുള്ള വിവിധ നടപടികൾ സംസ്ഥാനം സ്വീകരിച്ച് വരുന്നു .



കരൂവന്നൂർ സർവീസ്‌ സഹകരണ ബാങ്കിൽനിന്ന്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ഫയലുകൾ കൊണ്ടുപോയതിനാൽ വായ്‌പ കുടിശ്ശിക തിരിച്ചുപിടിക്കുന്നതിൽ തുടർനടപടി പ്രതിസന്ധിയിൽ. 217 വായ്‌പകളിൽ 62.58 കോടി രൂപയ്‌ക്ക്‌ ആർബിട്രേഷൻ കേസും 702 വായ്‌പകളിൽ 110.26 കോടി രൂപയുടെ എക്‌സിക്യൂഷൻ കേസും ഫയൽചെയ്‌തിട്ടുണ്ട്‌. ഇവ തീർപ്പാക്കാൻ നാല്‌ ഇൻസ്‌പെക്ടർമാരെയും സെയിൽ ഓഫീസർമാരെയും ചുമതലപ്പെടുത്തി നടപടി പുരോഗമിക്കുന്നതിനിടെയാണ്‌ ഇഡി റെയ്‌ഡ്‌ നടത്തി ഫയലുകൾ കൊണ്ടുപോയത്‌. തിരിച്ചടവ്‌ മുടങ്ങിയാൽ നോട്ടീസ്‌ അയച്ച്‌ കേസ്‌ ഫയൽചെയ്ത്‌ ഇൻസ്‌പെക്ടർമാരെ നിയമിച്ച്‌ കുടിശ്ശികക്കാരെ വിളിച്ചുവരുത്തി വാദം കേൾക്കുന്നതാണ്‌ ആർബിട്രേഷൻ. ഇത്തരത്തിൽ നടപടി പൂർത്തിയായ 919 കേസുകളാണുള്ളത്‌.
വായ്‌പ തിരിച്ചുപിടിക്കൽ ഊർജിതമാക്കിയതോടെ 77 കോടിയിലധികം രൂപ ബാങ്കിലേക്ക്‌ തിരിച്ചടവ്‌ വന്നു. അടച്ചുതീർത്ത ഏതാനും ഫയലുകളും ഇഡി കസ്‌റ്റഡിയിലാണെന്ന്‌ ബാങ്ക്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റി ചെയർമാൻ പി കെ ചന്ദ്രശേഖരൻ പറഞ്ഞു. ഫയൽ ആരുടെതെന്ന പേര്‌ മാത്രമാണ്‌ ഇഡി നൽകിയിട്ടുള്ളൂ. 2022 ആഗസ്‌ത്‌ 25ന്‌ രാവിലെ 10 മുതൽ 24 മണിക്കൂറാണ്‌ പത്തംഗ ഇഡിസംഘം ബാങ്കിൽ റെയ്‌ഡ്‌ നടത്തിയത്‌. അതിനുശേഷം നിരവധി പേർ വായ്‌പ അടച്ചുതീർത്തിട്ടുണ്ട്‌. അവർക്ക്‌ പ്രമാണങ്ങൾ തിരച്ചുനൽകുന്നതും വൈകുന്നു. കസ്‌റ്റഡിയിലെടുത്ത ഫയലുകൾ അന്വേഷണം തീർന്നശേഷമേ തിരിച്ചുനൽകൂവെന്നാണ്‌ ഇഡി ഉദ്യോഗസ്ഥർ വാക്കാൽ അറിയിച്ചത്‌.
ബാങ്കിൽ ഈട്‌ നൽകിയ പ്രമാണങ്ങൾ ഒരു അന്വേഷണ ഏജൻസിക്കും എടുത്തുകൊണ്ടുപോകാൻ അധികാരമില്ലെന്ന്‌ തൃശൂർ ജില്ലാ സഹകരണ ബാങ്ക്‌ മുൻ ജനറൽ മാനേജർ ഡോ. എം രാമനുണ്ണി പറഞ്ഞു.

നിയമപരമായി നേരിടും: എം കെ കണ്ണൻ
തൃശൂർ ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡന്റും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ എം കെ കണ്ണൻ ഇഡിക്കുമുന്നിൽ ഹാജരായി. വെള്ളി പകൽ പതിനൊന്നോടെയാണ്‌ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്‌. മൂന്നോടെ പുറത്തിറങ്ങി. എല്ലാം നിയമപരമായി നേരിടുമെന്ന്‌ അദ്ദേഹം മാധ്യമങ്ങളോട്‌ പ്രതികരിച്ചു. വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ല. നിയമപരമായി പറയേണ്ടിടത്ത്‌ പറയും. ഇഡിയുടെ സമീപനം സൗഹാർദപരമായിരുന്നു. ആരോഗ്യത്തിന്‌ ഒരു പ്രശ്‌നവുമില്ലെന്നും പുറത്തിറങ്ങിയശേഷം മാധ്യമങ്ങളോട്‌ പ്രതികരിച്ചു. ചോദ്യംചെയ്യലിനിടെ ശാരീരികാസ്വാസ്ഥ്യമുണ്ടായതായി മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു.
കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിന്റെ പേരിൽ ഇഡി അറസ്‌റ്റ്‌ ചെയ്‌ത വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി ആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ ശനിയാഴ്‌ച പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യം പരിഗണിക്കുന്ന കലൂരിലെ പ്രത്യേക കോടതി ഒക്ടോബർ പത്തുവരെയാണ്‌ അരവിന്ദാക്ഷനെ റിമാൻഡ്‌ ചെയ്‌തിരിക്കുന്നത്‌.

സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രനീക്കം.



മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി അംഗീകരിച്ചത് കേരളത്തിലെ സഹകാരി സമൂഹത്തിന്റെ വിജയമാണ്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കതിരെ കള്ളപ്രചരണം നടത്തിയവര്‍ക്കേറ്റ തിരിച്ചടി കൂടിയാണ് കോടതി വിധി. 2023 ജനുവരിയിലാണ് മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചത്. തുടര്‍ന്ന് സ്പെപെഷ്യല്‍ ഓഫീസര്‍ ചുമതലയേറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജികളാണ് ഇന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് തള്ളിയിരിക്കുന്നത്. മലപ്പുറം ജില്ലാ ബാങ്കിന്റെ മുന്‍ പ്രസിഡന്റ്, മലപ്പുറം യു.ഡി.എഫ് കണ്‍വീനര്‍ , യു.ഡി.എഫ് നിയന്ത്രണത്തിലുള്ള 93 സഹകരണ സംഘങ്ങളുമാണ് ലയനത്തിനെതിരെ നിയമ നടപടികളുമായി കോടതിയെ സമീപിച്ചത്. ഇവര്‍ ഉന്നയിച്ച ആക്ഷേപങ്ങളും, ആരോപണങ്ങളും നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് ശരിയെന്ന് കോടതിയും അംഗീകരിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്കും നാടിനും ഗുണകരമായ തീരുമാനമായിരുന്നു സര്‍ക്കാര്‍ കൈക്കൊണ്ടത്. നിയമപരമായ രീതിയിലാണ് എല്ലാ കാര്യങ്ങളും നടത്തിയിരുതെന്ന് കോടതി വിധിയിലൂടെ തെളിഞ്ഞെു കഴിഞ്ഞിരിക്കുകയാണ്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാമെന്ന് ഹൈക്കോടതി സിഗിള്‍ ബഞ്ച് ഉത്തരവ് വന്നതിനെതിരെ ഇക്കൂട്ടര്‍ സുപ്രീം കോടതിയില്‍ വരെ പോയിരുന്നു. അവിടെയെല്ലാം സര്‍ക്കാരിന് അനുകൂലമായിരുന്നു വിധി. തുടര്‍ന്നാണ് ജനുവരിയില്‍ ലയനം നടത്തിയത്.
പിന്നീട് ലയനത്തിനെതിരെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് സഹകാരികളെ തെറ്റിദ്ധരിപ്പിച്ച് കേസുകള്‍ നല്‍കുകയായിരുന്നു അതെല്ലാമാണ് ബഹുമാനപ്പെട്ട കോടതിയുടെ സിംഗിള്‍ ബഞ്ച് തള്ളിയിരിക്കുന്നത്. മികച്ച ബാങ്കിങ്ങ് സേവനങ്ങള്‍ മലപ്പുറം ജില്ലയിലെ ജനങ്ങളിലേക്ക് കൂടി എത്തിച്ചേരുന്നത് തടസ്സം നില്‍ക്കുകയാണ് ഇക്കൂട്ടര്‍. വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി ഇവർ നടത്തിയ നീക്കങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങളോടും സഹകാരി സമൂഹത്തിനോടും ഇവര്‍ മറുപടി പറയേണ്ടി വരിക തന്നെ ചെയ്യും

03 -03 -2024