രാജ്‌മോഹൻ ഉണ്ണിത്താൻ -യോഗത്തിൽ തെറി വിളിയും മോശം പൊരുമാറ്റവും

ജില്ലയിലെ ഏറ്റവും മുതിർന്ന നേതാവും കെപിസിസി അംഗവുമായ കരിമ്പിൽ കൃഷ്‌ണന്റെ മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ്‌ കോൺഗ്രസ്‌ പ്രവർത്തകർ. ‘‘മണ്ഡലം സമവായ കമ്മിറ്റിയിൽ നിലവിലുള്ള നേതാക്കൾ തുടരാനാണ്‌ ചീമേനിയിൽ ധാരണ. എന്നാൽ ചീമേനി, കരിന്തളം മണ്ഡലങ്ങൾ എനിക്ക്‌ വേണമെന്ന്‌ ഏകപക്ഷീയമായി പറഞ്ഞ്‌, സ്വന്തക്കാരെ തിരുകിക്കയറ്റുകയാണ്‌ രാജ്‌ മോഹൻ ഉണ്ണിത്താൻ എംപി. ഇതിനായി സമവായ സമിതി അംഗങ്ങളെ ഭീഷണിപ്പെടുത്തി. പ്രവർത്തകരെ കണ്ടാൽ തന്നെ അയാൾ ചീത്ത വിളിക്കുന്നു. തന്തയ്‌ക്കും തള്ളയ്‌ക്കും വിളിക്കുന്നത്‌ വലിയ മാനസിക പ്രശ്‌നങ്ങൾക്കും ഇടയാക്കുന്നു’’- കരിമ്പിൽ കൃഷ്‌ണൻ മാധ്യമങ്ങൾക്ക്‌ മുന്നിൽ പരസ്യമായി പറഞ്ഞു.
കലാപം തെരുവിൽ

പുനഃസംഘടനയ്‌ക്ക്‌ മുമ്പു തന്നെ രാജ്‌മോഹൻ ഉണ്ണിത്താനെതിരെ പ്രാദേശിക നേതൃത്വങ്ങൾ വലിയ കലാപത്തിലാണ്‌. മണ്ഡലം കമ്മിറ്റി മുതൽ ഡിസിസി നേതൃത്വം വരെ സ്വന്തക്കാരെ


തിരുകിക്കയറ്റി പാർടി പിടിക്കാനാണ്‌ ഉണ്ണിത്താൻ ശ്രമിക്കുന്നതെന്ന്‌ പാർടിയിലെ വലിയൊരുവിഭാഗം പറയുന്നു. ഡിസിസി പുനഃസംഘടനയിലെ തർക്കവും സമാനമായി തെരുവിലെത്തി. ഉണ്ണിത്താനെ ഡിസിസി ഓഫീസിൽ കയറ്റില്ലെന്നുവരെ പ്രഖ്യാപനമുണ്ടായി. ഇതോടെ സ്വന്തക്കാരെ വിളിച്ച്‌ ഗസ്‌റ്റ്‌ ഹൗസുകളിലാണ്‌ ഉണ്ണിത്താൻ രഹസ്യയോഗം ഇടക്കുചേരുന്നത്‌.

പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ അടുത്തതോടെ കമ്മിറ്റികളിൽ സ്വന്തക്കാരെ വച്ച്‌ സ്വന്തം നിലയിൽ പ്രചാരണവും മറ്റും നടത്താനാണ്‌ ഉണ്ണിത്താന്റെ നീക്കം. അതേസമയം, ഉണ്ണിത്താൻ ജില്ലയിൽ വന്നശേഷം യാതൊരു നിലയിലുമുള്ള പരിഗണന കിട്ടുന്നില്ലെന്ന്‌ എതിർവിഭാഗക്കാർ വാദിക്കുന്നു. ജില്ലയിൽ അൽപമെങ്കിലും സ്വാധീനമുള്ള എളേരി പോലുള്ള മലയോരത്ത്‌ പോലും ഉണ്ണിത്താനിടപെട്ട്‌ സംഘടനാ സംവിധാനം കുളമാക്കി എന്നാണ്‌ ഒരുവിഭാഗം ആരോപിക്കുന്നത്‌.

ഉണ്ണിത്താന്റെ ഇടപെടലിൽ മനംമടുത്ത്‌ ജില്ലയിലെ മുതിർന്ന ഒരുവിഭാഗം ഇപ്പോൾ സജീവമല്ല. മണ്ഡലം പുനഃസംഘടനയോടെ അത്‌ കൂടുതൽ പൊട്ടിത്തെറിക്ക്‌ വഴിവക്കും. കരിമ്പിൽ കൃഷ്‌ണനെ പോലുള്ള മുതിർന്ന നേതാക്കളെ തെരുവിലേക്ക്‌ വലിച്ചിഴക്കാതെ പ്രശ്‌നം പരിഹരിക്കണമായിരുന്നുവെന്ന സന്ദേശവും കെപിസിസിക്ക്‌ ഒരുവിഭാഗം നേതാക്കൾ നൽകിയിട്ടുണ്ട്‌.

സമവായ സമിതി നോക്കുകുത്തി

കെ പി കുഞ്ഞിക്കണ്ണൻ, ഡിസിസി പ്രസിഡന്റ്‌ പി കെ ഫൈസൽ അടക്കമുള്ള നേതാക്കളടങ്ങിയ ആറംഗ സമവായ സമിതിയാണ്‌ പുനഃസംഘടനയുടെ ചുക്കാൻ പിടിക്കുന്നത്‌. എന്നാൽ ഈ സമിതി തീരുമാനങ്ങളെ അട്ടിമറിക്കാൻ നേതാക്കളെ ഉണ്ണിത്താൻ ഭീഷണിപ്പെടുത്തുന്നതായി കരിമ്പിൽ കൃഷ്‌ണൻ ആരോപിക്കുന്നു. സമാനമായ അഭിപ്രായമാണ്‌ സമിതിയിലെ ചിലർക്കും. ഡിസിസിയിലെ ഇപ്പൊഴത്തെ കലാപത്തിന്‌ നേതൃത്വം നൽകിയ കരിമ്പിൽ കൃഷ്‌ണനെ പുറത്താക്കണമെന്ന്‌ പരസ്യമായി ഉണ്ണിത്താൻ ചാനലുകളോട്‌ പ്രതികരിച്ചിട്ടുണ്ട്‌. എംപിയുടെ അടുത്ത നിലപാട്‌ എന്താണ്‌ എന്നറിഞ്ഞ്‌ നിലപാടെടുക്കും എന്നാണ്‌ കരിമ്പിലും പറയുന്നത്‌.