പൊതുവേദിയിൽ വനിതാ എംഎൽഎയെ കടന്നുപിടിച്ച് ബിജെപി എംപി; സംഘ്‌പരിവാർ സംസ്‌കാരമെന്ന് പ്രതിപക്ഷം
പൊതുപരിപാടിക്കിടെ വേദിയിൽവച്ച് വനിതാ എംഎൽഎയുടെ തോളിൽ കൈവച്ച് പിടിച്ച ബിജെപി എംപി സതീഷ് കുമാർ ഗൗതമിന്റെ നടപടി വിവാദത്തിൽ. യു.പിയിലെ അലിഗഢിൽ സംഘടിപ്പിച്ച പരിപാടിയിലെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
പരിപാടിക്കിടെ പലതവണ അനുചിതമായി സ്‌പർശിച്ച എംപിയോട് മുക്ത രാജ എംഎൽഎ കയർക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ തോളിൽ കൈവച്ച് പിടിച്ചപ്പോൾ എംഎൽഎ സീറ്റ് മാറി ഇരിക്കുകയായിരുന്നു. എംഎൽഎ അസ്വസ്‌ഥത പ്രകടിപ്പിച്ചിട്ടും എംപി കൈ മാറ്റാൻ തയ്യാറായില്ല. സംഭവത്തിൽ എംപിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതാണ് യഥാർത്ഥ ബിജെപി സംസ്‌കാരമെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.
കഴിഞ്ഞ മാസം, രാജസ്ഥാനിലെ പാലി ജില്ലയിൽ 45 കാരിയായ സ്‌ത്രീയെ ബലാത്സംഗം ചെയ്യുകയും പ്രായപൂർത്തിയാകാത്ത മകളെ ഉപദ്രവിക്കുകയും ചെയ്‌തതിന് ബിജെപി നേതാവ് മോഹൻ ജാട്ടിനും മറ്റ് അഞ്ച് പേർക്കുമെതിരെ കേസെടുത്തിരുന്നു.