അടിമുടി തൊഴിലാളിവർഗ രാഷ്ട്രീയം മുന്നോട്ടുവച്ച നേതാവായിരുന്നു ആനത്തലവട്ടം ആനന്ദനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തൊഴിലാളി മുന്നേറ്റങ്ങളുടെ ഉൾക്കരുത്തായ പോരാളിയെയാണ് സഖാവിന്റെ വിടവാങ്ങലിലൂടെ നഷ്ടമാകുന്നതെന്ന് എം വി ഗോവിന്ദൻ കുറിപ്പിൽ പറഞ്ഞു. കയര്‍തൊഴിലാളികളുടെ കഷ്ടപ്പാടുകളും ഇല്ലായ്മകളുമാണ് ആനത്തലവട്ടമെന്ന ഉജ്ജ്വലനായ നേതാവിനെ രൂപപ്പെടുത്തുന്നതിന് കാരണമായതെന്നും അദ്ദേഹം അനുസമരിച്ചു.
ഒരണ കൂടുതല്‍ കൂലിക്കുവേണ്ടി നടന്ന കയര്‍ തൊഴിലാളി പണിമുടക്കിലൂടെയാണ് സഖാവ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലെത്തുന്നത്. പിന്നീട് എണ്ണമറ്റ തൊഴിലാളിസമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ സഖാവ് പലവട്ടം ജയില്‍വാസവുമനുഭവിച്ചു. പാവപ്പെട്ടവരുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും വേണ്ടിയുള്ള സമർപ്പിത ജീവിതമായിരുന്നു സഖാവിന്റെത്. ജനപ്രതിനിധിയെന്ന നിലയിൽ ശ്രദ്ധേയമായ ഇടപെടൽ നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞതും സാധാരണ മനുഷ്യരോടുള്ള ഈ അചഞ്ചലമായ കൂറാണ്.
തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുവാൻ സഖാവ് ആനത്തലവട്ടം അവസാനശ്വാസം വരെ നിലകൊണ്ടു എന്നതാണ് അദ്ദേഹത്തിന്റെ എക്കാലത്തേയും പ്രസക്തി. സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിലും സി ഐ ടി യു അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ്, സംസ്ഥാന പ്രസിഡൻ്റ് തുടങ്ങി ഉത്തരവാദിത്തം വഹിച്ച എല്ലാരംഗത്തും സഖാവിന്റെ പ്രവർത്തനങ്ങൾ അതുല്യമായിരുന്നു. തൊഴിലാളി വർഗ മുന്നേറ്റത്തിനായി എക്കാലവും ഉയർന്ന ആ ശബ്ദം ഞങ്ങൾക്ക് കരുത്താണ്. നിലപാടുകളുടെ തെളിമ ഞങ്ങൾക്ക് ആവേശമാണ്.
വ്യക്തിപരമായും ആനത്തലവട്ടം അത്രയേറെ അടുത്ത ആത്മബന്ധം പുലർത്തിയ സഖാവാണ്. ആ സംഘടനാ പ്രവർത്തന മികവ് അടുത്തറിയുവാനും ഇടപെടലുകളിലെ കൃത്യത മനസ്സിലാക്കുവാനും സാധിച്ചുവെന്നത് വിലമതിക്കാനാവാത്ത അനുഭവമാണ്. പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങൾ എം വി ഗോവിന്ദൻ കുറിച്ചു.
Born: 22 April 1937, Travancore
Died: 5 October 2023
Party: Communist Party of India (Marxist)
Previous offices: Member of the Kerala Legislative Assembly (2006–2011), MORE
Books: Kayar: nilaykkātta pōrāṭṭaṅṅaḷ
സിപിഐ എമ്മിന്റെയും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റേയും സമുന്നതനായ നേതാവായ ആനത്തലവട്ടം ആനന്ദന്റെ വേർപാടിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
സിപിഐ എമ്മിനും സംസ്ഥാനത്തെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിനും, ഇടതുപക്ഷത്തിനും നികത്താനാവാത്ത നഷ്ടമാണുണ്ടായിരിക്കുന്നത്. ജീവിത ദുരിതങ്ങളിൽപ്പെട്ട് കഴിഞ്ഞിരുന്ന കയർത്തൊഴിലാളികളടക്കമുള്ള അസംഘടിത ജനവിഭാഗത്തെ നട്ടെല്ല് നിവർത്തിനിൽക്കാൻ കരുത്ത് നൽകിയ നേതാവായിരുന്നു ആനത്തലവട്ടം ആനന്ദൻ. സമര മുഖങ്ങളിൽ അടിസ്ഥാന വിഭാഗത്തിന്റെ താൽപര്യങ്ങൾക്ക് വിട്ടുവീഴ്‌ചയില്ലാതെ പൊരുതി നിന്ന നേതൃത്വമായിരുന്നു അദ്ദേഹത്തിന്റേത്.
ഗുണ്ടകളുടേയും, പോലീസിന്റേയും ഇടപെടലുകളെ ചെറുത്ത് നിന്നുകൊണ്ട് സമര മുഖങ്ങളിൽ ജ്വലിച്ച് നിന്ന പോരാളിയായിരുന്നു ആനത്തലവട്ടം. നിരവധി ട്രേഡ് യൂണിയൻ സംഘടനകൾ രൂപീകരിക്കുകയും അവയെ വളർത്തിയെടുക്കുന്നതിന് സമർപ്പണത്തോടെ ഇടപെടുകയും ചെയ്‌ത നേതൃത്വമായിരുന്നു അദ്ദേഹത്തിന്റേത്. ദുരിതപൂർണ്ണമായ ജീവിതം നയിച്ച പാവപ്പെട്ട ജനതയുടെ ഉന്നതിക്കായി ജീവിതം ഒഴിഞ്ഞുവെച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഒന്നരവർഷം ഒളിവിൽ കഴിഞ്ഞു, രണ്ടുമാസം ജയിൽവാസവും അനുഭവിച്ചു.
പാർടിയുടെ ആശയങ്ങൾ തൊഴിലാളികൾക്കിടയിൽ അവരുടെ ജീവിതവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നതിൽ അസാമാന്യ ശേഷിയാണ് കാണിച്ചിരുന്നത്. പൊതു പ്രസംഗങ്ങളിൽ തന്റെ മികച്ച ശൈലിയാൽ നിറഞ്ഞ് നിന്നു. ദൃശ്യമാധ്യമങ്ങളിലുൾപ്പെടെ അടിസ്ഥാന ജനവിഭാഗത്തിന്റെ താൽപര്യങ്ങളിൽ ഉറച്ച് നിന്നുകൊണ്ട് വലതുപക്ഷ ആശയങ്ങളെ ആനത്തലവട്ടം പ്രതിരോധിച്ച് നിന്നു. മലയാളികളുടെ രാഷ്‌ട്രീയ സദസ്സുകളിലും സജീവ സാന്നിദ്ധ്യമായി ഉയർന്നു നിന്നു. എതിരാളികളുടെ കാഴ്‌ചപ്പാടുകളെ പ്രതിരോധിക്കുമ്പോഴും ജനാധിപത്യപരമായ സംവാദന രീതി എപ്പോഴും ഉയർത്തിപ്പിടിച്ചു.
1956-ൽ കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായ അദ്ദേഹം രൂപീകരണം മുതൽ സി.പി.ഐ (എം)നൊപ്പമാണ് നിന്നത്. 1971-ൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി. തുടർന്ന് സംസ്ഥാന കമ്മിറ്റി അംഗവും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും പ്രവർത്തിച്ചു. കേരളത്തിലെ ട്രേഡ് യൂണിയൻ ചരിത്രത്തിന് ഒരിക്കലും വിസ്‌മരിക്കാനാവാത്ത പേരാണ് ആനത്തലവട്ടം ആനന്ദന്റേത്. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തിച്ചുവരികയായിരുന്നു. ജീവിതത്തിന്റെ അവസാനഘട്ടംവരെ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് തുടർച്ചയായി ഇടപെട്ടുകൊണ്ടിരുന്ന അർപ്പണബോധമുള്ള നേതൃത്വമായി അദ്ദേഹം പ്രവർത്തിച്ചു.
പാർലമെന്ററി രംഗത്തും ആനത്തലവട്ടം ശ്രദ്ധേയമായ സാന്നിദ്ധ്യമായി മാറി. 1987-ലും, 1996-ലും, 2001-ലും ആറ്റിങ്ങലിൽ നിന്ന് നിയമസഭാംഗമായി. നിയമസഭാ വേദികളിൽ അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങളുയർത്തിക്കൊണ്ടുവരുന്നതിന് എപ്പോഴും ശ്രദ്ധിച്ചിരുന്നു. രാഷ്‌ട്രീയ സംവാദങ്ങളിൽ ജ്വലിച്ച് നിന്നു. നിയമ നിർമ്മാണ രംഗത്തും ആനത്തലവട്ടത്തിന്റേതായ സംഭാവനകളുണ്ടായി. ആർക്കും എപ്പോഴും ഏത് പ്രശ്‌നവുമായും സമീപിക്കാൻ പറ്റുന്ന ജനകീയ നേതാവ് കൂടിയായിരുന്നു.
ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ, കേരള കയർ വർക്കേഴ്‌സ് സെന്റർ തുടങ്ങി നിരവധി തൊഴിലാളി സംഘടനകളുടെ ഭാരവാഹിയായി. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് അസോസിയേഷൻ (കെ.എസ്.ആർ.ടി.ഇ.എ), ബീവറേജസ് കോർപറേഷൻ എംപ്ലോയീസ് അസോസിയേഷൻ, ഖാദി എംപ്ലോയീസ് യൂണിയൻ തുടങ്ങിയ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
ജനങ്ങൾക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങളിലും, പ്രചരണങ്ങളിലും, അത്യുജ്വലമായ തൊഴിലാളി മുന്നേറ്റത്തിലും അദ്ദേഹം ഉയർന്ന് നിന്നു. ആഗോളവൽക്കരണ നയങ്ങൾക്കും, വർഗ്ഗീയ രാഷ്‌ട്രീയ കാഴ്‌ചപ്പാടുകൾക്കുമെതിരെയുള്ള വർത്തമാനകാല പ്രതിരോധത്തിന്റെ നേതൃനിരയിലും സഖാവുണ്ടായിരുന്നു. അടിസ്ഥാന ജനവിഭാഗത്തിന്റെ അവകാശത്തിനായ് എന്നും നിലകൊണ്ട ആനത്തലവട്ടം ആനന്ദന്റെ മരണത്തിൽ കുടുംബാംഗങ്ങൾക്കുള്ള ദുഃഖത്തിലും പാർടി അനുശോചനം രേഖപ്പെടുത്തുന്നു.