അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

അഞ്ച്‌ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ. രാജസ്ഥാൻ, മധ്യപ്രദേശ്‌, തെലങ്കാന, ചത്തീസ്‌ഗഢ്‌, മിസോറാം സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ തീയതികളാണ്‌ ചീഫ്‌ ഇലക്ഷൻ കമീഷണർ രാജീവ്‌ കുമാർ പ്രഖ്യാപിച്ചത്‌. ഛത്തീസ്‌ഗഢിൽ മാത്രം രണ്ട്‌ ഘട്ടമായും മറ്റിടങ്ങളിൽ ഒറ്റഘട്ടമായും ആണ്‌ തെരഞ്ഞെടുപ്പ്‌. മിസോറാമിൽ നവംബർ 7 നും ചത്തീസ്‌ഗഢിൽ നവംബർ 7 നും 17 നും, തെലങ്കാനയിൽ നവംബർ 30നും , രാജസ്ഥാനിൽ നവംബർ 23നും , മധ്യപ്രദേശിൽ - നവംബർ 17നുമാണ് വോട്ടെടുപ്പ് . എല്ലാ സംസ്ഥാനങ്ങളിലും ഡിസംബർ 3 നാണ്‌ വോട്ടെണ്ണൽ.
രാജസ്ഥാനിലും ചത്തീസ്‌ഗഢിലും കോൺഗ്രസും മധ്യപ്രദേശിൽ ബിജെപിയുമാണ്‌ നിലവിൽ അധികാരത്തിലുള്ളത്‌. തെലങ്കാനയിൽ ബിആർഎസും മിസോറാമിൽ എൻഡിഎ സഖ്യകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടുമാണ്‌ ഭരണത്തിൽ. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പുള്ള തെരഞ്ഞെടുപ്പ്‌ എന്ന നിലയിൽ വലിയ പരീക്ഷണമാണ്‌ ബിജെപിക്കും കോൺഗ്രസിനും നേരിടാനുള്ളത്‌.
തെലങ്കാന, രാജസ്ഥാന്‍, ചത്തീസ്‌ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 2024 ജനുവരിയിലാണ് നിയമസഭയുടെ കാലാവധി കഴിയുക. മിസോറാമില്‍ ഡിസംബര്‍ 17-ന് കാലാവധി പൂര്‍ത്തിയാകും. മിസോറാമില്‍ 40, തെലങ്കാനയില്‍ 119, രാജസ്ഥാനില്‍ 200, മധ്യപ്രദേശില്‍ 230, ഛത്തീസ്‌ഗഢില്‍ 90 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മിസോറാമില്‍ 8.52 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഛത്തീസ്ഗഢില്‍ 2.03 കോടി, മധ്യപ്രദേശില്‍ 5.6 കോടി, രാജസ്ഥാനില്‍ 5.25 കോടി, തെലങ്കാനയില്‍ 3.17 കോടി വോട്ടാര്‍മാരും വിധിയെഴുതും.