ഡീൻ കുരിയാക്കോസ് -ഇടുക്കി

സ്വന്തം നേതാവായ ഉസ്‌മാനുവേണ്ടി പാലത്തിന്റെ അലൈമെന്റ്‌ വളച്ച് എംപി ചെറുതോണി ടൗണില്ലാതാക്കി. ജില്ലായുടെ ആസ്ഥാനപട്ടണം തന്നെയില്ലാതാക്കിയതിന്റെ സ്‌മാരകമായ പാലത്തിന്റെ ഉദ്ഘാടനം 12ന് നടക്കും. വളഞ്ഞപാലത്തിന്റെ ശിൽപ്പിയും എംപിയുമായ ഡീൻ കുര്യാക്കോസാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഗാന്ധിനഗർ കോളനി നിവാസികളെ യാത്രാദുരിതത്തിലാക്കി ചെറുതോണി ടൗൺ ആകെ വെള്ളക്കെട്ടിലുമാക്കിയാണ് പാലത്തിന്റെ നിർമാണം പര്യവസാനിച്ചത്.

വളച്ച പാലം സെൻട്രൽ ജങ്ഷനിൽവന്ന് മൂക്കുംകുത്തി നിൽക്കുന്ന സ്ഥിതിയാണിപ്പോൾ. 500 കുടുംബങ്ങളെ ഒറ്റപ്പെടുത്തിവഴി ഇല്ലാതാക്കിയതിനെതിരെ ഉദ്ഘാടന ദിവസം സമരത്തിനൊരുങ്ങുകയാണ് കോളനി നിവാസികൾ. ചുറ്റുപാടുമുള്ള മുഴുവൻ കടകളിലേക്കും വെള്ളം ഇരച്ച് കയറുകയാണ്. പ്രളയത്തിൽ തകർന്ന പാലത്തോട് ചേർന്ന് നിൽക്കുന്ന ദേവാലയത്തിന് സംരക്ഷണഭിത്തി കെട്ടിനൽകാൻ പോലും എംപിയോ ഉദ്യോഗസ്ഥരോ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്‌. ജില്ലാ പഞ്ചായത്തിന്റെ ഭൂമി കൈയേറി അനധികൃതമായി പണിതുയർത്തിയ കോൺഗ്രസ്‌ നേതാവിന്റെ അഴിമതിയുടെ സ്‌മാരകമായ ബഹുനില മന്ദിരം സംരക്ഷിക്കാൻ പാലം വളച്ച്കെട്ടി വിചിത്ര നിർമാണം നടത്താൻ വഴങ്ങിക്കൊടുത്ത ദേശീയപാതാ വിഭാഗത്തിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. കോൺഗ്രസ്‌ ഓഫീസുകൂടി സ്ഥിതി ചെയ്യുന്ന കൈയേറ്റ ഭൂമിയിൽ നിർമിച്ച കെട്ടിടമാണ് സംരക്ഷിച്ചത്.

2018 ലെ പ്രളയത്തെ തുടർന്ന്‌ ചെറുതോണിയിൽ പുതിയപാലം നിർമിക്കാൻ മുൻ എം പി ജോയ്സ് ജോർജ്‌ ഇടപെട്ടാണ്‌ നടപടി സ്വീകരിച്ചത്‌. ജില്ലാ ആസ്ഥാനത്തിന്റെ പ്രൗഢിയോടുകൂടി കുറവൻ - കുറത്തി മലനിരകൾക്ക് താഴെയായി സാങ്കേതിക തികവാർന്ന സിഗ്നേച്ചർ ബ്രിഡ്ജാണ്‌ രൂപകൽപ്പന ചെയ്‌തത്‌. ജോയ്‌സ്‌ ജോർജ്‌ നൽകിയ വിശദമായ റിപ്പോർട്ടിനെതുടർന്ന്‌ ഹൈവേ റോഡ് വികസന മന്ത്രി നിധിൻ ഗഡ്ഗരി ഉന്നതതല സംഘത്തെ ചെറുതോണിയിലേക്ക് അയച്ചിരുന്നു. വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലത്തിന് അനുമതി ലഭിച്ചു. എസ്റ്റിമേറ്റും രൂപകൽപ്പനയും കേന്ദ്ര മന്ത്രാലയം അംഗീകരിച്ചു. ഈ പദ്ധതിയിൽ മനോഹരമായ സിഗ്നേച്ചർ പാലത്തിന് ഇരുവശവും അതിവിശാലമായ പാർക്കിങ് ഗ്രൗണ്ടും പാർക്കുകളും തുടങ്ങി. ഇതിന്‌ നടുവിലായി ബോട്ടിങ് സൗകര്യത്തോടു കൂടിയ ചെറിയ തടാകവും ഇരുവശങ്ങളിലുമായി സുരക്ഷിതമായ നടപ്പാതകളും ടൂറിസത്തിന്‌ അനുയോജ്യമായി രൂപകൽപ്പനചെയ്‌തു. 2018 ൽ പാലത്തിന് അനുമതി ലഭിച്ചു. പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ വിജയിച്ച ഡീൻ കുര്യാക്കോസ് കോൺഗ്രസ്‌ നേതാവിന്റെ കെട്ടിടം സംരക്ഷിക്കാനായി സിഗ്നേച്ചർ ബ്രിഡ്ജിന്‌ അകാല ചരമം നൽകി പാലംവളച്ച് സിമന്റ്‌ കൂടാരമാക്കിയെന്ന്‌ ജില്ലാ ആസ്ഥാനത്തുള്ളവർ പറയുന്നു.

ഗാന്ധിനഗർ കോളനിയുടെ വഴിയടച്ച്‌ ഗാന്ധി ശിഷ്യന്മാർ

ചെറുതോണി പാലത്തിൽ പാർക്കിങ് സൗകര്യം ക്രമീകരിച്ചിട്ടില്ല. ഗാന്ധിനഗർ കോളനിയിലേക്ക് റോഡ് നിർച്ച് നൽകുകയോ ചെയ്തില്ല. മാലിന്യകൂമ്പാരമായി പാലത്തിന്റെ ഇരുവശങ്ങളും മാറി. ടൗണിൽ നടപ്പാതകളും പാർക്കിങ്ങും വാഴത്തോപ്പ് ജങ്ഷനിൽ വീതികൂട്ടിയുള്ള സൗന്ദര്യവൽക്കരണവും എംപിയുടെ പ്രഖ്യാപനത്തിൽ ഒതുങ്ങി. 2014 മുതൽ 19 വരെ ഇടുക്കി മണ്ഡലത്തിൽനടന്ന കേന്ദ്ര പദ്ധതികളുടെ തുടർവികസനത്തെ തകർക്കുകയും മുടക്കുകയുമാണ്‌ ഡീൻ കുര്യാക്കോസ് എംപിയിൽനിന്നുമുണ്ടായത്‌.

################
ധീരജിന്റെ കൊലയാളിക്ക്‌ ആശംസയുമായി ഡീൻ കുര്യാക്കോസ്‌ എം.പി; എസ്‌എഫ്‌ഐ പ്രതിഷേധം
എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊന്ന കേസിലെ പ്രതി നിഖിൽ പൈലിക്ക്‌ പിന്തുണയുമായി ഡീൻ കുര്യാക്കോസ്‌ എം.പി. ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലാണ്‌ നിഖിൽ പൈലിക്ക്‌ ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട്‌ ഡീൻ ആഹ്ളാദം പങ്കുവയ്‌ക്കുന്നത്‌. കൊലയാളിക്ക്‌ നിയമ സഹായം നൽകിയ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നുവെന്നും ഡീൻ പോസ്‌റ്റിൽ പറയുന്നു. യൂത്ത്‌ കോൺഗ്രസ്‌ കൊലയാളി സംഘത്തെ സംരക്ഷിക്കുന്ന എംപിയുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ്‌ ഉയരുന്നത്‌.