കേരള സർക്കാർ -മന്ത്രി സഭാ യോഗ തീരുമാനങ്ങൾ

ഓണക്കിറ്റു വിതരണം സുഗമമായി _ (പത്രക്കുറിപ്പ്).pdf (25.5 KB)
s00007-080823-09-15.pdf (158.8 KB)
document-3(1).pdf (196.1 KB)
s00028-080823-09-15.pdf (134.5 KB)
s00007-080823-09-15.pdf (158.8 KB)

കേരള സര്‍ക്കാര്‍

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

തീയതി: 25.10.2023


സംസ്ഥാനത്ത് ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കും

സംസ്ഥാനത്ത് ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 237 കോടി രൂപ ചിലവില്‍ പി.പി.പി മാതൃകയിലാണ് സ്ഥാപിക്കുക. കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി നിര്‍വ്വഹണ ഏജന്‍സിയാവും. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് കിന്‍ഫ്രയെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി നിയോഗിച്ചു. പദ്ധതിക്ക് കിഫ്ബിയില്‍ നിന്ന് വായ്പ തേടുന്നതിനുള്ള പ്രാഥമിക പ്രൊപ്പോസല്‍ തയ്യാറാക്കാനും ആഗോള താത്പര്യപത്രം വഴി സ്വകാര്യ പങ്കാളികളെ തേടുന്നതിനും ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിക്ക് അനുമതി നല്‍കി. ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി പദ്ധതിക്കായി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ അധ്യക്ഷതയില്‍ വ്യവസായവകുപ്പ്, ഐ ടി വകുപ്പ്, കിന്‍ഫ്ര എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി മാനേജിംഗ് കമ്മിറ്റി രൂപീകരിക്കും.

ഭാവിയിലെ മെറ്റീരിയല്‍ സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രാഫീന്‍ ഇക്കോ സിസ്റ്റം സ്ഥാപിക്കുമെന്ന് 2022-23 ലെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. നിര്‍ദ്ദിഷ്ട ഗ്രാഫീന്‍ ഇക്കോ സിസ്റ്റത്തില്‍ ഉള്‍പ്പെടുന്ന ഗ്രാഫീന്‍ അധിഷ്ഠിത സാങ്കേതികവിദ്യാ വികസനത്തിനായി രൂപീകരിച്ച ഇന്ത്യ ഇന്നോവേഷന്‍ സെന്‍റര്‍ ഫോര്‍ ഗ്രാഫിന്‍ എന്ന ഗവേഷണ വികസന കേന്ദ്രം പ്രാരംഭഘട്ടത്തിലാണ്. ഗവേഷണത്തിലൂടെ വികസിപ്പിക്കുന്ന ഗ്രാഫീന്‍ ഉല്‍പ്പന്നങ്ങളെ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ ഒരു മധ്യതല ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ യൂണിറ്റാണ് ഇപ്പോൾ ആരംഭിക്കുന്നത്.

ദീര്‍ഘിപ്പിച്ചു നല്‍കും

മികച്ച കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്ന പദ്ധതി പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിയമനം നല്‍കിയ 15 താത്ക്കാലിക ക്ലാര്‍ക്ക് തസ്തികയുടെ കാലാവധി നിബന്ധനകള്‍ക്കു വിധേയമായി ദീര്‍ഘിപ്പിച്ചു. പ്രസ്തുത തസ്തികകളില്‍ സ്‌പോര്‍ട്‌സ് ക്വാട്ട മുഖേന നിയമിതരായി, നിലവില്‍ തുടരുന്ന ജീവനക്കാരെ തൊട്ടടുത്തുണ്ടാകുന്ന ഒഴിവുകളില്‍ റഗുലറൈസ് ചെയ്യണമെന്ന കര്‍ശന നിബന്ധനയ്ക്കു വിധേയമായാണ് ദീര്‍ഘിപ്പിച്ചു നല്‍കുക.

മരുന്ന് വാങ്ങുന്നതിന് അനുമതി

2023-24 വര്‍ഷത്തേക്കുള്ള ഇക്വിന്‍ ആന്റി റാബിസ് ഇമ്യൂണോ ഗ്ലോബുലിന്‍ വാങ്ങുന്നതിന് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് അനുമതി നല്‍കി.

ഗവ. പ്ലീഡര്‍

തിരുവനന്തപുരം ജില്ലാ ഗവ. പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് അഡ്വ. ടി. ഗീനാകുമാരിയെ നിയമിക്കും. പാലക്കാട് ജില്ലാ ഗവ. പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയില്‍ അഡ്വ. പി. അനിലിന് പുനര്‍നിയമനം നല്‍കി.

സര്‍ക്കാര്‍ ഗ്യാരന്റി

ദേശീയ സഫായി കര്‍മ്മചാരി ധനകാര്യ വികസന കോര്‍പ്പറേഷന്റെ പദ്ധതികള്‍ വിപുലമായി നടപ്പാക്കുന്നതിന് കേരള സംസ്ഥാന പിന്നാക്ക വിഭാഗ കോര്‍പ്പറേഷന് 100 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി അനുവദിച്ചു.

മന്ത്രിസഭ യോഗ തീരുമാനം

മന്ത്രിസഭായോഗ തീരുമാനങ്ങൾ
മുഖ്യമന്ത്രിയുടെ ഓഫീസ്
22.11.2023

കൊച്ചിയിൽ ബി.പി. സി എല്ലിന്റെ ജൈവമാലിന്യ സംസ്കരണ പ്ലാന്റ്

കൊച്ചി നഗരത്തിലെ ജൈവമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്ന ബി.പി. സി. എല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് മന്ത്രിസഭയുടെ അംഗീകാരം. നവകേരള സദസ്സ് പര്യടനത്തിനിടെ തലശ്ശേരിയിൽ ചേർന്ന മന്ത്രിസഭായോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.

കൊച്ചി കോർപ്പറേഷന്റെ കൈവശമുള്ള ബ്രഹ്മപുരത്തെ ഭൂമിയിൽ നിന്നും 10 ഏക്കർ ഭൂമി ഇതിനായി ബി.പി. സി. എല്ലിന്
കൈമാറും. ഈ ഭൂമിയിലാണ്
ബി.പി. സി. എൽ
പ്രതിദിനം 150 മെട്രിക് ടണ്‍ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുക. പ്ലാന്റില്‍ നിന്നും ഉത്പാദിപ്പിക്കുന്ന കംപ്രസ്സഡ് ബയോഗ്യാസ് ബി.പി. സി. എൽ ഉപയോഗിക്കും. ഏകദേശം 150 കോടി രൂപയാണ് നിർമ്മാണ ചെലവ്. ഈ തുക പൂർണമായും ബി.പി. സി. എൽ ആണ് വഹിക്കുക. പ്ലാൻറ് നിർമ്മാണത്തിന് ആവശ്യമായ ജലം, വൈദ്യുതി എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. 15 മാസത്തിനകം പദ്ധതി പൂർത്തിയാവും.

പ്ലാന്റില്‍ ഉൽപാദിപ്പിക്കുന്ന ജൈവവളം കർഷകർക്ക് ലഭ്യമാക്കും. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മലിനജലം സംസ്കരിച്ച് ശുദ്ധമായ ജലം മാത്രമേ പുറത്തുവിടുകയുള്ളൂ. സംസ്കരണത്തിനു ശേഷം ബാക്കിയാവുന്ന അജൈവമാലിന്യം ക്ലീൻ കേരള കമ്പനി ഏറ്റെടുത്ത് സംസ്കരിക്കും. 7 ലക്ഷത്തിനടുത്ത് ജനസംഖ്യയും 1,61,000 ല്‍ അധികം വീടുകളും ഉള്ള കൊച്ചി കോർപ്പറേഷനിലെ ജൈവമാലിന്യ പ്രശ്നത്തിന്
കംപ്രസ്ഡ് ബയോഗ്യാസ് പ്ലാൻറ് പരിഹാരമാകും.

പ്രചോദന ധനസഹായം

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 387 സിവിൽ ഡിഫൻസ് വളണ്ടിയർമാർക്ക് ഇവർ അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ദിവസങ്ങൾക്ക് ദിനം ഒന്നിന് ആയിരം രൂപ വീതം പ്രചോദന ധനസഹായം അനുവദിക്കും.

ശമ്പള പരിഷ്കരണം

സംസ്ഥാന സഹകരണ യൂണിയനിലെ പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്കരണം അനുവദിക്കും.

സാധൂകരിച്ചു

സംസ്ഥാന സഹകരണ യൂണിയനിൽ ഡെപ്യൂട്ടി ജനറൽ മാനേജർ, കമ്പ്യൂട്ടർ അസിസ്റ്റൻറ് ഗ്രേഡ് 2 എന്നീ തസ്തികകൾ സൃഷ്ടിച്ച നടപടികൾക്ക് സാധൂകരണവും നൽകി

മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം തിരൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

27/11/2023

ഇന്ന് നവകേരള സദസ്സ് പത്താം ദിവസമാണ്. നാല് ജില്ലകള്‍ പിന്നിട്ടു. ജനലക്ഷങ്ങളുടെ പങ്കാളിത്തമാണുണ്ടായത്. ഇന്നലെ കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളിലായിരുന്നു പര്യടനം. തിരുവമ്പാടിയില്‍ തുടങ്ങി, കൊടുവള്ളി, കുന്ദമംഗലം എന്നിവിടങ്ങളിലൂടെ ബേപ്പൂര്‍ മണ്ഡലത്തിലെ ഫറോക്കില്‍ സമാപിച്ചു.

കൊടുവള്ളിയില്‍ എത്തുന്നതിനു മുന്‍പ് ഞങ്ങള്‍ താമരശ്ശേരി അല്‍ഫോന്‍സാ സ്കൂളില്‍ പോയിരുന്നു. കളമശ്ശേരി കുസാറ്റ് ക്യാംപസിലെ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സാറാ തോമസ് എന്ന കുട്ടിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനാണ് അവിടെ പോയത്. വ്യവസായ മന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും സംഭവം അറിഞ്ഞയുടന്‍ കളമശ്ശേരിയിലേക്ക് പോയി അവിടത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നു.

ക്യാംപസുകളില്‍ വലിയ ആഘോഷ പരിപാടികള്‍ നടക്കുമ്പോള്‍ സുരക്ഷാ മുന്‍കരുതല്‍ ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയ്ക്കാണ് ഈ ദുരന്തം അടിവരയിടുന്നത്. ആപത്ത് ഒഴിവാക്കുന്ന വിധം മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും അവ പാലിക്കുമെന്ന് കര്‍ശനമായി ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സത്വരമായി നടപടി സ്വീകരിക്കും.

കളമശ്ശേരി ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് ഇന്നലത്തെ പര്യടനം ആരംഭിച്ചത്. ആഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇന്ന് മുതല്‍ നാല് ദിവസം മലപ്പുറം ജില്ലയിലാണ് പര്യടനം.

കേരളം നേടിയ നേട്ടങ്ങള്‍ക്കൊപ്പം ഇന്ന് അനുഭവിക്കുന്ന പ്രയാസങ്ങളും ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച് കൊണ്ടാണ് നവകേരള സദസ്സ് മുന്നോട്ടു പോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി നമ്മുടെ സംസ്ഥാനത്തെ ഞെരുക്കി ശ്വാസം മുട്ടിക്കുകയാണ്. അത് പൊതു അഭിപ്രായമായി വരുമ്പോൾ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളെ തമസ്കരിക്കുന്നു. കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ തന്നെ വസ്തുതാ വിരുദ്ധ പ്രചാരണത്തിന് മുന്നിട്ടിറങ്ങിയതാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കണ്ടത്.

നമ്മൾ സൗജന്യത്തിനോ ഔദാര്യത്തിനോ ആവശ്യപ്പെടുന്നില്ല. ന്യായമായി നമുക്ക് ലഭിക്കേണ്ട നികുതി വിഹിതം കിട്ടണം എന്ന ആവശ്യമേ ഉന്നയിക്കുന്നുള്ളൂ. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളോട് ആരോഗ്യപരമായ സമീപനം ആയിരിക്കണം കേന്ദ്രസർക്കാരിന് ഉണ്ടാകേണ്ടത്. ശത്രുതാപരമായ സമീപനം അവസാനിപ്പിക്കണം എന്നതാണ് നമ്മുടെ ആവശ്യം. ജനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന നികുതിയുടെവിഹിതവും ഗ്രാന്‍റും അർഹതപ്പെട്ടത് കിട്ടേണ്ടതുണ്ട്.

കേന്ദ്രാവിഷ്കൃത പദ്ധതികൽ സംസ്ഥാനത്തിന്റെ ബാധ്യത കൂട്ടുന്ന നിലയാണ് വന്നിരിക്കുന്നത്.

ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 3,56,108 വീടുകള്‍ നിർമ്മിച്ചപ്പോള്‍ 32,171 വീടുകള്‍ക്ക് മാത്രമാണ് പിഎംഎവൈ ഗ്രാമീണിന്റെ ഭാഗമായി 72,000 രൂപ സഹായം ലഭിച്ചത്. നമ്മൾ സംഖ്യ കൂട്ടി നാലുലക്ഷം രൂപ തികച്ച് നൽകുന്നുണ്ട്.

പിഎംഎവൈ അർബന്റെ ഭാഗമായി 79,860 വീടുകള്‍ക്ക് 1,50,000 രൂപ കേന്ദ്രം നൽകി. എല്ലാം ചേർത്താലും ആകെ 1,12,031 വീടുകള്‍ക്ക് (31.45%) മാത്രമാണ് ഈ തുച്ഛമായ കേന്ദ്രസഹായം ലഭിച്ചത്.

പി എം എ വൈ ഗ്രാമീണിൽ മൂന്ന് വർഷമായി ടാർഗറ്റ് നിശ്ചയിച്ച് തന്നിട്ടില്ല, അതിനാൽ പുതിയ വീടുകൾ അനുവദിക്കാൻ ഈ മേഖലയിൽ ഇപ്പോൾകഴിയുന്നില്ല.

എന്നിട്ടും കേന്ദ്രം പറയുന്നത്, ലൈഫ് പദ്ധതിയിലെ വീടുകള്‍ക്ക് കേന്ദ്രത്തിന്‍റെ ബ്രാന്‍ഡിങ് വേണം എന്നാണ്. ലൈഫ് വീടുകള്‍ ഒരു ബ്രാന്‍ഡിങ്ങുമില്ലാതെ പൂര്‍ത്തിയാക്കി ജനങ്ങള്‍ ജീവിക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. എങ്ങനെ ലഭിച്ച വീടാണെന്ന ആ കാഴ്ചപ്പാടിനാണ് വിരുദ്ധമാണ് കേന്ദ്ര നിലപാട്. ഞങ്ങളുടെ പേര് വെക്കുന്നുണ്ടെങ്കിൽ പറയാം. അതും വെക്കുന്നില്ലല്ലോ.

ഇത് ജനങ്ങളുടെ അവകാശമാണ്. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ എന്നാല്‍ ആരുടെയെങ്കിലും സ്വകാര്യ സമ്പാദ്യത്തില്‍ നിന്ന് പണം ചെലവഴിക്കുന്ന പദ്ധതികള്‍ അല്ല. ഇന്നാട്ടിലെ ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം ഉള്‍പ്പെടെ പൊതു സമ്പത്ത് വിനിയോഗിക്കുന്ന പദ്ധതികളാണ്.

കേരളം സാമൂഹിക ഉന്നമനത്തിന്‍റേതായ എല്ലാ സൂചികകളിലും മുന്നിലാണ്. ആ മുന്നേറ്റത്തെ ഒരു ശിക്ഷാ മാര്‍ഗമായി കാണുകയാണ് കേന്ദ്ര സര്‍ക്കാര്‍. ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് കേന്ദ്രം നല്‍കേണ്ട വിഹിതം വര്‍ഷങ്ങളായി ഗുണഭോക്താക്കള്‍ക്ക് കേരളമാണ് വിതരണം ചെയ്യുന്നത്. ഇനി കുടിശ്ശികയില്ല. എന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന യഥാർത്ഥത്തിൽ തെറ്റിദ്ധരിപ്പിക്കലാണ്. പണം അകാരണമായി വര്‍ഷങ്ങള്‍ തടഞ്ഞുവെച്ച ശേഷം നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് 2021 ജനുവരി മുതല്‍ 2023 ജൂണ്‍ വരെയുള്ള കേന്ദ്രത്തിന്‍റെ വിഹിതം തടഞ്ഞു വെച്ചത് ഇപ്പോൾ റിലീസ് ചെയ്യേണ്ടി വന്നത്.

കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച നിബന്ധനകളെല്ലാം പാലിച്ചിട്ടും കുടിശ്ശിക തരാത്തതിനാല്‍ സെപ്തംബറില്‍ മന്ത്രി എം.ബി രാജേഷ് നേരിട്ട് ഡല്‍ഹിയില്‍ പോയി കേന്ദ്രമന്ത്രിമാരെ കണ്ടു. എന്തുകൊണ്ടാണ് പണം അനുവദിക്കാത്തത് എന്നതിന് കൃത്യമായ ഒരു വിശദീകരണവും പറയാന്‍ കേന്ദ്രമന്ത്രിക്കോ ഉദ്യോഗസ്ഥര്‍ക്കോ കഴിഞ്ഞില്ല.
കേരളത്തില്‍ ആകെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതിന്‍റെ 16.62% പേര്‍ മാത്രമാണ് കേന്ദ്ര വിഹിതം ഉള്ള പെന്‍ഷന്‍ ഗുണഭോക്താക്കള്‍. 8,46,456 പേര്‍.

80 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള വാര്‍ദ്ധക്യ പെന്‍ഷനിലെ കേന്ദ്ര വിഹിതം 500 രൂപയാണ്. 60 മുതല്‍ 80 വയസ്സുള്ളവര്‍ക്ക് കേന്ദ്ര പെന്‍ഷന്‍ വെറും 200 രൂപ. വിധവകള്‍ക്കും വികലാംഗര്‍ക്കുമുള്ള കേന്ദ്ര പെന്‍ഷന്‍ 300 രൂപ. കേരളം കേന്ദ്രത്തിന്‍റെ പെന്‍ഷന്‍കാര്‍ക്ക് ഉള്‍പ്പെടെ എല്ലാവര്‍ക്കും 1600 രൂപ നല്‍കുന്നു. കേന്ദ്രസര്‍കാര്‍ നല്‍കേണ്ട തുക വര്‍ഷങ്ങള്‍ കുടിശിക വരുത്തിയപ്പോഴും കേരളം ഗുണഭോക്താക്കളിലെത്തിക്കുന്നു.

കേന്ദ്രതൊഴിലുറപ്പു പദ്ധതിയോടുള്ള കേന്ദ്ര സമീപനവും വ്യത്യസ്തമല്ല. ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ തൊഴിലുറപ്പു പദ്ധതി നടക്കുന്നത് കേരളത്തിലായിട്ടും ഏകദേശം 2 കോടിയുടെ തൊഴില്‍ ദിനങ്ങളാണ് രണ്ട് വര്‍ഷം കൊണ്ട് നമുക്ക് കേന്ദ്ര സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയത്.

ജി എസ് ടിയുടെ കാര്യം സൂചിപ്പിക്കാം. ജി എസ് ടി നടപ്പിലാക്കിയതോടെ സംസ്ഥാനത്തിന്‍റെ നികുതി അവകാശങ്ങള്‍ മിക്കവാറും നഷ്ടപ്പെട്ടു. ന്യായമായ വിഹിതവും നഷ്ടപരിഹാരവും വേണം എന്നതാണ് സംസ്ഥാനങ്ങളുടെ ആവശ്യം.
സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം നിലവിലുള്ള സ്ഥിതി അനുസരിച്ച് 2022 ജൂണ്‍ 30ന് അവസാനിച്ചു. ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ അഞ്ചുവര്‍ഷം കൊണ്ട് പഴയ വാറ്റ് നികുതിക്കാലത്തെ വാര്‍ഷിക വളര്‍ച്ചയിലേക്ക് എത്തുമെന്ന ധാരണ അനുസരിച്ചാണ് നഷ്ടപരിഹാരം അഞ്ചുവര്‍ഷം എന്ന് നിശ്ചയിച്ചത്. എന്നാല്‍ കോവിഡും പ്രളയവും മറ്റ് പകര്‍ച്ചവ്യാധികളും പൊതു സാമ്പത്തിക തളര്‍ച്ചയും കാരണം രാജ്യത്ത് പൊതുവെ സാമ്പത്തിക വളര്‍ച്ച വേണ്ടത്ര ഉണ്ടായില്ല. ഇതുകാരണം ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്ന കാലാവധി വര്‍ദ്ധിപ്പിക്കണമെന്ന് കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു. ഇത് കേന്ദ്രം അംഗീകരിച്ചിട്ടില്ല. പ്രതിവര്‍ഷം 12,000 കോടി രൂപ വരെ നഷ്ടപരിഹാരം ലഭിച്ചിരുന്നത് 2022 ജൂണ്‍ 30ന് നിര്‍ത്തലാക്കി. വലിയ നഷ്ടം സംസ്ഥാനത്തിന് വന്നു. ഇത് ചൂണ്ടിക്കാണിച്ച് പകരം നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന ആവശ്യമാണ് സംസ്ഥാനം ഉന്നയിച്ചിട്ടുള്ളത്.

ജിഎസ്ടി സംബന്ധിച്ചുള്ള കണക്ക് എ ജി നല്‍കിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി വിഷയം മാറ്റാനാണ് കേന്ദ്ര ധനമന്ത്രി ശ്രമിക്കുന്നത്. എല്ലാ കണക്കും സംസ്ഥാനം അക്കൗണ്ടന്‍റ് ജനറലിന് സമര്‍പ്പിച്ചു കഴിഞ്ഞതാണ്. അത് ജിഎസ്ടി കൗണ്‍സിലിന് നല്‍കേണ്ടത് എ.ജി ആണ്. നഷ്ടപരിഹാര തുകയുടെ കുടിശികയല്ല നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന ആവശ്യമാണ് കേരളത്തിന്‍റെത്.

2017-18 മുതല്‍ കേന്ദ്രത്തില്‍ നിന്നു ലഭിക്കാനുള്ള വിവിധ തുകകള്‍ കുടിശ്ശികയാണ്. ഇതിന്‍റെ മുഖ്യഭാഗം കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലേതാണ്. യു ജി സി ശമ്പള പരിഷ്കരണ കുടിശ്ശിക 750 കോടി ലഭിക്കാനുണ്ട്. 2021 മാര്‍ച്ച് 31 ന് മുന്‍പ്തന്നെ കേരളം ഇതിനുള്ള അപേക്ഷ കേന്ദ്രം ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ പരിഹരിച്ച് നല്‍കിയിട്ടുണ്ട്. സംസ്ഥാന ഉദ്യോഗസ്ഥര്‍ കേന്ദ്രതലത്തില്‍ ചര്‍ച്ചയും നടത്തിയിട്ടുണ്ട്. എന്നിട്ടും കുടിശ്ശിക തീര്‍പ്പാക്കിയിട്ടില്ല.

നെല്ല് സംഭരണ ഇനത്തില്‍ കേന്ദ്രവിഹിതമായ 790 കോടി ലഭ്യമായിട്ടില്ല. കേന്ദ്ര വിഹിതം ലഭിക്കാത്തതുകൊണ്ടാണ് അതുകൂടി ഏറ്റെടുത്ത് സംസ്ഥാനത്തിന് നല്‍കേണ്ടി വരുന്നത്. ഇത് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ബാങ്ക് വായ്പയായാണ് കാലതാമസം വരുത്താതെ കൃഷിക്കാരന് നല്‍കുന്നത്. ഇതിന്‍റെ പലിശ ബാദ്ധ്യതയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്.

കേന്ദ്രം എപ്പോള്‍ പണം നല്കുന്നുവോ അപ്പോള്‍ തീരുന്ന പ്രശ്നമാണത്.

ഇത്തരത്തില്‍
യഥാസമയം ഫണ്ടുകള്‍ ലഭ്യമാകാത്തതുകൊണ്ടുകൂടിയാണ് കേരളത്തിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരുന്നത്. എന്നാല്‍, ബജറ്റിന് പുറത്തുള്ള കടം കുറയ്ക്കുന്നു എന്ന പേരില്‍ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് അവകാശം കുറക്കുകയാണ്.
2017 മുതല്‍ കിഫ്ബിയും, പിന്നീട് പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പകള്‍ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് അവകാശം വെട്ടിച്ചുരുക്കാനായി ഉപയോഗിക്കുന്നു. സംസ്ഥാനത്തിന്‍റെ വരുമാന മാര്‍ഗങ്ങളെല്ലാം തടയുന്നു. ന്യായമായ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്നു. സ്വന്തമായി വഴികണ്ടെത്തി വികസനവും ക്ഷേമവും മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ അതിനും തടസ്സം നില്‍ക്കുന്നു. സംസ്ഥാനത്തോടും ജനതയോടും തുടര്‍ച്ചയായി ക്രൂരത കാട്ടിയശേഷം അത് അവസാനിപ്പിക്കാന്‍ തയാറാകാതെ, ഏന്തെല്ലാമോ ഞങ്ങൾ ഇവിടെ ചെയ്തിരിക്കുന്നു എന്ന നിലയില്‍ വസ്തുതാ വിരുദ്ധമായി പ്രചരണം നടത്താനാണ് കേന്ദ്ര ധനമന്ത്രി വന്നത്.

ഇന്നലെ നവകേരള സദസ്സിലെ പ്രസംഗമധ്യേ ഇതില്‍ വിശദമായി പ്രതികരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കി, നാടിന്‍റെ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ തയാറാകണം എന്നാണഭ്യര്‍ത്ഥിക്കാനുള്ളത്.

കോഴിക്കോട് ജില്ലയില്‍ മൂന്ന് ദിവസത്തെ നവകേരള സദസ്സ് ഞായറാഴ്ച സമാപിച്ചപ്പോള്‍ 13 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി ആകെ ലഭിച്ചത് 45,897 നിവേദനങ്ങളാണ്. ആദ്യദിനത്തിലെ എണ്ണം വടകരയില്‍ പറഞ്ഞിരുന്നു. ബാലുശ്ശേരി 5461, കൊയിലാണ്ടി 3588, എലത്തൂര്‍ 3224, കോഴിക്കോട് നോര്‍ത്ത് 2258, കോഴിക്കോട് സൗത്ത് 1517, തിരുവമ്പാടി 3827, കൊടുവള്ളി 3600, കുന്ദമംഗലം 4171,
ബേപ്പൂര്‍ 3399 എന്നിങ്ങനെയാണ് രണ്ടും മൂന്നും ദിവസങ്ങളിലെ മണ്ഡലം തിരിച്ചുള്ള കണക്ക്.

ഒരു വിഷയം കൂടി:

ചൈനയില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആശങ്ക ഉണ്ടാകേണ്ടതില്ല. ആരോഗ്യ വകുപ്പ് ഇക്കാര്യം സൂക്ഷ്മതയോടെ വീക്ഷിക്കുന്നുണ്ട്. ഇപ്പോള്‍ കേരളത്തില്‍ ഭീഷണിയൊന്നുമില്ല.

തിരൂരിൽ ചേർന്ന മന്ത്രിസഭായോഗ തീരുമാനങ്ങൾ
മുഖ്യമന്ത്രിയുടെ ഓഫീസ്

28.11. 2023

പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കും

തിരുവനന്തപുരം, പാലക്കാട് തൃശ്ശൂർ എൻജിനീയറിങ് കോളേജുകളിൽ പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കും.

എംടെക് കോഴ്സുകൾ

തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ്:
സ്ട്രക്ച്ചറൽ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ )

പാലക്കാട് ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളേജ്:

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആന്റ് ഡാറ്റാ സയൻസ്

ഇൻറർനെറ്റ് ഓഫ് തിങ്സ്

തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളേജ്:

റോബോട്ടിക്സ് ആന്റ് ഓട്ടോമേഷൻ

എൻജിനീയറിങ് ഡിസൈൻ

18 വീതം സീറ്റുകളാണ് ഓരോ വിഭാഗത്തിലും എം ടെക്കിന് ഉണ്ടാവുക.

ബിടെക് കോഴ്സുകൾ

തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് :

ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ )

തൃശ്ശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ്: സൈബർ ഫിസിക്കൽ സിസ്റ്റം

ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ )

ബി.ടെക് വിഭാഗത്തിൽ ഓരോ വിഭാഗത്തിലും 60 സീറ്റുകൾ വീതമാണ് ഉണ്ടാവുക.

നിലവിലുള്ള അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് അധിക കോഴ്സുകൾ ആരംഭിക്കുന്നത്.

എച്ച്എസ്എ ഇംഗ്ലീഷ് താൽക്കാലിക തസ്തികകൾ

സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് ഹൈസ്കൂളുകളിൽ 639 താൽക്കാലിക എച്ച്എസ്എ ഇംഗ്ലീഷ് തസ്തികകൾ സൃഷ്ടിക്കും. 3, 4 ഡിവിഷനുകൾ ഉള്ള ഹൈസ്കൂളുകളിൽ തസ്തിക സൃഷ്ടിച്ച് ദിവസ വേതന / കരാർ അടിസ്ഥാനത്തിലാവും നിയമനം.

ഹൈക്കോടതി റിട്ട് പെറ്റീഷന് മേൽ പുറപ്പെടുവിച്ച വിധി ന്യായം നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടം എന്ന നിലയ്ക്കാണിത്.

തസ്തിക

കണ്ണൂർ കാരക്കുണ്ട് ഡോൺബോസ്കോ സ്പീച്ച് ആന്റ് ഹിയറിങ് ഹയർ സെക്കൻഡറി സ്കൂളിൽ 2014 - 15 വർഷം അനുവദിച്ച കൊമേഴ്സ് ബാച്ചിലേക്ക് പുതിയ 6 തസ്തികകൾ അനുവദിക്കും.

എച്ച് എസ് എസ് റ്റി ജൂനിയർ വിഭാഗത്തിൽ ഇംഗ്ലീഷ് , മലയാ ളം ആന്റ് കോമേഴ്സ് വിഭാഗങ്ങളിലായി മൂന്നു തസ്തികൾ അനുവദിക്കും.

എച്ച് എസ് എസ് റ്റി വിഭാഗത്തിൽ കൊമേഴ്സ്, ഇക്കണോമിക്സ് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിലും മൂന്ന് തസ്തികകൾ സൃഷ്ടിക്കും.

പുതുതായി സൃഷ്ടിക്കുന്ന തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ സ്പെഷ്യൽ ട്രെയിനിങ് ഉള്ള അധ്യാപകരെ നിയമിക്കുന്ന നടപടി സ്വീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.

തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് സ്ഥലം

തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് 100 രൂപ വാർഷിക പാട്ട നിരക്കിൽ 99 വർഷത്തേക്ക് വ്യവസ്ഥകൾക്ക് വിധേയമായി സ്ഥലം പാട്ടത്തിന് നൽകും.

കതിരൂർ പുല്ല്യോട്ട് 7.9 ഏക്കർ ഏക്കർ ഭൂമിയാണ് നൽകുക.

നിയന്ത്രണങ്ങൾ പിൻവലിക്കും

ആലപ്പുഴ കുട്ടനാട് താലൂക്ക് കൈനകരി വടക്ക് വില്ലേജിൽ ഭൂമിയുടെ ക്രയവിക്രയവും പോക്ക് വരവും നിരോധിച്ചു പുറപ്പെടുവിച്ച ഉത്തരവിലെ നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചു. ക്രമക്കേട് നടന്നിട്ടില്ലെന്ന വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ പെരിന്തല്‍മണ്ണയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

30/11/2023
… … … … … … …

മലപ്പുറം ജില്ലയില്‍ നാല് ദിവസത്തെ പര്യടനം ഇന്ന് പൂര്‍ത്തിയാവുകയാണ്. പൊന്നാനിയില്‍ തുടങ്ങി ഇന്ന് പെരിന്തല്‍മണ്ണയില്‍ എത്തി നില്‍ക്കുന്ന മലപ്പുറം ജില്ലയിലൂടെയുള്ള യാത്ര ഈ സര്‍ക്കാരിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണയുടെ കാഴ്ച കൂടിയാണ്. വഴിനീളെ ജനങ്ങള്‍ സ്വയമേവ കാത്തു നില്‍ക്കുകയാണ്. ആവേശത്തോടെ അഭിവാദ്യം ചെയ്യുന്നു.

സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ക്കും എടുക്കുന്ന തെളിഞ്ഞ നിലപാടുകള്‍ക്കുമുള്ള അംഗീകാരമാണ് ജനങ്ങളുടെ ഈ വികാരം. ഓരോ മേഖലയിലും ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അത് ജനങ്ങള്‍ തിരിച്ചറിയുന്നുമുണ്ട്.

ഉദാഹരണത്തിന് ആരോഗ്യമേഖല എടുത്താല്‍, സമാനതകളില്ലാത്ത നേട്ടങ്ങളാണ് മലപ്പുറം ജില്ലയില്‍ ഉണ്ടാക്കിയത് എന്ന് കാണാനാവും. കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളില്‍ 61 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളാണ് കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ന്നത്. 15 സാമൂഹികാരോഗ്യകേന്ദ്രങ്ങളെ ബ്ലോക്ക് തല കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി. ഒ.പി പരിവര്‍ത്തനത്തിനായി തെരഞ്ഞടുത്ത അഞ്ച് പ്രധാന ആശുപത്രികളില്‍ രണ്ടെണ്ണം പൂര്‍ത്തിയായിക്കഴിഞ്ഞു.

6 ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മാണം പൂര്‍ത്തിയായി. കേരളത്തിലെ ഏക കാന്‍സര്‍ ഹോമിയോ ആശുപത്രിയായ വണ്ടൂര്‍ കാന്‍സര്‍ ആശുപത്രിയിലും കൂടുതല്‍ സൗകര്യം ഒരുക്കാന്‍ കഴിഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോടികൾ ചെലവഴിച്ചുള്ള നവീകരണമാണ് നടന്നത്. മലപ്പുറത്ത് പബ്ലിക് ഹെല്‍ത്ത് ലാബ് സ്ഥാപിച്ചു.

മലപ്പുറത്ത് മാത്രമല്ല സംസ്ഥാനത്താകെ അഭൂതപൂര്‍വ്വമായ പുരോഗതിയാണ് ഉണ്ടാകുന്നത്.

ഈയാഴ്ചയാണ് രാജ്യത്ത് ആദ്യമായി അവയവമാറ്റ ശസ്ത്രക്രിയ ഒരു ജില്ലാതല ഗവണ്മന്‍റ് ആശുപത്രിയില്‍ നടക്കുന്ന സംസ്ഥാനമെന്ന പദവി കേരളം നേടുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കിയ ആദ്യത്തെ സംസ്ഥാനവും നമ്മളാണ്.

ഏറ്റവും കുറവ് മാതൃ, ശിശുമരണമുള്ള സംസ്ഥാനം, ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം, ആന്‍റി ബയോഗ്രാം പുറത്തിറക്കുന്ന ആദ്യ സംസ്ഥാനം, മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് രാജ്യത്ത് ആദ്യം നടപ്പാക്കുന്ന സംസ്ഥാനം, ആദ്യമായി വണ്‍ ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്ന സംസ്ഥാനം, 6500ലധികം കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയ സംസ്ഥാനം, തുടങ്ങി എണ്ണിയാല്‍ തീരാത്ത നേട്ടങ്ങള്‍ ഇക്കാലയളവില്‍ കേരളം നേടിയിട്ടുണ്ട്.

2022 ല്‍ ദേശീയ ആരോഗ്യ മിഷന്‍ പുറത്തിറക്കിയ ഗ്രാമീണ ആരോഗ്യ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം കേരളത്തില്‍1919 പേര്‍ക്ക് ഒന്നു വീതം സബ് സെന്‍ററുകള്‍ നിലവിലുണ്ട്. എന്നാല്‍ 5734 പേര്‍ക്ക് ഒന്ന് എന്നതാണു ദേശീയ ശരാശരി.

നമുക്ക് 12844 പേര്‍ക്ക് ഒന്നെന്ന നിലയില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും 47,155 പേര്‍ക്ക് ഒന്നെന്ന നിലയില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളുമുണ്ട്. 35,602 പേര്‍ക്ക് ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും 1,63,298 പേര്‍ക്ക് ഒരു സാമൂഹ്യ ആരോഗ്യ കേന്ദ്രവും എന്നതാണു ദേശീയശരാശരി.
10,000 കോടി രൂപയാണ് കേരളത്തിന്‍റെ പ്രതിവര്‍ഷ ആരോഗ്യ ബജറ്റ്. അതിനുപുറമേ തദ്ദേശ സ്ഥാപനങ്ങള്‍ കോടികള്‍ ചിലവഴിക്കുന്നുണ്ട്.

എന്നാല്‍ ഈ നേട്ടങ്ങളേയും സ്വന്തം ബ്രാന്‍റ് പതിച്ചു തട്ടിയെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സംസ്ഥാനങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാഥമികതല ആരോഗ്യ കേന്ദ്രങ്ങളെ ‘ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍’ എന്ന് പേര് മാറ്റണമെന്നാണ് പുതിയ നിര്‍ദേശം. 2023 ഡിസംബര്‍ 31നകം പേരുമാറ്റം പൂര്‍ത്തിയാക്കാനാണ് കേന്ദ്രം പറയുന്നത്. ഇതൊന്നും ആരോഗ്യകരമായ നിർദേശമല്ല.

സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ സബ് സെന്‍ററുകളിലൂടെ നാമമാത്ര സേവനങ്ങള്‍ മാത്രം നല്‍കി വരുമ്പോള്‍ നമ്മള്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കി അടുത്തിടെ ഈ സബ് സെന്‍ററുകളെ ജനകീയാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി വൈകുന്നേരം വരെ
പ്രവർത്തിക്കുന്ന നിലയുണ്ടാക്കി. കാലാകാലങ്ങളായി സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്നാണ് സ്ഥലവും കെട്ടിടവും വികസനവുമൊക്കെ സാധ്യമാക്കിയത്. സബ്സെന്‍ററുകള്‍ക്ക് വെറും 4 ലക്ഷം രൂപയാണ് കേന്ദ്രം നല്‍കുന്നത്. സംസ്ഥാനങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ളതാണ് ആരോഗ്യമേഖല. എന്നിട്ടും ഈ പേര് മാറ്റാന്‍ നിര്‍ബന്ധിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.

കോബ്രാന്‍ഡിംഗ് നടത്തിയില്ല എന്ന മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് സംസ്ഥാനത്തിന് അര്‍ഹമായ കേന്ദ്ര വിഹിതം തടഞ്ഞു വയ്ക്കുകയാണിപ്പോള്‍. 2023-24 ലെ കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ കേന്ദ്രം പറഞ്ഞിരിക്കുന്ന ഫണ്ടുകള്‍ പോലും തന്നിട്ടില്ല. 2521.99 കോടി രൂപയാണ് ആര്‍.ഒ.പി. ഗ്രാന്‍റായി അംഗീകാരം നല്‍കിയിട്ടുള്ളൂവെങ്കിലും അതില്‍ 1376.70 കോടി രൂപ മാത്രമേ ഈ വര്‍ഷം ചെലവഴിക്കാന്‍ അനുമതിയുള്ളൂ. എന്‍.എച്ച്.എം. റിസോഴ്സ്, അടിസ്ഥാനസൗകര്യ വികസനം, കൈന്‍ഡ് ഗ്രാന്‍റ് എന്നീ വിഭാഗങ്ങളിലാണ് തുകയനുവദിക്കുന്നത്. ഈ തുകയില്‍ 60:40 അനുപാതത്തില്‍ കേന്ദ്രം അനുവദിക്കേണ്ടത് 826.02 കോടിയാണ്. സംസ്ഥാനം 550.68 കോടിയും. കോബ്രാന്‍ഡിംഗ് നടത്തിയില്ല എന്നതാണ് ഫണ്ടനുവദിക്കുന്നതിനു തടസമായി പറയുന്നതെങ്കില്‍ അതും വാസ്തവവിരുദ്ധമാണ്. കേന്ദ്ര നിര്‍ദേശ പ്രകാരം 6,825 സ്ഥാപനങ്ങളില്‍ 99 ശതമാനം കോ ബ്രാന്‍ഡിംഗ് പൂര്‍ത്തിയാക്കി കഴിഞ്ഞ ഒക്ടോബറില്‍ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു.

എന്‍എച്ച്എം പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കുന്ന 409.05 കോടി രൂപയില്‍ ക്യാഷ് ഗ്രാന്‍റായി 371.20 കോടി രൂപയാണ് ധനകാര്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ളത്. ഈ തുക 4 ഗഡുക്കളായാണ് (25 ശതമാനം വീതം) അനുവദിക്കുന്നത്. ഒരു ഗഡു 92.80 കോടി രൂപയാണ്. 3 ഗഡുക്കള്‍ അനുവദിക്കേണ്ട സമയം കഴിഞ്ഞു. ഒരു ഗഡു പോലും അനുവദിച്ചിട്ടില്ല. അതായത് 278.4 കോടി രൂപ കേന്ദ്രം കുടിശികയായി തരാനുണ്ട്. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ കേരളത്തിന്‍റെ സംസ്ഥാന വിഹിതമുപയോഗിച്ചാണ് എന്‍.എച്ച്.എം. പദ്ധതികള്‍ മുന്നോട്ട് പോകുന്നത്.

കേന്ദ്ര ഫണ്ട് ലഭിക്കാത്തത് മൂലം ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്‍റീവ്, സൗജന്യ പരിശോധനകള്‍, സൗജന്യ ചികിത്സകള്‍, എന്‍എച്ച്എം മുഖേന നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം, ബയോമെഡിക്കല്‍ മാനേജ്മെന്‍റ്, കനിവ് 108 ആംബുലന്‍സ് തുടങ്ങിയയെല്ലാം പ്രതിസന്ധിയിലാണ്. ഇതുകൂടാതെ ബേണ്‍സ് യൂണിറ്റുകള്‍, സ്കില്‍ സെന്‍റര്‍, ട്രോമകെയര്‍, മാനസികാരോഗ്യ പരിപാടി, മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് യൂണിറ്റ്, ഫാര്‍മസി അപ്ഗ്രഡേഷന്‍, ടെറിഷ്യറി കാന്‍സര്‍ കെയര്‍ സെന്‍റ്ര്‍, പാരമെഡിക്കല്‍ എഡ്യൂക്കേഷന്‍ എന്നീ വിഭാഗങ്ങളിലായി 30 കോടിയോളം രൂപ കുടിശിക വേറെയുമുണ്ട്. അതിനാല്‍ എത്രയും വേഗം ഫണ്ട് അനുവദിക്കാന്‍ സംസ്ഥാനം നിരന്തരം ആവശ്യപ്പെടുകയാണിപ്പോള്‍.നവകേരള സദസ്സുപോലുള്ള ഇത്തരം ബഹുജന സംവാദ പരിപാടികള്‍ അതുകൊണ്ടാണ് അനിവാര്യമാക്കുന്നത്.

ആരോഗ്യരംഗവുമായി ബന്ധപ്പെട്ട ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. ചൈനയിലെ ചില പ്രവിശ്യകളില്‍ ന്യൂമോണിയ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന തലത്തില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡും പൊതുജനാരോഗ്യ വിഭാഗവും സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും നിലവിലെ സ്ഥിതിവിശേഷങ്ങള്‍ വിലയിരുത്തുന്നുണ്ട്.
സംസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളില്‍ കഴിഞ്ഞ മൂന്ന് മാസമായി സാധാരണയില്‍ കവിഞ്ഞ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടില്ല.
ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍, സ്പെഷ്യാലിറ്റി ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ശ്വാസകോശസംബന്ധമായ രോഗങ്ങളുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

നവകേരള സദസ്സ് മലപ്പുറം ജില്ലയില്‍ മൂന്ന് ദിവസം പൂര്‍ത്തിയായപ്പോള്‍ ആകെ 53546 നിവേദനങ്ങളാണ് ലഭിച്ചത്. ഇന്നലെ മഞ്ചേരി 5683, കൊണ്ടോട്ടി 7259, മങ്കട 4122, മലപ്പുറം 4781 എന്നിങ്ങനെ നിവേദനങ്ങള്‍ ലഭിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ എറണാകുളം കലൂരിലെ വാർത്താ സമ്മേളനത്തിൽ നിന്ന്
8.12.2013

കൊച്ചി നഗരത്തിൻ്റെയും കേരളത്തിന്റെയാകെയും അഭിമാനമായ കൊച്ചി മെട്രോയുടെ വികസനം അതിവേഗം പൂർത്തിയാവുകയാണ്. എസ്.എൻ ജംഗ്ഷനിൽ നിന്നും അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറയിലേയ്ക്ക് മെട്രോ ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയകരമായി നടത്തി. സ്റ്റേഷൻ്റേയും വയഡക്റ്റിൻ്റേയും നിർമ്മാണം പൂർത്തിയായി. സിഗ്നലിംഗ്, ടെലികോം, ട്രാക്ഷൻ ജോലികളും പൂർത്തിയായിക്കഴിഞ്ഞു. ട്രയൽ റണ്ണും അധികം വൈകാതെ പൂർത്തിയാക്കും.
ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിനുള്ളത്.

നവകേരള സദസ്സിന്റെ ഭാഗമായി ഈ വാർത്താസമ്മേളനത്തിനു ശേഷം ഞങ്ങളാകെ കേരളത്തിൻ്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കൊച്ചി വാട്ടർ മെട്രോ സന്ദർശിക്കുകയാണ്. ഏഴു മാസം പിന്നിട്ട കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ഇതുവരെ ഉപയോഗിച്ചത് 12.5 ലക്ഷത്തിൽ അധികം ആളുകളാണ്. അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വാട്ടർ മെട്രോ സർവീസ് വിപുലമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ടെർമിനലുകളുടെ നിർമ്മാണം കാര്യക്ഷമമായി പുരോഗമിക്കുകയാണ്. 1136.83 കോടി രൂപ ചെലവ് കണക്കാക്കുന്ന ഈ പദ്ധതി കൊച്ചിയിലെ വിവിധ ദ്വീപ് നിവാസികളുടെ യാത്രാ ദുരിതത്തിനുള്ള പരിഹാരമാകുന്നതിനൊപ്പം വലിയ തോതിൽ ടൂറിസം സാധ്യതകളെ വളർത്തുകയും ചെയ്യുന്നു.

കൊച്ചി നഗരത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനു സർക്കാർ നടത്തുന്ന നിശ്ചയദാർഢ്യത്തോടു കൂടിയുള്ള പ്രവർത്തനങ്ങളുടെ ഫലമാണ് ഈ പദ്ധതികളുടെ വിജയം. ഈ മാറ്റം സംസ്ഥാനത്താകെ ദൃശ്യമാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഐബിഎം സോഫ്റ്റ്‌വെയറിൻ്റെ സീനിയർ വൈസ് പ്രസിഡന്റ് (പ്രോഡക്ട്സ് ) ദിനേശ് നിർമ്മൽ പറഞ്ഞത് കേരളത്തിലേയ്ക്ക് ഒരു റിവേഴ്സ് മൈഗ്രേഷൻ നടക്കുന്നു എന്നാണ്. അതായത് മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യത്തിന് പുറത്തും ഉള്ള ഐബിഎം ലെ ജീവനക്കാർ കേരളത്തിലേക്ക് തിരികെ വരാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു.

ഇതാണ് കഴിഞ്ഞ ഏഴു വർഷങ്ങൾ കൊണ്ടു നാടിനുണ്ടായ മാറ്റം. വൻകിട വികസനം സാധ്യമല്ലെന്നും വ്യവസായ സൗഹൃദമല്ലെന്നും മുദ്ര കുത്തപ്പെട്ടിരുന്ന കേരളം ആ ധാരണകളെല്ലാം തിരുത്തിക്കുറിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് റാങ്കിങ്ങിൽ 15ആം സ്ഥാനത്ത് ഇക്കാലയളവിൽ നമ്മളെത്തി.

കൊച്ചി ഇൻഫോപാർക്കിൽ ഈയടുത്ത് ഉദ്ഘാടനം ചെയ്ത ഐബിഎം സോഫ്റ്റ്‌വെയർ ലാബിൽ മാത്രം ഒരു വർഷം കൊണ്ട് 1000 ഓളം ആളുകൾക്ക് ജോലി ലഭിച്ചു. ടാറ്റ എലക്സിയുമായി കഴക്കൂട്ടം കിൻഫ്ര പാർക്കിൽ ധാരണാപത്രം ഒപ്പിട്ടു. 8 മാസം കൊണ്ട് 2.17 ലക്ഷം ചതുരശ്ര അടി ബിൽഡിംഗ് കൈമാറി. ഇവിടെ ഇപ്പോൾ ഏകദേശം 3500 എഞ്ചിനീയർമാർ ജോലി ചെയ്യുന്നു. വിപുലീകരണത്തിൻ്റെ ഭാഗമായി അവർ കിൻഫ്രയിൽ തന്നെ പുതുതായി 2 ലക്ഷം ചതുരശ്ര അടി ആവശ്യപ്പെട്ടിട്ടുണ്ട്.
ടിസിഎസിനു കാക്കനാട് കിൻഫ്രയുടെ 36 ഏക്കർ കൈമാറി. ഇവിടെ അവരുടെ ഇന്നോവേഷൻ ക്യാമ്പസിന്റെ ആദ്യഘട്ടം പൂർത്തിയയാവുമ്പോൾ 5000 എഞ്ചിനീയർമാർക്കും രണ്ടാം ഘട്ടം പൂർത്തിയാവുമ്പോൾ 10000 പേർക്കും തൊഴിൽ ലഭിക്കും.

സിമുലേഷൻ ആൻ്റ് വാലിഡേഷൻ മേഖലയിൽ ലോകത്തെ തന്നെ പ്രമുഖ കമ്പനിയായ ഡി-സ്പേസ് ടെക്നോളജീസ് കേരളത്തിൽ സെൻ്റർ ഓഫ് എക്സലൻസ് ആരംഭിച്ചു. എയ്റോസ്പേസ്/ഡിഫൻസ് മേഖലകളിൽ ആഗോള പ്രശസ്തരായ സഫ്രാൻ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു.

കളമശ്ശേരിയിൽ കിൻഫ്രയുടെ 30 ഏക്കറിൽ ഇലക്ട്രോണിക് മാനുഫാക്ചറിങ്ങ് യൂണിറ്റുകൾ അടങ്ങുന്ന നെക്സ്റ്റ് ഹൈടെക്ക് പാർക്ക് പ്രവർത്തനമാരംഭിച്ചു. പദ്ധതി പൂർണമാകുന്നതോടെ 4000 പേർക്ക് ജോലി ലഭിക്കും. ലുലു ഫുഡ് പ്രോസസ്സിംഗ് ആലപ്പുഴയിൽ അരൂരിൽ 150 കോടി രൂപയുടെ ഭക്ഷ്യ സംസ്കരണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. കളമശ്ശേരിയിൽ കിൻഫ്രയുടെ 10 ഏക്കറിൽ പൂർത്തിയാവുന്ന ഫുഡ് പ്രോസസിംഗ് യൂണിറ്റ് നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു.

ഭക്ഷ്യസംസ്കരണ മേഖലയിൽ അത്യാധുനിക മെഷിനറികളുമായി യൂറോപ്പ്, അമേരിക്കൻ മാർക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ചോയ്സ് ഗ്രൂപ്പ് കൊച്ചിയിൽ മൂല്യവർധിത ഉൽപ്പന്ന നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. 500 കോടി രൂപയുടെ വിറ്റുവരവാണ്‌ പ്രതീക്ഷിക്കുന്നത്.

2021 ഒക്ടോബറിൽ ആരംഭിച്ച് ഒന്നരവർഷക്കാലം കൊണ്ട് 11000 കോടി രൂപയുടെ നിക്ഷേപം നേടിയെടുത്ത ഫ്ലാഗ്ഷിപ്പ് പദ്ധതിയാണ് മീറ്റ് ദി ഇൻവെസ്റ്റർ. ഇതിലൂടെ ബിൽടെക്, ആസ്കോ ഗ്ലോബൽ, അറ്റാച്ചി, ട്രൈസ്റ്റാർ, വെൻഷ്വർ, സിന്തൈറ്റ്, മുരുളിയ, സ്വരബേബി, നെസ്റ്റോ, അഗാപ്പെ തുടങ്ങിയ 29 കമ്പനികൾ സംസ്ഥാനത്ത് നിക്ഷേപത്തിന് തയ്യാറായി.

ഇത്തരത്തിൽ അന്തർദ്ദേശീയ തലത്തിൽ ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ കേരളത്തിൽ നിക്ഷേപം നടത്താനും കേരളത്തെക്കുറിച്ച് അഭിമാനപൂർവ്വം സംസാരിക്കാനും തുടങ്ങിയിരിക്കുന്നു.
പൊതുമേഖല സ്ഥാപനങ്ങളെ ഇതോടൊപ്പം തന്നെ സംരക്ഷിക്കുന്നതിലും കേരളം മാതൃകയാവുകയാണ്. പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ വിറ്റുതുലക്കുമ്പോൾ അവയെ ഏറ്റെടുത്ത് ലാഭത്തിലാക്കി പൊതുസമൂഹ നന്മയ്ക്കായി നിലനിർത്തുന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടത്.

കേന്ദ്രസർക്കാരിൽ നിന്ന് ലേലത്തിൽ പങ്കെടുത്ത് ഏറ്റെടുത്തതാണ് ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻ്റ് ലിമിറ്റഡ്. ഇന്ന് ഇന്ത്യയിൽ തന്നെ പ്രധാനപ്പെട്ട 25-ൽ അധികം പത്രമാധ്യമങ്ങൾക്ക് കെപിപിഎൽ ഇപ്പോൾ കടലാസ് വിതരണം ചെയ്യുന്നു. ചന്ദ്രയാൻ-3 ൽ കേരളത്തിൽ നിന്നുള്ള 6 (കെൽട്രോൺ,കെഎംഎംൽ,സ്റ്റീൽ ആൻ്റ് ഫോർജിങ്ങ്സ് ലിമിറ്റഡ്,ടി.സി.സി, കെഎഎൽ. സിഡ്കോ) പൊതുമേഖലാ സ്ഥാപനങ്ങളും 20 ഓളം എം.എസ്.എം.ഇ സ്ഥാപനങ്ങളും പങ്കാളികളായി എന്നത് ഈ മേഖലയിൽ നമ്മൾ കൈവരിച്ച പുരോഗതിയുടെ തെളിവാണ്.

സംരഭകത്വത്തിനു രാജ്യത്തിനാകെ കേരളം മാതൃകയാവുന്ന ഘട്ടമാണിത്. ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭക വർഷം എം എസ് എം ഇ മേഖലയിലെ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി തിരഞ്ഞെടുക്കുക്കപ്പെട്ടു. വ്യവസായ വികസനത്തിന്‌ കുതിപ്പ്‌ നൽകാൻ 16 വ്യവസായ പാർക്കുകൾക്ക് അംഗീകാരം നൽകി.

കൊച്ചി - ബാംഗ്ലൂർ വ്യവസായ ഇടനാഴിക്കായി പാലക്കാട് ജില്ലയിൽ ഇന്റഗ്രേറ്റഡ് മാനുഫാക്ച്ചറിംഗ് ക്ലസ്റ്റർ ന്റെ ഭാഗമായി 1710 ഏക്കർ ഭൂമിയിൽ
85 % ഏറ്റെടുത്തുകഴിഞ്ഞു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗിഫ്റ്റ് സിറ്റിയുടെ സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുന്നു. ഇൻഫോ പാർക്കിന് സമീപം അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെൻ്ററിൻ്റെ നിർമ്മാണമാരംഭിച്ചു.

ആലപ്പുഴ മെഗാ ഫുഡ് പാർക്ക്, ഇടുക്കി തൊടുപുഴ സ്പൈസെസ് പാർക്ക്, ചേർത്തലയിൽ തുടങ്ങുന്ന മാരിടൈം ക്ലസ്റ്റർ എന്നിവയും എടുത്തു പറയേണ്ടതാണ്.

‘നാളെയുടെ പദാർത്ഥം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രഫീൻ അധിഷ്ഠിത വ്യാവസായികോൽപാദനത്തിന് തുടക്കം കുറിച്ചു. കൊച്ചിയിലെ കാർബൊറാണ്ടം യൂണിവേഴ്സൽ ആണ് ഗ്രഫീൻ ഉൽപാദനത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. ലോകത്താദ്യമായി ഗ്രാഫീൻ പോളിസി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് കേരളം. ഇലക്ട്രിക് വാഹന മേഖലയിലെ കുതിപ്പിന് അടിത്തറ പാകിക്കൊണ്ട് കെ- ഡിസ്ക് മുൻകയ്യെടുത്തു രൂപീകരിച്ച ഇ.വി ഡെവലപ്മെന്റ് ആൻഡ് മാനുഫാക്ചറിങ്ങ് കൺസോർഷ്യം ലിഥിയം ടൈറ്റനേറ്റ് ബാറ്ററി വികസിപ്പിച്ചു.

വിഴിഞ്ഞം തുറമുഖം പ്രവർത്തനക്ഷമമാകുമ്പോൾ കയറ്റുമതി വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ഇൻവെസ്റ്റ്മെന്റ് സോൺ രൂപീകരിക്കും. ഇതിനാവശ്യമായ ഭൂമി തിരുവനന്തപുരം ജില്ലയിൽ ലാൻഡ് പൂൾ രീതിയിൽ കണ്ടെത്തും.

ഇത്തരം ഇടപെടലുകളാണ് നവകേരളം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെ സർക്കാർ നടത്തുന്നത്. അത് ജനങ്ങളുടെ മനസ്സിൽ പതിയുന്നുണ്ട് എന്നതിന് തെളിവാണ് നവകേരള സദസ്സിന്റെ വമ്പിച്ച വിജയം.

നവകേരള സദസ്സ് ആരംഭിച്ച് 20 ദിവസം പൂർത്തിയാകുമ്പോൾ 76 നിയമസഭാ മണ്ഡലങ്ങൾ പിന്നിടുകയാണ്.

തൃശ്ശൂർ ജില്ലയിൽ ആകെ 54,260 നിവേദനങ്ങൾ ആണ് ലഭിച്ചത്.

എറണാകുളം ജില്ലയിൽ അങ്കമാലി, ആലുവ, പറവൂർ മണ്ഡലങ്ങളിലായിരുന്നു ഇന്നലത്തെ പര്യടനം.

അങ്കമാലി - 3123
ആലുവ - 4249
പറവൂർ - 5459
എന്നിങ്ങനെയാണ് നിവേദനങ്ങൾ ലഭിച്ചത്