ബി ജെ പി ക്കും കോൺഗ്രസിനും - ഒരേ രാഷ്ട്രീയം




ബി ജെ പി ക്കും കോൺഗ്രസിനും - ഒരേ രാഷ്ട്രീയം

ക്ഷേത്ര പരിസരത്ത് ആർഎസ്എസ് ശാഖാ പരിശീലനത്തിന് വിലക്കേർപ്പെടുത്തിയ തീരുമാനം ശക്തമായി നടപ്പിലാക്കണമെന്ന് തിരുവിതാകൂർ ദേവസ്വം ബോർഡ് സർക്കുലർ പുറത്തിറക്കി. ബോർഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിൽ ആർഎസ്എസിന്റെ ശാഖകൾ പ്രവർത്തിക്കുന്നതും ആയോധന പരിശീലന മുറകൾ ഉൾപ്പെടെ മാസ്സ്ഡ്രിൽ നടത്തുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. ഇതിൽ നടപടിയെടുക്കാൻ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർമാർ, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർമാർ, അഡ്മിനിസ്‌ടേറ്റീവ് ഓഫീസർമാർ, സബ്‌ഗ്രൂപ്പ് ഓഫീസർമാർ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാലിത് പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് കർശന നടപടി സ്വീകരിക്കാൻ നിർദേശിച്ച് പുതിയ ഉത്തരവിറക്കിയത്.

ക്ഷേത്രവുമായി ബന്ധമില്ലാത്തവരുടെ ചിത്രങ്ങൾ, ഫ്‌ളക്‌സുകൾ, കൊടി തോരണങ്ങൾ, രാഷ്‌ട്രീയ സാമുദായിക സംഘടനകളുമായി ബന്ധപ്പെട്ട് ചിഹ്നങ്ങൾ എന്നിവ അടിയന്തിരമായി നീക്കണം. തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനകളുടെ ശാഖ പ്രവർത്തനം, ആയുധ പരിശീലനം, ആയോധന മുറകളുടെ അഭ്യാസം, മാസ്‌ഡ്രിൽ എന്നിവ പരിശോധിക്കാൻ രാത്രിയിൽ‌ ഉൾപ്പെടെ മിന്നൽ പരിശോധന നടത്തണം. ബോർഡിന്റെ അനുമതിയില്ലാതെ അനധികൃതമായി ക്ഷേത്ര വസ്‌തുവിൽ കയറി ആർഎസ്എസും തീവ്രാശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘങ്ങൾ ഉൾപ്പെടെയുള്ള കൂട്ടായ്മകളും പ്രവർത്തിക്കുന്നത് നിരോധിച്ചു. നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ നോട്ടീസ് നൽകുന്നതടക്കം നിയമനടപടികൾ സ്വീകരിക്കും. ആവശ്യമെങ്കിൽ പൊലീസിന്റെയും ജില്ലാഭരണകൂടത്തിന്റേയും സേവനം ലഭ്യമാക്കണമെന്നും സർക്കുലറിലൂടെ അറിയിച്ചു.

ക്ഷേത്ര ഉപദേശകസമിതികളെ കൂടാതെ ഒരു സമിതിയും ക്ഷേത്രത്തിൽ പ്രവർത്തിക്കുന്നത് അനുവദിക്കില്ല. ക്ഷേത്രോത്സവങ്ങൾ, ചടങ്ങുകൾ എന്നിവയുടെ നോട്ടീസ്, ലഘുലേഖ എന്നിവയിൽ വ്യക്തികളുടെ ചിത്രങ്ങളോ ചിഹ്നങ്ങളോ ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്. ദേവസ്വങ്ങളിലെ അംഗീകൃത ഉപദേശകസമിതിയിലെ അംഗങ്ങൾ അടക്കമുള്ളവർ ദേവസ്വം ബോർഡിന് എതിരായി ക്ഷേത്രത്തിനകത്തും ക്ഷേത്ര വസ്‌തുവിലും മൈക്ക് സ്ഥാപിച്ച് ‘നാമജപഘോഷം’ എന്ന പേരിൽ പ്രതിഷേധ യോഗം ചേരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തികൾ ക്ഷേത്രത്തിന്റെ സമാധാന അന്തരീക്ഷത്തിന് വിരുദ്ധമാണ്. ‘നാമജപഘോഷം’ എന്ന പേരിലോ മറ്റേതെങ്കിലും പേരിലോ പ്രതിഷേധ യോഗങ്ങൾ ക്ഷേത്ര വസ്‌തുവിൽ‌ ചേരുന്നത് നിരോധിച്ചു. ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്ന പക്ഷം ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ അറിയിച്ചു.