കേരളം അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി-മാതൃകാപരം

കേരളം അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയിൽ കൈവരിച്ച മാതൃകാപരമായ പുരോഗതിയെക്കുറിച്ച്‌ വിശദമായ വാർത്തകളാണ്‌ ദേശീയ ദിനപത്രങ്ങൾ ഇന്ന് പ്രസിദ്ധീകരിച്ചത്‌. ദി ഹിന്ദു, ടൈംസ്‌ ഓഫ്‌ ഇന്ത്യ, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്‌ ദിനപത്രങ്ങളുടെ വാർത്തകൾ ഇതോടൊപ്പം ചേർക്കുന്നു

അതിദാരിദ്യം ഒന്നാംഘട്ടം പൂർത്തീകരണം

രാജ്യത്ത് തന്നെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണ് കേരളം.നീതി ആയോഗിന്റെ 2021 ലെ മൾട്ടി ഡയമൻഷനൽ പോവർട്ടി ഇൻഡക്‌സ് പ്രകാരം 0.7 ശതമാനം മാത്രം ദരിദ്യ്രമുള്ള നാട് .ദാരിദ്ര്യത്തിന്റെ തോത് ചെറുതാണെങ്കിലും അവ പരിഹരിച്ച് വികസന ക്ഷേമ പ്രവർത്തനങ്ങൾ എല്ലാവരിലേയ്ക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നമ്മുടെ സർക്കാർ 2021 മേയിൽ അതി ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ബൃഹദ് പദ്ധതിക്ക് തുടക്കമിട്ടത്. അതേവരെ മറ്റൊരു സംസ്ഥാനത്തുമില്ലാത്തൊരു പദ്ധതി. അതായിരുന്നു കേരളം തുടക്കമിട്ട അതിദാരിദ്രനിർമ്മാർജ്ജന യജഞം .

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലെ പ്രഥമ തീരുമാനമായിരുന്നു അതിദാരിദ്ര നിർമ്മാർജന യജഞം എന്ന പദ്ധതി. ആശ്രയ, അഗതി രഹിത കേരളം, വിശപ്പുരഹിത കേരളം തുടങ്ങി അതി ദാരിദ്ര്യം ഇല്ലാതാക്കാന്‍ കേരളം നേരത്തെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായുള്ള പദ്ധതി . അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതി ദരിദ്രരെ കണ്ടെത്തി, അതിജീവന പദ്ധതികള്‍ നടപ്പിലാക്കി, അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുക എന്നതായിരുന്നു പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. അതിന്റെ ഭാഗമായി ഗ്രാമസഭകളിൽ തുടങ്ങി ജനകീയ പങ്കാളിത്ത ത്തോടെയും തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെയും നിരവധി പരിപാടികൾക്കാണ് കേരളം തുടക്കം കുറിച്ചത്.

:നമ്മുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാർപ്പിടം, ആരോഗ്യം, അതിജീവനത്തിനുള്ള വരുമാനം തുടങ്ങിയ ഘടകങ്ങളിലൂന്നിയുള്ള മാനദണ്ഡങ്ങളിലൂടെയാണ് അതിദരിദ്ര കുടുംബങ്ങളെ സർക്കാർ തിട്ടപ്പെടുത്തിയത് . വയോധികർ, ഒരു വരുമാനവും ഇല്ലാത്തവർ, ഗുരുതരമായ രോഗങ്ങൾ പിടിപെട്ടതും കിടപ്പുരോഗികളുള്ളതുമായ കുടുംബങ്ങൾ, അനാഥരായ കുട്ടികളെ നോക്കുന്നവർ , ഭിന്നശേഷിക്കാരായതും പ്രത്യേക വരുമാനമില്ലാത്തവരുമായ കുടുംബങ്ങൾ, കേരളത്തിൽ സ്ഥിരതാമസമാക്കിയ വരുമാനമില്ലാത്ത അതിഥി തൊഴിലാളി കുടുംബങ്ങൾ തുടങ്ങിയവരെയെല്ലാം നമ്മുടെ സർക്കാർ ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമാക്കി . പട്ടികജാതി-പട്ടിക വർഗക്കാർ , മത്സ്യ തൊഴിലാളികൾ ,നഗര പ്രദേശങ്ങളിലെ ദരിദ്രർ എന്നിവർക്ക് പ്രത്യേക പരിഗണനയും നൽകി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ 77555 അടിയന്തിര പദ്ധതികള്‍ നടപ്പിലാക്കാൻ ആസൂത്രണം ചെയ്ത കേരളം അതിദാരിദ്യം പരിഹരിക്കാൻ 36269 ഹൃസ്വകാല പദ്ധതികളും 153624 ദീര്‍ഘകാല പദ്ധതികളും അവിഷ്കരിച്ചു. 64006 അതിദരിദ്ര കുടുംബങ്ങൾക്ക് ജീവിതത്തിലേക്ക് കരകയറാൻ രാജ്യത്താദ്യമായി രുപീകരിച്ച ഈ അതിസൂഷ്മപദ്ധതിയുടെ ഭാഗമായി അർഹതപ്പെട്ട ഓരോ കുടുംബത്തിനും ഭക്ഷണവും ചികിത്സയും അവകാശ രേഖകളും ഉറപ്പാക്കി.

ഭൂരഹിത ഭവനരഹിതരായ 11,340 കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയിലൂടെ വീടുകൾ നൽകാൻ നടപടി സ്വീകരിച്ച സർക്കാർ അതിദരിദ്ര കുടുംബങ്ങൾക്ക് റേഷനും ആരോഗ്യപരിരക്ഷയും വാതില്‍പ്പടിയിൽ എത്തിച്ചു . സർക്കാർ തൊഴിൽ ശേഷിയുള്ളവർക്ക്‌ ലേബർകാർഡും വനിതകൾക്ക് കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ അംഗത്വവും നൽകി. അടിസ്ഥാന രേഖകളും തൊഴിൽ ചെയ്യാൻ അവസരവും മരുന്നും ആഹാരവും വീടുമെല്ലാം ലഭിച്ചതോടെ അതിദരിദ്രരെന്ന് കരുതി സമൂഹം അവഗണിച്ചിരുന്ന കുടുംബങ്ങൾക്ക് പുതു ജീവിതം സാധ്യമായിരിക്കുകയാണ്.

30658 കുടുംബങ്ങളെ ഒന്നാം ഘട്ടത്തിൽ നമ്മുടെ സർക്കാർ അതി ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിച്ചുകഴിഞ്ഞു. എല്ലാവർക്കും ഭക്ഷണം, പാർപ്പിടം, ആരോഗ്യസുരക്ഷ, വരുമാനം എന്നിവ ഉറപ്പാക്കാനുള്ള പദ്ധതിയിൽ ഇതിനകം 47.89 ശതമാനം നേട്ടം കൈവരിച്ച കേരളം 2025 ലെ കേരളപ്പിറവി ദിനത്തിൽ സംപൂർണ്ണ ദാരിദ്യ്ര നിർമ്മാർജ്ജനം സാദ്ധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.അങ്ങനെ ഭക്ഷണം ,വാസസ്ഥലം ,വരുമാനം ,ആരോഗ്യസ്ഥിതി എന്നിവയെ അടിസ്ഥാനമാക്കി അതിദരിദ്രരെന്നു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കണ്ടെത്തിയ 64006 കുടുംബങ്ങൾക്കു കേരളം പുതുജീവിതം ഉറപ്പാക്കുകയാണ് .അതിലൂടെ നാം നിറവേറ്റുന്നത് വെറും സ്വപ്‍നമല്ല ,അതിദരിദ്രരില്ലാത്ത കേരളം’ എന്ന ജനാധിപത്യത്തിന്റെ എക്കാലത്തെയും സ്വപ്നമാണ്.