കേന്ദ്രം കേരളത്തെ വീർപ്പുമുട്ടിക്കുന്നു




സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങളുമായാണ്‌ രണ്ടാം പിണറായി സർക്കാർ മുന്നോട്ടുപോകുന്നത്‌. ഓണക്കാലത്തുമാത്രം 18,000 കോടി രൂപയാണ്‌ ഖജനാവിൽനിന്ന്‌ ജനങ്ങളിലേക്ക്‌ എത്തിയത്‌. തുടർന്നും അവശ്യച്ചെലവുകളെല്ലാം നിറവേറ്റുന്നു. ട്രഷറി പ്രവർത്തനം സ്‌തംഭിച്ചിട്ടില്ല. ബില്ലുകൾ മുൻഗണനാ ക്രമത്തിൽ മാറിനൽകുന്നു. രണ്ടുമാസത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക്‌ 2223 കോടി രൂപ നൽകി. റബർ കർഷക സബ്‌സിഡി, നാളികേര സംഭരണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കെല്ലാം സാമ്പത്തിക സഹായം ഉറപ്പാക്കുന്നു. നെല്ല്‌ സംഭരണത്തിനായി 700 കോടിയിൽപ്പരം രൂപയാണ്‌ സപ്ലൈകോയ്‌ക്ക്‌ ലഭ്യമാക്കിയത്‌. കൃത്യമായ സംഭരണത്തിന്‌ ക്രമീകരണങ്ങളുമായി. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലടക്കം അനാവശ്യമായി കേന്ദ്രം പിടിച്ചുവയ്‌ക്കുന്ന തുകകളും സംസ്ഥാനം മുൻകൂറായി നൽകുകയാണ്‌. ദേശീയ ആരോഗ്യമിഷന്‌ അമ്പതു കോടി നൽകി. കാരുണ്യ ബെനവലന്റ്‌ സ്‌കീമിന്‌ 60 കോടി അനുവദിച്ചു.

ചെറുതും വലുതുമായ പല പദ്ധതികൾക്കും കഴിഞ്ഞ മാസങ്ങളിൽ ധനാനുമതി നൽകി. കെഎസ്‌ആർടിസിക്ക്‌ ഈ ആഴ്‌ചയിൽ അനുവദിച്ചത്‌ 100 കോടിയാണ്‌. രണ്ടരവർഷത്തിൽ ആകെ സഹായം 4833 കോടിയായി. ക്ഷേമ പെൻഷനായി ഈ സർക്കാർ ഇതുവരെ വകയിരുത്തിയത്‌ 23,350 കോടി രൂപയാണ്‌. ഒരു മാസത്തെ ക്ഷേമ പെൻഷനായി 900 കോടിയും ഈ മാസം നീക്കിവച്ചു. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ അഞ്ചുവർഷത്തിൽ നൽകിയത്‌ 9011 കോടി രൂപ. ഒന്നാം പിണറായി സർക്കാർ അഞ്ചുവർഷത്തിൽ 35,145 കോടിയും നൽകി. പരമ്പരാഗത മേഖലയിലെ ഇൻകം സപ്പോർട്ട്‌ സ്‌കീമിന്‌ 183 കോടിയും ഖാദിക്ക്‌ 181 കോടിയും കയറിന്‌ 343 കോടിയും കശുവണ്ടിക്ക്‌ 190 കോടിയും കരകൗശലത്തിന്‌ പത്തുകോടിയും നൽകി. സ്‌കൂൾ പാചകത്തൊഴിലാളികൾക്ക്‌ വേതനം നൽകി.

വല്ലാത്ത ഞെരുക്കമുണ്ട്‌

സംസ്ഥാനത്ത്‌ ചെലവുകൾ വെട്ടിച്ചുരുക്കുകയല്ല, വർധിപ്പിക്കുകയാണ്‌. 2020–- 21ൽ റവന്യുച്ചെലവ്‌ 1,19,930 കോടിയായിരുന്നു. 2021–-22ൽ 1,41,950 കോടിയായി. കഴിഞ്ഞവർഷം ഇത്‌ 1,43,129 കോടിയാണ്‌. ശമ്പളപരിഷ്‌കരണം അടക്കം നടപ്പാക്കിയത്‌ സർക്കാർ ചെലവ്‌ ഉയർത്തുകയാണ്‌. ഇത്തരത്തിൽ ചെലവ്‌ ഉയരുന്നതിനിടയിൽ അവശ്യകാര്യങ്ങൾ നിർവഹിക്കാൻ പ്രയാസം നേരിടുന്നുവെന്നതാണ്‌ യാഥാർഥ്യം. കേന്ദ്ര സർക്കാർ അർഹതപ്പെട്ട പണം തരുന്നില്ല. കേന്ദ്രത്തിന്റെ അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ്‌ നേരിടേണ്ടിവരുന്നത്‌. ജിഎസ്‌ടിയിൽ സംസ്ഥാനങ്ങൾക്ക് വലിയ നികുതി അധികാരങ്ങളില്ല. പെട്രോൾ, ഡീസൽ, മദ്യം എന്നിവയിൽ മാത്രമായി ചുരുങ്ങി. ജിഎസ്‌ടി നിരക്കിൽ തട്ടുകൾ നിശ്ചയിച്ചതും റവന്യു നൂട്രൽ നിരക്ക്‌ കുറച്ചതും വരുമാനത്തിന്‌ തിരിച്ചടിയായി.

ഈ വർഷം കേന്ദ്രത്തിൽനിന്ന്‌ ലഭിക്കുന്ന തുകകളിലും വായ്‌പാനുവാദത്തിലും 57,400 കോടി രൂപ കുറയും. വായ്‌പാനുമതിയിൽ 19,000 കോടി നിഷേധിച്ചു. റവന്യു കമ്മി ഗ്രാന്റിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച്‌ 8400 കോടി കുറഞ്ഞു. ജിഎസ്‌ടി നഷ്ടപരിഹാരം 12,000 കോടിയോളം ഇല്ലാതായി. നികുതി വിഹിതം 3.58 ശതമാനത്തിൽനിന്ന്‌ 1.925 ശതമാനമായി കുറച്ചതിലൂടെ 18,000 കോടിയാണ്‌ വരുമാനനഷ്ടം. കേന്ദ്ര സർക്കാരിന്‌ നികുതിയായി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗമാണ്‌ നികുതി വിഹിതമായി സംസ്ഥാനങ്ങൾക്ക്‌ നൽകുന്നത്‌. പതിനഞ്ചാം ധന കമീഷൻ തീർപ്പനുസരിച്ച്‌ നിലവിൽ കേന്ദ്രത്തിന്‌ ലഭിക്കുന്ന തുകയുടെ 41 ശതമാനമേ സംസ്ഥാനങ്ങൾക്ക്‌ വിഭജിക്കുന്നുള്ളൂ. ഇതിന്റെ 1.925 ശതമാനമാണ്‌ കേരളത്തിന്‌ അനുവദിക്കുന്നത്‌. കേരളത്തിനകത്തുനിന്ന്‌ കേന്ദ്ര സർക്കാർ പിരിച്ചെടുക്കുന്ന തുകയിൽനിന്ന്‌ ഭരണഘടനാപ്രകാരം അർഹതപ്പെട്ട തുകയാണിത്‌. തൊഴിലുറപ്പ്‌ പദ്ധതി ഉൾപ്പെടെ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളിലടക്കം ഗ്രാന്റുകൾ വെട്ടിക്കുറയ്‌ക്കുകയോ കുടിശ്ശിക വരുത്തുകയോ ചെയ്‌തിട്ടുമുണ്ട്‌.

ദേശീയപാത വികസനത്തിന്‌ ഭൂമിയുടെ 25 ശതമാനം തുക സംസ്ഥാനം വഹിക്കണമെന്ന്‌ കേരളത്തോടുമാത്രം കേന്ദ്രം നിർബന്ധം പിടിച്ചു. കിഫ്‌ബി വഴി സമാഹരിച്ച 5580 കോടി രൂപയാണ്‌ കേന്ദ്രത്തിന്‌ കൈമാറിയത്‌. ഈ തുകയും സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ അവകാശത്തിൽനിന്ന്‌ വെട്ടിക്കുറച്ചു.കിഫ്‌ബിയും ക്ഷേമ പെൻഷൻ കമ്പനിയും സമാഹരിക്കുന്ന തുകയും 2017 മുതൽ ട്രഷറി സേവിങ്‌സ്‌, പിഎഫ്‌ നിക്ഷേപം എന്നിങ്ങനെ പൊതുകണക്കിൽ വന്ന തുകയും നമ്മുടെ പൊതുകടമായി കണക്കാക്കുകയാണ്‌ കേന്ദ്രം. ഇത്തരം വായ്‌പകൾ സംസ്ഥാനത്തിന്റെ കടത്തിന്റെ ഭാഗമാക്കുമെന്ന്‌ ഇപ്പോൾ തീരുമാനിച്ചശേഷം, മുൻകാല പ്രാബല്യം നൽകി ഈവർഷത്തെ കടമെടുപ്പ്‌ അവകാശത്തിൽനിന്ന്‌ കുറയ്‌ക്കുന്നത്‌ വിചിത്രമാണ്‌. മറ്റൊരു സംസ്ഥാനത്തിനും ഇത്തരം വിവേചനങ്ങൾ നേരിടേണ്ടിവരുന്നില്ല. സമാന സ്വഭാവത്തിലുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ എടുത്ത 12 ലക്ഷത്തിലേറെ കോടിയുടെ കടം കേന്ദ്രത്തിന്റെ കടക്കണക്കിൽ ഉൾപ്പെടുത്തുന്നുമില്ല.

കടക്കെണി വാദം നിരർഥകം

ഇക്കാര്യങ്ങൾ തുറന്നുപറയുമ്പോൾ കേരളം വലിയ കടക്കെണിയിലെന്ന വാദം ഉയർത്താനാണ്‌ ചിലർ ശ്രമിക്കുന്നത്‌. കഴിഞ്ഞ സാമ്പത്തികവർഷം കേന്ദ്രം കടമെടുത്തത്‌ ജിഡിപിയുടെ 6.8 ശതമാനം. സംസ്ഥാനത്തിന്‌ അനുവദിച്ചത്‌ 2.5 ശതമാനവും. കഴിഞ്ഞവർഷം കേരളത്തിന്റെ റവന്യു കമ്മി 0.9 ശതമാനത്തിലെത്തി. ഒരു ശതമാനത്തിൽ താഴെ റവന്യു കമ്മി എത്തിക്കാനായത്‌ ചരിത്ര നേട്ടമാണ്‌. ഇതെല്ലാം ധന കമീഷൻ നിശ്ചയിച്ച സമയക്രമം അനുസരിച്ചുള്ള കേരളത്തിന്റെ ധനദൃഢീകരണ പ്രവർത്തനങ്ങളുടെ വിജയമാണ്‌ സൂചിപ്പിക്കുന്നത്‌.

കടമെടുക്കുക എന്നത്‌ തെറ്റായ കാര്യമല്ല. വികസിത രാജ്യങ്ങൾക്കുൾപ്പെടെ ആഭ്യന്തര വരുമാനത്തിന്റെ നല്ലൊരു പങ്ക്‌ കടമാണ്‌. ജിഡിപിയുടെ 58 ശതമാനത്തോളം കടമുള്ള രാജ്യമാണ്‌ ഇന്ത്യ. കഴിഞ്ഞ മാർച്ചുവരെ കേന്ദ്ര സർക്കാരിന്റെ ആകെ കടം 157 ലക്ഷം കോടിയാണ്‌. 2020– -21ൽ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദന (ജിഡിപി)ത്തിന്റെ 90 ശതമാനമാണ്‌ സർക്കാരുകളുടെ കടമെന്ന്‌ റിസർവ്‌ ബാങ്ക്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഇതിൽ 65 ശതമാനം കേന്ദ്ര സർക്കാർ കടമാണ്‌. കേന്ദ്ര സർക്കാർ പുറത്തുവിട്ട അവസാന കണക്കനുസരിച്ച്‌ തമിഴ്‌നാടിന്റെ കടം 7.54 ലക്ഷം കോടിയാണ്‌. ഉത്തർപ്രദേശിന്റേത്‌ 7.10 ലക്ഷം കോടിയും. മഹാരാഷ്‌ട്രയുടെ കടം 6.80 ലക്ഷം കോടിയും പശ്ചിമ ബംഗാളിന്റേത്‌ 6.08 കോടിയും. രാജസ്ഥാൻ, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങൾക്കെല്ലാം അഞ്ചുലക്ഷം കോടിക്കു മുകളിലാണ്‌ കടം.

ഫെഡറൽ ധനവ്യവസ്ഥയിൽ കേന്ദ്രം വരുത്തിയ മാറ്റങ്ങൾ കേരളത്തെ വലിയതോതിലാണ്‌ ബുദ്ധിമുട്ടിക്കുന്നത്‌. പതിനഞ്ചാം ധന കമീഷൻ റിപ്പോർട്ട്‌ അനുസരിച്ച്‌ രാജ്യത്തെ ചെലവിന്റെ 62.4 ശതമാനം സംസ്ഥാനങ്ങളാണ്‌ നിർവഹിക്കുന്നത്‌. കേന്ദ്രത്തിന്റെ ബാധ്യത 37.6 ശതമാനംമാത്രം. എന്നാൽ, രാജ്യത്തെ വരുമാനത്തിന്റെ 62.2 ശതമാനവും കേന്ദ്രം കൈയാളുന്നു. സംസ്ഥാനങ്ങൾക്ക്‌ 37.8 ശതമാനംമാത്രം.

സംസ്ഥാന റവന്യു വരുമാനത്തിലെ കേന്ദ്ര വിഹിതം 2020-21ൽ 44 ശതമാനമായിരുന്നു. കഴിഞ്ഞവർഷം 29 ശതമാനമായി. ഈവർഷം സെപ്‌തംബർവരെ അക്കൗണ്ടന്റ്‌ ജനറലിന്റെ കണക്കിൽ, മൊത്തം ചെലവിന്റെ 18 ശതമാനം മാത്രമാണ്‌ കേന്ദ്ര വിഹിതം. ആകെ റവന്യു വരുമാനമായ 45,540 കോടി രൂപയിൽ 38,509 കോടിയും സംസ്ഥാനത്തിന്റെ തനതു സമാഹരണമാണ്. കേന്ദ്ര നികുതി വിഹിതമായി 5588 കോടിയും ഗ്രാന്റായി 44.41 കോടി രൂപയുമാണ് ലഭിച്ചത്‌.

ചെലവുചുരുക്കൽ നയമല്ല

ശമ്പളം, സർവീസ്‌ പെൻഷൻ ഉൾപ്പെടെ പ്രതിമാസ സർക്കാർ ബാധ്യത വലുതാണ്‌. വായ്‌പാ തിരിച്ചടവ്‌ അടക്കം അവശ്യം ചെലവുകളുണ്ട്‌. ക്ഷേമ പെൻഷൻ ഉൾപ്പെടെ ക്ഷേമ, വികസന ചെലവുകൾ ഇതിനുപുറമെയാണ്‌. കേന്ദ്ര വിഹിതങ്ങൾ നിഷേധിക്കുന്നത്‌ മറ്റ്‌ പ്രവർത്തനങ്ങളെ ബാധിക്കും. എന്നാൽ, ചെലവു ചുരുക്കലല്ല സംസ്ഥാന നയം. സൗജന്യങ്ങൾ പാടില്ലെന്ന കേന്ദ്രനിലപാട്‌ അംഗീകരിക്കുന്നില്ല. ക്ഷേമത്തിനൊപ്പം വികസനമെന്നതാണ്‌ നമ്മുടെ നിലപാട്‌. തനതു വരുമാനം ഉയർത്തിയും അതീവ ശ്രദ്ധയാർന്ന ധന മാനേജ്‌മെന്റുവഴിയും പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമങ്ങളിലാണ്‌. നികുതി പിരിവ്‌ ഊർജപ്പെടുത്തിയും അധികച്ചെലവുകൾ നിയന്ത്രിച്ചും സാമ്പത്തിക ദൃഡീകരണ പാതയിലാണ്‌ സംസ്ഥാനം.

കഴിഞ്ഞവർഷം മുൻവർഷത്തെ അപേക്ഷിച്ച്‌ ജിഎസ്‌ടി വരുമാനം 23,000 കോടി വർധിപ്പിക്കാനായി. 2021– 22ൽ തനത്‌ നികുതി വരുമാന വർധന 22.41 ശതമാനമായിരുന്നു. കഴിഞ്ഞവർഷം 23.36 ശതമാനമായി വീണ്ടും ഉയർത്തി. ഈ വർഷവും തനതു വരുമാന നിശ്ചയങ്ങൾ ലക്ഷ്യത്തിൽ എത്തുമെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌.

രാജ്യം ശ്രദ്ധിക്കുന്ന നിലയിലേക്ക്‌ ജിഎസ്‌ടി വകുപ്പിന്റെ പുനഃസംഘടനയിലൂടെ നികുതി ഭരണത്തിന്റെ കാര്യക്ഷമതയും ഉയർത്താനായി. കഴിഞ്ഞവർഷങ്ങളിൽ തനതു വരുമാന സ്രോതസ്സുകൾ വഴിയാണ്‌ ചെലവുകളുടെ മുഖ്യപങ്കും നിർവഹിച്ചത്‌. ഈവർഷവും ചെലവിന്റെ 80 ശതമാനവും വഹിക്കേണ്ടിവരുന്ന സ്ഥിതിയാണ്‌. അതേസമയം, ചില സംസ്ഥാനങ്ങൾക്ക്‌ 72 ശതമാനംവരെ കേന്ദ്ര വിഹിതം കിട്ടുന്നുമുണ്ട്‌.

ഈ ധനപരമായ യാഥാർഥ്യങ്ങളെ കാണാതെ നമുക്ക്‌ മുന്നോട്ടുപോകാനാകില്ല. ലഭിക്കേണ്ട നികുതി വിഹിതം വെട്ടിക്കുറയ്‌ക്കുകയും കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ വലിയ വെട്ടിക്കുറവ്‌ വരുത്തുകയും ചെയ്യുന്നു. വിഴിഞ്ഞം ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സർക്കാർ ഗ്യാരന്റി നൽകി വായ്‌പയെടുത്ത്‌ പൂർത്തീകരിക്കാനും അനുവദിക്കുന്നില്ല. 2017 മുതൽ പൊതുകണക്കിന്റെയും ബജറ്റിനുപുറത്തുള്ള കടത്തിന്റെയുമൊക്കെ പേരുപറഞ്ഞ്‌ 1.07 ലക്ഷം കോടിയുടെ കടമെടുപ്പ്‌ അവകാശമാണ്‌ നിഷേധിച്ചത്‌. ഇത്‌ സംസ്ഥാനത്തിന്റെ ഉത്തമ താൽപ്പര്യങ്ങൾക്ക്‌ എതിരാണ്‌. നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ കേരളീയർ എന്ന നിലയിൽ ഒന്നിച്ചുനിൽക്കാനാകണം.

സ. കെ എൻ ബാലഗോപാൽ

ധനകാര്യ വകുപ്പ് മന്ത്രി
കേരളം സാമ്പത്തികമായി അനുഭവിക്കുന്ന പ്രയാസങ്ങൾ കേന്ദ്ര നയങ്ങൾ കാരണമാണ്. കേന്ദ്രസർക്കാർ കേരളത്തോട് അവ​ഗണന വച്ചുപുലർത്തുകയാണ്. അർ​ഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കാതെ സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുകയാണ്.

സാമ്പത്തിക മേഖലയിൽ കേരളം ഒട്ടനവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇനിയും ഒരുപാട് വികസനപ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടത്തേണ്ടതുണ്ട്. അതിനായി സാമ്പത്തികം ആവശ്യമുണ്ട്. ഇതിനായി ​ഗവൺമെന്റ് പരമാവധി വിഭവ ശേഖരണം നടത്തുന്നുണ്ട്. ഈ വർഷം 71,000 കോടി രൂപ പഴയ കുടിശികകൾ പിരിച്ചെടുക്കാൻ സാധിച്ചു. കഴിഞ്ഞ വർഷം ഇത് 48,000 കോടി രൂപ ആയിരുന്നു.

സാമ്പത്തികമായി സ്ഥിരത കൈവരിക്കാൻ കേരളം ശ്രമങ്ങൾ നടത്തുമ്പോൾ കേന്ദ്ര ​ഗവൺമെന്റ് അങ്ങേയറ്റം അവഗണനയാണ് കാണിക്കുന്നത്. അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും സംസ്ഥാനത്തിന് നൽകുന്നില്ല. സംസ്ഥാനത്തിന് വിഹിതമായി ലഭിക്കേണ്ട 58,000 കോടിയുടെ സഹായം ഇതുവരെ ലഭ്യമാക്കിയിട്ടില്ല. എന്നാൽ ഇതിനെതിരായി ഒരു ശബ്ദവും യുഡിഎഫ് ഉയർത്തുന്നില്ല എന്നതാണ് വസ്തുത. കേരളത്തിൽ നിന്നുള്ള 18 യുഡിഎഫ് എംപിമാരിൽ ആരും തന്നെ കേന്ദ്രനയങ്ങൾക്കെതിരെ പ്രതികരിക്കുകയോ കേരളത്തിന്റെ താൽപര്യങ്ങൾക്ക് വേണ്ടി നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ല.

ഇതു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ചുചേർത്ത യോ​ഗത്തിൽ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർഥിച്ചുവെങ്കിലും മുഖം തിരിഞ്ഞ് നിൽക്കുന്ന നിലപാടാണ് യുഡിഎഫ് എംപിമാർക്ക്. ആവശ്യങ്ങളടങ്ങിയ നിവേദനത്തിൽ ഒപ്പുവയ്ക്കാൻ പോലും യുഡിഎഫ് എംപിമാർ തയാറായില്ല.

കേന്ദ്ര ​ഗവൺമെന്റിന്റെ അവ​ഗണനയ്ക്കും വികസനങ്ങളെ എതിർക്കുന്ന നിലപാടിനുമെതിരെ പ്രതികരിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. കേരള വിരോധ സമീപനത്തിനെതിരെ ശബ്ദം ഉയരേണ്ടതുണ്ട്. ഇതിനായി എൽഡിഎഫ് സംസ്ഥാനത്തുടനീളം വിപുലമായ കൺവെൻഷനുകൾ സംഘടിപ്പിക്കും. ജില്ല, സംസ്ഥാന അടിസ്ഥാനത്തിൽ പ്രത്യേക യോഗങ്ങൾ ചേരും. നവംബർ 18 മുതൽ ഡിസംബർ 24 വരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മണ്ഡലങ്ങളിൽ നടക്കുന്ന കൂട്ടായ്മയ്ക്കൊപ്പം തന്നെ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. താൽപര്യമുള്ള എല്ലാവരെയും ഇതിന്റെ ഭാഗമാക്കും.

റെയിൽവേയുടെ കാര്യത്തിലും കടുത്ത അവ​ഗണനയാണ് സംസ്ഥാനം നേരിടുന്നത്. റെയിൽവേ പദ്ധതി വിഹിതമായി ലഭിക്കേണ്ട തുകയിൽ കഴിഞ്ഞ വർഷത്തേക്കാൾ 1050 കോടി രൂപയാണ് കുറവ് വന്നത്. വാഗ്ദാനം ചെയ്ത പല പദ്ധതികളും നടപ്പാക്കുന്നില്ല. 2 വന്ദേഭാരത് ട്രെയിൻ അനുവദിച്ചെങ്കിലും അത് കാരണവും യാത്രക്കാർക്ക് ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. പല ട്രെയിനുകളിലും കോച്ചുകൾ കുറവാണ്. പഴകിയ കോച്ചുകളുള്ള ട്രെയിനുകളാണ് ഇപ്പോൾ ഉള്ളത് കൂടുതലും. കൂടുതൽ ട്രെയിനുകൾ സംസ്ഥാനത്തിനായി അനുവദിക്കണം. റബർ മേഖലയും കേന്ദ്ര നയങ്ങൾ കൊണ്ട് പ്രതിസന്ധി നേരിടുകയാണ്. ന്യായമായ വില കർഷകർക്ക് ലഭിക്കുന്നില്ല.

ഇത്തരം ജനവിരുദ്ധമായ നയങ്ങളോടുള്ള പ്രതിഷേധമായും സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചും മുഖ്യമന്ത്രിയടക്കമുള്ള എല്ലാ മന്ത്രിമാരും മുഴുവൻ എംഎൽഎമാരും ഇടത് എംപിമാരും ഡൽഹിയിൽ സമരം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ജനുവരിയിൽ പ്രതിഷേധം സംഘടിപ്പിക്കും. സാമ്പത്തിക പ്രശ്നങ്ങളും അവ​ഗണനയുമെല്ലാം സമരത്തിൽ ഉന്നയിക്കപ്പെടും. ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ഇതിനെക്കുറിച്ച് ചർച്ച നടത്തും.

സ. ഇ പി ജയരാജൻ

എൽഡിഎഫ് കൺവീനർ