ആലുവയിൽ ബാലികയുടെ കുടുംബത്തിന് നൽകിയ ധനസഹായം തട്ടിയെടുത്ത് കോൺഗ്രസ്സുകാർആലുവയിൽ ക്രൂരമായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെയും പറ്റിക്കാൻ മാത്രം അധപതിച്ചവർ നാടിനാകെ അപമാനമാണ്. എങ്ങനെയാണ് കോൺഗ്രസിനെ പോലൊരു രാഷ്ട്രീയ പാർടിയിൽ പ്രധാനപ്പെട്ടൊരു ചുമതല വഹിക്കുന്നൊരാൾക്ക് എങ്ങനെയാണിതുപോലൊരു കുറ്റം ചെയ്യാൻ സാധിക്കുന്നത് എന്ന് ചിന്തിക്കേണ്ട കാര്യമാണ്. മകളെ നഷ്ടപ്പെട്ട് മോശം മാനസികാവസ്ഥയിലുള്ള മാതാപിതാക്കൾക്ക് സർക്കാർ നൽകിയ സാമ്പത്തിക സഹായത്തിൽ നിന്നാണ് ഈ തുക തട്ടിയിരിക്കുന്നത് എന്നത് കുറ്റവാളികൾക്ക് മനസാക്ഷിയുടെ ചെറുകണിക പോലുമില്ലെന്നതിന് തെളിവാണ്


WhatsApp Image 2023-11-16 at 10.08.05 AM (1)
WhatsApp Image 2023-11-16 at 10.08.05 AM
WhatsApp Image 2023-11-16 at 10.08.02 AM

ആലുവ ബാലികയുടെ കുടുംബത്തിന് സർക്കാർ നൽകിയ ധനസഹായം മുക്കി മഹിളാ കോൺഗ്രസ് പ്രവർത്തകയും കോൺഗ്രസ്സ് പ്രവർത്തകനായ ഭർത്താവും.മാതൃഭൂമി പത്രത്തിൽ ആ വാർത്ത നൽകിയിരിക്കുന്നത് ഒരു കുഞ്ഞു പെട്ടിക്കോളം വാർത്തയായിട്ടാണ്.അത്രകണ്ട് പ്രാധാന്യമില്ലാത്ത വാർത്തയാണ് ഇതിനുള്ള നിലയിലാണ് മാതൃഭൂമി ഈ വാർത്തയെ സമീപിച്ചിരിക്കുന്നത്


എങ്ങനെ പറയാതിരിക്കും? കഴിഞ്ഞ ദിവസം യഥാർത്ഥത്തിൽ സ്തോഭജനകമായ ഒരു വാർത്ത ആലുവയിൽ നിന്നുവന്നു. ക്രൂരപീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ കയ്യിൽ നിന്ന് ഒരുലക്ഷത്തി എഴുപതിനായിരം രൂപ ഒരു നരാധമൻ കൈക്കലാക്കി എന്നാണ് വാർത്ത. ആ തട്ടിപ്പിലുൾപ്പെട്ടത് ഒരു മഹിളാ കോൺഗ്രസ് നേതാവും ഭർത്താവുമാണ്. എന്നാൽ ഇത്ര നീചമായ ഒരു തട്ടിപ്പ് രാഷ്ട്രീയ പിൻബലത്തിൽ നടത്തിയിട്ടും അത് കേരളത്തെ പിടിച്ചുകുലുക്കിയ ഒരു വാർത്തയാവാതെ പോയതെന്തുകൊണ്ട് എന്ന ചോദ്യം ഉയരേണ്ടതുണ്ട്. പ്രതിക്കൂട്ടിൽ എതെങ്കിലും വിദൂര സിപിഎം ബന്ധം ചൂണ്ടിക്കാട്ടാനെങ്കിലുമുള്ളവർ ആയിരുന്നുവെങ്കിൽ, ആലുവയിലെ സംഭവത്തെ നമ്മുടെ മാധ്യമങ്ങൾ ഇങ്ങനെയാകുമായിരുന്നോ കൈകാര്യം ചെയ്യുക?
നമ്മുടെ മുൻപിൽ എത്രയോ ഉദാഹരണങ്ങളുണ്ടല്ലോ. ഓമനക്കുട്ടന്റെ 72 രൂപാ ഓട്ടോ കൂലിയുടെ പേരിൽ വ്യാജകഥ ചമച്ച്, ആ പാവം സിപിഎം പ്രവർത്തകനായ തൊഴിലാളിയെ ക്രൂരമായി മാധ്യമവിചാരണയിലൂടെ അധിക്ഷേപിച്ചത് ഈ സന്ദർഭത്തിൽ ഓർക്കാവുന്നതാണ്. ഒരു പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് യഥാർത്ഥത്തിൽ ഉള്ളതല്ല എന്നതിന്റെ പേരിൽ, പഠിക്കുന്ന കാലത്തുള്ള എസ്എഫ്ഐ ബന്ധം ചൂണ്ടികാണിച്ച് എസ്എഫ്ഐയെയും എന്തിനധികം സിപിഐഎമ്മിനെയും വരെ ആഴ്ചകളോളം പ്രൈംടൈം ചർച്ചകളിലൂടെയും ബ്രേക്കിംഗ് ന്യൂസുകളിലൂടെയും ഒന്നാം പേജ് ലീഡുകളിലൂടെയും വേട്ടയാടുകയും, പൊളിറ്റ് ബ്യൂറോ അംഗങ്ങളോട് പോലും മൈക്കും നീട്ടി ചോദ്യം ചോദിക്കുകയും ചെയ്ത മാധ്യമങ്ങളാണ് നമ്മുടേത്. എന്നാൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഒരു പെൺകുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയവരുടെ രാഷ്ട്രീയബന്ധം വ്യക്തമായിട്ടും കെപിസിസി പ്രസിഡന്റിന് നേരെയോ പ്രതിപക്ഷ നേതാവിന് നേരെയോ മൈക്കുകൾ നീളുന്നില്ല, ചോദ്യങ്ങൾ ഉയരുന്നില്ല. ഒന്നാം പേജ് ലീഡില്ല, ബ്രേക്കിംഗ് ന്യൂസില്ല, പ്രൈംടൈം ചർച്ചയില്ല. അനീതിക്കെതിരായ പ്രൈംടൈം അവതാരകരുടെ കോമരം തുള്ളലില്ല, ധാർമിക രോഷാഭിനയ അലർച്ചകളില്ല, ചതുരവടിവിൽ ഉള്ളതും പരത്തിപ്പൊലിപ്പിച്ച വാചകങ്ങളിലുള്ളതുമായ ദീർഘ ദീർഘങ്ങളായ ഇൻട്രോകളില്ല. ശാന്തം, സമാധാനം. കേരളത്തിലെ മാധ്യമങ്ങളുടെ എഡിറ്റർമാരും പ്രൈംടൈം അവതാരകരും ഈ ചോദ്യങ്ങളെല്ലാം കണ്ടില്ലെന്ന് നടിക്കും. കാരണം ഞങ്ങളിങ്ങനെയാണ് എന്നവർ പ്രഖ്യാപിച്ചുകഴിഞ്ഞു.
എന്തുകൊണ്ടാണവർ ഇങ്ങനെയാകുന്നത്? എന്തുകൊണ്ടാണ് ഈ ഇരട്ടത്താപ്പ്? എന്തുകൊണ്ടാണ് പ്രതിസ്ഥാനത്ത് കോൺഗ്രസ്-ബിജെപി രാഷ്ട്രീയം അഥവാ വലതുപക്ഷ രാഷ്ട്രീയം വരുമ്പോൾ അവർ അസാധാരണമായ കരുതലും കവചവുമൊരുക്കി അവരെ സംരക്ഷിക്കുന്നത്? എന്തുകൊണ്ടാണ് അർദ്ധസത്യങ്ങളും ഇല്ലാക്കഥകളുമെല്ലാം പാകം ചെയ്തെടുത്ത് നിരന്തരം ഇടതുപക്ഷത്തെ മാത്രം വേട്ടയാടിക്കൊണ്ടിരിക്കുന്നത്? അതിനുകാരണം നമ്മുടെ മാധ്യമങ്ങൾ ഇന്ന് നടത്തുന്നത് മാധ്യമപ്രവർത്തനമല്ല, വെറും പ്രോപ്പഗാൻഡയാണ് എന്നതാണ്. പ്രോപ്പഗാൻഡ എന്നാൽ ഇടതുവിരുദ്ധ പ്രൊപ്പഗാൻഡ മാത്രമല്ല, വലതുപക്ഷാനുകൂല പ്രൊപ്പഗാൻഡ കൂടിയാണ്. വെറും പ്രൊപ്പഗാൻഡ മെഷീനുകളായി മാധ്യമങ്ങൾ മാറിയിരിക്കുന്നു. ആ പ്രൊപ്പഗാൻഡയ്ക്ക് പിന്നിൽ കൃത്യമായ ലക്ഷ്യങ്ങളുണ്ട്, വൻകിട ശക്തികളുമുണ്ട്. ആത്യന്തിക ലക്ഷ്യം കേരളത്തിൽ ഇടതുപക്ഷത്തെ കുഴിച്ചുമൂടുക എന്നതാണ്.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിക്കുന്നത് മാധ്യമങ്ങളെ തിരുത്താം എന്ന പ്രതീക്ഷയിലേ അല്ല. ഇത് ചൂണ്ടിക്കാണിക്കേണ്ടത് ഇന്നത്തെ ഇടതുപക്ഷത്തിന്റെ അനിവാര്യമായ ദൈനംദിന രാഷ്ട്രീയ കടമയായതുകൊണ്ടാണ്. ഓരോ ചെറിയ സംഭവങ്ങളെ മുൻനിർത്തിയും മാധ്യമങ്ങളുടെ ഈ ലക്ഷ്യത്തെ തുറന്നുകാണിച്ചുകൊണ്ടേ ഇരിക്കേണ്ടത് ഓരോ ഇടതുപക്ഷ പ്രവർത്തകന്റെയും ദൈനംദിന രാഷ്ട്രീയ ചുമതലയാണ് എന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കട്ടെ.
സ. എം ബി രാജേഷ്