നവകേരള സദസിൽ പരാതികൾ ഉപേഷിച്ചെന്ന തെറ്റായ വാർത്ത നൽകി ജമ്മഭൂമി

ജന്മഭൂമി പത്രം പ്രസിദ്ധീകരിച്ച വാർത്ത “നവകേരള സദസ്സിൽ ലഭിച്ച പരാതികൾ ഉപേക്ഷിച്ച നിലയിൽ!” എന്നായിരുന്നു. അതിനെ സാധൂകരിക്കാനായി തറയിൽ വീണ കവറുകളുടെ ചിത്രവും നൽകിയിട്ടുണ്ട്. എന്നാൽ ലഭിച്ച കത്തുകൾ കൈപ്പറ്റി സുരക്ഷിതമായി മാറ്റി സൂക്ഷിച്ചതിനു ശേഷം ഉപേക്ഷിച്ച കവറുകളായിരുന്ന അത്. കവറോടെ ലഭിക്കുന്ന പരാതികള്‍ കവര്‍ ഒഴിവാക്കി ഫയലാക്കുകയാണ് ചെയ്യുന്നത്. ലഭിക്കുന്ന പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും രസീതും നല്‍കുന്നുണ്ട്.പൊതുജനങ്ങള്‍ക്ക് പിന്നീട് പരാതികളുടെ സ്ഥിതി അറിയാനാണ് ഇത്.
എന്നാൽ നിജസ്ഥിതി അന്വേഷിക്കുക എന്ന മാധ്യമധർമ്മം പാലിക്കാതെ ഇത്തരമൊരു ഫോട്ടോ എടുത്ത് ജനങ്ങളെ കബളിപ്പിക്കാനും ജനങ്ങൾ ഏറ്റെടുത്ത നവകേരള സദസ്സിനെതിരെ നുണകൾ പടച്ചുവിടുകയുമാണ് ജന്മഭൂമി പത്രം ചെയ്തത്. പക്ഷേ, ഇത്തരം കുടിലബുദ്ധികളെയെല്ലാം അവഗണിച്ച് ജനങ്ങൾ നവകേരള സദസ്സിനെ നെഞ്ചോട് ചേർക്കുകയാണ് ചെയ്തത്.
ഇത്തരം നുണ പ്രചരണങ്ങളെയൊക്കെ അതിജീവിച്ച് ജനങ്ങൾ അവരുടെ പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കാനായി നവകേരള സദസ്സിലേയ്ക്ക് ഒഴുകിയെത്തുകയാണ്. തികച്ചും പ്രൊഫഷണലായാണ് നവകേരള സദസ്സില്‍ പരാതികള്‍ സ്വീകരിക്കുന്ന സംവിധാനം ഒരുക്കിയിട്ടുള്ളത്. അതിനായി പ്രത്യേക കൗണ്ടറുകള്‍ ഓരോ സ്ഥലത്തും ഒരുക്കിയിട്ടുണ്ട്. തിരക്കു കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറച്ച് വേദികളില്‍ നിവേദനങ്ങള്‍ നല്‍കാനുള്ള സംവിധാനം ഒരുക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്.
നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പു തന്നെ നിവേദനങ്ങള്‍ സ്വീകരിച്ചു തുടങ്ങും. ഇവ മുഴുവനും സ്വീകരിക്കുന്നതു വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. നിവേദനം സമര്‍പ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൗണ്ടറുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്.
ലഭിക്കുന്ന നിവേദനങ്ങളും പരാതികളും വേഗത്തില്‍ തീര്‍പ്പാക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി www.navakeralasadas(.)kerala.gov.in വെബ്സൈറ്റില്‍ നിന്ന് അറിയാനാകും(ലിങ്ക് കമന്‍റില്‍). രസീത് നമ്പരോ പരാതിയിലുള്ള മൊബൈല്‍ നമ്പറോ നല്‍കിയാല്‍ മതി. പരാതികളില്‍ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതല്‍ നടപടിക്രമം ആവശ്യമെങ്കില്‍ പരമാവധി നാലാഴ്ചയ്ക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥര്‍ തീരുമാനം എടുക്കും. സംസ്ഥാനതലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയങ്ങളില്‍ ജില്ലാ ഓഫീസര്‍മാര്‍ വകുപ്പ്തല മേധാവി മുഖേന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത്തരം പരാതികള്‍ 45 ദിവസത്തിനകം തീര്‍പ്പാക്കും. അപേക്ഷകന് ഇടക്കാല മറുപടിയും നല്‍കും.
ഭീമമായ അദ്ധ്വാനം ആവശ്യമായ ഇതുപോലൊരു ഉദ്യമത്തെ പരമാവധി പിഴവുകളില്ലാതെ കൊണ്ടുപോകാൻ സാധിക്കുന്ന വിധത്തിൽ അതിവിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത് എന്ന് വ്യകതമാണല്ലോ. അതിനെ ജനങ്ങൾ വിശ്വാസത്തിലെടുത്തു കഴിഞ്ഞു. മാധ്യമങ്ങൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞു സത്യസന്ധമായി കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുക എന്ന മര്യാദ പാലിക്കണം.