കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ ഇടപാട്; ശിഹാബ് തങ്ങളെ ഇ ഡി ചോദ്യം ചെയ്തു; തെളിവ് പുറത്തുവിട്ട് ജലീല്‍

മുസ്ലിം ലീഗിന്റെയും പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എയുടെയും വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തുവിട്ട് ഡോ.കെ ടി ജലീല്‍ എംഎല്‍എ.

കുഞ്ഞാലിക്കുട്ടിയും മകനും കള്ളപ്പണം വെളുപ്പിച്ചെന്നും ഇരുവരുടെയും സാമ്പത്തിക ഇടപാടുകള്‍ ദുരൂഹതകള്‍ നിറഞ്ഞതാണെന്നും ജലീല്‍ പറഞ്ഞു.

കള്ളപ്പണം നിക്ഷേപിച്ച കേസില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീട്ടിലെത്തി ചോദ്യം ചെയ്തു. ഇഡിയുടെ നോട്ടീസിന്റെ രേഖകള്‍ ജലീല്‍ പുറത്തുവിട്ടു.

കള്ളപ്പണം വെളുപ്പിക്കാന്‍ ലീഗിന്റെയും ലീഗിന്റെ സ്ഥാപനങ്ങളുടെയും മറ ഉപയോഗിക്കുകയാണ് കുഞ്ഞാലിക്കുട്ടിയെന്നും ജലീല്‍ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖിന്റെ പണമടക്കം 110 കോടി രൂപ മലപ്പുറം എആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ രേഖകളില്ലാത്തതായി ഇന്‍കംടാക്‌സ ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തിയിരുന്നു.

അത് കണ്ടുകെട്ടി. രേഖകള്‍ ഹാജരാക്കുന്നവര്‍ക്ക് പണം തിരിച്ചു നല്‍കാമെന്ന് പറഞ്ഞിട്ട് രണ്ടുമാസം പിന്നിട്ടു.

ഇതിനിടയില്‍ 7 കോടി രൂപയുടെ രേഖകള്‍ ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് സമര്‍പ്പിക്കുകയും പണം പിന്‍വലിക്കുകയും ചെയ്തു.

എന്നാല്‍ 103 കോടി രൂപയുടെ നിക്ഷേപകര്‍ ഇതുവരെയും രേഖകള്‍ ഹാജരാക്കിയിട്ടില്ല.

രേഖകള്‍ ഹാജരാക്കാത്തവരുടെ ലിസ്റ്റ് ഇന്‍കംടാക്‌സ് പുറത്തുവിട്ടതാണ്.

അതില്‍ ഒന്നാമത്തെ പേര് ഹാഷിഖ് പാണ്ടിക്കടവത്ത് എന്ന കുഞ്ഞാലിക്കുട്ടിയുടെ മകന്റേതാണ്.

ഹാഷിഖിന്റെ മൂന്നരക്കോടി രൂപയാണ് എആര്‍ നഗര്‍ ബാങ്കില്‍ ഇപ്പോഴുള്ളതെന്നാണ് പറയുന്നത്.

ഒന്നരക്കോടി രൂപയോളം പലിശഇനത്തിലുള്ള പണം ഹാഷിഖിന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.

അത് അക്കൗണ്ട് മുഖേനയോ നേരിട്ട് ബാങ്കിലെത്തിയോ അല്ല.

എന്‍ആര്‍ഐ അക്കൗണ്ടിലുള്ള പണമാണ് അതെന്നാണ് ഇന്നലെ സഭയില്‍ കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞത്.

എന്നാല്‍ എആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ എന്‍ആര്‍ഐ അക്കൗണ്ട് തുടങ്ങാന്‍ കഴിയില്ല.

അതിനുള്ള അംഗീകാരം ആ ബാങ്കിന് ഇല്ല. നിയമസഭയെ കുഞ്ഞാലിക്കുട്ടി തെറ്റിധരിപ്പിക്കുകയാണ് ചെയ്തത്.

ഇതിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കും.

ഇവരുടെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇഡിക്ക് പരാതി നല്‍കുമെന്നും ജലീല്‍ പറഞ്ഞു.

ഇന്‍കംടാക്‌സ് 257 നിക്ഷേപകരുടെ വിശദമായ വിവരങ്ങള്‍ നല്‍കാന്‍ സഹകരണ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ 71 പേരുടെ പേരിലുള്ള മൂന്നരക്കോടി രൂപ ബാങ്കില്‍ നിന്ന് പിന്‍വലിച്ചതായി കണ്ടെത്തി.

ഈ 71 പേര്‍ക്കും നോട്ടീസ് അയച്ചപ്പോള്‍ ആ വിലാസങ്ങളില്‍ ഉള്ള ആരും ഇല്ല എന്ന് കാണിച്ച് മടങ്ങുകയായിരുന്നു.

ഇവരുടെ പേരിലുള്ള മൂന്നരക്കോടി ആരാണ് പിന്‍വലിച്ചതെന്നും എന്നാണ് പിന്‍വലിച്ചതെന്നും സമഗ്രമായി അന്വേഷിക്കണം.

ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ പത്തുകോടി നിക്ഷേപിച്ച കേസില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇഡി ചോദ്യം ചെയ്തുവെന്നും ജലീല്‍ വെളിപ്പെടുത്തി.

ഹാജരാകാതിരുന്നതിനാല്‍ ഇഡി പാണക്കാട്ടെത്തി ചോദ്യം ചെയ്യുകയായിരുന്നു. ഇഡി നല്‍കിയ നോട്ടീസും ജലീല്‍ പുറത്തുവിട്ടു

മലപ്പുറം ജില്ലയിലെ ഭൂരിഭാഗം സഹകരണ ബാങ്കുകളും ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നിയന്ത്രണത്തിലാണ്.

സംസ്ഥാനത്തെ എല്ലാ ജില്ലാ സഹകരണബാങ്കുകളും കേരളബാങ്കില്‍ ലയിച്ചപ്പോള്‍ മലപ്പുറം മാത്രം മാറിനിന്നതിന്റെ അടിവേരുകള്‍ അന്വേഷിച്ചാല്‍ കള്ളപ്പണത്തിന്റെ കഥകള്‍ പുറത്തുവരും.

എആര്‍ നഗര്‍ ബാങ്കില്‍ തന്നെ 600 കോടിയോളം രൂപയുടെ രേഖകളില്ലാത്ത നിക്ഷേപമുണ്ടെന്നാണ് നിഗമനം.

മാഫിയ പ്രവര്‍ത്തനത്തിനെതിരെ ലീഗില്‍ നിന്ന് തന്നെ അപസ്വരങ്ങള്‍ ഉയരുന്നുണ്ടെന്നും ജലീല്‍ പറഞ്ഞു.