കിഫ്ബി-ഫെമ കേസിൽ ഈഡിക്കു തിരിച്ചടി-തോമസ് ഐസക്
കിഫ്ബി-ഫെമ കേസിൽ ഈഡിക്കു തിരിച്ചടി നൽകിയതിൽ നിസ്തുലമായ പങ്ക് കേസ് കൈകാര്യം ചെയ്ത ലീഗൽ ടീമിനുണ്ട്. കഴിഞ്ഞ സർക്കാർ കാലത്തെയും ഇപ്പോഴത്തേയും അഡ്വക്കേറ്റ് ജനറൽമാരും സർക്കാർ അഭിഭാഷകരും കിഫ്ബിയുടെ കേസ് അതീവഗൗരവത്തോടെയാണു കൈകാര്യം ചെയ്തത്. വ്യക്തിപരമായി അഡ്വ. ശ്രീ. സി.ഇ. ഉണ്ണികൃഷ്ണൻ എടുത്ത താൽപ്പര്യം പ്രത്യേകം പറയേണ്ടതുണ്ട്. ഈ ഹർജ്ജികളുടെ അടിസ്ഥാന വാദങ്ങൾ വികസിപ്പിച്ച ഒരു ടീം ഉണ്ട്. കിഫ്ബിയുടെ കേസിനുവേണ്ടി വാദിച്ച ടീമുമായി യോജിച്ചാണു കോടതിയിൽ എല്ലാ വാദങ്ങളും നടത്തിയത്. അവരോട് എല്ലാം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ.

എന്റെ അഭിഭാഷകൻ അഡ്വ. എൻ. രഘുരാജ് ആയിരുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ ഓഫീസും ഏറ്റെടുത്ത കഠിനമായ ഗവേഷണവും വികസിപ്പിച്ച വാദങ്ങളുമാണ് കേസിന്റെ വിജയത്തിനാധാരം. സുപ്രീം കോടതി അഭിഭാഷകൻ ശ്രീ. ജയ്ദീപ് ഗുപ്തയാണ് വാദഗതികൾ സമർത്ഥമായും ചടുലമായും അവതരിപ്പിച്ചത്. അഡ്വ. എൻ. രഘുരാജിനോടൊപ്പം പ്രവർത്തിച്ച അഡ്വ. നന്ദഗോപാൽ പ്രിയ സുഹൃത്ത് സ. സുരേഷ് കുറുപ്പിന്റെ മകനാണ്. എന്റെ ഓഫീസിൽ നിന്ന് എം. ഗോപകുമാറാണ് നിയമപ്രവർത്തനങ്ങളെ ഏകോപിപ്പിച്ചത്. ഇന്നും ആ ചുമതല അദ്ദേഹം നിർവ്വഹിക്കുന്നു. എല്ലാവരോടും സ്നേഹം അറിയിക്കട്ടെ.

കിഫ്ബിയെ തകർക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ കേന്ദ്ര ഏജൻസികളെയും അഴിച്ചു വിട്ട നടപടികളുടെ ഭാഗമായിരുന്നു മസാല ബോണ്ടിലെ എൻഫോർസ്മെന്റ് ഡയറക്റ്ററേറ്റ് അന്വേഷണം. കിഫ്ബിയുടെ സിഇഒ അടക്കം ഉദ്യോഗസ്ഥരെ ആവർത്തിച്ചു വിളിപ്പിച്ചു. ചോദിച്ച എല്ലാ രേഖകളും കൊടുത്തു. ഒരു കേസും സ്ഥാപിക്കാൻ അവർക്കു കഴിഞ്ഞില്ല. എന്നാൽ കിഫ്ബിയുടെ മേൽ കരിനിഴൽ നിർത്തുക എന്ന ലക്ഷ്യം മുന്നിൽവെച്ച് ഈഡി രാഷ്ട്രീയ നാടകം തുടർന്നു. ഇതിന്റെ ഭാഗമായിട്ടാണ് ധനമന്ത്രി എന്ന നിലയിൽ കിഫ്ബിയുടെ വൈസ് ചെയർമാനായിരുന്ന എനിക്ക് അവർ സമൻസ് അയക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

എന്തെങ്കിലും കുറ്റം കണ്ടെത്തിയിട്ടോ, ന്യായമായി സംശയിക്കാവുന്ന അവസ്ഥ ഉണ്ടായിട്ടോ ഉള്ള അന്വേഷണമല്ല ഈഡി നടത്തുന്നത്. മറിച്ച് എങ്ങനെയെങ്കിലും എന്തെങ്കിലും കണ്ടെത്താനാകുമോ എന്ന അന്വേഷണ രീതിയാണിത്. ഇതിനു ഫിഷിങ് ആന്റ് റോവിങ് എൻക്വയറി എന്നാണ് പറയുന്നത്. അതു നിയമപരമല്ല എന്നു സുപ്രീം കോടതി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഇതായിരുന്നു ഞങ്ങളുടെ പ്രധാന വാദം.

വിദേശ വാണിജ്യ വായ്പയാണ് മസാല ബോണ്ട് വഴിയുള്ള ധന സമാഹരണം. ഇതു നിയന്ത്രിക്കുന്നതിനുള്ള റെഗുലേറ്റർ റിസർവ് ബാങ്കാണ്. ആർബിഐ ഇറക്കിയ ഗൈഡ് ലൈൻ പ്രകാരം അപേക്ഷിച്ചു അനുവാദം വാങ്ങിയാണ് കിഫ്ബി മസാലാ ബോണ്ട് വഴി പണം സമാഹരിച്ചത്. കിഫ്ബി മാത്രമല്ല, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ അടക്കം മറ്റു പലരും മസാലാ ബോണ്ട് വഴി പണം സമാഹരിച്ചിട്ടുണ്ട്. അവർക്കാർക്കും ഇല്ലാത്ത നിയമ ലംഘന ആരോപണം കിഫ്ബിക്ക് ഉണ്ടാകുന്നതെങ്ങനെയാണ്? ഈ വാദങ്ങൾ പ്രസക്തമാണ് എന്നതു കൊണ്ടാണ് കോടതി സമൻസ് തുടർ നടപടികൾ സ്റ്റേ ചെയ്തത്.

വിദേശനാണയ നിയമലംഘനമാണ് ഈഡി ആരോപിച്ചത്. ഇതു നോക്കി നടത്താൻ ചുമതലപ്പെട്ട റിസർവ് ബാങ്കിനോട് ഒരിക്കലും ഈഡി ചോദിക്കാത്തതെന്തെന്ന പ്രശ്നം കോടതിയിൽ ഞങ്ങൾ ഉയർത്തി. ഇതിനെ തുടർന്നാണ് ആർബിഐയെ കോടതി കക്ഷി ചേർത്തത്. പല അവധികൾക്കു ശേഷമാണെങ്കിലും മസാലാ ബോണ്ട് ഇറക്കുന്നതിനു കിഫ്ബിയ്ക്കു നിരാക്ഷേപ പത്രം നൽകിയിരുന്നുവെന്ന് ആർബിഐ സത്യവാങ്മൂലം സമർപ്പിച്ചു. ലോൺ റെജിസ്ട്രേഷനും നൽകിയിരുന്നു. ആർബിഐ നിഷ്ക്കർഷിച്ചതു പോലെ മസാലാ ബോണ്ട് വഴി സമാഹരിച്ച പണത്തിന്റെ ചെലവു സംബന്ധിച്ച കണക്കുകൾ എല്ലാ മാസവും കൃത്യമായി സമർപ്പിക്കുന്നുണ്ട്. ഇതായിരുന്നു ആർബിഐ പറഞ്ഞത്. ഇതോടെ വാസ്തവത്തിൽ ഈഡിയുടെ കേസ് അവസാനിച്ചിരുന്നു.

എന്നിട്ടും എന്തോ തങ്ങളുടെ കയ്യിലുണ്ട് എന്നു പറഞ്ഞു പറഞ്ഞു കേസ് നീട്ടിക്കൊണ്ടു പോകുന്ന തന്ത്രമാണ് അവർ പയറ്റിയത്. ഒടുവിൽ എന്റെ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെട്ട സമൻസ് മാറ്റാം എന്ന അഡീഷണൽ സോളിസിറ്റർ ജനറലിന്റെ സബ്മിഷനെ തുടർന്ന് ബഹുമാനപ്പെട്ട സിംഗിൾ ബഞ്ച് പുതിയ സമൻസ് നൽകാൻ തടസമില്ല എന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. കേസിന് ആധാരമായ ചോദ്യം ചെയ്യപ്പെട്ട സമൻസ് സംബന്ധിച്ചു തീരുമാനമെടുക്കാതെ പുതിയ സമൻസ് അയക്കുന്നത് കേസിനെ തന്നെ അപ്രസക്തമാക്കുമെന്ന വാദം ഉയർത്തി ഡിവിഷൻ ബഞ്ചിൽ അപ്പീൽ കൊടുക്കുകയാണ് ചെയ്തത്. ആ വാദം ഡിവിഷൻ ബഞ്ച് അംഗീകരിക്കുകയും സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കുകയും ചെയ്തു.

ഒടുക്കം ബഹുമാനപ്പെട്ട കോടതി ഒറിജിനൽ സമൻസ് റദ്ദാക്കും എന്നു ഉറപ്പായ ഘട്ടത്തിൽ അവ പിൻവലിക്കാൻ സന്നദ്ധത അറിയിച്ചു. കോടതി അത് രേഖപ്പെടുത്തി എന്റെ റിട്ട് പെറ്റീഷൻ അനുവദിക്കുകയാണ് ചെയ്തത്. കേസിന്റെ തുടക്ക കാലത്ത് ജസ്റ്റിസ് വി. ജി. അരുൺ ഈഡിയോടു ചോദിച്ച ഒരു ചോദ്യം ഇപ്പോഴും അവിടെ കിടപ്പുണ്ട്. മസാലാ ബോണ്ട് എടുത്ത മറ്റേതെങ്കിലും ഏജൻസിയെക്കുറിച്ച് നിങ്ങൾ അന്വേഷിക്കുന്നുണ്ടോയെന്ന ചോദ്യമാണ് അവിടെ കിടക്കുന്നത്. ഇപ്പോൾ ഈഡിയുടെ കുറിപ്പടി വാർത്ത എഴുതുന്ന മാദ്ധ്യമങ്ങൾ പറയുന്നത് പുതിയ സമൻസ് അയക്കുമെന്നാണ്. അന്വേഷണം എങ്ങനെ വേണം എന്നു കോടതി പറഞ്ഞിട്ടുണ്ട്.

എന്താണോ ഹർജ്ജിയിൽ ആവശ്യപ്പെട്ടത്, അത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. കുറ്റം കണ്ടുപിടിക്കാൻ കാടും പടപ്പും തല്ലി അന്വേഷണം എന്ന പേരിൽ എന്തും ചെയ്യാനാവില്ല എന്നു തന്നെ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ന അന്വേഷണ ഏജൻസിയെ ഗൂഡമായ രാഷ്ട്രീയ താൽപ്പര്യത്തോടെ ഉപയോഗപ്പെടുത്തുന്നതിന് എതിരായ രാഷ്ട്രീയ പോരാട്ടം കൂടിയാണിത്.

നിയമംവിട്ട് ഒന്നും ചെയ്തിട്ടില്ല, മടിയിൽ ഒട്ടുമേ കനവുമില്ല. അതുകൊണ്ട് ഭയമേതുമില്ല.

ഡോ തോമസ് ഐസക് -ഫേസ് ബുക്ക് [പോസ്റ്റ്
എനിക്കെതിരായ സമൻസ് ഈഡി നിരുപാധികം പിൻവലിച്ചു. കുറ്റിയും പറിച്ചുകൊണ്ട് ഓടി എന്നൊക്കെ നമ്മൾ പറയാറില്ലേ, അതുപോലൊരു അഭ്യാസം. തങ്ങളുടെ കൈയിൽ ചില പുതിയ വിവരങ്ങൾ കിട്ടിയിട്ടുണ്ട്. സീല് ചെയ്ത കവറിൽ കോടതിയിൽ സമർപ്പിക്കാം എന്നൊക്കെ പറഞ്ഞു നോക്കിയതാ. കോടതി ചെവികൊടുത്തില്ല. തെളിവ് ഉണ്ടെങ്കിൽ കേസെടുത്ത് അന്വേഷിക്ക് എന്നായി കോടതി.

എനിക്കും അതിനോടു വിരോധമില്ല. എന്റെ റിട്ട് എനിക്കെതിരായി ഒരു അന്വേഷണവും പാടില്ലെന്നല്ല. ഒരു തെളിവിന്റെയും അടിസ്ഥാനമില്ലാതെ ചുറ്റിത്തിരിഞ്ഞുള്ള അന്വേഷണം (roving and fishing expedition) പറ്റില്ലായെന്നു മാത്രമായിരുന്നു വാദം. അതും കോടതി അടിവരയിട്ട് അംഗീകരിച്ചിട്ടുണ്ട്.

വിദേശവിനിമയ നിയമം ലംഘിച്ചെന്നോ കള്ളപ്പണം വെളുപ്പിച്ചെന്നോ വല്ല തെളിവും ഉണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്തോളൂ. വിദേശവിനിമയ നിയമത്തിന്റെ (ഫെമ) നടത്തിപ്പുകാർ റിസർവ്വ് ബാങ്കാണ്. റിസർവ്വ് ബാങ്കിനെ കോടതിയിൽ വിളിപ്പിക്കണമെന്നുള്ളത് ഞങ്ങളുടെ ആവശ്യമായിരുന്നു. ആറുമാസം സമയമെടുത്തെങ്കിലും റിസർവ്വ് ബാങ്ക് വന്നു. എന്നിട്ടു പറഞ്ഞത് എന്താ?

റിസർവ്വ് ബാങ്കിന്റെ അനുമതിയോടെയാണ് മസാലബോണ്ട് ഇറക്കിയത്. ആ പണം എന്തിനു വിനിയോഗിച്ചൂവെന്നത് മാസാമാസം കിഫ്ബി റിപ്പോർട്ട് തന്നിട്ടുണ്ട്. അതിലൊന്നും ഒരു കുറ്റവും അവർ കണ്ടിട്ടില്ല. ഇതുമായി നേരിട്ടു ബന്ധപ്പെടാത്ത മറ്റെന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അതിനു റിസർവ്വ് ബാങ്കിന് ഉത്തരവാദിത്തമില്ല. ഏതായാലും ഫെമ നിയമലംഘന വാദം പൊളിഞ്ഞു. പിന്നെ എന്തു ഫെമ കേസ്?

എന്തിനായിരുന്നു ഈഡിയുടെ ഈ പണിയൊക്കെ? ഡൽഹിയിലെ രാഷ്ട്രീയ യജമാനന്മാർ പറഞ്ഞിട്ട്. പതിനായിരക്കണക്കിനു കോടിയുടെ ഏർപ്പാടല്ലേ? ഒന്നു തപ്പിയാൽ എന്തെങ്കിലും തടയാതിരിക്കില്ല. ഡൽഹിയിലെ യജമാനന്മാരുടെ പാരമ്പര്യം അനുസരിച്ച് ഇങ്ങനെയൊരു ചിന്ത സ്വാഭാവികം.

ഇനി അഴിമതിയൊന്നും ഇല്ലെങ്കിലും കേരള വികസനത്തിൽ വലിയൊരു കുതിച്ചുചാട്ടത്തിന് അടിത്തറ പാകിക്കൊണ്ടിരിക്കുന്ന കിഫ്ബിയെ അവർക്കു തകർക്കണം. ആരൊക്കെയാണ് കിഫ്ബിയിൽ അന്വേഷിക്കാൻ വന്നത്?

സി&എജി വന്നു- കിഫ്ബിയുടെ വായ്പ ഓഫ് ബജറ്റ് ബോറോയിംഗ് ആണെന്നു വിധിയും പ്രസ്താവിച്ചു. ഇതേ സി&എജി കേന്ദ്ര സർക്കാരിന്റെ ഓഫ് ബജറ്റ് ബോറോയിംഗ് കേന്ദ്ര സർക്കാർ സമ്മതിച്ചതിന്റെ ഇരട്ടി (ഏതാണ്ട് 4.50 ലക്ഷം) വരുമെന്ന് അതേവർഷം തന്നെ റിപ്പോർട്ട് എഴുതിയവരാണ്. പക്ഷേ, കേന്ദ്രത്തിന്റെ വായ്പ അവരുടെ കടത്തിൽ ഉൾപ്പെടുത്തണ്ട. കേരളത്തിന്റേത് ഉൾപ്പെടുത്തിയേ തീരൂ. ഈ തർക്കം ഇപ്പോൾ സുപ്രിംകോടതിയിലാണ്.

സി&എജിയെ തുടർന്ന് ഇൻകം ടാക്സുകാർ വന്നു. കിഫ്ബി നികുതി അടച്ചില്ലായെന്നാണു കേസ്. കിഫ്ബി അല്ല പ്രൊജക്ട് ടെണ്ടർ വിളിക്കുന്ന എസ്.പി.വികളാണു നികുതി അടച്ചിട്ടുള്ളത്. ഈ നികുതി പ്രത്യേകം കാണിച്ചിട്ടാണു കിഫ്ബി അവർക്കു പണം നൽകിയിട്ടുള്ളത്. കമ്പ്യൂട്ടറിന്റെ പാസ് വേർഡ് തരാം. നിങ്ങൾ സൗകര്യപൂർവ്വം എന്തു രേഖയും പരിശോധിച്ചോളൂ. എന്നു പറഞ്ഞിട്ടൊന്നും അവർ ചെവികൊണ്ടില്ല. 15 അംഗ സംഘം ഒരു പകൽ മുഴുവൻ മാധ്യമങ്ങളെ സാക്ഷിനിർത്തി ജീവനക്കാരെ ബന്തവസാക്കി പരിശോധന നടത്തി.

അടുത്തത് ഈഡിയുടെ ഊഴമായിരുന്നു. ആദ്യം ഉദ്യോഗസ്ഥരെയാണു വിളിപ്പിച്ചത്. ഒരു തവണയല്ല. ഏതാണ്ട് എല്ലാ മാസവും. ഓരോ തവണയും മാധ്യമ ആഘോഷം. ഒരുതവണ വനിതാ ഓഫീസറോട് അപമര്യാദയായി പെരുമാറി. ചോദിച്ചതു തന്നെ വീണ്ടും ചോദിക്കുക. എന്തെങ്കിലും അറിയാനല്ല. അന്വേഷണം നീട്ടിവലിച്ച് നല്ലൊരു ധനകാര്യ സ്ഥാപനത്തെ തകർക്കാനായിരുന്നു ശ്രമം.

പിന്നെയാണ് എന്നെ വിളിപ്പിച്ചത്. എന്തെങ്കിലും കുറ്റംപോലും ആരോപിക്കാതെ എന്റെ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടപ്പോഴാണ് കേസ് കൊടുത്തത്. ബഹു. ഹൈക്കോടതി സമൻസ് സ്റ്റേ ചെയ്തുകൊണ്ട് ലളിതമായൊരു ചോദ്യം ഈഡിയോട് ചോദിച്ചു. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണം? ഒന്നരവർഷമായി ഈ ചോദ്യത്തിന് ഉത്തരം നൽകാൻ ഈഡിക്കു കഴിഞ്ഞില്ല. റിസർവ്വ് ബാങ്കിന്റെ മൊഴികൂടി ആയപ്പോൾ കേസിന്റെ കഥ തീർന്നതാണ്. എന്നാൽ മുഖം രക്ഷിക്കാനുള്ള അഭ്യാസങ്ങളുമായി പിന്നെയും കുറേ മാസങ്ങൾ വലിച്ചുനീട്ടി.

ഒടുവിൽ കഥ ഇവിടെ എത്തി നിൽക്കുകയാണ്. ഇനിയും ഈഡിക്ക് അന്വേഷിക്കാമല്ലോ. നിശ്ചമായിട്ടും. പക്ഷേ, എന്തെങ്കിലും തെളിവുമായിട്ടേ എന്നെ വിളിപ്പിക്കാൻ കഴിയൂ. അല്ലാത്തപക്ഷം ഞാൻ വീണ്ടും കോടതിയെ സമീപിക്കും.