സംഘികൾ വർഗ്ഗീയത ആളിക്കത്തിക്കാൻ കള്ളം പറയുന്നതിൽ അത്ഭുതമില്ല. എന്നാൽ ഇന്ത്യാ സഖ്യത്തിൻ്റെ മുന്നിൽ നിൽക്കുന്ന കോൺഗ്രസിൻ്റെ കേരള ഘടകം ആ പണി ഏറ്റെടുക്കുമ്പോൾ അത്ഭുതപ്പെടാതിരിക്കുന്നത് എങ്ങനെ?
ചിത്രത്തിലുള്ളത് കോൺഗ്രസ് കേരളയുടെ ട്വീറ്റ് ആണ്. അയ്യനെ തൊഴാൻ മല ചവിട്ടുന്ന കുഞ്ഞുങ്ങളോടുള്ള കേരള സർക്കാരിൻ്റെ ക്രൂരതയ്ക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്ന ഒരു ചിത്രം സംഘികളുടെ കടിച്ചാൽ പൊട്ടാത്ത നുണയാണെന്ന് ഇന്ന് എല്ലാവർക്കും അറിയാം. കുട്ടിയെ ബസിൽ വിട്ട് എന്തോ വാങ്ങാൻ വേണ്ടി ബസിൽ നിന്ന് ഇറങ്ങിയ അച്ഛനെ കാണാതെ ബസ് സ്റ്റാർട്ട് ചെയ്തപ്പോൾ കരയുന്ന കുട്ടിയുടേതാണു ചിത്രം. ഏതാനും സെക്കന്റുകൾകൂടി ഈ വീഡിയോയിൽ മുന്നോട്ടു പോയാൽ കുട്ടിയെ സമാധാനിപ്പിക്കുന്ന പൊലീസിനെ കാണാം. തിരിച്ചുവരുന്ന അച്ഛനെ കണ്ട് അപ്പാ എന്നു വിളിക്കുന്ന കുട്ടിയെ കേൾക്കാം. അതുകഴിഞ്ഞാൽ കുട്ടി പൊലീസിനുകാരനു റ്റാറ്റ പറയുന്നതും കാണാം. ഇതൊക്കെ മുറിച്ചുമാറ്റി കരയുന്ന കുട്ടിയുടെ ഒരു സ്റ്റിൽ മാത്രം ഇട്ടത് എന്തിനു വേണ്ടിയാണെന്ന് ഏതൊരാൾക്കും മനസിലാകും.
തെരഞ്ഞെടുപ്പ് അടുക്കുകയാണ്. 2019-ലെ പോലെ കോൺഗ്രസിനും ബിജെപിക്കും ശബരിമല ഒരു സുവർണ്ണാവസരമാക്കണം. അതിനുവേണ്ടിയുള്ള പ്രചാരണങ്ങൾ അവരുടെ നേതാക്കൾ മാത്രമല്ല മനോരമ, മാതൃഭൂമി, കേരളകൗമുദി തുടങ്ങിയ മാധ്യമങ്ങളും ആരംഭിച്ചുകഴിഞ്ഞു. ആ പത്രങ്ങളൊന്നു നോക്കിയാൽ ശബരിമലയിൽ തിക്കിലുംതിരക്കിലുംപെട്ട് അപകടം അവരെല്ലാം ആഗ്രഹിക്കുന്നുവെന്നു വ്യക്തമാണ്.
മനോരമയുടെ കല്ലുവെച്ചാൽ കുരുക്കാത്ത നുണ എല്ലാ സീമകളും ലംഘിക്കുന്നതാണ്. ശബരിമലയിൽ 615 പൊലീസുകാർ, നവകേരള സദസ്സിന് 2200 പൊലീസുകാർ. എവിടെന്നു കിട്ടി ഇവർക്ക് ഈ കണക്ക്? മാധ്യമപ്രവർത്തനമെന്ന തൊഴിലിന് ഇത്തരം വാർത്തകൾ നാണക്കേടാണ്. രാഷ്ട്രീയമായി വിമർശിച്ചോളൂ. പക്ഷേ, ഇതുപോലെ നുണകൾ പ്രൊപ്പഗണ്ട ആക്കരുത്. ശബരിമലയ്ക്കുള്ള റൂട്ടും മാപ്പുമെല്ലാം കൃത്യം. പക്ഷേ, 70000-ലേറെ ആളുകളെ ദിനവും എങ്ങനെ ദർശനത്തിനു കയറ്റാം എന്നതുകൂടി പറയ്.
ഏതായാലും വടക്കേ ഇന്ത്യ മുഴുവൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ശബരിമലയോടു ബന്ധപ്പെട്ടു സൃഷ്ടിക്കാൻ ശ്രമിക്കുന്ന വർഗ്ഗീയഭ്രാന്ത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ഞാൻ കണ്ട ഒരു പോസ്റ്റിൽ രണ്ട് ചിത്രങ്ങളാണു കൊടുത്തിരിക്കുന്നത്. അയ്യപ്പന്മാർ തിങ്ങിനിറഞ്ഞ കെഎസ്ആർടിസി ബസ് ഒരുവശത്തും ഹജ്ജ് യാത്രക്കാരെ കൊണ്ടുപോകുന്ന സൗകര്യങ്ങളുള്ള ബസിന്റെ ഉൾവശം മറ്റൊന്ന്. വർഗ്ഗീയ ധ്രുവീകരണത്തിന് എന്തൊക്കെ അവസരങ്ങൾ ഉപയോഗിക്കാനാകുമോ അതിനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് ബിജെപിയുടേത്. കേരളത്തിൽ അവരെ സംബന്ധിച്ചിടത്തോളം ശബരിമല രാമജന്മഭൂമി പോലെ ധ്രുവീകരണത്തിന് ഒരു ഉപകരണമാക്കാനാണു ശ്രമം. ഇതിൽ കോൺഗ്രസ് എന്തിനു പങ്കുചേരണം?
ശബരിമലയിൽ പൊലീസ് ജാഗ്രത വർദ്ധിപ്പിച്ചാൽ മാത്രം പോരാ. ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതിനുവേണ്ടി പടച്ചുവിടുന്ന ഇത്തരം അസത്യപ്രചാരണങ്ങൾക്കെതിരെയും ജാഗ്രത പുലർത്തേണ്ടതുണ്ട്.
ശബരിമലയിലെ ബസിൽ നിന്നു കരയുന്ന കുട്ടിയുടെ ചിത്രം സംബന്ധിച്ച് ബിജെപിയുടെ ശുദ്ധനുണകൾ പ്രചരിപ്പിക്കുന്ന പല ട്വീറ്റുകൾക്കും മറുപടികളടക്കം നൽകി പൊലീസിന്റെ ശ്രദ്ധക്ഷണിച്ചുകൊണ്ട് ഫാക്ട് ചെക്കിംഗിൽ പ്രാവീണ്യനായ മുഹമ്മദ് സുബൈദർ പലവട്ടം ട്വീറ്റ് ചെയ്യുന്നതു വായിച്ചു.
ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ശബരിമലയിലെ തീർത്ഥാടകരുടെ സൗകര്യക്രമീകരണ സംവിധാനങ്ങൾ പരിശോധിച്ച് നിജസ്ഥിതി വിലയിരുത്തി. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി, ദേവസ്വം ബോർഡ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി മന്ത്രി ചർച്ച നടത്തി. ശബരിമലയിലേക്ക് ദർശനത്തിനെത്തുന്ന ഒരു ഭക്തന്റെയും കണ്ണുനീർ വീഴ്ത്തില്ലെന്ന് അദ്ദേഹം ഉറപ്പു നൽകി.
ബസ്സിൽ യാത്ര ചെയ്ത ഒരു കുട്ടി കരയുന്നതുമായി ബന്ധപ്പെട്ട് തെറ്റായ ചില പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. രക്ഷാകർത്താവ് ആവശ്യങ്ങൾക്കായി ബസ്സിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കുട്ടി അച്ഛനെ കാണാതെ ആശങ്കപ്പെട്ടതാണ് എരുമേലിയിൽ നടന്നത്. വളരെ പെട്ടെന്ന് തന്നെ അച്ഛൻ തിരിച്ചെത്തിയതോടെ കുട്ടിയുടെ ആശങ്ക പരിഹരിക്കപ്പെട്ടതുമാണ്. രക്ഷാകർത്താവിനെ കാണാതെ കുട്ടികൾ ആശങ്കപ്പെടുന്നത് സർവ്വസാധാരണം. മാധ്യമങ്ങൾക്ക് തെറ്റുകൾ ചൂണ്ടിക്കാണിക്കാം, തെറ്റുകൾ പരമാവധി പരിഹരിക്കുകയും ചെയ്യും. എന്നാൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് മന്ത്രി പറഞ്ഞു.
അവധി ദിവസങ്ങളിൽ ഭക്തജനത്തിരക്ക് വർധിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് കഴിഞ്ഞ 7, 8 തീയതികളിൽ അനുഭവപ്പെട്ടത്. ഈ സീസണിൽ എത്തിചേരുന്നവരിൽ പ്രായമായവരും കുട്ടികളും ഭിന്നശേഷിക്കാരും മുപ്പത് ശതമാനത്തോളമാണ്. വെർച്വൽ ക്യൂ വഴി ബുക്കിങ് പരിമിതപ്പെടുത്തിയാലും മറ്റ് കാനനപാതകളിലൂടെയെല്ലാം അനേകായിരം ഭക്തരാണ് എത്തുന്നത്. ഇവരുടെ സുരക്ഷ കൂടി ഉറപ്പാക്കി മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു എന്ന് മന്ത്രി വ്യക്തമാക്കി.
നിലയ്ക്കലിൽ 500 വാഹനങ്ങൾക്ക് കൂടി അധികം പാർക്കിങ് സൗകര്യം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ശബരിമലയിലേക്കുള്ള റൂട്ടിൽ വാഹന പാർക്കിങ് സൗകര്യത്തോടെ, ആളുകൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി സുരക്ഷിത താവളങ്ങൾ സജ്ജമാക്കാൻ പോലീസിനും വനം വകുപ്പിനും നിർദ്ദേശം കൊടുത്തതായും മന്ത്രി അറിയിച്ചു. പമ്പയിൽ സ്ത്രീകൾക്കായി 66 ടോയ്‌ലറ്റ് കോംപ്ലക്സ് കൂടി സജ്ജമാക്കി. കൂടുതൽ ബയോ ടോയ്‌ലറ്റ് സൗകര്യവും ഏർപ്പെടുത്തും. കോടതിയുടെ നിർദ്ദേശമനുസരിച്ച് രണ്ട് ആംബുലൻസ് വാഹനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ സുരക്ഷ ഉറപ്പാക്കി ആരോഗ്യവകുപ്പിന്റെ പുതിയ ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മെഡിക്കൽ സുരക്ഷാസംവിധാനവും സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ക്യൂ കോപ്ലക്സിലും ഭക്തരുടെ തിരക്ക് അനുഭവപ്പെടുന്ന എല്ലായിടത്തും ദേവസ്വവും മറ്റ് വകുപ്പുകളും കൃത്യമായി ഭക്തരുടെ അടിസ്ഥാന സൗകര്യങ്ങളും വെള്ളവും ബിസ്ക്കറ്റും ഉറപ്പാക്കുന്നുണ്ട്. വലിയ തിരക്ക് ഉണ്ടാകുമ്പോൾ സംഭവിക്കുന്നതിൽ കൂടുതലായി ഒന്നും ശബരിമലയിൽ സംഭവിച്ചിട്ടില്ല. പ്രയാസങ്ങളൊക്ക പരിശോധിച്ച്, ആവശ്യമായ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ സംവിധാനങ്ങൾ ആവശ്യമാണെങ്കിൽ ഏർപ്പെടുത്തും. കഴിഞ്ഞ ശബരിമല സീസൺ കഴിഞ്ഞതിന് ശേഷം തന്നെ ഈ സീസൺ മുന്നിൽ കണ്ട് വലിയ മുന്നൊരുക്കങ്ങളാണ് സർക്കാർ ദേവസ്വം ബോർഡിനെയും വിവിധ വകുപ്പുകളയും ഏകോപ്പിച്ച് നടത്തുന്നത്. ചിലർ മനഃപൂർവ്വം വിശ്വാസത്തിന്റെ പേരിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. പലപ്പോഴും വ്യാജവാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ ചിലർ പ്രചരിപ്പിക്കുന്നതെന്നും മന്ത്രി സൂചിപ്പിച്ചു.
ശബരിമല സന്നിധാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് കോൺഫറൻറസ് ഹാളിൽ ചേർന്ന പത്രസമ്മേളനത്തിലും സന്ദർശനത്തിലും കെ യു ജെനിഷ് കുമാർ എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ് പ്രശാന്ത്, സ്പെഷൽ സെക്രട്ടറി എം ജി രാജമാണിക്യം, ദേവസ്വം ബോർഡ് മെമ്പർ ജി. സുന്ദരേശൻ, ദേവസ്വം കമ്മീഷണർ സി. എൻ രാമൻ, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സൂരജ് ഷാജി, ഐജി സ്പർജൻ കുമാർ, എഎസ്പി തപോഷ് ബസുമതരി, എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി കൃഷ്ണകുമാര്‍, ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പ്രമോദ് കുമാർ കെ. ആർ, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ശ്യാമപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.