രാജ്യത്ത്‌ സിവിൽ സർവീസിൽ ഉദ്യോഗസ്ഥരുടെ ക്ഷാമം നേരിടുമ്പോൾ നിയമനം കുത്തനെ വെട്ടിക്കുറച്ച്‌ കേന്ദ്രസർക്കാർ

ഐഎഎസ്‌, ഐപിഎസ്‌, ഐഎഫ്‌എസ്‌ തസ്തികകളിലേക്ക്‌ യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷൻ ഈവർഷം റിക്രൂട്ട്‌ ചെയ്യുന്ന ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ നൂറ്‌ തസ്തികയുടെ കുറവാണുള്ളത്‌.

796 തസ്തികയിലേക്ക്‌ നിയമനം നടത്തുമെന്നാണ്‌ വിജ്ഞാപനത്തിൽ പറയുന്നത്‌.

കഴിഞ്ഞവർഷം 896 തസ്തികയിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചത്‌.

2014ൽ 1364, 2015ൽ 1164, 2016ൽ 1209, 2017ൽ 1058 എന്നിങ്ങനെയാണ്‌ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ച ഒഴിവുകളുടെ എണ്ണം.

അതേസമയം, വിജ്ഞാപനത്തിൽ പറയുന്നതിലും വളരെ കുറവാണ്‌ യഥാർഥത്തിൽ നിയമനം ലഭിക്കുന്നവരുടെ എണ്ണം. 2018ൽ 812 ഒഴിവിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചത്‌.

നിയമനം ലഭിച്ചത്‌ 759 പേർക്ക്‌.

2018 വരെയുള്ള കണക്കുപ്രകാരം രാജ്യത്ത്‌ 1449 ഐഎഎസ്‌ ഉദ്യോഗസ്ഥരുടെ കുറവുണ്ട്‌. 970 ഐപിഎസ്‌, 560 ഐഎഫ്‌എസ്‌ ഉദ്യോഗസ്ഥരുടെയും സീറ്റ്‌ ഒഴിഞ്ഞുകിടക്കുകയാണ്‌.

ഉദ്യോഗസ്ഥരുടെ എണ്ണം കുറയുന്നത്‌ ഗുരുതരമായ അവസ്ഥയിലേക്ക്‌ എത്തിയിട്ടുണ്ടെന്നാണ്‌ 2017ൽ പാർലമെന്ററി സ്റ്റാൻഡിങ്‌ കമ്മിറ്റിതന്നെ ചൂണ്ടിക്കാട്ടിയത്‌.

എന്നാൽ, ഇതിനുശേഷം എല്ലാവർഷവും റിക്രൂട്ട്‌ ചെയ്യുന്നവരുടെ എണ്ണം കുത്തനെ കുറയ്‌ക്കുകയാണ്‌ കേന്ദ്രസർക്കാർ.

എത്ര ഒഴിവിലേക്ക്‌ നിയമനം നടത്തണം എന്നത്‌ ഉൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്രസർക്കാരാണ്‌ തീരുമാനിക്കുന്നതെന്നാണ്‌ യുപിഎസ്‌സിയുടെ വാദം.

തൊഴിലില്ലായ്മ രാജ്യം നേരിടുന്ന ഏറ്റവും ഗുരുതര പ്രശ്നമാണ്.

ഉള്ള തൊഴിലുകൾകൂടി ഇല്ലാതാക്കുകയാണ് കേന്ദ്ര സർക്കാർ.

രാജ്യത്താകെ കഴിഞ്ഞവർഷം കേന്ദ്രസർക്കാർ നേരിട്ട് നിയമിച്ചത് 14,000 പേരെ മാത്രമാണ്.

റെയിൽവേപോലെ കൂടുതൽ നിയമനം നടക്കേണ്ട സ്ഥാപനങ്ങളിൽ നിയമനവിലക്കും.

പൊതുമേഖലാ ബാങ്കുകളിലും നിയമനം നിലച്ചു.

ഈ സാഹചര്യത്തിലും പരമാവധിപേർക്ക് തൊഴിൽ നൽകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.