കെ സ്മാർട്ടുമായി ബന്ധപ്പെട്ട് ഇന്നലെയിട്ട പോസ്റ്റിൽ നിരവധി പേർ ക്രിയാത്മകമായ നിർദേശങ്ങളും ചില പ്രശ്നങ്ങളും ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. പ്രധാന നിർദേശങ്ങളോടുള്ള പ്രതികരണമാണ് ഈ പോസ്റ്റ്
• ഏറ്റവുമധികം ആളുകൾക്ക് അറിയാനുണ്ടായിരുന്നത് കെ സ്മാർട്ട് ഇപ്പോൾ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുമെന്നതാണ്. ഈ ഏപ്രിൽ ഒന്നിനുള്ളിൽ പഞ്ചായത്തുകളിലേക്കും കെ സ്മാർട്ട് സേവനം ഉറപ്പാക്കും
• വിദേശത്തുള്ളവർക്ക് ഒടിപി, മൊബൈൽ ഫോണിനു പുറമേ ഇമെയിലിൽ കൂടി ലഭ്യമാക്കണമെന്ന നിർദേശം സ്വാഗതാർഹമാണ്. ആപ്ലിക്കേഷനിലേക്ക് ഒടിപി വഴിയല്ലാതെ, പാസ്വേർഡ് വഴി കൂടി ലോഗിൻ സാധ്യമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഈ സാധ്യത പരിശോധിക്കാനുള്ള നിർദേശം ഇൻഫർമേഷൻ കേരളാ മിഷന് നൽകിയിട്ടുണ്ട്. മൊബൈൽ ആപ്പുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ശ്രദ്ധയിൽപ്പെടുത്തിയവരുമുണ്ട്. മൊബൈൽ ആപ്പ് കൂടുതൽ മികവുള്ളതാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് എന്ന വിവരം അറിയിക്കുന്നു.
• അക്ഷയകേന്ദ്രത്തിൽ ലോഗിൻ ലഭിച്ചിട്ടില്ല എന്നതിനാൽ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ കഴിയുന്നില്ല എന്നതായിരുന്നു ഒരു പരാതി. സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഇതിനകം തന്നെ ഇൻസ്റ്റിറ്റ്യൂഷണൽ ലോഗിൻ ലഭിച്ചെന്ന് ഉറപ്പാക്കിയിട്ടുണ്ട്. എവിടെയെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ആ പ്രത്യേക വിഷയം ഉന്നയിച്ചാൽ പരിശോധിക്കാം. ജനന സർട്ടിഫിക്കറ്റ് തിരുത്തൽ ഉള്‍പ്പെടെ സ്വന്തമായി ലോഗിൻ ചെയ്ത് കെ സ്മാർട്ടിലൂടെ ആർക്കും ചെയ്യാനും കഴിയും.
• ഡിസംബർ 15ന് സമർപ്പിച്ച പെർമ്മിറ്റ് അപേക്ഷയിൽ ഫീസ് അടയ്ക്കാൻ അസൌകര്യം നേരിട്ടതായി ഒരു കമന്റ് വന്നിരുന്നു. ഫീസ് ഒടുക്കാനുള്ള സൌകര്യം ദിവസങ്ങള്‍ക്ക് മുൻപ് തന്നെ നഗരസഭകളിൽ ലഭ്യമാണ്. കെ സ്മാർട്ട് ലോഞ്ച് ചെയ്തത് ജനുവരി ഒന്നിനാണ്. അതിനും പതിനഞ്ച് ദിവസം മുൻപാണ് അപേക്ഷ എന്നതിനാൽ, അപേക്ഷകന്റെ ലോഗിനിൽ പണം അടയ്ക്കാനുള്ള സൌകര്യം ലഭ്യമാകില്ല. നഗരസഭാ ഓഫീസിലെത്തി ഈ ഫീസ് അടയ്ക്കാൻ കഴിയും. ജനുവരി ഒന്നിന് ശേഷമുള്ള അപേക്ഷകളിൽ എവിടെയിരുന്നും ഫീസ് അടയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
• റിട്ടേൺ ചെയ്യുന്ന ലൈസൻസ് അപേക്ഷ എഡിറ്റ് ചെയ്യാൻ സൌകര്യമില്ല എന്ന് ഒരു ലൈസൻസി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ സൌകര്യം വൈകാതെ തന്നെ കെ സ്മാർട്ടിൽ ഉള്‍പ്പെടുത്തുന്നതാണ്. ലൈസൻസികളുടെ രജിസ്ട്രേഷൻ പുതുക്കുന്ന പ്രവൃത്തി അടിയന്തിരമായി പൂർത്തിയാക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.
• ലൈസൻസിന് അപേക്ഷിച്ചപ്പോള്‍ റസീപ്റ്റ് ലഭിച്ചില്ല എന്ന ഒരു കമന്റ് വരികയുണ്ടായി. സാധാരണ നിലയിൽ അപേക്ഷിച്ചാലുടൻ റസീപ്റ്റ് ലഭിക്കുന്നതാണ്. ഈ വിഷയം പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ട്. പുതിയ ലൈസൻസിന് അപേക്ഷിക്കാനുള്ള സൌകര്യം ജനുവരി 22 മുതൽ തയ്യാറാകും.
• തൊഴിൽ നികുതി അടയ്ക്കാൻ ഇപ്പോള്‍ തന്നെ കെ സ്മാർട്ടിൽ സൌകര്യമുണ്ട്. നഗരസഭയിൽ അന്വേഷിച്ചാൽ ഇക്കാര്യങ്ങള്‍ അറിയാനാകും. തൊഴിൽ നികുതിക്ക് മാത്രമായി ഒരു പ്രത്യേക സംവിധാനം ഉടൻ പ്രാബല്യത്തിൽ വരുമെന്ന വിവരം കൂടി പങ്കുവെക്കുന്നു.
• കെ സ്മാർട്ടിലൂടെ വാർഡ് മെമ്പർക്കും എംഎൽഎയ്ക്കും പരാതി കൊടുക്കാനാകുമോ എന്ന ഒരു സംശയം ഉന്നയിക്കപ്പെട്ടിരുന്നു. അതാത് നഗരസഭാ സെക്രട്ടറിക്ക് പരാതി കൊടുക്കാനുള്ള സൌകര്യമാണ് നിലവിൽ ഒരുക്കിയിരിക്കുന്നത്. നഗരസഭ വഴി വാർഡ് അംഗത്തിന്റെയോ എംഎൽഎയുടെയോ ശ്രദ്ധയിൽ വിഷയങ്ങളെത്തിക്കാൻ കഴിയും.
• എല്ലാ സേവനങ്ങളും മൊബൈൽ ആപ്പിൽ ലഭ്യമല്ല എന്ന ഒരു പരാതിയും ശ്രദ്ധയിൽപ്പെട്ടു. എല്ലാ സേവനങ്ങളും ഓൺലൈനാക്കിയിട്ടുണ്ട്. എല്ലാ സേവനങ്ങളും ആപ്പിൽ ലഭ്യമാക്കുന്നതിന് പരിമിതിയുണ്ട്. കെട്ടിട പെർമ്മിറ്റ് പോലെയുള്ള സേവനങ്ങള്‍ക്ക്, അപേക്ഷകളുടെ കൂടെ ഡ്രോയിംഗ് ഉള്‍പ്പെടെ സമർപ്പിക്കണമെന്നതിനാൽ വെബ്സൈറ്റ് വേർഷൻ തന്നെ ഉപയോഗിക്കേണ്ടിവരും.
കെ സ്മാർട്ടുമായി ബന്ധപ്പെട്ട് ഉയർന്ന പ്രധാന സംശയങ്ങള്‍ക്കും പരാതികള്‍ക്കുമുള്ള മറുപടിയാണ് പങ്കുവെച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്കായി 9447165401, 04712773160 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളും 9446300500 എന്ന വാട്ട്സാപ്പ് നമ്പറും ഓഫീസ് സമയങ്ങളിൽ ലഭ്യമാണ് എന്ന വിവരം കൂടി അറിയിക്കുന്നു. ഈ സൌകര്യം കൂടി ഉപയോഗിക്കാവുന്നതാണ്. കൂടുതൽ മികവോടെ സ്മാർട്ടായ സൌകര്യങ്ങള്‍ ഇനിയും കെ സ്മാർട്ടിൽ ഒരുക്കാൻ സർക്കാർ തയ്യാറെടുക്കുകയാണ്, ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു