ഇരുപത്തിരണ്ട് വർഷം മുമ്പ് ഗുജറാത്തിൽ നടന്ന വംശഹത്യയുടെ ഭാഗമായി കൂട്ടബലാത്സംഗത്തിനിരയാക്കപ്പെട്ട ബിൽക്കിസ് ബാനു നീതിതേടി നടത്തിയ നിയമപോരാട്ടത്തിന്റെ വിജയമാണ് ജനുവരി 8ലെ സുപ്രീംകോടതി വിധിയിലൂടെ അടയാളപ്പെടുത്തപ്പെട്ടത്. അവർ നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് ശിക്ഷിക്കപ്പെട്ട കൊടുംകുറ്റവാളികളായ സംഘപരിവാറുകാരെ കേന്ദ്രത്തിലെ മോദി സർക്കാരിന്റെ ഒത്താശയോടെ ഗുജറാത്തിലെ ബിജെപി സർക്കാർ ശിക്ഷ ഇളവു നൽകി മോചിപ്പിച്ച നടപടിയാണ് ഇപ്പോൾ സുപ്രീംകോടതി റദ്ദാക്കിയത്.
ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനുവിനെയാണ് സംഘപരിവാർ കിരാതന്മാർ കൂട്ടബലാത്സംഗം ചെയ്തത്. തൽഫലമായി ഗർഭസ്ഥ ശിശുവും കൊല്ലപ്പെട്ടു. അവളുടെ മൂന്നു വയസ്സ് പ്രായമായ മൂത്ത കുട്ടിയെ തറയിലെറിഞ്ഞ് കൊലപ്പെടുത്തുകയും അവളുടെ സഹോദരിയുടെ ഒരാഴ്ച മാത്രം പ്രായമായ ശിശുവിനെ വലിച്ചുകീറി എറിയുകയും ചെയ്ത ആ നരാധമന്മാർ ആ പെൺകുട്ടിയെയും കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ബിൽക്കിസ് ബാനു ഒഴികെ ആ കുടുംബത്തിലുള്ള എല്ലാ അംഗങ്ങളെയും കൊലപ്പെടുത്തി. ബിൽക്കിസ് ബാനുവിനെ മരിച്ചിട്ടുണ്ടാകുമെന്നു കരുതി സംഘപരിവാറുകാർ ഉപേക്ഷിക്കുകയാണുണ്ടായത്.
ഈ സംഭവം നടക്കുമ്പോൾ ഗുജറാത്തിൽ മുഖ്യമന്ത്രി നരേന്ദ്ര മോദിയായിരുന്നു. മോദി വാഴ്ചയിൽ ഗുജറാത്ത് പൊലീസും ഭരണസംവിധാനവും സംഘപരിവാറിന്റെ കാവലാളായി നിന്നതിനെ തുടർന്ന് തുടക്കത്തിൽ തെളിവില്ലെന്ന് പറഞ്ഞ് കേസ് എഴുതിത്തള്ളുകയായിരുന്നു. ടീസ്ത സെതൽവാദിനെ പോലെയുള്ള മനുഷ്യാവകാശ പ്രവർത്തകരുടെയും സുഭാഷിണി അലി ഉൾപ്പെടെയുള്ള സിപിഐ എം നേതാക്കളുടെയും ശക്തമായ പിന്തുണയോടെ ബിൽക്കിസ് ബാനു നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് സുപ്രീംകോടതിയാണ് അനേ-്വഷണ ചുമതല സിബിഐക്ക് കെെമാറുകയും കേസ് നടപടികൾ മഹാരാഷ്ട്രയിലെ കോടതിയിലേക്ക് മാറ്റുകയും ചെയ്തത്. അങ്ങനെ സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലോടെ നടത്തിയ അനേ-്വഷണത്തിനും വിചാരണയ്-ക്കുമൊടുവിൽ 11 പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെടുകയായിരുന്നു. ആ പ്രതികളെയാണ് ഗുജറാത്ത് സർക്കാർ ശിക്ഷ ഇളവു നൽകി കാലാവധി പൂർത്തിയാകുംമുൻപ് ജയിൽമോചിതരാക്കിയത്.
മാത്രമല്ല, ജയിലിൽനിന്നും മോചിപ്പിക്കപ്പെട്ട സംഘപരിവാറുകാരായ ഈ കൊടും ക്രിമിനലുകളെ ഗുജറാത്തിലെ ബിജെപി പട്ടുപരവതാനി വിരിച്ച് കൊട്ടും കുരവയുമായി മാലയിട്ട് സ്വീകരിച്ചത് ഏതാനും ചില മാസങ്ങൾക്കുമുൻപാണ്. കൂടാതെ, കേന്ദ്ര – സംസ്ഥാന ബിജെപി സർക്കാരുകൾ ബിൽക്കിസ് ബാനുവിനെ കേസ് നടത്താൻ സഹായിച്ച ടീസ്ത സെതൽവാദ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കുകയും ചെയ്തു. സ്ത്രീസുരക്ഷയ്ക്ക് ‘മോദി ഗ്യാരന്റി’ എന്നുദ്ഘോഷിക്കുന്ന നരേന്ദ്രമോദിയുടെയും സംഘപരിവാറിന്റെയും തനിനിറം തുറന്നുകാണിക്കുന്ന നിരവധി സംഭവങ്ങളിൽ ഒന്നു മാത്രമാണ് ബിൽക്കിസ് ബാനു കേസ്.
സംഘപരിവാറുകാരുടെയും മോദി വാഴ്ചയുടെയും മനുഷ്യത്വവിരുദ്ധതയാണ് സുപ്രീംകോടതി വിധിയിലൂടെ തുറന്നുകാണിക്കപ്പെട്ടിരിക്കുന്നത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2002ൽ നടന്ന വംശഹത്യയിൽ ആയിരക്കണക്കിന് മതന്യൂനപക്ഷങ്ങളാണ് സംഘപരിവാറുകാരുടെ കൊടും ക്രൂരതകൾക്ക് ഇരയായിത്ത
ീർന്നത്. നിരവധി സ്ത്രീകൾ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു, കൊലപ്പെടുത്തപ്പെട്ടു. നൂറുകണക്കിനു കോടി രൂപയുടെ വസ്തുവകകൾ കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ ഗുജറാത്തിൽനിന്നുള്ള മുൻ ലോക്-സഭാംഗവും കോൺഗ്രസ് നേതാവുമായ എഹ്സാൻ ജാഫ്രിയും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവിത പങ്കാളി നടത്തിക്കൊണ്ടിരിക്കുന്ന നീതിക്കുവേണ്ടിയുള്ള നിയമപോരാട്ടം ഇപ്പോഴും തുടരുകയാണ്. ഗുജറാത്തിൽ മോദി മുഖ്യമന്ത്രിയായിരിക്കെ നടന്ന ഈ കൂട്ടക്കൊലകളിൽ നേരിട്ട് പങ്കാളിയായിരുന്ന മായ കൊട്നാനി എന്ന മന്ത്രിസഭാംഗത്തെ നിയമവിരുദ്ധമായ നടപടികളിലൂടെ ശിക്ഷ ഇളവു നൽകി മോചിപ്പിക്കാൻ നിയമസംവിധാനത്തെ സ്വാധീനിച്ച് മോദി സർക്കാർ തയ്യാറായി എന്നതും നാം ഓർക്കണം.
ഈ സംഭവത്തിലുടനീളം നരേന്ദ്ര മോദി ഇടപെട്ടത് മതനിരപേക്ഷ – ജനാധിപത്യ റിപ്പബ്ലിക്കൻ ഭരണസംവിധാനത്തിലെ ഭരണാധികാരിയായല്ല, മറിച്ച് സംഘപരിവാറിന്റെ പ്രചാരകനായാണ്. അതുകൊണ്ടുതന്നെ സുപ്രീംകോടതിയുടെ ജനുവരി 8ന്റെ വിധി ആഘാതമായത് ഇതുപ്രകാരം വീണ്ടും ജയിലിൽ പോകേണ്ടതായി വരുന്ന കുറ്റവാളികളായ സംഘപരിവാറുകാർക്കും അവരെ ജയിലിൽനിന്നു തുറന്നുവിട്ട ഇപ്പോഴത്തെ ഗുജറാത്ത് സർക്കാരിനും മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും കൂടിയാണ്.
സുപ്രീംകോടതിയിൽനിന്നുള്ള ഈ അടിയേറ്റതുകൊണ്ടൊന്നും നരേന്ദ്ര മോദിയും സംഘപരിവാറുകാരും പാഠം പഠിക്കില്ലെന്നതാണ് ഇതുവരെയുള്ള അനുഭവം കാണിക്കുന്നത്. അതിനെ എങ്ങനെ മറികടക്കാമെന്നായിരിക്കും സംഘപരിവാറും മോദിയും തുടർന്നും ഗൂഢാലോചന നടത്തുന്നത്. തങ്ങളുടെ ഇംഗിതാനുസൃതം കൊള്ളയും കൊള്ളിവെപ്പും കൂട്ടബലാത്സംഗങ്ങളും കൊലപാതകങ്ങളും നടത്തിയ മനുഷ്യമൃഗങ്ങളെയാകെ രക്ഷിച്ചെടുക്കാൻ അവർക്ക് ബാധ്യതയുണ്ടല്ലോ. ഈ കൊടും ക്രിമിനലുകളിൽനിന്നും വർഗീയ കോമരങ്ങളിൽനിന്നും ഇന്ത്യക്ക് രക്ഷനേടാൻ ഇവരെ അധികാരത്തിൽ നിന്ന് പുറത്താക്കിക്കൊണ്ടു മാത്രമേ കഴിയൂ