കരുവന്നൂർ ബാങ്ക്‌ തിരിമറി: പ്രസിഡന്റുൾപ്പെടെ നാലുപേരെ സിപിഐ എമ്മിൽനിന്ന്‌ പുറത്താക്കി

കരുവന്നൂർ ബാങ്ക്‌ തിരിമറി: പ്രസിഡന്റുൾപ്പെടെ നാലുപേരെ സിപിഐ എമ്മിൽനിന്ന്‌ പുറത്താക്കി

കരുവന്നൂർ സർവീസ്‌ സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക തിരിമറിയിൽ ബാങ്ക്‌ പ്രസിഡന്റുൾപ്പെടെ നാലുപേരെ സിപിഐ എമ്മിൽനിന്ന്‌ പുറത്താക്കി. ക്രമക്കേടുകൾ മനസ്സിലാക്കി ഇടപെടുന്നതിൽ ജാഗ്രതക്കുറവ്‌ കാണിച്ച ജില്ലാകമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ മൊത്തം 13 പേർക്കെതിരെ അച്ചടക്കനടപടിയെടുത്തതായി സിപിഐ എം ജില്ലാകമ്മിറ്റി അറിയിച്ചു.

ബാങ്കിൽ നടന്ന സാമ്പത്തിക തിരിമറിയും തട്ടിപ്പുമായി നേരിട്ട് ബന്ധമുള്ള ബാങ്ക് ജീവനക്കാരായ ടി ആർ സുനിൽകുമാർ, എം കെ ബിജു, സി കെ ജിൽസ് എന്നിവരെയും സാമ്പത്തിക തട്ടിപ്പ് മനസ്സിലാക്കി ഇടപെടാൻ കഴിയാതിരുന്ന ബാങ്ക് പ്രസിഡന്റ്‌ കെ കെ ദിവാകരനെയും പാർടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.

ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ എം ബി ദിനേഷ്, ടി എസ് ബൈജു,അമ്പിളി മഹേഷ്, എൻ നാരായണൻ എന്നിവരെ പാർടിയിൽ നിന്ന് സസ്പെൻഡ്‌ ചെയ്തു.

ക്രമക്കേടുകൾ മനസ്സിലാക്കി ഇടപെടുന്നതിൽ വീഴ്ച വരുത്തിയ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം സി കെ ചന്ദ്രനെയും പാർടിയിൽ നിന്ന് സസ്പെൻഡ്‌ ചെയ്തു.

ക്രമക്കേടുകൾ മനസ്സിലാക്കി ഇടപെടുന്നതിൽ ജാഗ്രതക്കുറവ് കാണിച്ച ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളയ്‌ക്കാട്, അഡ്വ. കെ ആർ വിജയ എന്നിവരെ ജില്ലാകമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാനും ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ സി പ്രേമരാജനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും കരുവന്നൂർ ലോക്കൽ സെക്രട്ടറി പി എസ്‌ വിശ്വംഭരനെ ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കാൻ തീരുമാനിച്ചു.

പാർടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്റെയും സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോണിന്റെയും സാന്നിധ്യത്തിൽ ചേർന്ന ജില്ലാകമ്മിറ്റിയോഗമാണ്‌ അച്ചടക്ക നടപടി സ്വീകരിച്ചത്‌.

തീരുമാനത്തിന് അംഗീകാരം ലഭിക്കുന്നതിനായി സംസ്ഥാനകമ്മിറ്റിക്ക് നൽകിയതായും ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ അറിയിച്ചു.