സാമൂഹിക-ക്ഷേമ പെൻഷൻ (ഉമ്മൻ‌ചാണ്ടി സർക്കാർ എത്ര കൊടുത്തു )

ഉമ്മൻചാണ്ടി ഭരണം അവസാനിച്ചപ്പോൾ എത്രയായിരുന്നു സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശിഖ എന്നതായിരുന്നു ഇന്ന് നിയമസഭയിലെ തർക്കം. സത്യം പറയട്ടെ, എൽഡിഎഫ് 2016-ൽ അധികാരത്തിൽ വരുമ്പോൾ കുടിശിഖ എത്രയെന്ന് ഒരു എത്തും പിടിയുമില്ലാത്ത സ്ഥിതിയായിരുന്നു. ഓരോ പെൻഷന്റെയും നില വ്യത്യസ്തമായിരുന്നു. പുതിയ സർക്കാർ ഏതായാലും കുടിശിഖ മുഴുവൻ കൊടുത്തു തീർക്കാൻ തീരുമാനിച്ചു, പക്ഷെ ഒരു പരിധി നിശ്ചയിച്ചു. കുടിശിഖ പരമാവധി 15,000 രൂപയേ ഇപ്പോൾ കൊടുക്കൂ. 600 രൂപ ആയിരുന്നല്ലോ അന്നത്തെ പെൻഷൻ. അപ്പോൾ നിങ്ങൾ തന്നെ കണക്ക് കൂട്ടൂ, എത്രമാസത്തെ കുടിശിഖയാണ് കൊടുക്കാൻ ഉണ്ടായിരുന്നതെന്ന്? പരമാവധി 25 മാസത്തെവരെ കുടിശിഖ കൊടുക്കാൻ പഞ്ചായത്ത് ഡയറക്ടർക്കും വിവിധ ക്ഷേമനിധികൾക്കും അനുവാദം നൽകി. ആ ഉത്തരവാണ് ചിത്രത്തിൽ കൊടുത്തിട്ടുള്ളത്.

അങ്ങനെ എത്ര കോടിരൂപയുടെ കുടിശിഖ തീർത്തു? 1473 കോടി രൂപ. ശ്രീ. രാജു എബ്രഹാമിന് 3-3-2020-ൽ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പർ 425-ന് മറുപടിയായിട്ടാണ് ഈ തുക വെളിപ്പെടുത്തിയത്. അന്ന് മൊത്തം ക്ഷേമ പെൻഷൻകാരുടെ എണ്ണം 34 ലക്ഷമാണ്. അതിൽ ഗണ്യമായൊരു പങ്ക് അവസാന വർഷം മന്ത്രി മുനീർ, ക്യാമ്പയിൻ അടിസ്ഥാനത്തിൽ ഗുണഭോക്താക്കൾ ആക്കിയതായിരുന്നു. 75% പേർക്ക് കുടിശിഖ ഉണ്ടായിരുന്നുവെന്ന് കണക്കാക്കുകയാണെങ്കിൽ ഓരോരുത്തർക്കും 10 മാസത്തിലേറെ കുടിശിഖയുണ്ട്. ഏതായാലും ഉമ്മൻ ചാണ്ടിക്കും യുഡിഎഫിനും ഒരുകാര്യത്തിൽ അഭിമാനിക്കാം. എ.കെ. ആന്റണിയുടെ ഭരണം അവസാനിച്ചപ്പോൾ ഉണ്ടായിരുന്ന 28 മാസ കുടിശിഖയോടു മത്സരിക്കാൻ മറ്റാർക്കും കഴിയില്ല.

നിയമസഭയിൽ ഒരു ചോദ്യത്തിന് ഉത്തരമായി നൽകിയതിലെ തെറ്റ് ഉയർത്തിപ്പിടിച്ചാണ് യുഡിഎഫിന്റെ ബഹളം. അതിനുശേഷം നൽകിയ ഉത്തരങ്ങളിൽ ഇതിനു വ്യക്തവരുത്തിയിട്ടുണ്ടെന്നകാര്യം അവർ മറച്ചുവയ്ക്കുകയാണ്.

ഞാൻ പറഞ്ഞ കണക്കുകളെ ശരിവയ്ക്കുന്നതാണ് മന്ത്രി മുനീർ 2015 ജൂലൈ മാസത്തിൽ രാജു എബ്രഹാമിനും കെ. കുഞ്ഞിരാമനും നൽകിയ മറുപടികൾ. 2016 മാർച്ച് മാസത്തിൽ 1395 കോടി രൂപ വാർധക്യ പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ എന്നീ ഇനങ്ങളിൽ മാത്രം കുടിശിഖ ഉണ്ടായിരുന്നു. മറ്റു ക്ഷേമനിധികളുടെ കുടിശിഖ ഇതിൽപ്പെടുന്നില്ല.

നിയമസഭയിലെ മറ്റൊരു തർക്കം, ഉമ്മൻ ചാണ്ടി 1500 രൂപയായി പെൻഷൻ വർധിപ്പിച്ചോ എന്നുള്ളതാണ്. ഭരണത്തിൽ നിന്ന് മാറുന്നതിന് മുൻപ് ഉമ്മൻ ചാണ്ടി അവതരിപ്പിച്ച ബഡ്ജറ്റിൽ 75 കഴിഞ്ഞവരുടെ പെൻഷൻ 1200 രൂപയിൽ നിന്ന് 1500 രൂപയാക്കി വർദ്ധിപ്പിച്ചു. ഇതു സംബന്ധിച്ച് 1.3.16-ൽ ഇറക്കിയ ഉത്തരവിൽ വർദ്ധിപ്പിച്ച തുക 1.4.16 മുതൽ കൊടുക്കുമെന്നായിരുന്നു. പക്ഷേ, അതിനുമുമ്പ് ഇലക്ഷൻ പ്രഖ്യാപിച്ചു. ഒരു പൈസയും കൊടുക്കേണ്ടിയും വന്നിട്ടില്ല. അതു തന്നെയായിരുന്നു യുഡിഎഫിന്റെ ഉദ്ദേശവും. ഇതാണ് തങ്ങൾ പെൻഷൻ 1500 ആക്കിയതായി വമ്പ് പറയുന്നത്. ഇത്തരം പ്രായാധിക്യക്കാരുടെ പെൻഷൻ മൊത്തം പെൻഷന്റെ 10 ശതമാനമേ വരൂ.

ഇനി എൽഡിഎഫിന്റെ കുടിശിഖയുടെ കാര്യം- ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും അതിനു മുമ്പും പെൻഷൻ നൽകിയിരുന്നത് വർഷത്തിൽ മൂന്നോ നാലോ തവണകളായിട്ടാണ്. അത് അവസാനിപ്പിച്ച് മാസാമാസം പെൻഷൻ വിതരണം ചെയ്യാൻ തുടങ്ങിയത് കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്താണ്. അതിനായിട്ടാണ് പെൻഷൻ കമ്പനിക്കു രൂപം നൽകിയത്. യുഡിഎഫിന്റെ ഒത്താശയോടെ ബിജെപിയുടെ കേന്ദ്ര സർക്കാർ ഈ കമ്പനിയെ തകർത്തു. ഈ കമ്പനി എടുക്കുന്ന താല്ക്കാലിക വായ്പകളും സംസ്ഥാന സർക്കാരിന്റെ വായ്പയായി കണക്കാക്കുമെന്ന കേന്ദ്ര സർക്കാരിന്റെ ഇണ്ടാസ് വന്നതോടെ മാസാമാസം പെൻഷൻ വിതരണം ചെയ്യുകയെന്നത് അസാധ്യമായി തീർന്നു. എന്നിട്ട് ഇപ്പോൾ പെൻഷൻ കുടിശിഖയെന്നു പറഞ്ഞു ലഹളകൂട്ടുകയാണ്.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 34 ലക്ഷം പേർക്ക് ആയിരുന്നു പെൻഷൻ എങ്കിൽ ഇന്ന് 60 ലക്ഷം പേർക്ക് പെൻഷൻ ഉണ്ട്. അന്ന് 600 രൂപ ആയിരുന്നു പെൻഷൻ എങ്കിൽ ഇന്ന് അത് 1600 രൂപയാണ്. നാണമില്ലേ യുഡിഎഫിന് പെൻഷന്റെ പേരിൽ ഇനിയും കോപ്രായങ്ങൾ കാട്ടിക്കൂട്ടാൻ?





ക്ഷേമ പെൻഷനുകൾ മുടക്കിയ യുഡിഎഫ്

ഇപ്പോൾ കള്ളം പറഞ്ഞ് രക്ഷപ്പെടുന്നു: മുൻമന്ത്രി തോമസ് ഐസക്
ക്ഷേമ പെൻഷനുകൾ മുടക്കിയ യുഡിഎഫ്

ഇപ്പോൾ കള്ളം പറഞ്ഞ് രക്ഷപ്പെടുന്നു: മുൻമന്ത്രി തോമസ് ഐസക്

#DrThomasIsaac #Pension #LDF #UDF