ബജറ്റ് -നിർമല സീതാരാമൻ -2023

: Tuesday Feb 7, 2023

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2023-–-24 വർഷത്തേക്കുള്ള ബജറ്റ് ജനവിരുദ്ധവും രാജ്യം നേരിടുന്ന സാമ്പത്തികമാന്ദ്യം തുടരാനിടയാക്കുന്നതുമാണ്.

2020–-21ലെ കോവിഡ് മഹാമാരി രാജ്യത്തിന്റെ സമ്പദ്ഘടനയിൽ വലിയ തകർച്ച സൃഷ്ടിച്ചിരുന്നു. തൊഴിലും വരുമാനവും നഷ്ടപ്പെട്ട തൊഴിലാളികളും മറ്റ് സാധാരണ ജനങ്ങളും കടുത്ത ജീവിതപ്രയാസം നേരിട്ടു.

രാജ്യത്തെ വ്യവസായ നിക്ഷേപം കുറയുകയും പ്രധാന വ്യവസായമേഖലകളിലെ ഉൽപ്പാദനം കുറയുകയും ചെയ്തു. ഈ സാഹചര്യം മറികടക്കാനുതകുന്ന നടപടികളാണ് പുതിയ ബജറ്റിൽ ജനങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ, സമ്പദ്ഘടനയുടെ തകർച്ചയ്‌ക്ക് ഒരു പരിഹാരവും കാണാനുതകുന്നതല്ല കേന്ദ്ര ബജറ്റ്.

2014 മുതൽ മോദി സർക്കാർ സ്വീകരിക്കുന്ന കോർപറേറ്റനുകൂല നയങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് ബജറ്റ്-.

ജനങ്ങൾ ദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും തള്ളപ്പെടുമ്പോഴും വൻകിട കുത്തകകൾ സമ്പത്ത് വാരിക്കൂട്ടുന്നു.

ബജറ്റിലൊരിടത്തും തൊഴിലാളി- , തൊഴിലാളിക്ഷേമം എന്ന വാക്കില്ല. രാജ്യം ‘ഔപചാരിക സമ്പദ്ഘടന’യായി മാറിയെന്നാണ് ധനമന്ത്രി പറയുന്നത്. അതിന് ഉപോൽബലകമായി പറഞ്ഞ കാര്യം പ്രോവിഡന്റ്‌ ഫണ്ട് അംഗങ്ങൾ 27 കോടിയായി ഉയർന്നു എന്നതാണ്. ഇത് അടിസ്ഥാനരഹിതമായ വാദമാണ്. പ്രോവിഡന്റ്‌ ഫണ്ട് നടപ്പായ കാലംതൊട്ട് ഇന്നുവരെ രജിസ്റ്റർ ചെയ്ത എണ്ണമാണ് മന്ത്രി പറഞ്ഞത്. എന്നാൽ, ഇപ്പോൾ തൊഴിൽ ചെയ്തുകൊണ്ട് പിഎഫിൽ വിഹിതം അടയ്‌ക്കുന്നവരുടെ എണ്ണം അഞ്ചു കോടിയിൽ താഴെ മാത്രമാണ്.

"സബ് കാ സാത്, സബ് കാ വികാസ്’ എന്ന മുദ്രാവാക്യം ഇടയ്‌ക്കിടെ മുഴക്കിയ ബജറ്റ് പ്രസംഗത്തിലൊരിടത്തും ‘തൊഴിലാളി ക്ഷേമം’ എന്നൊരു വാക്കില്ല. അവരുടെ ജീവിതം അഭിവൃദ്ധിപ്പെടുത്തുന്ന ഒരു നിർദേശവും ബജറ്റിലില്ല.

വികസനത്തിൽ എല്ലാവരെയും ഉൾക്കൊള്ളുമെന്ന ബജറ്റിലെ പ്രസ്താവന വായ്ത്താരിമാത്രം.

കർഷകരുടെ ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിന് ‘മിനിമം സപ്പോർട്ട് പ്രൈസ്’ നിശ്ചയിക്കണമെന്ന സംയുക്ത കർഷക സമിതിയുടെ ആവശ്യത്തെക്കുറിച്ച് ബജറ്റ് മൗനം പാലിച്ചു.

കർഷകസമരം അവസാനിപ്പിക്കുന്ന സന്ദർഭത്തിൽ സർക്കാർ എഴുതി നൽകിയ ഉറപ്പ് പാലിച്ചില്ല. രാസവള സബ്സിഡി 2022–- 23 ബജറ്റിൽ 2,25,220 കോടി രൂപ വകകൊള്ളിച്ചിരുന്ന സ്ഥാനത്ത് പുതിയ ബജറ്റിൽ 1,75,100 കോടിയായി വെട്ടിക്കുറച്ചു. യൂറിയ സബ്സിഡി കഴിഞ്ഞ വർഷം 1,54,098 കോടി രൂപയായിരുന്നത് 1,31,100 കോടി രൂപയായി കുറച്ചു. പി എം കിസാൻ നിധിക്കുള്ള പണം 2022-–-23ൽ 68,000 കോടി രൂപയായിരുന്നത് 60,000 കോടിയായി കുറച്ചു.

പിഎം ആവാസ് യോജനയ്‌ക്കുള്ള ഫണ്ട് 90,020 കോടി രൂപയായിരുത് 79,590 കോടിയായി കുറച്ചു. ഭക്ഷ്യ സബ്സിഡി 2022-–-23ൽ 2,87,194 കോടിയായിരുന്നത് 1,97,350 കോടിയായും പെട്രോളിയം സബ്സിഡി (പാചകവാതകത്തിന്) 9171 കോടിയായിരുന്നത് 2257 കോടിയായും കുറച്ചു.

ആരോഗ്യമേഖലയുടെ തുക ബജറ്റ് ചെലവിന്റെ 1.9 ശതമാനം മാത്രമാണ്. വിദ്യാഭ്യാസമേഖലയ്‌ക്ക് നീക്കിവച്ച ചെലവ് ആകെ ചെലവിന്റെ 2.5 ശതമാനം മാത്രമാണ്.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് 2021-–-22ൽ 98,468 കോടിയും 2022-–-23ൽ 89,400 കോടിയും വകകൊള്ളിച്ചിരുന്നിടത്ത് കേവലം 60,000 കോടി രൂപമാത്രം. മതന്യൂനപക്ഷവിഭാഗങ്ങളുടെ ക്ഷേമത്തിനായി 2021-–-22ൽ 1428 കോടിയുണ്ടായിരുന്നു. അത് 610 കോടിയായി വെട്ടിക്കുറച്ചു.

പട്ടികജാതിവിഭാഗം ജനസംഖ്യയുടെ 16 ശതമാനവും പട്ടികവർഗം 8.6 ശതമാനവുമാണ്. അവർക്ക് അനുവദിച്ച ബജറ്റ് തുക യഥാക്രമം 3.5 ശതമാനവും 2.7 ശതമാനവുമാണ്. പാർശ്വവൽക്കരിക്കപ്പെട്ട ജനതയോടുള്ള ബിജെപി സർക്കാരിന്റെ സമീപനം വ്യക്തമാക്കുന്നതാണ് ഇത്. അങ്കണവാടി, ആയുഷ്, നാഷണൽ ഹെൽത്ത് മിഷൻ തുടങ്ങിയ പദ്ധതികൾക്കും മതിയായ തുക അനുവദിച്ചില്ല. പാവപ്പെട്ടവരെ സഹായിക്കുന്ന സബ്സിഡികൾക്കായി 2022-–-23ൽ ബജറ്റ് ചെലവിന്റെ എട്ട്‌ ശതമാനം നീക്കിവച്ചിരുന്നു. 2023-–-24ൽ അത് ഏഴു ശതമാനമായി കുറച്ചു.

2022-–-23 വർഷത്തെ ജിഡിപി വളർച്ച ഏഴു ശതമാനമാണെന്നാണ് ധനമന്ത്രിയുടെ അവകാശവാദം. എന്നാൽ, 2022–-23നെ അപേക്ഷിച്ച് 2023-–-24ൽ സർക്കാർ ചെലവുകളുടെ വർധന കേവലം തുച്ഛമാണ്. നാണയപ്പെരുപ്പ നിരക്കും ജനസംഖ്യാ വർധന നിരക്കും കണക്കിലെടുത്താൽ നാമമാത്രമായ വർധനയാണ് വരുത്തിയത്.

ദരിദ്ര ജനകോടികളുടെ ജീവിതപ്രയാസങ്ങൾ പരിഹരിക്കാൻ പര്യാപ്തമായ ഒരു നിർദേശവും ബജറ്റിലില്ല. ആദായനികുതി നിരക്കുകളിൽ വരുത്തിയ മാറ്റങ്ങൾ മാസശമ്പളക്കാർക്കും മറ്റും ആശ്വാസം തോന്നുമെങ്കിലും പണപ്പെരുപ്പവും ആരോഗ്യ- വിദ്യാഭ്യാസ ചെലവുകൾ വർധിച്ചതും കണക്കിലെടുത്താൽ നിഷ്ഫലമാകുന്നതാണ്.

അതേസമയം, സമ്പന്നവർഗത്തിന് നൽകിയ നികുതി ഇളവുകൾവഴി ഖജനാവിനുണ്ടാകുന്ന നഷ്ടം 35,000 കോടി രൂപയാണ്. ‘സബ് കാ സാത്ത്- സബ് കാ വികാസ്’ വെറും പൊള്ളയായ വാഗ്‌ദാനംമാത്രം. സർക്കാർ നിലകൊള്ളുന്നത് സമ്പന്നവർഗത്തിനുവേണ്ടിമാത്രം.

സാമ്പത്തിക സർവേ റിപ്പോർട്ടിൽ പറയുന്നത് 2022-–-23ലെ ജിഡിപി വളർച്ച 6.5 ശതമാനമാണെന്നാണ്. -സ്വതന്ത്രഭാരത ചരിത്രത്തിൽ തുടർച്ചയായി വളർച്ചനിരക്ക് കുറയുന്നത് ആദ്യമാണ്-. ഉൽപ്പാദനമേഖലയിൽ വളർച്ച -1.6 ശതമാനവുമാണ്.

തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ഒരു നിർദേശവും ബജറ്റിലില്ല. കേന്ദ്ര സർവീസിലും റെയിൽവേ ഉൾപ്പെടെയുള്ള കേന്ദ്ര-പൊതുമേഖലയിലും നിലവിലുള്ള എട്ടു ലക്ഷത്തോളം ഒഴിവുകൾ നികത്താൻ പരിപാടിയില്ല.

ഇന്ത്യൻ തൊഴിലാളികളുടെ 94 ശതമാനം വരുന്ന അസംഘടിത- പരമ്പരാഗത മേഖലകളിലെ തൊഴിലാളികൾ നേരിടുന്ന ദുരിതത്തിന് തെല്ലെങ്കിലും ആശ്വാസം നൽകുന്ന ഒന്നും ബജറ്റിലില്ല.

ഭക്ഷ്യ സബ്സിഡി 2022-–-23ൽ 2,87,194 കോടിയായിരുന്നത് പുതിയ ബജറ്റിൽ 1,97,350 കോടിയായി കുറച്ചതുവഴി പാവപ്പെട്ടവരുടെ കഞ്ഞിയിൽ മണ്ണ് വീഴ്‌ത്തും.

2023 ജനുവരിയിൽ പുറത്ത് വന്ന ‘ഓക്സ്ഫാം’ റിപ്പോർട്ട് പറയുന്നത് രാജ്യത്തെ ജനങ്ങളുടെ പകുതിയിൽ താഴെ വരുന്ന പാവപ്പെട്ട ജനങ്ങൾ നൽകുന്ന പരോക്ഷനികുതി തുക മുകൾതട്ടിലെ 10 ശതമാനം വരുന്ന സമ്പന്നന്മാർ നൽകുന്ന പരോക്ഷ നികുതി തുകയുടെ ആറിരട്ടിയെന്നാണ്.

  • ഈ സാഹചര്യത്തിലും സമ്പന്നർക്ക് നികുതിയിൽ ഇളവ് നൽകപ്പെട്ടു.- ഭക്ഷ്യ സബ്സിഡിയിൽ 29 ശതമാനവും ഭക്ഷ്യവസ്തുക്കളുടെ സംഭരണ തുകയിൽ 17 ശതമാനവും ഉച്ചഭക്ഷണ പദ്ധതി തുകയിൽ 9.4 ശതമാനവും പോഷകാഹാര പദ്ധതിയിൽ 38 ശതമാനവും 2022-–-23 വർഷത്തെ ബജറ്റ് തുകയെ അപേക്ഷിച്ച് കുറവ് വരുത്തിയ സർക്കാരാണ് സമ്പന്നർക്ക് വലിയ ഇളവ് നൽകിയത്.- മോഡി സർക്കാർ ആരോടൊപ്പമാണെന്ന് ഈ നടപടികൾ വ്യക്തമാക്കുന്നു.

കേരളത്തെ ക്രൂരമായി അവഗണിച്ച ബജറ്റാണ് 2023-–-24ലേത്. സംസ്ഥാനങ്ങൾക്ക് കടമെടുക്കാനുള്ള പരിധി മൂന്ന്‌ ശതമാനത്തിൽനിന്ന് 0.5 ശതമാനം വർധിപ്പിക്കുന്നതിനുള്ള നിർദേശത്തോടൊപ്പം വൈദ്യുതിമേഖലയിലെ പരിഷ്കാരങ്ങൾ (സ്വകാര്യവൽക്കരണം) അംഗീകരിച്ചാലേ ഇത് നൽകൂ എന്നും പറയുന്നു.

ആരോഗ്യമേഖലയിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളത്തിന് ‘എയിംസ്’ അനുവദിച്ചില്ല. റെയിൽവേ വികസനപദ്ധതികൾ ഒന്നും അനുവദിച്ചില്ല. സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനു മുമ്പിൽ അവതരിപ്പിച്ച ഒരു വികസന പദ്ധതിയും അനുവദിച്ചില്ല. ജിഎസ്ടി നഷ്ടപരിഹാരം തുടർന്നും നൽകണമെന്ന ആവശ്യവും തിരസ്‌കരിക്കപ്പെട്ടു.

കേരളത്തിലെ റബർ കർഷകരെയും തോട്ടം തൊഴിലാളികളെയും സംരക്ഷിക്കാൻ റബർ ഇറക്കുമതി ചുങ്കം ഉയർത്തണമെന്ന ആവശ്യം പരിഗണിച്ചില്ല. ‘കോമ്പൗണ്ട്’ റബറിന്റെ ചുങ്കം ഉയർത്തിയത് വെറും കണ്ണിൽ പൊടിയിടൽമാത്രം.

ലക്ഷക്കണക്കിനു വരുന്ന പരമ്പരാഗത തൊഴിലാളികൾ,- കയർ, കശുവണ്ടി, ബീഡി, കൈത്തറി, മത്സ്യം, കൈത്തൊഴിലുകൾ, ഖാദി- മേഖലകൾ അനുഭവിക്കുന്ന യാതനകൾക്ക് ആശ്വാസം നൽകുന്ന ഒരു നിർദേശവും പുതിയ ബജറ്റിലില്ല. കോർപറേറ്റുകളുടെ വളർച്ചയിൽ അഭിമാനം കൊണ്ടുനടന്ന സർക്കാർ അദാനിയുടെ വീഴ്ചയിൽനിന്ന് ഒരു പാഠവും പഠിക്കുന്നില്ല. ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം.

###############################
ഇന്ത്യയിലെ ഭരണഘടനപ്രകാരം വിഭവ സമാഹരണമാര്‍ഗ്ഗങ്ങള്‍ യൂണിയന്‍ സര്‍ക്കാരിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. മൊത്തം റവന്യൂ വരുമാനത്തിന്റെ 60 ശതമാനം കേന്ദ്രമാണ് സമാഹരിക്കുന്നത്. അതേസമയം രാജ്യത്തെ വികസന ചെലവുകളുടെ 40 ശതമാനമേ കേന്ദ്രത്തിന്റെ ബാധ്യതയാകുന്നുള്ളൂ; 60 ശതമാനം സംസ്ഥാനങ്ങളുടെ ചുമതലയാണ്. ജലസേചനം, റോഡുകള്‍, വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വികസന ചെലവുകളും ക്രമസമാധാനം, പൊതുഭരണം തുടങ്ങിയ ഭരണ ചെലവുകളും വഹിക്കേണ്ടിവരുന്നത് സംസ്ഥാനങ്ങളാണ്.

മൊത്തം ചെലവിന്റെ 60 ശതമാനമെന്നത് സംസ്ഥാനങ്ങളുടെ വികസനഭാരത്തിന്റെ യഥാര്‍ത്ഥ സ്ഥിതി വെളിപ്പെടുത്തുന്നില്ല. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അവരിപ്പോള്‍ ചെലവഴിച്ചുകൊണ്ടിരിക്കുന്ന തുകയേ ഇതില്‍ പ്രതിഫലിക്കുന്നുള്ളൂ; യഥാര്‍ത്ഥ ആവശ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല.

വരുമാന പരിമിതിമൂലം സംസ്ഥാനങ്ങള്‍ക്ക് അവരുടെ ചുമതലകള്‍ കാര്യക്ഷമമായി നിര്‍വഹിക്കാന്‍ കഴിയുന്നില്ല എന്നതാണ് അവസ്ഥ. സംസ്ഥാനങ്ങള്‍ക്ക് അവരുടെ വരുമാനമനുസരിച്ചേ ചെലവ് ചെയ്യാനാകൂ. കേന്ദ്രസര്‍ക്കാരിന് യഥേഷ്ടം വായ്പയെടുക്കുന്നതിനോ പുതിയ പണം പുറത്തിറക്കുന്നതിനോ കഴിയും.

മേല്‍ വിവരിച്ച അസന്തുലിതാവസ്ഥയാണ് കേന്ദ്ര സംസ്ഥാന ബന്ധങ്ങളിലെ അടിസ്ഥാന യാഥാര്‍ത്ഥ്യം. ഇത് പരിഹരിക്കുന്നതിന് ഭരണഘടനയില്‍ ഫിനാന്‍സ് കമ്മീഷന്‍പോലുള്ള ചില വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഭരണഘടനാ വ്യവസ്ഥയ്ക്ക് പുറത്ത് പ്ലാനിംഗ് കമ്മിഷന്‍പോലുള്ള സംവിധാനങ്ങളും രൂപംകൊണ്ടു. ഇത്തരം ഭരണഘടനാ വ്യവസ്ഥകളെയും കീഴ്വഴക്കങ്ങളേയും അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. ഇത് സംസ്ഥാനങ്ങളുടെ ധനകാര്യ പ്രതിസന്ധി രൂക്ഷമാക്കുന്നു.

########

കേന്ദ്ര നികുതി വിഹിതം ഭരണഘടനാപരമായ അവകാശം

കേന്ദ്ര സര്‍ക്കാരിന്റെ റവന്യൂ വരുമാനത്തില്‍ നീതിപൂര്‍വകമായ വിഹിതം സംസ്ഥാനങ്ങള്‍ക്ക് കൈമാറുന്നതിന് 5 വര്‍ഷം കൂടുമ്പോള്‍ കേന്ദ്ര ധനകാര്യ കമ്മീഷനെ നിയോഗിക്കണമെന്ന് ഭരണഘടന വ്യവസ്ഥചെയ്യുന്നു. ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ 14ാം ധനകാര്യകമ്മീഷന്റെ ശുപാര്‍ശകളാണ് നിലവിലുണ്ടായിരുന്നത്.

14‌‌ാം ധനകാര്യ കമ്മീഷന്‍ ധനവിന്യാസത്തില്‍ സംസ്ഥാനങ്ങള്‍ക്കനുകൂലമായ വലിയൊരു മാറ്റം വരുത്തിയിരുന്നു. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര നികുതി വിഹിതം 32 ശതമാനമായിരുന്നത് 42 ശതമാനമായി ധനകാര്യ കമ്മീഷന്‍ ഉയര്‍ത്തി. ഇത് സംസ്ഥാനങ്ങളുടെ ധനസ്ഥിതിയില്‍ ആശാവഹമായ മാറ്റം വരുത്തുമെന്ന പ്രതീക്ഷയുയര്‍ത്തി. എന്‍ഡിഎ സര്‍ക്കാര്‍ ഇതിന് തുരങ്കംവച്ചു.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ 42 ശതമാനം നികുതി വിഹിതമെന്നുള്ളത് പുനരാലോചിക്കണമെന്ന ആവശ്യം ബിജെപി സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. എല്ലാ സംസ്ഥാന സര്‍ക്കാരുകളും കൂട്ടായി എതിര്‍ത്തതുകൊണ്ട് 42ല്‍ നിന്ന് 41 ആയി കുറയ്ക്കുകയേ ചെയ്തുള്ളൂ. ജമ്മുകശ്മീരിന്റെ വിഹിതം തല്‍ക്കാലം ഒഴിവാക്കിയതുകൊണ്ടുമാത്രമായിരുന്നു ഇത്.

ധനകാര്യ കമ്മീഷന്‍ വഴി ചെയ്യാന്‍ കഴിയാതിരുന്ന കാര്യം സെസും സര്‍ചാര്‍ജും വര്‍ദ്ധിപ്പിച്ചുകൊണ്ട് ഒരുപരിധിവരെ കേന്ദ്രം നേടി. കേന്ദ്ര നികുതി വരുമാനത്തില്‍ നിന്ന് സര്‍ചാര്‍ജ്ജും സെസും കഴിഞ്ഞുള്ള തുകയാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ട നികുതി (divisible pool). എന്തുകൊണ്ട് സര്‍ചാര്‍ജ്ജും സെസും ഒഴിവാക്കുന്നു? ഇവ പ്രത്യേക ആവശ്യങ്ങള്‍ക്കുവേണ്ടി പിരിക്കുന്നതാണ്.

ഉദാഹരണത്തിന് റോഡ് സെസ് അല്ലെങ്കില്‍ വിദ്യാഭ്യാസ സെസ്. അങ്ങനെ കിട്ടുന്ന പണം പങ്കുവയ്ക്കുന്നത് ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കു വിഘാതമാകുമെന്നാണ് കേന്ദ്രത്തിന്റെ വാദം. ഇതില്‍ ഒരു ശരിയുണ്ടെങ്കിലും ഇത് ദുരുപയോഗപ്പെടുത്തുന്നുവെന്ന വിമര്‍ശനം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള 2010ലെ എം.എം. പുഞ്ചി കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇതു സംബന്ധിച്ചു വിശദമായി പ്രതിപാദിക്കുന്നുണ്ട്

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014-15ല്‍ സെസും സര്‍ചാര്‍ജ്ജും കേന്ദ്ര നികുതി വരുമാനത്തിന്റെ 6 ശതമാനം മാത്രമായിരുന്നു. ഇപ്പോള്‍ അത് 20 ശതമാനത്തിനു മുകളിലാണ്. ഇതില്‍നിന്നും കോമ്പന്‍സേഷന്‍ സെസ് കുറച്ചാലും മോദി ഭരണത്തിനു കീഴില്‍ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടതില്ലാത്ത നികുതി വരുമാനം ഇരട്ടിയിലേറെ വര്‍ദ്ധിച്ചു.

പെട്രോള്‍, ഡീസല്‍ നികുതിയുടെ കാര്യത്തിലാണ് ഇത് ഏറ്റവും നിര്‍ലജ്ജം നടപ്പാക്കിയത്. 2014ല്‍ ബിജെപി അധികാരമേല്‍ക്കുമ്പോള്‍ അടിസ്ഥാന എക്സൈസ് തീരുവ 1.2 രൂപയും അഡീഷണല്‍ എക്സൈസ് തീരുവ 6 രൂപയും സെസ് 2 രൂപയുമായിരുന്നു. 2021ല്‍ അടിസ്ഥാന എക്സൈസ് തീരുവ 1.4 രൂപയും അഡീഷണല്‍ എക്സൈസ് തീരുവ 11 രൂപയും സെസ് 20.5 രൂപയുമായി ഉയര്‍ന്നു.

യൂണിയന്‍ ഫിനാന്‍സ് കമ്മീഷന്റെ അവാര്‍ഡ് പ്രകാരം കേന്ദ്ര നികുതിയുടെ 41 ശതമാനമാണല്ലോ സംസ്ഥാനങ്ങള്‍ക്കു കൈമാറേണ്ടത്. എന്നാല്‍ 2022-23ലെ ബജറ്റ് മതിപ്പു കണക്കു പ്രകാരം 29.60 ശതമാനം നികുതിയേ സംസ്ഥാനങ്ങള്‍ക്കു കൈമാറിയുള്ളൂ. ബിജെപി സര്‍ക്കാര്‍ ഒരുവര്‍ഷംപോലും പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത വിഹിതം കൈമാറിയിട്ടില്ല. 2014-15 മുതല്‍ 2022-23 വരെയുള്ള കാലയളവെടുത്താല്‍ ശരാശരി കൈമാറിയത് 32.54 ശതമാനം മാത്രമാണ്.

അതിഭീമമായ തുകയാണ് ഇതുവഴി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നഷ്ടപ്പെടുന്നത്. 2022-23ലെ ബജറ്റ് പ്രകാരം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറുന്ന നികുതി വിഹിതം 8,16,649 കോടി രൂപയാണ്. യഥാര്‍ത്ഥത്തില്‍ 41 ശതമാനം നികുതി കൈമാറിയിരുന്നെങ്കില്‍ 11,31,169 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചേനേ. അതായത് നടപ്പുവര്‍ഷത്തില്‍ സംസ്ഥാനങ്ങള്‍ക്ക് 3,14,520 കോടി രൂപ നഷ്ടമാകും.

കേന്ദ്രാവിഷ്കൃത പദ്ധതികള്‍

ഭരണഘടന ധനകാര്യ കമ്മീഷന്‍ വഴിയുള്ള ധനവിന്യാസത്തെക്കുറിച്ചേ പറയുന്നുള്ളൂ. എന്നാല്‍ കാലക്രമേണ സംസ്ഥാനങ്ങളുടെ വികസന അധികാരത്തില്‍പ്പെടുന്ന മേഖലകളില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിച്ച് സംസ്ഥാനങ്ങള്‍വഴി നടപ്പാക്കുന്ന സമ്പ്രദായം കൊണ്ടുവന്നു. ഇത്തരം സ്കീമുകളെയാണ് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ എന്നു പറയുന്നത്.

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മാനദണ്ഡങ്ങള്‍ രാജ്യത്ത് എല്ലായിടത്തും ഒരുപോലെയാണ്. എന്നാല്‍ ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികള്‍ വ്യത്യസ്തമാണ്. അതുകൊണ്ട് ഇത്തരം സ്കീമുകളില്‍ കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാതെ സംസ്ഥാനങ്ങള്‍ക്കു പണം കൈമാറുകയാണു വേണ്ടതെന്ന് ശക്തമായി സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടുവന്ന കാര്യമാണ്.

14ാം ധനകാര്യ കമ്മീഷന്‍ കേന്ദ്ര നികുതി വിഹിതം 42 ശതമാനമായി ഉയര്‍ത്തിയപ്പോള്‍ ബിജെപി സര്‍ക്കാര്‍ പല കേന്ദ്രാവിഷ്കൃത പദ്ധതികളും നിര്‍ത്തലാക്കി. സംസ്ഥാനങ്ങള്‍ക്ക് അത്രയും ധനവിന്യാസം നിഷേധിക്കപ്പെട്ടു. ഇതിനുപുറമേ അവശേഷിച്ച സ്കീമുകളില്‍ സംസ്ഥാനവിഹിതം വര്‍ദ്ധിപ്പിച്ചു. ഉദാഹരണത്തിന്, സര്‍വശിക്ഷാ അഭിയാനില്‍ നേരത്തെ 30 ശതമാനമായിരുന്നു സംസ്ഥാനവിഹിതം. മോദിയത് 50 ശതമാനമാക്കി. എന്‍ആര്‍എച്ച്എമ്മില്‍ 10 ശതമാനമായിരുന്ന സംസ്ഥാനവിഹിതം; 40 ശതമാനമാക്കി. ആക്സിലറേറ്റഡ് ഡ്രിങ്കിംഗ് വാട്ടര്‍ സ്കീമില്‍ 10 ശതമാനം സംസ്ഥാന വിഹിതം 50 ശതമാനമാക്കി. ഇത്തരത്തില്‍ കേന്ദ്രപദ്ധതികളില്‍ സംസ്ഥാനങ്ങളുടെ ഭാരം വര്‍ദ്ധിപ്പിച്ചു.

ഫിനാന്‍സ് കമ്മീഷനുകള്‍ കേന്ദ്രത്തിന്റെ വരുതിയില്‍

സംസ്ഥാനങ്ങളോടു ചര്‍ച്ച ചെയ്യാതെ കേന്ദ്ര ഫിനാന്‍സ് കമ്മീഷനെ നിയമിക്കുന്ന രീതിയോട് കടുത്ത വിമര്‍ശനം എക്കാലത്തും ഉണ്ടായിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ നിയമിച്ച എന്‍.കെ. സിംഗ് അധ്യക്ഷനായുള്ള 15ാം ധനകാര്യ കമ്മീഷനാണ് ഏറ്റവും വലിയ വിവാദം സൃഷ്ടിച്ചിട്ടുള്ളത്. സാമ്പത്തികമായി സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള കൃത്യമായ ഒരു അജന്‍ഡയാണ് കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ ഉണ്ടായിരുന്നത്.

ഭരണഘടനയില്‍തന്നെ സംസ്ഥാനങ്ങള്‍ക്കായി വ്യവസ്ഥ ചെയ്തിട്ടുള്ള റവന്യു കമ്മി ഗ്രാന്റ് തുടരേണ്ടതുണ്ടോ എന്നതായിരുന്നു ഒരു പരിഗണനാ വിഷയം. നികുതി വിഹിതം ലഭിച്ചാലും വലിയ കമ്മി നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കു നല്‍കിയിരുന്ന പ്രത്യേക പരിഗണനയാണിത്. ഇതു നിര്‍ത്തലാക്കിയിരുന്നെങ്കില്‍ കേരളത്തിനു വലിയ നഷ്ടമുണ്ടായേനേ.

രാജ്യവ്യാപകമായ പ്രതിരോധം ഉറപ്പുവരുത്തിക്കൊണ്ടാണ് ഈ നീക്കം തടയാനായത്. തന്മൂലം കേരളത്തിന് 80,000ത്തോളം കോടി രൂപ അധികമായി ലഭിച്ചു.
14ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ പുനരവലോകനം ചെയ്യണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു.

ധനകാര്യ കമ്മീഷന്റെ ഗ്രാന്റുകള്‍ ലഭിക്കുന്നതിനു കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു. കുടിവെള്ളം, ജലസേചനം, വൈദ്യുതി തുടങ്ങിയ സേവനമേഖലകളുടെ നിരക്കുകള്‍പോലും വര്‍ദ്ധിപ്പിക്കുന്നത് പരിഗണനാ വിഷയങ്ങളായിരുന്നു. ഇത്തരത്തിലുള്ള നിബന്ധനകളൊന്നും ഭരണഘടന വിഭാവനം ചെയ്യുന്നില്ല.

ധന ഉത്തരവാദിത്വ നിയമത്തിന്റെ പുനരവലോകനവും പരിഗണനാ വിഷയമായിരുന്നു. ചെയര്‍മാന്‍ എന്‍.കെ. സിംഗ് തന്നെ മറ്റൊരു കമ്മിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ധനഉത്തരവാദിത്വ നിയമം കര്‍ശനമാക്കണമെന്നും സംസ്ഥാനങ്ങളുടെ വായ്പാ പരിധി 3 ശതമാനത്തില്‍ നിന്ന് 1.75 ശതമാനമായി താഴ്ത്തണമെന്നും അഭിപ്രായപ്പെട്ടിരുന്നു. 15ാം ധനകാര്യ കമ്മീഷന്‍ ഇത്തരമൊരു നിലപാട് മുന്നോട്ടു വയ്ക്കാതിരുന്നതിന്റെ കാരണം വ്യക്തമാണ്. കോവിഡുമൂലം സാമ്പത്തിക തകര്‍ച്ച നേരിട്ടിരുന്ന കാലത്ത് വായ്പ കുറവു ചെയ്യാന്‍ വകതിരിവുള്ള ആരും പറയില്ല. സംസ്ഥാനങ്ങളെ കോവിഡ് രക്ഷിച്ചൂവെന്നു പറയാം.

ആസൂത്രണ കമ്മീഷന്‍ നിര്‍ത്തലാക്കല്‍

സംസ്ഥാന ആസൂത്രണ ബോര്‍ഡുകള്‍ക്കു പകരം നിതി ആയോഗിന്റെ കുട്ടിപ്പതിപ്പ് സംസ്ഥാനങ്ങളില്‍ സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സംസ്ഥാന അധികാരങ്ങളുടെ മേലുള്ള കയ്യേറ്റമാണ്. സാമ്പത്തികസാമൂഹിക ആസൂത്രണം കണ്‍കറന്റ് ലിസ്റ്റില്‍ 20ാംമത്തെ ഇനമാണ്. കണ്‍കറന്റ് ലിസ്റ്റില്‍ ആയതുകൊണ്ട് നിയമ നിര്‍മ്മാണത്തിലൂടെ അല്ലാതെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ചിരിക്കുന്ന ആസൂത്രണ ബോര്‍ഡിനെ ഒരു എക്സിക്യുട്ടീവ് ഉത്തരവിലൂടെ ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയില്ല. തന്മൂലം കേന്ദ്രത്തിന്റെ ഇണ്ടാസ് കേരളത്തില്‍ നടപ്പായില്ല. നമ്മുടെ ആസൂത്രണ ബോര്‍ഡ് തുടര്‍ന്നു.

2015ല്‍ കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണ കമ്മീഷന്‍ അവസാനിപ്പിച്ച് നിതി ആയോഗ് എന്ന ഉന്നത കൂടിയാലോചനാ സമിതിക്കു (think tank)) രൂപം നല്‍കി. ആസൂത്രണത്തില്‍ നിന്നുള്ള പരിപൂര്‍ണ്ണമായ പിന്‍വാങ്ങലിനെയാണ് ഈ പുതിയ സ്ഥാപനം പ്രതിനിധാനം ചെയ്യുന്നത്. പ്ലാനിംഗ് കമ്മീഷനില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രാതിനിധ്യം ഉണ്ടായിരുന്നില്ലെങ്കിലും തുടര്‍ച്ചയായ ആശയവിനിമയം ഉണ്ടായിരുന്നു.

അതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനങ്ങള്‍. പദ്ധതിയുമായി ബന്ധപ്പെട്ട് ദേശീയ വികസന സമിതി അഞ്ചുവര്‍ഷം കൂടുമ്പോള്‍ നിര്‍ബന്ധമായും മുഖ്യമന്ത്രിമാരുടെ പങ്കാളിത്തത്തോടെ യോഗവും ചേരുമായിരുന്നു. എന്നാല്‍ നിതി ആയോഗ് കേന്ദ്ര സര്‍ക്കാരിന്റെ ഒരു ഉപദേശക സമിതി മാത്രമാണ്. നിയോലിബറല്‍ നയങ്ങള്‍ കരുപ്പിടിപ്പിക്കാനുള്ള ഒരു ഉപദേശക സമിതി. സംസ്ഥാന പ്രാതിനിധ്യത്തിനു പകരം കോര്‍പ്പറേറ്റ് പങ്കാളിത്തമാണ് ഇതിന്റെ സ്വഭാവം.

പഞ്ചവത്സര പദ്ധതികള്‍ അവസാനിച്ചതോടെ ആസൂത്രണ കമ്മീഷന്‍ തീരുമാനമെടുത്തിരുന്ന കേന്ദ്ര ബജറ്റിന്റെ നാലിലൊന്ന് വരുന്ന വികസന ഫണ്ട് പൂര്‍ണ്ണമായും കേന്ദ്ര ധനകാര്യ മന്ത്രിയുടെ ഇഷ്ടപ്രകാരമായി വിനിയോഗം. സംസ്ഥാനങ്ങള്‍ക്കു നല്‍കിയിരുന്ന പദ്ധതി ധനസഹായവും നിലച്ചു. അതിനു പകരം ആവശ്യം വരുമ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രിക്ക് പാക്കേജ് പ്രഖ്യാപിക്കാനുള്ള ഫണ്ടായി തീര്‍ന്നു അത്.

ധനഉത്തരവാദിത്വ നിയമം

കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കടമെടുക്കുന്നതു നിയന്ത്രിക്കുന്നതിന് പാര്‍ലമെന്റും നിയമസഭയും ധനഉത്തരവാദിത്വ നിയമം പാസ്സാക്കിയിട്ടുണ്ട്. അതുപ്രകാരം ജിഡിപിയുടെ 3 ശതമാനത്തിനപ്പുറം ഒരു വര്‍ഷം വായ്പയെടുക്കാന്‍ പാടില്ല. അതോടൊപ്പം വായ്പയെടുക്കുന്ന തുക സര്‍ക്കാരിന്റെ ദൈനംദിന റവന്യു ചെലവിനായി ഉപയോഗിക്കാനും പാടില്ല. അഥവാ ധന കമ്മി 3 ശതമാനത്തില്‍ അധികരിക്കാന്‍ പാടില്ല. റവന്യു കമ്മി പൂജ്യവും ആയിരിക്കണം.

കേന്ദ്രം ഒരിക്കല്‍പ്പോലും ഈ നിയമത്തെ അനുസരിച്ചിട്ടില്ല. സംസ്ഥാനങ്ങള്‍ മൊത്തത്തില്‍ എടുത്താല്‍ നിയമാനുസൃതമായാണ് ബജറ്റുകള്‍ നടപ്പാക്കിയത്. 2002-04 കാലയളവിലാണ് ധനഉത്തരവാദിത്വ നിയമങ്ങള്‍ പാസ്സാക്കിയത്. അതിനു മുമ്പ് കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കമ്മിയും കടവും വളരെ ഉയര്‍ന്നതായിരുന്നു. ധനഉത്തരവാദിത്വ നിയമങ്ങള്‍ക്കുശേഷം എന്തു സംഭവിച്ചു?

  1. പത്തുവര്‍ഷംകൊണ്ട് സംസ്ഥാനങ്ങള്‍ റവന്യു കമ്മി ഇല്ലാതാക്കി. ചില സംസ്ഥാനങ്ങള്‍ റവന്യു മിച്ച സംസ്ഥാനങ്ങളായി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ റവന്യു കമ്മി 2.5 ല്‍നിന്ന് 3.5 ശതമാനമായി ഉയര്‍ന്നു.
  2. അഞ്ചുവര്‍ഷംകൊണ്ട് സംസ്ഥാനങ്ങളുടെ ധന കമ്മി അനുവദനീയ പരിധിയായ 3 ശതമാനത്തിനു താഴെയായി. ഒരു ഘട്ടത്തില്‍ 2 ശതമാനത്തിനും താഴെയായി. എന്നാല്‍ കേന്ദ്രത്തിന്റെ ധന കമ്മിയാകട്ടെ 5.0 ശതമാനത്തിനും 3.5 ശതമാനത്തിനുമിടയില്‍ ഉയര്‍ന്നു നിന്നു.
  3. സംസ്ഥാനങ്ങളുടെ കടബാധ്യത 25 ശതമാനമായി താഴ്ന്നു. കേന്ദ്രത്തിന്റേത് ഇപ്പോഴും 50 ശതമാനമാണ്.

ഇങ്ങനെ തുടര്‍ച്ചയായി നിയമലംഘനം നടത്തിയ കേന്ദ്ര സര്‍ക്കാരാണ് കേരളം പോലുള്ള ചില സംസ്ഥാനങ്ങള്‍ നിയമംലംഘിച്ചുവെന്നു പറഞ്ഞു വാള്‍ എടുത്തിരിക്കുന്നത്. ഇത് ഇപ്പോള്‍ കിഫ്ബി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ പശ്ചാത്തലസൗകര്യ നിര്‍മ്മാണത്തിനായി എടുക്കുന്ന വായ്പകള്‍ സംസ്ഥാത്തിന് അനുവദിച്ചിട്ടുള്ള വാര്‍ഷിക വായ്പയില്‍ നിന്ന് തട്ടിക്കിഴിക്കും എന്നിടം വരെയെത്തി.

ചരക്കുസേവന നികുതി

ഇതുവരെ പ്രതിപാദിച്ചത് കേന്ദ്രത്തില്‍ നിന്നുള്ള ധനവിന്യാസത്തെക്കുറിച്ചാണ്. എന്നാല്‍ ഭരണഘടന സംസ്ഥാനത്തിനും സ്വതന്ത്രമായി വിഭവസമാഹരണത്തിനു ചില മാര്‍ഗ്ഗങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനം വില്‍പ്പന നികുതിയാണ്. അതുകഴിഞ്ഞാല്‍ സ്റ്റാമ്പ് ഡ്യൂട്ടിയാണ്. മൂന്നാമത്തേത് മോട്ടോര്‍ വാഹന നികുതിയും. പുതിയ മോട്ടോര്‍ വാഹന നിയമം സംസ്ഥാന മോട്ടോര്‍ നികുതി പിരിവിനുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നഗരവികസന ഫണ്ടുകള്‍ ലഭിക്കുന്നതിന് ഒരു നിബന്ധനയായി സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. വില്‍പ്പന നികുതിയാവട്ടെ ജി.എസ്.ടിയില്‍ ലയിക്കുകയും ചെയ്തു.

2009ല്‍ ജി.എസ്.ടി സംബന്ധിച്ച് ധനമന്ത്രിമാരുടെ കമ്മിറ്റിയില്‍ ചര്‍ച്ച തുടങ്ങിയപ്പോള്‍ ഉണ്ടായിരുന്ന കാഴ്ചപ്പാടില്‍ നിന്നു വ്യത്യസ്തമായ ജി.എസ്.ടിക്കാണ് ബിജെപി രൂപം നല്‍കിയത്. ജി.എസ്.ടി വരുമാനത്തില്‍ 60 ശതമാനം സംസ്ഥാനങ്ങള്‍ക്കും 40 ശതമാനം കേന്ദ്രത്തിനും എന്നുള്ളത് മാറ്റി 50:50 ആക്കി. വാറ്റ് കാലത്തെന്നപോലെ സംസ്ഥാനത്തിനുള്ളിലെ ക്രയവിക്രയങ്ങളുടെ മേലുള്ള സംസ്ഥാന ജി.എസ്.ടിയില്‍ ഒരു ശതമാനം കൂട്ടാനും കുറയ്ക്കാനുമുള്ള അവകാശം ഉണ്ടായിരിക്കുമെന്നുള്ള ധാരണ പൊളിച്ചു. അത്തരം മാറ്റം പ്രകൃതിദുരന്തം പോലുള്ള വലിയ പ്രതിസന്ധിക്കാലത്തു മാത്രം ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്ന ഒന്നാക്കി മാറ്റി.

ഈ വിട്ടുവീഴ്ചകള്‍ക്കു സംസ്ഥാനങ്ങള്‍ തയ്യാറായത് 14 ശതമാനം വാര്‍ഷിക നികുതി വര്‍ദ്ധന അഞ്ചു വര്‍ഷത്തേക്കു കേന്ദ്ര സര്‍ക്കാര്‍ ഗ്യാരണ്ടി ചെയ്തതുകൊണ്ടാണ്. ഇതില്‍ കുറവുണ്ടായാല്‍ ആ കുറവു വരുന്ന തുക നഷ്ടപരിഹാരമായി പ്രത്യേക സെസ് വഴി പിരിച്ചു നല്‍കുന്നതിനും തീരുമാനമുണ്ടായി. എന്നാല്‍ ജി.എസ്.ടി വരുമാനം ഏതാണ്ട് 10 ശതമാനംവച്ചേ വര്‍ദ്ധിച്ചുള്ളൂ. ഇതുവരെ സംസ്ഥാനങ്ങളെ നികുതി വരുമാനത്തില്‍ ഉണ്ടായ ഇടിവ് ബാധിച്ചില്ല. കാരണം നഷ്ടപരിഹാരം ലഭിച്ചുവന്നു. എന്നാല്‍ ഇപ്പോള്‍ നഷ്ടപരിഹാര കാലയളവ് കഴിഞ്ഞു. നമുക്ക് പിരിഞ്ഞുകിട്ടുന്ന നികുതി മാത്രമായി വരുമാനം. കഴിഞ്ഞ വര്‍ഷം 14 ശതമാനംവച്ച് വര്‍ദ്ധിച്ചുകൊണ്ടിരുന്ന നികുതി പൊടുന്നനെ താഴും.

കേന്ദ്ര സര്‍ക്കാരിനു ചെയ്യാവുന്ന ഒരു കാര്യമുണ്ടായിരുന്നു. ജി.എസ്.ടി നഷ്ടപരിഹാര സമ്പ്രദായം ഒന്നോ രണ്ടോ വര്‍ഷവുംകൂടി ദീര്‍ഘിപ്പിക്കുക. അതുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് ഒരു നഷ്ടവുമില്ല. അഞ്ച് വര്‍ഷമായി പിരിച്ചുകൊണ്ടിരിക്കുന്ന നഷ്ടപരിഹാര സെസിന്റെ കാലയളവ് നീട്ടേണ്ട കാര്യമേയുള്ളൂ. നികുതി പിരിവ് സമ്പ്രദായവും അതിന്റെ ഐറ്റി സംവിധാനവും കുത്തഴിഞ്ഞതിന്റെ മുഖ്യഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണല്ലോ.

അതുപോലെ തന്നെ വളരെയേറെ ചര്‍ച്ചകള്‍ക്കുശേഷം നിശ്ചയിച്ചിരുന്ന ജി.എസ്.ടി നിരക്കുകള്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കണ്ടുകൊണ്ട് വെട്ടിക്കുറയ്ക്കുന്നതിനു മുന്‍കൈയെടുത്തതും കേന്ദ്ര സര്‍ക്കാരായിരുന്നു. എന്നാല്‍ നഷ്ടപരിഹാര കാലയളവ് നീട്ടാന്‍ തയ്യാറാകാതെ സംസ്ഥാനങ്ങളെ ധനകാര്യ പ്രതിസന്ധിയിലേക്കു തള്ളിവിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ഫെഡറല്‍ ഭരണഘടനയിലെ കേന്ദ്രസംസ്ഥാന ബന്ധങ്ങളെ പൊതുവായി നിയമനിര്‍മ്മാണം, ഭരണ നിര്‍വഹണം, നീതിന്യായം, നികുതി സംബന്ധിച്ചത് എന്നിങ്ങനെ നാലായി തിരിക്കാം. ഇവയില്‍ ധനകാര്യ മേഖല മാത്രമാണ് ഈ ലേഖനത്തില്‍ പ്രതിപാദിച്ചത്. സ്വാതന്ത്ര്യാനന്തര കാലത്തുടനീളം കേന്ദ്രീകരണ പ്രവണതകള്‍ പ്രകടമായിരുന്നു. എന്നാല്‍ ബിജെപി ഭരണകാലത്ത് കേന്ദ്രീകരണം പരമകാഷ്ഠയിലെത്തിയിരിക്കുകയാണ്.

രാജ്യത്തിന്റെ വൈവിധ്യത്തെ അംഗീകരിക്കാത്ത ആശയ സംഹിതയാണല്ലോ സംഘപരിവാറിന്റേത്. ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായ വികസനപാതകളും ധനപരമായ ആവശ്യങ്ങളും ഉണ്ടാകാമെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ ബിജെപി തയ്യാറല്ല. ഇതാണ് കേരളത്തിന്റെ വികസനം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

##########################################

കാർഷിക മേഖലയിൽ കോർപ്പറേറ്റുവത്ക്കരണം

വളം സബ്‌സിഡി വെട്ടിക്കുറച്ചു

വിവാദ കാർഷിക നിയമം ബജറ്റിലൂടെ നടപ്പാക്കാൻ ശ്രെമം

സ്വഭാവിക റബ്ബറിന്റെ ഇറക്കുമതി തീരുവ ഉയർത്തിയില്ല

പി എം കിസ്സാൻ സമ്മാൻ നിധിയിൽ വർധനയില്ല

വിദേശ കോർപ്പറേറ്റുകൾക്ക് നിക്ഷേപത്തിന് കരാർ

ടുറിസം രംഗത്ത് സ്വകാര്യ വൽക്കരണം

തൊഴിലുറപ്പ് പദ്ധതിക്ക് അവഗണന

വെട്ടിക്കുറച്ച കോർപ്പറേറ്റ് നികുതിയിൽ മാറ്റമില്ല

ജനസംഖ്യാ വർധന പഠിക്കാൻ ഉന്നതതല സമിതി

5 വർഷത്തിൽ 2 കോടി വീട് നിർമ്മിക്കും

നിലവിലെ ധനകമ്മി 5 .8 % അടുത്ത വര്ഷം 5 .1 % മാക്കും

അടുത്ത വര്ഷം 14 .13 ലക്ഷം കോടി രൂപ വായ്‌പ്പാ എടുക്കും

നടപ്പ് വര്ഷം 7 .3 ശതമാനം വളർച്ച നേടും

നികുതികളിൽ മാറ്റമില്ല

യുവജനങ്ങൾക്ക് പലിശ വായ്‌പ്പാ ലക്ഷം കോടി രൂപയുടെ കരുതൽ ഫണ്ട്

40 ,000 റെയിൽവേ ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും

ഊർജം ,ധാതുക്കൾ സിമന്റ് മേഖലകളിൽ മൂന്ന് രാവിൽവെ ഇടനാഴികൾ

ദീർഘകാലമായി നിലനിൽക്കുന്ന ചെറിയ നികുതി തർക്ക കേസുകൾ

ഊർജം ,ധാതുക്കൾ,സിമന്റ് മേഖലകളിൽ മൂന്ന് റെയിൽവേ ഇടനാഴികൾ

ദീർഘകാലമായി നിലനിൽക്കുന്ന ചെറിയ നികുതി തർക്ക കേസുകൾ ഉപേക്ഷിക്കും

സമ്പത്ത് ഘടനയെക്കുറിച്ച് ധവള പത്രം ഇറക്കും

ഇലക്ട്രിക്ക് വാഹന വിപണി വിപുലമാക്കും

ഒരു കോടി വീടുകളിൽ സോളാർ പദ്ധതിയിലൂടെ 300 യൂണിറ്റ് സൗജന്യ വൈദുതി

#നിർമ്മലാ സീതാരാമന്റെ ആറാം ബജറ്റ്

ജൂലൈയിൽ വിശദ ബജറ്റ്

2047 ൽ ഇന്ത്യയെ വികസിത ഭാരതമാക്കും