നമന്ത്രി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. മിനിമം സർക്കാർ, മാക്സിമം ഭരണം എന്നതാണ് നയം. സമ്പദ് ഘടനയിലെ സർക്കാർ ഇടപെടൽ ചുരുക്കുക. അതേ സമയം ഐഡിയോളജിക്കലായ അടിച്ചേൽപ്പിക്കലുകളുടെ രാഷ്ട്രീയ പ്രയോഗം കൂടുതൽ കൂടുതൽ ആക്രമണോൾസുകമാകും എന്നു വേണം മനസിലാക്കാൻ. ആ രീതിയിലാണ് അവർ തെരെഞ്ഞെടുപ്പിനെ നേരിടുന്നത്. സാധാരണ ഭരണ കൂടങ്ങൾ ചെയ്യുന്ന രീതികളല്ല ആർഎസ്എസ് സർക്കാരിനു പഥ്യം എന്നതാണ് ഒറ്റ നോട്ടത്തിൽ ബജറ്റിനെ കുറിച്ചു തോന്നുന്നത്- ഗോപകുമാർ മുകുന്ദൻ എഴുതുന്നു.
കേന്ദ്ര സർക്കാരിന്റെ 2023-24 ലെ പുതുക്കിയ ധനക്കമ്മി 5.8 ശതമാനമാണ്. 2024-2025 ലെ ധനക്കമ്മി 5.1% എന്നാണ് ബജറ്റ് പറയുന്നത്. കേരളത്തിന്റെ ഇക്കൊല്ലത്തെ ധനക്കമ്മി 3.5 ശതമാനമാണ് ബജറ്റ് ചെയ്തത്. കഴിഞ്ഞ കൊല്ലം 3.6 % ആയിരുന്നു ബജറ്റിൽ പറഞ്ഞത്. കേന്ദ്രം വായ്പ അനുമതി തരാതെ പിടിച്ചു വെച്ചതുകൊണ്ട് 2.2 ശതമാനം ആയിരുന്നു 2022-23 ലെ കേരളത്തിന്റെ ധനക്കമ്മി. ഈ വർഷം 2 ശതമാനം തന്നെ വരില്ല. കേരളത്തെ ചട്ടം പഠിപ്പിക്കുന്ന കേന്ദ്ര സർക്കാർ 5.8 ശതമാനം ധനക്കമ്മിയിലാണ്. ഇതാണ് ഇവർ നടത്തുന്ന വിവേചനം.
കേന്ദ്ര സർക്കാരിന്റെ ഒരു രൂപ വരുമാനത്തിൽ 28 പൈസായും കടമാണ്. അവരുടെ ഒരു രൂപ ചെലവിൽ 20 പൈസ പലിശയാണ്. കേരളത്തിന്റേത് 15 പൈസയാണ് കടം വരവ്. ഒരു രൂപ ചെലവിൽ 14 പൈസയാണ് പലിശ. കേരളം മുടിഞ്ഞു എന്ന ആഖ്യാനം ചമയ്ക്കുന്നവർ കാണുന്നുണ്ടോ എന്തോ?
വകയിരുത്തൽ ഒറ്റ നോട്ടത്തിൽ അതീവ നിരാശാ ജനകമാണ്. തൊഴിലുറപ്പു പദ്ധതിയുടെ ഇക്കൊല്ലത്തെ ചെലവ് 86000 കോടി രൂപ. 24-25 ലെ വകായിരുത്തലും അത്ര മാത്രം. Effective ആയി വകയിരുത്തൽ കുറയുന്നു എന്നർത്ഥം.
സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്ക് പത്തു പൈസ അധികമില്ല. 9600 കോടിയായി തുടരുന്നു. ഇവിടെയും ഫലത്തിൽ കുറയുന്നു. Pradhan Mantri Awas Yojna (PMAY)യ്ക്കു 79590 കോടി രൂപ കൊടുക്കും എന്നാണ് കഴിഞ്ഞ ബജറ്റിൽ പറഞ്ഞത്. അത് ഇക്കൊല്ലം തന്നെ 54130 കോടി രൂപയായി കുറയുന്നു. വരും കൊല്ലം 80000 കോടി കൊടുക്കും എന്നതാണ് ബജറ്റ് പ്രഖ്യാപനം. ഇക്കൊല്ലം പോലെ തന്നെ വർഷാവസാനം ഇതു തന്നെ ഗണ്യമായി കുറയാം.
ജൽജീവൻ മിഷൻ മാറ്റമില്ല.ഹെൽത്ത് മിഷൻ 36000 കോടി കൊടുക്കും എന്നു പറഞ്ഞത് വർഷാവസാനമായപ്പോൾ 33000 കോടിയായി കുറഞ്ഞു. വരും വർഷം 38000 ആണ് പ്രൊവിഷനിങ്. അംഗനവാടി പോഷൻ പദ്ധതിയുടെ വിഹിതം 21500 കോടിയിൽ നിന്നും 21200 കോടിയായി കുറയുകയാണ് ചെയ്യുന്നത്.
ഫെഡറൽ ധന ബന്ധങ്ങളെ കേന്ദ്ര സർക്കാർ മാനിക്കുന്നില്ല എന്നു വീണ്ടും ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. മൂലധന നിക്ഷേപത്തിനും, ടൂറിസം പോലുള്ള മേഖലകൾക്കുമുള്ള സഹായവും കേന്ദ്ര സർക്കാർ ഐഡിയോളജിയിലുള്ള നിബന്ധനകൾക്ക് വിധേയമായിരിക്കും എന്നു വീണ്ടും വ്യക്തമാക്കിയിരിക്കുന്നു.
ഇപ്പോൾ കേരളത്തിനു മൂലധന നിക്ഷേപ വായ്പ്പ നിഷേധിക്കുന്നതും ഹെൽത്ത് ഗ്രാന്റ് തടയുന്നതും വൈദ്യതി ബോർഡിലെ അവരുടെ നയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതും കൂടുതൽ ശക്തമാകും എന്നു ആശങ്കപ്പെടേണ്ട സാഹചര്യമാണ്.
ധനമന്ത്രി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. മിനിമം സർക്കാർ, മാക്സിമം ഭരണം എന്നതാണ് നയം. സമ്പദ് ഘടനയിലെ സർക്കാർ ഇടപെടൽ ചുരുക്കുക. അതേ സമയം ഐഡിയോളജിക്കലായ അടിച്ചേൽപ്പിക്കലുകളുടെ രാഷ്ട്രീയ പ്രയോഗം കൂടുതൽ കൂടുതൽ ആക്രമണോത്സുകമാകും എന്നു വേണം മനസിലാക്കാൻ. ആ രീതിയിലാണ് അവർ തെരെഞ്ഞെടുപ്പിനെ നേരിടുന്നത്. സാധാരണ ഭരണ കൂടങ്ങൾ ചെയ്യുന്ന രീതികളല്ല ആർഎസ്എസ് സർക്കാരിനു പഥ്യം എന്നതാണ് ഒറ്റ നോട്ടത്തിൽ ബജറ്റിനെ കുറിച്ചു തോന്നുന്നത്.
########################################
കേന്ദ്ര ബജറ്റ് - മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം
കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്ര ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളത്. റബ്ബർ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കം ഉയർത്തി ആഭ്യന്തര റബ്ബർ കൃഷിയെ പരിരക്ഷിക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല. കേരളത്തിന്റെ നെൽ കൃഷി, കേരകൃഷി, സുഗന്ധവ്യഞ്ജന കൃഷി തുടങ്ങിവയ്ക്ക് പ്രത്യേക പരിഗണന കിട്ടിയിട്ടില്ല. എയിംസ് പോലുള്ള പുതിയ സ്ഥാപനങ്ങളില്ല. പുതിയ തീവണ്ടികളില്ല, റെയിൽ സർവ്വേകളില്ല, ശബരിപാത പോലുള്ളവയില്ല, പാത ഇരട്ടിപ്പിക്കലുകളുമില്ല. ഇത്തരത്തിലുള്ള കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളൊന്നും ബജറ്റിൽ പരിഗണിച്ചിട്ടുള്ളതായി കാണാനില്ല.
2047 ൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുമെന്നു പറയുന്ന ബജറ്റ്, ഈ വഴിക്കുള്ള ഏതു നീക്കത്തിനും അവശ്യം ആവശ്യമായുള്ളതു സംസ്ഥാനങ്ങളെ ശാക്തീകരിക്കുകയാണെന്ന അടിസ്ഥാന തത്വം തന്നെ മറന്നിരിക്കുന്നു. മേഖലാപരമായ അസന്തുലിതാവസ്ഥ വർദ്ധിപ്പിക്കുന്നതും സംസ്ഥാന താൽപര്യങ്ങളെ നിഹനിക്കുന്നതും പണപ്പെരുപ്പം ശക്തിപ്പെടുത്തുന്നതും ജനങ്ങളെ പാപ്പരീകരിക്കുന്നതുമാണ് ബജറ്റും അതിലെ സാമ്പത്തിക സമീപനങ്ങളും. സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധി വർദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല. മൂലധന ചിലവുകൾക്കായി സംസ്ഥാനങ്ങൾക്കു പൊതുവിൽ ലഭ്യമാക്കുന്ന വായ്പയുടെ അളവ് കുറച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷം നീക്കിവെച്ചതിനെ അപേക്ഷിച്ച് കുറച്ചു മാത്രമേ പല മേഖലകളിലും കേന്ദ്ര സർക്കാർ ചിലവഴിച്ചിട്ടുള്ളു എന്ന് വ്യക്തമാക്കുന്നതാണ് റിവൈസ്ഡ് ബജറ്റ് എസ്റ്റിമേറ്റ്‌സ്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം, പട്ടികജാതി - പട്ടികവർഗ്ഗ വികസനം തുടങ്ങിയവയുടെ ഒക്കെ കാര്യത്തിൽ ഇതാണ് അവസ്ഥ. വളം, ഭക്ഷ്യധാന്യം, തൊഴിലുറപ്പ്, തുടങ്ങിയവയ്ക്കായുള്ള ചിലവാക്കൽ കുറച്ചിരിക്കുകയാണ്. തൊഴിൽ വർദ്ധിപ്പിക്കൽ എന്ന വാഗ്ദാനം ഉപേക്ഷിച്ച മട്ടാണ്. സ്വയം തൊഴിലിന് കോർപ്പസ് ഫണ്ട് എന്നതിൽ ഇതാണു തെളിയുന്നത്.
ഇലക്ഷൻ വർഷമായിട്ടുകൂടി രാജ്യത്തെ സാധാരണക്കാരുടെയോ കേരളത്തിന്റെയോ ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ പരിഗണിക്കപ്പെട്ടിട്ടില്ല എന്നതിൽ നിന്നുതന്നെ ഇന്നാട്ടിലെ പാവപ്പെട്ടവരോടും നമ്മുടെ സംസ്ഥാനത്തോടും എന്തു സമീപനമാണ് ബി ജെ പി സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്നത് കൂടുതൽ വ്യക്തമായിരിക്കുകയാണ്. സംസ്ഥാനത്തിന്റെയും സംസ്ഥാനത്തെ ജനങ്ങളുടെയും അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തുടരുക തന്നെ ചെയ്യും.