കോർപ്പറേറ്റ് ബജറ്റിനെ മറയ്ക്കാൻ മാതൃഭൂമിയുടെ സാരി മേളം
സാരി മേളം
2019 മുതൽ 2024 ൽ വരെ കേന്ദ്ര ബജറ്റ് അവതരണ ദിവസം കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ധരിക്കുന്ന വസ്ത്രത്തിൻ്റെ നിറവും ഗുണവും അളന്ന് ജനങ്ങളെ അറിയിക്കാനുള്ള വ്യഗ്രതയിലാണ് മുഖ്യധാര മാധ്യമങ്ങൾ. അതിൽ പ്രധാനം മാതൃഭൂമിയാണ്. ‘രാജ്യത്തിൻ്റെ വിവിധയിടങ്ങളിലെ പരമ്പരാഗത സാരികളാണ് ബജറ്റ് ദിവസം നിർമല തിരഞ്ഞെടുക്കാറുള്ളത്, മന്ത്രിയും സാരിയും’ എന്ന തലക്കെട്ടോടു കൂടിയാണ് ബജറ്റ് ദിനങ്ങളിൽ മന്ത്രി അണിഞ്ഞ സാരിയുടെ നിറവും ഗുണവുമൊക്കെ വർണിച്ചിരിക്കുന്നത്.
സമ്പന്നരെ കൂടുതൽ സമ്പന്നരും ദരിദ്രരെ കൂടുതൽ ദാരിദ്ര്യത്തിലേയ്ക്കും തള്ളിവിടുന്ന മോദി സർക്കാരിൻ്റെ കോർപറേറ്റ് പ്രണയം മൂടിവെയ്ക്കാനുള്ള മാധ്യമങ്ങളുടെ കരുതലാണ് സാരിതുമ്പിലുള്ള ഈ ചാഞ്ചാട്ടം.
സർക്കാരിൻ്റെ വരുമാനം 2023 24ൽ മുൻവർഷത്തെ അപേക്ഷിച്ച് 13.3 ശതമാനം വർധിച്ചുവെങ്കിലും ധനക്കമ്മി കുറച്ചുകാണിക്കാൻ ചെലവുകൾ ബജറ്റ് വിഹിതത്തെക്കാൾ ചുരുക്കി. ചെലവുകളിലെ വളർച്ച ഏഴ് ശതമാനം മാത്രമാണ്, ജിഡിപി വളർച്ച 8.9 ശതമാനം പ്രതീക്ഷിക്കുമ്പോഴാണ് മോദി സർക്കാരിൻ്റെ ഈ പ്രഹരം. സർക്കാർ സംവിധാനത്തിൻ്റെ ചെലവ് ബജറ്റ് വിഹിതത്തെക്കാൾ കൂടുകയും ചെയ്തു. ക്ഷേമപദ്ധതികളുടെയും മൂലധന നിക്ഷേപത്തിൻ്റെയും വിഹിതം വെട്ടിക്കുറച്ചാണ് മൊത്തം ചെലവ് കുറച്ചത്.
ഇത് വളർച്ചയെയും സമ്പദ്ഘടനയുടെ അടിസ്ഥാനഘടകങ്ങളെയും പ്രതികൂലമായി ബാധിക്കും. ക്ഷേമപദ്ധതികൾ അവതാളത്തിലാകുമ്പോൾ അത് ബാധിക്കുന്നത് സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളെയാണ്. ഇതൊന്നും പറയാതെ നിർമ്മലാ സീതാരാമൻ്റെ സാരിയുടെ നിറവും മണവും ഗുണവും അന്വേഷിച്ച് പോകുന്നത് മാധ്യമപ്രവർത്തനം എത്രമാത്രം അധഃപതിച്ചു എന്നതിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.
അതിനെല്ലാം പുറമെ, കൃഷിയും അനുബന്ധമേഖലകളും,വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമപദ്ധതികൾ, പട്ടികജാതി-പട്ടികവർഗ ക്ഷേമ പദ്ധതികൾ എന്നിവയിലെല്ലാം ചെലവ് ബജറ്റ് കണക്കിനെക്കാൾ കുറച്ചു. പിഎം ആവാസ് യോജന, പിഎം ഗ്രാമീൺ സഡക് യോജന എന്നിവയുടെ വിഹിതവും വെട്ടിക്കുറച്ചു. വളം, ഭക്ഷ്യസബ്സിഡി, തൊഴിലുറപ്പ്, നഗരവികസനം എന്നീ മേഖലകളിൽ 2022-23നെക്കാൾ കുറവ് വിഹിതമാണ് നടപ്പ് വർഷം ചെലവിടുന്നത്.
കോർപറേറ്റുകൾക്കൊപ്പം നിൽക്കുന്ന മോദി സർക്കാരിൻ്റെ നയമാണ് കേന്ദ്ര ബജറ്റിലൂടെ വെളിപ്പെട്ടത്. ജനവിരുദ്ധ – തൊഴിലാളി ദ്രോഹ മുഖമാണ് തുറന്നുകാട്ടപ്പെട്ടത്.
ഈ അനീതിക്കെതിരെ ശബ്ദമുയർത്തുവാൻ ഒരു മുഖ്യധാര മാധ്യമവും ആർജവം കാണിക്കുന്നില്ല. കോർപറേറ്റ് സേവകരായ മോദി സർക്കാരിനെ തലോടുന്നതിലും സാരിയുടെ ഗുണവും അന്വേഷിക്കുന്നതിലും തൽപരരായി തീരുകയാണ് മലയാളത്തിൻ്റെ മുഖ്യധാര മാധ്യമങ്ങൾ. ജനാധിപത്യത്തിൻ്റെ നാലാം തൂണുകളായ സ്വയം അവരോധിക്കുന്ന മാധ്യമങ്ങൾ യഥാർത്ഥത്തിൽ ജനാധിപത്യത്തിൻ്റെ യമനായി തീരുന്ന കാഴ്ചയാണ് വർത്തമാന കാലത്തിലുള്ളത്.