കേന്ദ്ര സർക്കാർ ബജറ്റ് (ചിദംബരം )

പകര്‍ന്നാടുമോ ചിദംബരം?

ഒരേ വേഷത്തില്‍ വിരുദ്ധഭാവങ്ങളുളള രണ്ടുവേഷം അഭിനയിക്കുന്നതിനെയാണ് കഥകളിയില്‍ പകര്‍ന്നാട്ടം എന്നു പറയുന്നത്. രാവണനായും പാര്‍വതിയായും ഒരേസമയം പകര്‍ന്നാടുന്ന കഥകളിയാശാന്‍ രാമന്‍കുട്ടി നായരുടെ വൈഭവത്തെക്കുറിച്ച് നിയമസഭയില്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദാഹരിച്ചത് ഓര്‍മ്മ വരുന്നു. ഇതിന്റെ അപ്പുറമൊരഭ്യാസം ഇത്തവണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പി. ചിദംബരം പ്രകടിപ്പിച്ചേ പറ്റൂ. മുഖത്തിന്റെ ഒരു പാതി കൊണ്ട് സാധാരണക്കാരോട് ശൃംഗരിക്കണം. ഇലക്ഷന്‍ വര്‍ഷമല്ലേ, കുറേ ജനപ്രിയ പരിപാടികള്‍ കൂടിയേ തീരൂ. മറുപാതി കൊണ്ടോ; ഇതു വെറും പൊടിക്കൈ മാത്രമാണേ എന്ന സന്ദേശം കോര്‍പറേറ്റുകള്‍ക്ക് കൈമാറുകയും വേണം.

2014 മെയ് മാസത്തിലാണ് ലോകസഭാ തിരഞ്ഞെടുപ്പു നടക്കേണ്ടതെങ്കിലും അതു നേരത്തെ ആയിക്കൂടെന്നില്ല. മെയില്‍ തന്നെയാണെങ്കിലും തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പുളള പ്രഖ്യാപനത്തിന് വിശ്വാസ്യത പോരെന്നു വരാം. അപ്പോള്‍ എന്തൊക്കെ പ്രയാസമുണ്ടെങ്കിലും ഇത്തവണത്തെ ബജറ്റില്‍ ജനപ്രിയ പരിപാടികള്‍ അനിവാര്യമാണ്. ഭക്ഷ്യസുരക്ഷാ പരിപാടിയുടെ പ്രഖ്യാപനമുണ്ടാകും. 50-60 ആയിരം കോടിയ്ക്കിടയില്‍ അധികച്ചെലവു വരും. ചെലവ് ഇങ്ങനെ കൂടിയാല്‍ ബജറ്റ് കമ്മി ഉയരും. ഒരു കാരണവശാലും ഇത് അനുവദിക്കാന്‍ ചിദംബരത്തിന് കഴിയില്ല.

2012-13ല്‍ ധനക്കമ്മി ദേശീയവരുമാനത്തിന്റെ 5.3 ശതമാനം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് മൂന്നു ശതമാനമായി കുറയ്ക്കണം. ഒറ്റയടിക്കു പറ്റിയില്ലെങ്കിലും ഏതാനും വര്‍ഷം കൊണ്ട് ഈ ലക്ഷ്യം കൈവരിക്കണം. ഇതിനായി 2013-14ല്‍ കമ്മി 4.8 ആയി കുറയ്ക്കണമെന്നാണ് അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ ഇന്ത്യയുടെ നിക്ഷേപഗ്രേഡ് ബിയില്‍ നിന്ന് ബി മൈനസ് ആയി താഴ്ത്തുമത്രേ. ഇതു സംഭവിച്ചാല്‍ ഇന്ത്യയിലേയ്ക്കുളള വിദേശ മൂലധന ഒഴുക്കു നിലയ്ക്കും. അടുത്ത വര്‍ഷം വ്യാപാരക്കമ്മി നികത്തണമെങ്കില്‍ എണ്ണായിരം കോടി ഡോളറെങ്കിലും വിദേശ നിക്ഷേപം ഇന്ത്യയിലേക്കു വരണം. അല്ലാത്തപക്ഷം വിദേശനാണയ ശേഖരത്തില്‍ നിന്ന് എടുത്തു ചെലവാക്കേണ്ടിവരും. വിദേശ നാണയ ശേഖരം ശോഷിക്കുന്നു എന്നു കണ്ടാല്‍ ഇന്ത്യയിലേക്കു കൂടുതല്‍ പണം വിദേശനിക്ഷേപം വരില്ലെന്നു മാത്രമല്ല, ഇന്ത്യയിലുളള വിദേശനിക്ഷേപം പിന്‍വലിക്കാനായിരിക്കും വിദേശ മുതലാളിമാര്‍ ശ്രമിക്കുക. ഇന്ത്യയുടെ കൈവശമുളള വിദേശ നാണയശേഖരം കുത്തനെ ശോഷിച്ചാല്‍ രൂപയുടെ വിലയിടിയും. 1991ലെന്ന പോലെ കടം കിട്ടാന്‍ സ്വര്‍ണം പണയം വെയ്‌ക്കേണ്ട ഗതികേടിലാകും. അതുകൊണ്ട് വിദേശ ഏജന്‍സികളെ പ്രീതിപ്പെടുത്തണം. കമ്മി കുറച്ചേ തീരൂ.

ഭക്ഷ്യസുരക്ഷ പോലുളള ജനപ്രിയപരിപാടികള്‍ നടപ്പാക്കുകയും വേണം, കമ്മി കുറയ്ക്കുകയും വേണം. എങ്ങനെയാണ് ചിദംബരം ഇതു രണ്ടു കൂടി നടപ്പാക്കുക. ഒരുകാര്യം ഉറപ്പിക്കാം. കേന്ദ്രസര്‍ക്കാരിന്റെ മൊത്തം ചെലവ് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് മതിപ്പു കണക്കില്‍ നിന്ന് നാമമാത്രമായ വര്‍ദ്ധനയേ ഉണ്ടാകൂ. അപ്പോള്‍ ഭക്ഷ്യസുരക്ഷാ ഇനത്തില്‍ പണം കണ്ടെത്താന്‍ പെട്രോള്‍, വളം തുടങ്ങിയവയുടെ സബ്‌സിഡികള്‍ ഗണ്യമായി വെട്ടിക്കുറയ്‌ക്കേണ്ടി വരും. ഇതിനുളള നടപടികള്‍ ഇപ്പോള്‍ത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റേതെല്ലാം മേഖലകളിലാണ് വെട്ടിക്കുറവുണ്ടാകുക എന്നു കാത്തിരിക്കുക.

യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു ജനവിരുദ്ധ നിലപാടു സ്വീകരിക്കേണ്ട ആവശ്യമില്ല. കമ്മി കുറയ്ക്കുന്നതിന് വരുമാനം ഉയര്‍ത്തുക എന്നതാണ് ലളിതമായ മാര്‍ഗം. 2012-13ലെ അനുഭവമെടുക്കുക. ആദ്യത്തെ എട്ടുമാസത്തെ ബജറ്റ് കണക്കുകള്‍ ലഭ്യമാണ്. ബജറ്റില്‍ വകയിരുത്തിയ 5.1 ശതമാനം കമ്മിയുടെ 80.4 ശതമാനം ആദ്യത്തെ എട്ടു മാസം കൊണ്ടുതന്നെ ചെലവാക്കിക്കഴിഞ്ഞു. പക്ഷേ, ഈ സ്ഥിതിവിശേഷത്തിനു കാരണം കേന്ദ്രസര്‍ക്കാരിന്റെ ചെലവുകള്‍ കുത്തനെ ഉയര്‍ന്നതല്ല. ആദ്യത്തെ എട്ടു മാസം കൊണ്ട് ബജറ്റ് വിലയിരുത്തലിന്റെ 58 ശതമാനമേ ചെലവഴിച്ചിട്ടുളളൂ. അതേസമയം, ബജറ്റില്‍ വകയിരുത്തിയ വരുമാനത്തിന്റെ 46 ശതമാനമേ ലഭിച്ചിട്ടുളളൂ. നികുതി വരുമാനത്തില്‍ വന്ന കുറവു മാത്രമല്ല, ഓഹരിവില്‍പനയും മറ്റും പ്രതീക്ഷിച്ചതുപോലെ നടത്താന്‍ കഴിഞ്ഞിട്ടില്ല. ഓഹരിവില്‍പന തന്നെയായിരിക്കും വരാന്‍പോകുന്ന ബജറ്റിലും കേന്ദ്രസര്‍ക്കാരിന്റെ പ്രധാന വരുമാന വര്‍ദ്ധനാമാര്‍ഗം. ഡിവിഡന്റിനു മേലുളള നികുതി, അതിസമ്പന്നന്മാരുടെ പേരിലുളള നികുതി തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. പാവങ്ങളുടെ സബ്‌സിഡി വെട്ടിക്കുറയ്ക്കുമ്പോള്‍ പറഞ്ഞു നില്‍ക്കാനായിട്ടെങ്കിലും ഇത്തരത്തില്‍ എങ്കില്‍ ഒരു പൊടിക്കൈ സ്വീകരിക്കുകയില്ല എന്നുറപ്പിച്ചു പറയാനാവില്ല. അഞ്ചുലക്ഷം കോടിയുടെ നികുതിയിളവുകളാണ് യുപിഎ സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കും മറ്റും നല്‍കിയിട്ടുളളതോര്‍ക്കുക. ഇതെന്തായാലും വരുമാന വര്‍ദ്ധനയിലാവില്ല, ചെലവ് ചുരുക്കാനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക.

സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നത് വിലക്കയറ്റത്തിന് ആക്കം കൂട്ടും എന്നതു നിസംശയമാണ്. ഡീസലിന്റെ വില അടുത്തവര്‍ഷം മാസംതോറും അമ്പതു പൈസ വെച്ചു കൂടിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഊഹിക്കാവുന്നതേയുളളൂ. വളത്തിന്‌റെ വിലവര്‍ദ്ധന കൃഷിക്കാരെ വലയ്ക്കും. വിലക്കയറ്റത്തിന് ഈ ബജറ്റില്‍ പ്രതിവിധിയുണ്ടാകില്ല. സര്‍ക്കാര്‍ ചെലവ് കുറയുമ്പോള്‍ ഡിമാന്റ് കുറയും, വിലയുമിടിയും എന്നാണ് സര്‍ക്കാരിന്റെ വക്താക്കള്‍ പറയുന്നത്. പക്ഷേ, ഡിമാന്റു കുറയുമ്പോള്‍ ഉത്പാദനത്തിനെന്തു സംഭവിക്കും? 2012-13 ഇന്ത്യയുടെദേശീയ വരുമാനവര്‍ദ്ധന അഞ്ചു ശതമാനമായി കുറയുമെന്നാണ് അവസാനത്തെ പ്രവചണം. ആഗോളമാന്ദ്യം പൊട്ടിപ്പുറപ്പെട്ട 2008ല്‍പോലും ഇന്ത്യന്‍ സമ്പദ്ഘടന ഏഴു ശതമാനത്തിലേറെ വേഗത്തില്‍ വളര്‍ന്നു എന്നോര്‍ക്കുക. എന്നിട്ടും അന്ന് മാന്ദ്യത്തില്‍ നിന്നും കരകയറുന്നതിന് എന്തെല്ലാം ഉത്തജക പാക്കേജുകളാണ് നല്‍കിയത്. എന്നാലിന്ന് സാമ്പത്തികവളര്‍ച്ച അഞ്ചുശതമാനത്തിലേയ്ക്ക് താഴ്ന്നിട്ടും ചെലവ് ചുരുക്കാനാണ് വേവലാതി.

സാമ്പത്തികമാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ചിദംബം ബ്രതീക്ഷര്‍പ്പിച്ചിരിക്കുന്നത് മുതലാളിമാരുടെ നിക്ഷേപത്തിലാണ്. മുതലാളിമാരുടെ നിക്ഷേപത്തില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്നു. പലേടത്തും മുടക്കിയ പണം പാതിവഴിക്കു നില്‍ക്കുകയാണ്. ഇതിനു കാരണം, ഭാവിയെക്കുറിച്ചുളള മുതലാളിമാരുടെ ശുഭപ്രതീക്ഷ കുറഞ്ഞതാണ്. ലാഭം വര്‍ദ്ധിക്കുമെന്നും തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും ഉറപ്പുണ്ടായാല്‍ മുതല്‍മുടക്കാന്‍ ഇവര്‍ക്ക് അഭിനിവേശം കൂടും. അല്ലെങ്കിലോ മുതല്‍മുടക്കാന്‍ അവര്‍ മടിക്കും. ചേംബര്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) നടത്തിയ സര്‍വെ പ്രകാരം ഇന്ത്യയിലെ മുതലാളിമാരില്‍ മഹാഭൂരിപക്ഷവും 2013-14ല്‍ ഇന്ത്യന്‍ സമ്പദ്ഘടന 5.5 മുതല്‍ 6 ശതമാനം വരെ മാത്രമേ വളര്‍ച്ച കൈവരിക്കൂ എന്ന അഭിപ്രായക്കാരാണ്. ഈ സംഘടന പുറത്തിറക്കുന്ന ബിസിനസ് ആത്മവിശ്വാസ സൂചിക 2011-12നെ അപേക്ഷിച്ച് 5 ശതമാനം താഴ്ന്നിരിക്കുകയാണ്. 51 ശതമാനം വ്യവസായികളും ആഭ്യന്തര നിക്ഷേപം അടുത്ത വര്‍ഷവും വര്‍ദ്ധിക്കുകയില്ല എന്ന അഭിപ്രായക്കാരാണ്.

ഇത് നാടന്‍ മുതലാളിമാരുടെ അഭിപ്രായം മാത്രമല്ല. വിദേശ മുതലാളിമാരുടെ ആശങ്ക വളരെ പ്രകടമാണ്. 2012-13ല്‍ ഇതുവരെ ലഭ്യമായ കണക്കുപ്രകാരം ഇന്ത്യയിലേയ്ക്കു വന്ന പ്രത്യക്ഷ വിദേശനിക്ഷേപത്തിന്റെ ഏതാണ്ട് 30 ശതമാനം വരുന്ന തുക ഇന്ത്യയില്‍ നിന്നും പുറത്തേയ്ക്കു കൊണ്ടുപോയി എന്നാണ് കാണിക്കുന്നത്. ഒരു മൂന്നുവര്‍ഷം മുമ്പുവരെ ഇത്തരത്തില്‍ വിദേശ മുതലാളിമാര്‍ തങ്ങളുടെ നിക്ഷേപം പിന്‍വലിക്കുന്നത് താരതമ്യേനെ വളരെ ചെറിയ അളവിലായിരുന്നു. ഇതിപ്പോള്‍ കുത്തനെ ഉയര്‍ന്നു. റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു. ഇന്ത്യയിലെ ഇന്നത്തെ സാമ്പത്തികസ്ഥിതിയില്‍ ഏറ്റവും ദുര്‍ബലമായ ഒരു കണ്ണിയായി ആര്‍ബിഐ കണക്കാക്കുന്നത് ഇന്ത്യയിലെ വ്യാപാരക്കമ്മിയിലുണ്ടായ വര്‍ദ്ധനയാണ്. ഇന്ത്യയുടെ വ്യാപാരക്കമ്മി (സേവനവ്യാപാരമടക്കം) ദേശീയ വരുമാനത്തിന്റെ 5.4 ശതമാനം വരും. ഇത് 2.5ല്‍ കൂടരുതെന്നാണ് ആര്‍ബിഐ പറയുന്നത്. ഈ കമ്മി നികത്തുന്നതിന് കൂടുതല്‍ വിദേശ നിക്ഷേപത്തെ ഇന്ത്യയിലേയ്ക്ക് ആകര്‍ഷിച്ചേ പറ്റൂ.

വ്യാപാരക്കമ്മി വര്‍ദ്ധിച്ചതിനു കാരണം ഇറക്കുമതി കൂടിയതുകൊണ്ടു മാത്രമല്ല. കയറ്റുമതി കുറഞ്ഞതുമൂലവുമാണ്. 2012-13 ധനകാര്യവര്‍ഷത്തെ ആദ്യത്തെ 10 മാസത്തെ കണക്കെടുത്താല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.86 ശതമാനം കയറ്റുമതി കുറഞ്ഞിരിക്കുന്നു. ഒരു വര്‍ഷം കൊണ്ട് ഇന്ത്യന്‍ രൂപയുടെ മൂല്യം 20 ശതമാനമാണ് കുറഞ്ഞത്. രൂപയുടെ മൂല്യം കുറയുമ്പോള്‍ വിദേശീയര്‍ക്കു നമ്മുടെ രാജ്യത്തു നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ അഭിനിവേശം കൂടേണ്ടതാണ്. പക്ഷേ, നേരെ മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. അത്രയ്‌ക്കേറെ രൂക്ഷമാണ് ആഗോളമാന്ദ്യം. വരുംവര്‍ഷവും ഈ സ്ഥിതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല. അതുകൊണ്ട് കയറ്റുമതി പ്രോത്സാഹനത്തിന് ചില നടപടികളെടുക്കാന്‍ ചിദംബരം ബാധ്യസ്ഥനാണ്.

രാജ്യത്തെ സമ്പാദ്യനിരക്ക് 36ല്‍ നിന്ന് 30 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ആഭ്യന്തര സമ്പാദ്യവും നിക്ഷേപവും തമ്മിലുളള വിടവ് തുല്യമായിരിക്കും വ്യാപാരക്കമ്മി (സേവനവ്യാപാരമടക്കം) എന്നത് പ്രസിദ്ധമായ ഒരു സാമ്പത്തിക സമവാക്യമാണ്. അതുകൊണ്ട് ആഭ്യന്തര സമ്പാദ്യമുയര്‍ത്താന്‍ ഉതകുന്ന ചില നടപടികള്‍ ഈ ബജറ്റില്‍ ഉണ്ടാകും. പലിശ നികുതിയില്‍ ഇളവു നല്‍കിയാലും അത്ഭുതപ്പെടേണ്ട.

നാടനും വിദേശികളുമായ കുത്തകകളുടെ വിശ്വാസം ആര്‍ജിച്ചുകൊണ്ട് ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യത്തിന് ഉത്തരം തേടാമെന്നാണ് ചിദംബരത്തിന്റെ പ്രതീക്ഷ. ബാങ്കിംഗ് ഇന്‍ഷ്വറന്‍സ് മേഖലയിലും ചില്ലറ വില്‍പന മേഖലയിലും അതിനുവേണ്ട നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കേന്ദ്രബജറ്റിലും ഇത്തരം പരിഷ്‌കാരങ്ങള്‍ക്കു തന്നെയാവും ഊന്നല്‍. ഇന്ത്യയിലെ ഏറ്റവും വലിയ അമ്പതു പശ്ചാത്തല സൗകര്യ പ്രോജക്ടുകളെ പാരിസ്ഥിതികവും തൊഴില്‍പരവുമായ നിബന്ധനകളൊഴിവാക്കി ഫാസ്റ്റ് ട്രാക്കായി നടപ്പാക്കണമെന്ന് സിഐഐ ആവശ്യപ്പെട്ടിരിക്കുകയാണ്. വിവിധ മുതലാളി വിഭാഗങ്ങള്‍ അവരുടേതായ ആവശ്യങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞിട്ടുണ്ട്. ലാന്‍ഡ് അക്യൂസിഷന്‍ ബില്‍, മൈന്‍ ആന്‍ഡ് മിനറല്‍ ബില്‍, പെന്‍ഷന്‍, ഇന്‍ഷ്വറന്‍സ് ബില്ലുകള്‍, പുതിയ ചരക്കുസേവന നികുതി നിയമം, പ്രത്യക്ഷ നികുതി നിയമം തുടങ്ങിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിന് സമയബന്ധിതപരിപാടി പ്രഖ്യാപിക്കപ്പെടും. ജനങ്ങളുടെ ആവശ്യങ്ങളെക്കാള്‍ നാടനും വിദേശിയുമായ കുത്തകകളുടെ താല്‍പര്യങ്ങള്‍ക്കായിരിക്കും വരാന്‍പോകുന്ന ബജറ്റില്‍ ഊന്നല്‍ ലഭിക്കുക.

ഇത്തവണത്തെ ബജറ്റില്‍ താഴെ പറയുന്നവ ഉറപ്പിക്കാം. ഒന്ന്, കമ്മി 4.8 ശതമാനമായി കുറയ്ക്കും. രണ്ട്, ഭക്ഷ്യസുരക്ഷാപരിപാടി ഉണ്ടാകും. പക്ഷേ, മൊത്തം ചെലവ് കഴിഞ്ഞ ബജറ്റിനെ അധികരിക്കില്ല. മൂന്ന്, സമ്പാദ്യ പ്രോത്സാഹനത്തിന് നടപടിയുണ്ടാകും. നാല്, കയറ്റുമതി പ്രോത്സാഹനത്തിന് നടപടിയുണ്ടാകും. അഞ്ച്, നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകരാന്‍ പൊതുമേഖലാ സ്വകാര്യവത്കരണം, തുടര്‍ ആഗോളവത്കരണ പരിഷ്‌കാരങ്ങള്‍, പ്രത്യക്ഷ പരോക്ഷ നികുതികളുടെ സമഗ്രപരിഷ്‌കാരത്തിനുളള സമയബദ്ധിത പരിപാടി എന്നിവ പ്രഖ്യാപിക്കപ്പെടും.

ചിദംബരത്തില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാം?

ധനവിചാരം Posted on: 19 Feb 2013

ഫിബ്രവരി 28-ന് കേന്ദ്രബജറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് പി. ചിദംബരം. അദ്ദേഹത്തില്‍ നിന്ന് നമുക്ക് എന്ത് പ്രതീക്ഷിക്കാം? രാജ്യം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളെയാണല്ലോ ബജറ്റിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്നത്. അവയെന്തൊക്കെയാണ്? ഒന്ന്, സാമ്പത്തിക മുരടിപ്പ്. (2011-'12 ലെ സാമ്പത്തിക വളര്‍ച്ച അഞ്ചുശതമാനം മാത്രം). രണ്ട്, വിലക്കയറ്റം (ഡിസംബര്‍ മാസത്തെ ചില്ലറവില സൂചികയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.1 ശതമാനം വര്‍ധന). മൂന്ന്, വിദേശ വ്യാപാരക്കമ്മി (ചരക്കുകളുടെയും സേവനങ്ങളുടെയും വിദേശവ്യാപാരക്കമ്മി സര്‍വകാല റെക്കോഡ് - ദേശീയ വരുമാനത്തിന്റെ 5.4 ശതമാനം).

പ്രശ്‌നങ്ങളെക്കുറിച്ച് അഭിപ്രായവ്യത്യാസമില്ല. പക്ഷേ, തൊഴിലാളികളും മുതലാളിമാരും നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍ തമ്മില്‍ അജഗജാന്തരമുണ്ട്. തങ്ങളുടെ പരിഹാരനിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ട് നാളെ പത്തുകോടി തൊഴിലാളികള്‍ അഖിലേന്ത്യാ വ്യാപകമായി പണിമുടക്കുന്നു. പണിമുടക്കുന്നവരില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍പ്പെട്ട തൊഴിലാളികളുമുണ്ട്. പ്രശ്‌നപരിഹാരത്തിന് അവര്‍ ഒരേ നിലപാട് സ്വീകരിച്ചിരിക്കുന്നു.

തൊഴിലാളികളുടേതില്‍ നിന്ന് കടകവിരുദ്ധമായ അഭിപ്രായങ്ങളാണ് ഫിക്കി, അസോച്ചം, സി.ഐ.ഐ. തുടങ്ങിയ മുതലാളിസംഘങ്ങള്‍ക്കുള്ളത്. ഇവരിലും പല കക്ഷിക്കാരുണ്ട്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി രാജ്യം രണ്ടുചേരിയായി തിരിഞ്ഞിരിക്കുന്നു. ഇവരിലാരുടെ അഭിപ്രായങ്ങള്‍ക്കാണ് ചിദംബരം ചെവി കൊടുക്കുക?

സ്റ്റാന്‍ഡേഡ് ആന്‍ഡ് പൂവര്‍, മൂഡി, ഫിച്ച് തുടങ്ങിയ അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ ഇന്ത്യയുടെ വായ്പാഗ്രേഡ് താഴ്ത്തും എന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോള്‍ത്തന്നെ അത് ബി ഗ്രേഡ് ആണ്. ബി മൈനസ് ആയാല്‍ വായ്പ കിട്ടുക ദുഷ്‌കരമാകും. വിദേശ മൂലധനം ഇന്ത്യയിലേക്ക് വരാനും മടിക്കും. ചില്ലറ വില്പന മേഖല, ബാങ്ക്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലെല്ലാം നടപ്പാക്കുന്നത് ഈ ഏജന്‍സികള്‍ ആവശ്യപ്പെട്ട പരിഷ്‌കാരങ്ങളാണ്. എന്നാല്‍, ഇതുകൊണ്ടും അവര്‍ തൃപ്തരല്ല. 2013-'14-ലെ ബജറ്റില്‍ ധനക്കമ്മി 4.5-4.8 ശതമാനമായി കുറയ്ക്കണം എന്നാണ് ഇപ്പോഴത്തെ ശാഠ്യം. ഇല്ലെങ്കില്‍ ഗ്രേഡ് വെട്ടിക്കുറയ്ക്കും പോലും!

നടപ്പുവര്‍ഷത്തെ വിദേശവ്യാപാരക്കമ്മി ഏതാണ്ട് മൂവായിരം കോടി ഡോളര്‍ വരും. ഈ വിദേശനാണയക്കമ്മി നികത്താന്‍ മൂന്നു മാര്‍ഗമേയുള്ളൂ. ഒന്ന്, വിദേശ വായ്പ. രണ്ട്, ഫാക്ടറികളിലും മറ്റുമുള്ള വിദേശ പ്രത്യക്ഷ നിക്ഷേപം. മൂന്ന്, ഷെയര്‍ മാര്‍ക്കറ്റിലും മറ്റുമുള്ള വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപം. പണ്ടത്തെപ്പോലെ വിദേശവായ്പ ഇപ്പോള്‍ ലഭ്യമല്ല. അതുകൊണ്ട് മൂലധനനിക്ഷേപത്തെ ആകര്‍ഷിക്കുകയാണ് മാര്‍ഗം. പക്ഷേ, കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി വിദേശമൂലധനത്തിന്റെ വരവ് മന്ദഗതിയിലായിരിക്കുകയാണ്. റിസര്‍വ് ബാങ്കിന്റെ പുതിയ കണക്കു പ്രകാരം 2011-'12-ല്‍ ഫാക്ടറികളിലും മറ്റും മുടക്കുന്നതിനു വേണ്ടി ഇന്ത്യയിലേക്കുവന്ന പ്രത്യക്ഷ വിദേശ മൂലധന നിക്ഷേപത്തിന്റെ 30 ശതമാനം വരുന്ന തുക ആ വര്‍ഷം തന്നെ ഇന്ത്യയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടു. ഷെയര്‍ മാര്‍ക്കറ്റിലേക്കും മറ്റും വരുന്ന വിദേശമൂലധനം ഇതിലും അപകടകാരിയാണ്. വന്നതുപോലെത്തന്നെ എപ്പോള്‍ വേണമെങ്കിലും തിരിച്ചുപോകാം. അവര്‍ പിണങ്ങിപ്പോവുകയാണെങ്കില്‍ കൊടുക്കാന്‍ വിദേശനാണയം റെഡിയായിരിക്കണം.

ഇപ്പോള്‍ ഇന്ത്യയുടെ വിദേശനാണയ ശേഖരം 30,000 കോടി ഡോളര്‍ ഉണ്ട് എന്നാണ് വീമ്പുപറയുന്നതെങ്കിലും ഭരണാധികാരികളുടെ ചങ്കിടിച്ചുകൊണ്ടിരിക്കുകയാണ്. വിദേശനാണയശേഖരം കുറഞ്ഞു തുടങ്ങിയാല്‍ ചിലപ്പോള്‍ പണക്കമ്പോളത്തില്‍ ഭീതിപടരും. നാണയശേഖരം തീരുന്നതിനുമുമ്പ് കൈയിലുള്ള രൂപ ഡോളറാക്കി മാറ്റി രാജ്യത്തിന് പുറത്തുകടത്താന്‍ വിദേശ മൂലധനനാഥന്മാര്‍ തീരുമാനിച്ചാല്‍ ഈ വിദേശനാണയ ശേഖരം അപ്രത്യക്ഷമാകാന്‍ അധികനാള്‍ വേണ്ടിവരില്ല. വിദേശനാണയ ശേഖരം തീര്‍ന്നാല്‍ ലണ്ടനില്‍ സ്വര്‍ണം പണയം വെക്കാന്‍ പോകേണ്ടിവന്ന 1991-ലെ സ്ഥിതി ആവര്‍ത്തിക്കപ്പെട്ടേക്കാം.

ചിദംബരത്തെ വാള്‍മുനയില്‍ നിര്‍ത്തുന്നതില്‍ നാടന്‍ മുതലാളിമാരും ഒട്ടും പിന്നിലല്ല. രാജ്യത്ത് മുതല്‍മുടക്കാനുള്ള മൂഡു പോയി എന്നാണ് അവര്‍ പറയുന്നത്. ഉത്പാദനത്തിന്റെ ഏതാണ്ട് മൂന്നിലൊന്ന് യന്ത്രസാമഗ്രികളും അസംസ്‌കൃത വസ്തുക്കളുമാണ്. ഇവ മുതലാളിമാര്‍ വാങ്ങി പുതിയ ഫാക്ടറികളിലും മറ്റും നിക്ഷേപിച്ചില്ലെങ്കില്‍ ഈ മേഖലകളില്‍ മാന്ദ്യം ഉറപ്പാണ്. പണമുണ്ടാക്കാനുള്ള സംരംഭകരുടെ ഭൂതാവേശം മുതലാളിത്തത്തിന്റെ വളര്‍ച്ചയില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണെന്ന് കെയിന്‍സു പോലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അദ്ദേഹം ഇതിനെ മുതലാളിമാരുടെ ‘മൃഗീയ വാസന’ (animal spirits) എന്നാണ് വിശേഷിപ്പിച്ചത്. മുതലാളിമാര്‍ക്ക് മൂഡുണ്ടാക്കാന്‍ എന്തൊക്കെയാണ് യു.പി.എ. ഭരണകാലത്തു ചെയ്തുകൊടുത്തത്? അഞ്ചുലക്ഷം കോടി രൂപയുടെ നികുതിയിളവുകള്‍ നല്‍കി. എണ്ണ, ഇരുമ്പയിര്, കല്‍ക്കരി, സ്‌പെക്ട്രം തുടങ്ങിയ നാടിന്റെ പൊതുസ്വത്തുക്കള്‍ ചുളുവിലയ്ക്ക് തീറെഴുതി. എന്നാല്‍, മൂഡു വരാന്‍ ഇതൊന്നും പോരത്രേ. ഇനിയും പ്രോത്സാഹനങ്ങള്‍ വ്യവസായികള്‍ക്ക് നല്‍കിയേ തീരൂ എന്നാണ് മുതലാളിസംഘടനകള്‍ ആജ്ഞാപിക്കുന്നത്.

അപ്പോള്‍ ചിദംബരം ആരു പറയുന്നതിനാണ് ചെവി കൊടുക്കുക? അദ്ദേഹത്തിന്റെ ചിന്ത, ന്യായമായും ഇങ്ങനെയായിരിക്കും. തൊഴിലാളികളുടെ പണിമുടക്ക് രണ്ടുദിവസം കൊണ്ടു തീരും. എന്നാല്‍, മുതലാളിമാര്‍ പിണങ്ങിയാല്‍ കാര്യങ്ങള്‍ കുഴയും. അതുകൊണ്ട് വരാന്‍ പോകുന്ന ബജറ്റ് ജനപ്രിയ ബജറ്റായിരിക്കുകയില്ല. തിരഞ്ഞെടുപ്പ് 2014-ലേ ഉണ്ടാകൂ. അതിനുമുമ്പ് ഒരു തിരഞ്ഞെടുപ്പ് ബജറ്റിനുള്ള സാവകാശമുണ്ട്. ഇത്തവണ ഭക്ഷ്യസുരക്ഷാ പദ്ധതിയല്ലാതെ മറ്റൊരു ജനപ്രിയ പരിപാടിയും പുതിയതായി പ്രതീക്ഷിക്കേണ്ടതില്ല. ഭക്ഷ്യസുരക്ഷയ്ക്കുള്ള പണംതന്നെ പെട്രോള്‍, ഡീസല്‍, വളം, പഞ്ചസാര തുടങ്ങിയവയുടെ സബ്‌സിഡികള്‍ വെട്ടിക്കുറച്ചുകൊണ്ടായിരിക്കും കണ്ടെത്തുക. അടുത്ത വര്‍ഷത്തെ സര്‍ക്കാര്‍ ചെലവ് 2012-'13 വര്‍ഷത്തിലെ ബജറ്റ് മതിപ്പു കണക്കില്‍ത്തന്നെ പരമിതപ്പെടുത്താനായിരിക്കും ശ്രമം. കാരണം, മിക്കവാറും ബജറ്റ് കമ്മി 4.8 ശതമാനമാക്കാനാണ് ചിദംബരം ലക്ഷ്യമിടുക. സത്യം പറഞ്ഞാല്‍ സാമ്പത്തിക വളര്‍ച്ച പത്തുവര്‍ഷത്തിലേറ്റവും താഴ്ന്ന നിലയിലിരിക്കുന്ന മാന്ദ്യകാലത്ത് 5.4 ശതമാനം ധനക്കമ്മി ന്യായീകരിക്കത്തക്കതാണ്. 2008-ല്‍ ഇന്ത്യാസര്‍ക്കാര്‍ മാന്ദ്യത്തെ നേരിടാന്‍ കമ്മി വര്‍ധിപ്പിച്ചതാണ്. പക്ഷേ, 2008 അല്ല 2012.

2008-ല്‍ ബാങ്കുകളെല്ലാം ഇടിഞ്ഞുപൊളിഞ്ഞു വീഴുന്ന കിലുകിലാരവത്തില്‍ നിയോലിബറല്‍ നയകര്‍ത്താക്കളും സൈദ്ധാന്തികരും അമ്പരന്നുപോയി. രക്ഷയ്ക്കായി തത്കാലം എല്ലാവരും കെയിന്‍സിനെ കൂട്ടുപിടിച്ചു. ഉത്തേജകപ്പാക്കേജുകള്‍ ഇറക്കി. കമ്മി കൂട്ടി. ലോകമുതലാളിത്തം തകര്‍ച്ച ഒഴിവാക്കി. പക്ഷേ, ശ്വാസം വീണപ്പോള്‍ കെയിന്‍സിനെ തള്ളിപ്പറഞ്ഞ് തങ്ങളുടെ നിയോലിബറല്‍ കുറിപ്പടികളുമായി ആഗോളീകരണക്കാര്‍ ഇറങ്ങിയിരിക്കുകയാണ്. പ്രതിസന്ധിയിലായ രാജ്യങ്ങളുടെയെല്ലാംമേല്‍ കര്‍ക്കശ ചെലവുചുരുക്കല്‍ ബജറ്റുകള്‍ അവര്‍ അടിച്ചേല്പിച്ചു. ഇതാണ് യൂറോപ്പിലും അമേരിക്കയിലും 2012-ല്‍ മാന്ദ്യത്തിലേക്ക് വഴി തെളിച്ച ഒരു പ്രധാന കാരണം. കമ്മി കുറയ്ക്കാന്‍ വരുമാനം കൂട്ടിയാല്‍ മതിയെന്നുള്ള ലളിതമായ വസ്തുത ഇക്കൂട്ടര്‍ തമസ്‌കരിക്കുന്നു. ചിദംബരവും ഈ മാര്‍ഗം തന്നെയാണ് അവലംബിക്കുന്നത്.

കമ്മി കുറയ്ക്കുന്നത് വിലക്കയറ്റം തടയാന്‍ സഹായിക്കും എന്നാണ് കരുതുന്നത്. ജനങ്ങളുടെ കൈയില്‍ കൂടുതല്‍ പണമുള്ളതുകൊണ്ടല്ല വിലക്കയറ്റം. യാഥാര്‍ഥ്യം നേരേ മറിച്ചാണ്. ഭൂരിപക്ഷം ജനങ്ങളുടെയും വാങ്ങല്‍ക്കഴിവ് ഇടിഞ്ഞതുകൊണ്ടാണ് വ്യവസായച്ചരക്കുകള്‍ മാത്രമല്ല, ധാന്യങ്ങള്‍പോലും കെട്ടിക്കിടക്കുന്നത്. വിലക്കയറ്റത്തിന് കാരണം സര്‍ക്കാര്‍ നിയന്ത്രിത വിലകള്‍ ഉയര്‍ത്തുന്നതാണ്. അതുകൊണ്ട് ചിദംബരത്തിന്റെ ബജറ്റില്‍ വിലക്കയറ്റത്തിന് എന്തെങ്കിലും പ്രതിവിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ.

കയറ്റുമതിക്കാര്‍ക്ക് നിശ്ചയമായും പ്രോത്സാഹനങ്ങളുണ്ടാകും. പക്ഷേ, വിദേശത്ത് മാന്ദ്യം തുടരുന്നിടത്തോളംകാലം കയറ്റുമതി നിയന്ത്രണം എത്രമാത്രം വിജയിക്കുമെന്ന് പറയാനാവില്ല. വ്യാപാരക്കമ്മി അടുത്തവര്‍ഷവും കുറയില്ല. അതുകൊണ്ട് കമ്മി നികത്താന്‍ വിദേശമൂലധനത്തെ ആകര്‍ഷിക്കാനുള്ള യത്‌നങ്ങള്‍ തീവ്രമായി തുടരും. അവരുടെ വിശ്വാസം ആര്‍ജിക്കുന്നതിനു വേണ്ടി അവര്‍ പറയുന്ന പരിഷ്‌കാരങ്ങള്‍ ബജറ്റ് പ്രഖ്യാപനങ്ങളിലുണ്ടാകും. പൊതുമേഖല വില്പന തന്നെയായിരിക്കും റവന്യൂ വരുമാനവര്‍ധനയുടെ ഒരു പ്രധാന ഇനം.

അംബേദ്കര്‍ അധികാരവികേന്ദ്രീകരണത്തെ എതിര്‍ത്തു. കാരണം, പ്രാദേശികസര്‍ക്കാറുകളെ സവര്‍ണ പിന്തിരിപ്പന്മാര്‍ കൈപ്പിടിയിലൊതുക്കും എന്നദ്ദേഹം ഭയപ്പെട്ടു. വരേണ്യവിഭാഗം ഭരണകൂടത്തെ വിഴുങ്ങുന്നത് പഞ്ചായത്തില്‍ മാത്രമല്ല, കേന്ദ്രസര്‍ക്കാറിനെത്തന്നെയാകാം എന്നതാണ് ഇന്നത്തെ അനുഭവം.