സപ്ലൈകോയിൽ 35 ശതമാനം സബ് സിഡി


സപ്ലൈകോ വഴി അവശ്യസാധനങ്ങൾ പൊതുവിപണിയേക്കാൾ 35 ശതമാനം വിലകുറച്ച്‌ വിതരണം ചെയ്യും. ഒടുവിൽ സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചത് 2014ൽ ആണ്. അതിനുമുമ്പ് കാലാകാലങ്ങളിൽ വില പരിഷ്‌കരിക്കുമായിരുന്നു. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ 2013 ആഗസ്‌ത്, 2014 ആഗസ്‌ത്‌, 2014 നവംബർ, ഡിസംബർ എന്നീ മാസങ്ങളിൽ വില പുതുക്കി നിശ്ചയിച്ചു.
2016ൽ അധികാരത്തിൽവന്ന എൽഡിഎഫ്‌ സർക്കാർ അവശ്യവസ്തുക്കളുടെ വില വർധിപ്പിക്കില്ലെന്ന്‌ നയപരമായ തീരുമാനം എടുത്തതിനാൽ 2014 ഡിസംബറിൽ നിലവിലുണ്ടായിരുന്ന വിലയ്ക്കാണ് അവശ്യവസ്തുക്കൾ നൽകുന്നത്. 2014ൽ അന്നത്തെ പൊതുവിപണി വിലയിൽനിന്ന്‌ ശരാശരി 26 ശതമാനം കുറവിലാണ് സബ്സിഡി സാധനങ്ങളുടെ വില നിശ്ചയിച്ചത്. പത്തുവർഷത്തെ വിലവർധന കണക്കാക്കുമ്പോൾ നിലവിലെ പൊതുവിപണി വിലയും സബ്സിഡി വിലയും തമ്മിൽ വലിയ വ്യത്യാസമുണ്ട്‌.
വിപണി ഇടപെടൽ പ്രവർത്തനങ്ങളിലൂടെ സപ്ലൈകോയ്ക്ക് വർഷം ശരാശരി 425 കോടിയുടെ സബ്സിഡി ബാധ്യതയാണുണ്ടാകുന്നത്‌. മാസം ശരാശരി 35-40 ലക്ഷം കുടുംബങ്ങൾ സപ്ലൈകോയിൽ സാധനങ്ങൾ വാങ്ങാനെത്തുന്നു. ഇത്തരത്തിൽ ശക്തമായ വിപണി ഇടപെടലുള്ളതുകൊണ്ടാണ്‌ ഉപഭോക്തൃ സംസ്ഥാനമായിട്ടും കേരളത്തിൽ പണപ്പെരുപ്പവും വിലക്കയറ്റവും ഏറ്റവും കുറഞ്ഞ തോതിലാണ്.
സ. ജി ആർ അനിൽ
ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി