കേരളത്തിൻ്റെ ഇച്ഛാ ശക്തി : അതിവേഗം ദേശീയപാത വികസനം

കേരളത്തിൻ്റെ ഇച്ഛാ ശക്തി : അതിവേഗം ദേശീയപാത വികസനം

നാടിന്റെ സമഗ്രവികസനത്തിന്റെ ചാലകശക്തിയായി പ്രവർത്തിക്കുന്നത് പശ്ചാത്തലവികസന മേഖലയുടെ വികസനമാണ്. വികസനമുന്നേറ്റം കൊതിക്കുന്ന ജനതയെ സംബന്ധിച്ച് തടസ്സമില്ലാത്ത ഗതാഗതശൃംഖല അനിവാര്യമായ ഒന്നാണ്.

ജനസാന്ദ്രതപോലെ വാഹനസാന്ദ്രതയും ഉയർന്ന സംസ്ഥാനമാണ് കേരളം. സാമ്പത്തികാവലോകന റിപ്പോർട്ടു പ്രകാരം 2021 മാർച്ചുവരെ 1.48 കോടി മോട്ടോർ വാഹനം രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തിൽ വാഹനത്തിന്റെ എണ്ണം 1000 ആളുകൾക്ക് 445 എന്ന കണക്കിലാണ്. രണ്ടിലൊരാൾക്ക് വാഹനമെന്ന തോതിലേക്ക് കേരളം എത്തിക്കൊണ്ടിരിക്കുകയാണെന്ന് ചുരുക്കം. ഇക്കാര്യത്തിൽ വികസിത രാജ്യങ്ങൾക്കൊപ്പമാണ് കേരളത്തിന്റെ സ്ഥാനം. 2,38,773 കിലോമീറ്റർ റോഡാണ് കേരളത്തിൽ ആകെയുള്ളത്. ഇതിൽ പൊതുമരാമത്തു വകുപ്പിന്റെ റോഡുകളും ദേശീയപാതയും ചേർന്നാൽ ആകെ 31,303 കിലോമീറ്റർ വരും. എന്നാൽ, കേരളത്തിന്റെ റോഡ് ഗതാഗതത്തിന്റെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത് പൊതുമരാമത്തു റോഡുകളാണ്.

പ്രാഥമിക ശൃംഖലയായി കണക്കാക്കപ്പെടുന്ന ദേശീയപാതകൾ മൊത്തം ഗതാഗതത്തിന്റെ 40 ശതമാനവും സംസ്ഥാനപാതകൾ, പ്രധാന ജില്ലാ റോഡുകൾ, സെക്കൻഡറി റോഡുകൾ എന്നിവ 40 ശതമാനവും കൈകാര്യം ചെയ്യുന്നു. ആകെ 12 ശതമാനംവരുന്ന റോഡുകൾ ഗതാഗതത്തിന്റെ 80 ശതമാനവും കൈകാര്യം ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിന്റെ പശ്ചാത്തലവികസന രംഗത്ത് ഏറ്റവും പ്രധാനം പൊതുമരാമത്തു റോഡുകളുടെ വികസനമാണ്. കേരളത്തിലെ ജനസാന്ദ്രത 2011-ലെ സെൻസസ് പ്രകാരം ചതുരശ്ര കിലോമീറ്ററിൽ 860 എന്നതാണ്. ദേശീയ ജനസാന്ദ്രത 382മായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയിലധികം. ഈ സാഹചര്യത്തിൽ റോഡുകളുടെ വിപുലീകരണത്തിന് പരിമിതികൾ നേരിടുന്നുണ്ട്. ഈ പരിമിതികൾക്കിടയിലും കേരളത്തിലെ റോഡുകളുടെ കാലോചിതമായ നവീകരണവും വികസനവും സാധ്യമാക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത് .

ദേശീയപാത വികസനം

ഇവിടെയാണ് ദേശീയപാതാ വികസനം പ്രാധാന്യം അർഹിക്കുന്നത്. സംസ്ഥാനത്ത് ആകെ 1781.5 കിലോമീറ്ററുള്ള 11 ദേശീയപാതയുണ്ട്. ഇതിൽ 1233.5 കിലോമീറ്റർ റോഡും പരിപാലിക്കുന്നത് ദേശീയപാത അതോറിറ്റിയാണ്. 548 കിലോമീറ്റർ പൊതുമരാമത്തു വകുപ്പ് ദേശീയപാത വിഭാഗവും കൈകാര്യം ചെയ്യുന്നു. ദേശീയപാതകളിൽ ഏറ്റവും പ്രധാനപ്പെട്ടത് കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലാ അതിർത്തിവരെയുള്ള എൻഎച്ച് 66 ആണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ഒമ്പത് ജില്ലയിലൂടെ കടന്നുപോകുന്നതാണ് എൻഎച്ച് 66. കേരളത്തിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ നീളുന്ന പാതയാണ് എൻഎച്ച് -66. എൻഎച്ച് - 66ന്റെ വികസനം പ്രധാനമാകുന്നത് ഈ ഘട്ടത്തിലാണ്. ദേശീയപാത 66-ന്റെ വികസനത്തെക്കുറിച്ച് കുറേക്കാലമായി കേരളം ചർച്ച ചെയ്യുന്നുണ്ട്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഒരു ഘട്ടത്തിൽ ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചുപോയതാണ് ദേശീയപാത വികസനം. സമയബന്ധിതമായി സ്ഥലം ഏറ്റെടുത്തു നൽകാൻ കഴിയാതിരുന്നതാണ് ദേശീയപാത വികസനത്തെ സ്തംഭിപ്പിച്ചത്.

എൽഡിഎഫ് സർക്കാർ ചെയ്തത്

കേരളത്തിന്റെ സമഗ്ര വികസനത്തിന് സഹായകരമാകുന്ന ദേശീയപാത വികസനം നടപ്പാക്കാൻ 2016-ൽ അധികാരമേറ്റ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ തീരുമാനിച്ചു. ഇതിനായി കേന്ദ്രത്തിൽ സംസ്ഥാനം കടുത്ത സമ്മർദം ചെലുത്തി. മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെയും നിരവധി തവണ സന്ദർശിച്ച് ദേശീയപാതാ വികസനം സാധ്യമാക്കണമെന്ന് സമ്മർദം ചെലുത്തി. ഭൂമി ഏറ്റെടുക്കലിനുള്ള തുകയിൽ നിശ്ചിത ശതമാനം സംസ്ഥാനം വഹിച്ചാൽ ദേശീയപാത വികസനം സാധ്യമാക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ഇതേത്തുടർന്ന് രാജ്യത്ത് മറ്റെങ്ങുമില്ലാത്തവിധം ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം സംസ്ഥാനം നൽകാൻ തീരുമാനിച്ചു. കിഫ്ബി വഴി പണം ചെലവഴിക്കാൻ തീരുമാനിക്കുകയും കരാർ ഒപ്പുവയ്ക്കുകയും ചെയ്തു. ഉപേക്ഷിച്ചുപോയ പദ്ധതി കേരളത്തിൽ തിരിച്ചെത്തുന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലുകളിലൂടെയാണെന്ന് വ്യക്തം.

ഭൂമി ഏറ്റെടുക്കലായിരുന്നു അടുത്ത ഘട്ടം. ഭൂമി ഏറ്റെടുക്കൽ മുടക്കാൻ പല തന്ത്രവും പലരും പ്രയോഗിച്ചു. പലയിടത്തിലും വികസന വിരുദ്ധർ ഒന്നിച്ച് എത്തി ഭൂമി ഏറ്റെടുക്കലിനെ തടസ്സപ്പെടുത്താൻ നോക്കി. ദേശീയപാത വികസനത്തിന്റെ പ്രാധാന്യം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽത്തന്നെ ജനങ്ങളോട് വിശദീകരിച്ചു. ജനങ്ങളുടെ ആശങ്കകൾ ദൂരീകരിച്ചു. പരാതികൾ പരിഹരിച്ചു. ജനം ഭൂമി വിട്ടുതരാൻ തയ്യാറായി. മികച്ച പുനരധിവാസ പാക്കേജ് നടപ്പാക്കാനുള്ള തീരുമാനമാണ് ഇതിൽ പ്രധാനം. ഭൂമി വിട്ടുനൽകിയ എല്ലാവരെയും സർക്കാർ ചേർത്തുനിർത്തി. പരമാവധി നഷ്ടപരിഹാരം നൽകിയാണ് ഭൂമി ഏറ്റെടുത്തത്. ദേശീയപാത 66-ന്റെ വികസനത്തിനായി 1079.06 ഹെക്ടർ ഭൂമിയായിരുന്നു ഏറ്റെടുക്കേണ്ടിയിരുന്നത്. ഇതിൽ 1062.96 ഹെക്ടർ ഭൂമിയും ഏറ്റെടുത്തുകഴിഞ്ഞു. 98.51 ശതമാനം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി. സ്ഥലം ഏറ്റെടുക്കലിന്റെ ചെലവിന്റെ 25 ശതമാനം വഹിക്കാമെന്ന ഉറപ്പും കേരളം പ്രാവർത്തികമാക്കി. 5580 കോടി രൂപയാണ് സംസ്ഥാനം സ്ഥലം ഏറ്റെടുക്കലിനായി ഇതുവരെ നൽകിയത്.

കണ്ണഞ്ചിപ്പിക്കുന്ന മാറ്റം

ദേശീയപാത 66 വികസനം പൂർണാർഥത്തിൽ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച പ്രവൃത്തി ഈ സർക്കാരിന്റെ കാലത്ത് പൂർണമായും ട്രാക്കിൽ കയറി. ദേശീയപാത 66-ലെ 21 റീച്ചിലെ പ്രവൃത്തിയാണ് നടത്തേണ്ടത്. ഇതിൽ 15 റീച്ചിൽ പ്രവൃത്തി പുരോഗമിക്കുകയാണ്. തലപ്പാടി-- - ചെങ്കള, ചെങ്കള–നീലേശ്വരം - 37.26 കിലോമീറ്റർ, നിലേശ്വരം ആർഒബി, നീലേശ്വരം–തളിപ്പറമ്പ്, തളിപ്പറമ്പ–മുഴപ്പിലങ്ങാട്, തലശേരി --മാഹി ബൈപാസ് , അഴിയൂർ–വെങ്ങളം, പാലോളി— മൂരാട് പാലം, കോഴിക്കോട് ബൈപാസ്, രാമനാട്ടുകര–വളാഞ്ചേരി, വളാഞ്ചേരി–കാപ്പിരിക്കാട് , തുറവൂർ–പറവൂർ , കൊറ്റൻകുളങ്ങര-- - കൊല്ലം, കഴക്കൂട്ടം ഫ്‌ലൈഓവർ, തിരുവനന്തപുരം മുക്കോല മുതൽ തമിഴ്‌നാട് അതിർത്തിവരെ എന്നീ റീച്ചുകളിലാണ് പ്രവൃത്തി വേഗത്തിൽ പുരോഗമിക്കുന്നത്.

ആറ് റീച്ചിൽ അവാർഡ് ചെയ്ത് പ്രാഥമിക പ്രവർത്തനങ്ങളും നടക്കുകയാണ്. കാപ്പിരിക്കാട് — തളിക്കുളം, തളിക്കുളം --കൊടുങ്ങല്ലൂർ, കൊടുങ്ങല്ലൂർ --ഇടപ്പള്ളി, പറവൂർ - --കൊറ്റൻകുളങ്ങര, കൊല്ലം ബൈപാസ് —കടമ്പാട്ടുകോണം, കടമ്പാട്ടുകോണം — കഴക്കൂട്ടം എന്നീ റീച്ചുകളിലാണ് പ്രാഥമിക പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതോടൊപ്പം അരൂർ -തുറവൂർ ട്രെച്ചിൽ എലവേറ്റഡ് ഹൈവേ നിർമിക്കുന്നതിനുള്ള ഡിപിആറും തയ്യാറാക്കുന്നുണ്ട്.

നിരന്തര ഇടപെടൽ, നിരീക്ഷണം
ദേശീയപാതാ വികസനം സമയബന്ധിതമായി നടപ്പാക്കാൻ ദേശീയപാത അതോറിറ്റിയുമായി ചേർന്ന് സംസ്ഥാന സർക്കാർ പ്രവർത്തിക്കുകയാണ്. ദേശീയപാത അതോറിറ്റിക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പുവരുത്താൻ പ്രത്യേക സംവിധാനംതന്നെ സംസ്ഥാനം നടപ്പാക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മുൻഗണനാ പദ്ധതികളിൽ ഉൾപ്പെടുന്നതാണ് ദേശീയപാത വികസനപദ്ധതി. പ്രവൃത്തി നിശ്ചിത ഇടവേളകളിൽ മുഖ്യമന്ത്രി തലത്തിൽ അവലോകനം ചെയ്യുകയാണ്. പൊതുമരാമത്തു മന്ത്രിയെന്ന നിലയിൽ പ്രവൃത്തിയിടങ്ങളിൽ നേരിട്ട് എത്തുകയും പ്രവൃത്തി വിലയിരുത്തുകയും ചെയ്യുന്നു. ചീഫ് സെക്രട്ടറിയുടെയും പൊതുമരാമത്ത് സെക്രട്ടറിയുടെയും നേതൃത്വത്തിലും അവലോകനയോഗങ്ങൾ ചേർന്ന് കൃത്യമായി പ്രവൃത്തി നിരീക്ഷിക്കുന്നുണ്ട്. രണ്ടാഴ്ചയിലൊരിക്കൽ ചേരുന്ന സംസ്ഥാനതല പൊതുമരാമത്ത് മിഷൻ ടീം യോഗത്തിലെ പ്രത്യേക അജൻഡയാണ് ദേശീയപാത വികസനം. ജില്ലകളിൽ മാസത്തിലൊരിക്കൽ ചേരുന്ന ഡിസ്ട്രിക്ട് ഇൻഫ്രാസ്ട്രക്ചർ കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം അതത് ജില്ലയിലെ പ്രവൃത്തി പുരോഗതിയും വിലയിരുത്തുന്നു. കൃത്യമായ വർക്ക് പ്ലാനുണ്ടാക്കി അത് പൂർത്തീകരിക്കപ്പെടുന്നുണ്ടോ എന്ന പരിശോധനയാണ് ഇത്തരം യോഗങ്ങളിൽ നടക്കുന്നത്. ഇത്തരത്തിൽ കൃത്യമായ ഇടപെടലും നിരീക്ഷണവും സർക്കാർ നടത്തുകയാണ്. മറ്റു പ്രതിസന്ധിയൊന്നും ഇല്ലെങ്കിൽ 2025-ഓടെ ദേശീയപാത വികസനപ്രവൃത്തി പൂർത്തിയാക്കുകയാണ് ലക്ഷ്യം. അതിന് ദേശീയപാത അതോറിറ്റിക്കൊപ്പം സംസ്ഥാന സർക്കാരും പ്രവർത്തിക്കുകയാണ്. ദേശീയപാത വികസനത്തിനൊപ്പം സംസ്ഥാനത്തെ പൊതു വികസനക്കുതിപ്പിലേക്ക് നയിക്കാനുള്ള പ്രവർത്തനങ്ങളും സർക്കാർ ആസൂത്രണം ചെയ്യുകയാണ്.

  • പി എ മുഹമ്മദ് റിയാസ്