വിവിധ കാരണങ്ങളാല്‍ സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ച തുക തിരികെ കൊടുക്കാന്‍ കഴിയാത്ത 164 സംഘങ്ങളാണ് നിലവിലുള്ളത്

വിവിധ കാരണങ്ങളാല്‍ സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ച തുക തിരികെ കൊടുക്കാന്‍ കഴിയാത്ത 164 സംഘങ്ങളാണ് നിലവിലുള്ളത്.

ഇതില്‍ 132 എണ്ണവും വെല്‍ഫയര്‍ സംഘങ്ങള്‍, റസിഡന്‍സ് അസോസിയേഷന്‍ സഹകരണ സംഘങ്ങള്‍, ലേബര്‍ സഹകരണ സംഘങ്ങള്‍ എന്നിവയാണ്.

ഇതില്‍ പലതും ലിക്വിഡേഷന്‍ നടപടികള്‍ ആരംഭിച്ചതും സഹകരണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം നടപടികള്‍ ആരംഭിച്ചിട്ടുള്ളതും പ്രവര്‍ത്തന വൈകല്യം മൂലം പിരിച്ചുവിടപ്പെട്ടതോ അഡ്മിനിസ്‌ട്രേറ്ററോ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭരിക്കുന്നതോ ആയ സംഘങ്ങളാണ്.

നിക്ഷേപകരുടെ പണം തിരികെ നല്‍കുന്നതിനു നിയമപരമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ക്രിമിനല്‍ അന്വേഷണം നേരിടുന്ന സംഘങ്ങളില്‍ നിന്നും നിക്ഷേപം തിരികെ നല്‍കുന്നതിന് ചില നിയമപരമായ തടസങ്ങളുണ്ട്.

ചില പ്രത്യേക ഉദ്ദേശ്യത്തോടെ പൊതുജനങ്ങളെ പ്രേരിപ്പിച്ച് നിക്ഷേപം നടത്തുകയും പ്രവര്‍ത്തന വൈകല്യം മൂലം സംഘത്തിന്റെ പ്രവര്‍ത്തനം നിലച്ചതുമായ സഹകരണ സംഘങ്ങളിലെ നിക്ഷേപം തിരികെ നല്‍കാന്‍ സാഹചര്യമുണ്ട്.

വെല്‍ഫയര്‍ സംഘങ്ങള്‍, റസിഡന്‍സ് അസോസിയേഷന്‍ സഹകരണ സംഘങ്ങള്‍, ലേബര്‍ സഹകരണ സംഘങ്ങള്‍ തുടങ്ങിയ പേരുകളില്‍ തുടങ്ങുന്ന സംഘങ്ങളില്‍ നിക്ഷേപം സ്വീകരിച്ച ശേഷം തിരികെ നല്‍കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നു.

കരുവന്നൂര്‍ സഹകരണ സംഘത്തില്‍ 38.75 കോടി രൂപ നിക്ഷേപം തിരികെ നല്‍കിയിട്ടുണ്ട്.

മരണപ്പെട്ട ഫിലോമിനയ്ക്ക് ഫിലോമിനയുടെയും ഭര്‍ത്താവ് ശ്രീ. ദേവസിയുടെയും പേരിലുള്ള നിക്ഷേപത്തില്‍ നിന്നും 4.60 ലക്ഷം രൂപ തിരികെ നല്‍കിയിരുന്നു.

മകന്റെ ലിഗ്മന്റ് ചികിത്സാര്‍ത്ഥം പണം തിരികെ ചോദിച്ചപ്പോഴും നല്‍കി.

ജൂണ്‍ 28 ന് പണം ആവശ്യപ്പെട്ട് സമീപച്ചപ്പോഴാണ് നല്‍കാന്‍ കഴിയാതിരുന്നത്.

ഇതു സംബന്ധിച്ച് ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.

ഈ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കും.

ഇതിനു പുറമെ ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട് ലഭിച്ചാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും.

കരുവന്നൂര്‍ ബാങ്ക് സംബന്ധിച്ച് രജിസ്ട്രാര്‍ നല്‍കിയ പുനരുജ്ജീവന റിപ്പോര്‍ട്ടിന്റെ നിയമപരമായ വശങ്ങള്‍ പരിശോധിച്ചു വരുകയാണ്.

കേരള ബാങ്കില്‍ നിന്നും സ്‌പെഷ്യല്‍ ഓവര്‍ ഡ്രാഫ്റ്റ് നല്‍കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നു.

ബാങ്കിന്റെ വസ്തുവകകള്‍ ഓള്‍ട്ടര്‍നേറ്റ് സെയില്‍ നടത്തി തുക സമാഹരിക്കുന്നതിനും നടപടി സ്വീകരിച്ചു വരുന്നു.

ഇതിനു പുറമെ ക്രമിനല്‍ ഭേദഗതി നിയമപ്രകാരം കുറ്റാരോപിതരുടെ വസ്തുവകകള്‍ ജപ്തി ചെയ്ത് നഷ്ടം ഈടാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ക്രൈം ബ്രാഞ്ചിനോട് കുറ്റാരോപിതരുടെ പട്ടിക കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കുടിശിക വരുത്തിയ ജാമ്യക്കാരുടെ ജാമ്യവസ്തു കണ്ടീഷണല്‍ അറ്റാച്ച്‌മെന്റ് നടത്തുന്നതിനും നിയമ വിരുദ്ധമായി വായ്പ നേടിയവരുടെ ജാമ്യം നല്‍കിയ വസ്തുവകകള്‍ അടിയന്തരമായി ജപ്തി നടത്തി മുതല്‍ക്കൂട്ടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ സാധാരണ രീതിയില്‍ നടന്നു വരുകയാണ്.

സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ളവയുടെ വ്യാപാര ഇടപാടുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.

വായ്പകള്‍ നല്‍കുന്നത് പുനരരാംഭിക്കുകയും നിക്ഷേപങ്ങള്‍ പുതുക്കി വയ്ക്കുന്നതിനു നടപടികളവും സ്വീകരിച്ചു വരുന്നു.

വിവാഹത്തിനും മറ്റു ചികിത്സകള്‍ക്കുമായി കൂടുതല്‍ തുക നല്‍കാനുള്ള ശ്രമം നടക്കുന്നു.

കേരള ബാങ്കില്‍ നിന്നും അടിയന്തരമായി ഓവര്‍ ഡ്രാഫ്റ്റ് വഴി തുക ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.