ഷാജഹാൻ്റെ ശരീരത്തിലെ മുറിവുകള്‍ ആര്‍എസ്എസ് ആക്രമണ രീതിയുടെ തെളിവ് ‘ സിപിഎം ജില്ലാ സെക്രട്ടറി

ആര്‍ എസ് എസുകാര്‍ കൊലപ്പെടുത്തിയ സിപിഎം നേതാവ് ഷാജഹാൻ്റെ ശരീരത്തിലെ മുറിവുകള്‍ ആര്‍എസ്എസ് ആക്രമണ രീതിയുടെ തെളിവാണെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. കേരളത്തില്‍ ആര്‍ എസ് എസ് നടത്തിയ എല്ലാ കൊലപാതകങ്ങളും പരിശോധിച്ചാല്‍ കൊല നടത്താന്‍ ആര്‍ എസ് എസുകാര്‍ ആദ്യം വെട്ടുന്നത് കാലിലാണെന്ന് കാണാം. ആക്രമിക്കപ്പെടുന്ന ആള്‍ ഒരു കാരണവശാലും രക്ഷപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇത് ഷാജഹാന്റെ കാര്യത്തിലും സംഭവിച്ചതായി ഇ എന്‍ സുരേഷ് ബാബു പറഞ്ഞു. ഇത് വ്യക്തമാക്കുന്നത് കൊലപാതകം നടത്തിയ പ്രതികള്‍ക്ക് കൃത്യമായ പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ്. പ്രതികള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചു നല്‍കിയതാരാണ്, പണം നല്‍കിയതാരാണ്, ഇവരെ സംരക്ഷിച്ചതാരാണ് തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് വിശദമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഷാജഹാനെ കൊലപ്പെടുത്തിയത് വ്യക്തിവിരോധത്തിൻ്റെ പേരിലാണെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധം തന്നെയാണ് കാരണം. സിപിഎം പ്രവര്‍ത്തകര്‍ രക്ഷാ ബന്ധന്‍ സംഘടിപ്പിക്കില്ല. ഡി വൈ എഫ് ഐ ബോര്‍ഡ് മാറ്റി ശ്രീകൃഷ്ണ ജയന്തിയുടെ ബോര്‍ഡ് വയ്ക്കാന്‍ ഏതെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ തയ്യാറാകില്ല. പ്രതികള്‍ ഇതെല്ലാം ചെയ്തവരാണ്. എന്നിട്ടും വ്യക്തി വിരോധമാണ് കൊലയ്ക്ക് പിന്നിലെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. സിപിഎമ്മില്‍ അംഗമല്ലാത്തവരെ എങ്ങനെയാണ് സിപിഎം പുറത്താക്കുകയെന്നും പ്രതികള്‍ സിപിഎം അംഗങ്ങളാണെന്ന പ്രചരണങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.