2022 മാർച്ച് 1-4 വരെ എറണാകുളത്ത് ചേർന്ന കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യാ (മാർക്സിസ്റ്റ്) ന്റെ കേരള സംസ്ഥാന സമ്മേളനം അംഗീകരിച്ച നവകേരള സൃഷ്‌ടിക്കായുള്ള നിർദ്ദേശങ്ങളിൽ നിന്ന്
3.1 നവകേരള സൃഷ്‌ടിക്കായി ഇത്തരം കർമ്മപദ്ധതികൾ നടപ്പിലാക്കി കേരളത്തെ ആധുനിക ലോകത്തിന് അനുയോജ്യമായ വിധം രൂപപ്പെടുത്തുന്നതിനുള്ള അടി ത്തറയിടാൻ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് സാധ്യമായിട്ടുണ്ട്. ഈ അടിത്തറയിൽ നിന്നും ഗുണപരമായി ഉയർന്ന ഘട്ടത്തിൽ കേരള സമൂഹത്തെ എത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇത് സംബന്ധിച്ച കർമ്മ പദ്ധതി എൽഡിഎഫ് പ്രകടനപത്രികയിലൂടെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. കേരളത്തെ ആധുനിക വൈജ്ഞാനിക സമൂഹമായി വികസിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ആധുനിക വിജ്ഞാന സമൂഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശാസ്ത്ര സാങ്കേതിക രംഗത്തും, സാമൂഹ്യ രംഗത്തും നാം നേടിയ അറിവുകൾ വികസിപ്പിച്ച് ഉൽപാദന ശക്തികളെ ശക്തിപ്പെടുത്തി ഉൽപ്പാദനക്ഷമതയും ഉൽപാദനവും വർദ്ധിപ്പിക്കുക എന്നതാണ്. ഇത് സംബന്ധിച്ച പ്രകടന പത്രിക വിവരിക്കുന്നത് ഇപ്രകാരമാണ്.
“വിജ്ഞാന സമ്പദ്ഘടനയായുള്ള പരിവർത്തനത്തിന് ഉന്നത വിദ്യാഭ്യാസത്തെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടു പോകാനാവണം. അലകും പിടിയും മാറണം. പരമാവധി യുവജനങ്ങൾക്ക് ഉന്നതവിദ്യാഭ്യാസവും എല്ലാവർക്കും ഡിജിറ്റൽ സൗകര്യങ്ങളും ലഭ്യമാക്കണം. വിജ്ഞാനത്തെ നൂതന വിദ്യകളായി രൂപാന്തരപ്പെടുത്തണം. സമ്പദ്ഘടനയുടെ സമസ്‌തമേഖലകളിലും ആധുനിക ശാസ്ത്രവും നൂതനസാങ്കേതികവിദ്യകളും ഉൾക്കൊള്ളാനാവുംവിധം ആസൂത്രിതമായ ഇടപെടൽ വേണം. നൂതനവിദ്യാ സംരംഭങ്ങൾ അഥവാ സ്‌റ്റാർട്ട് അപ്പുകൾ തഴച്ചുവളരണം. ഇതിനെല്ലാമായി ഉന്നത വിദ്യാഭ്യാസത്തിലും സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഉണ്ടായതുപോലുള്ള മുന്നേറ്റമുണ്ടാക്കാൻ ഇനിയും കഴിയേണ്ടതുണ്ട്.
ജനതയുടെ സാമൂഹ്യ ബോധവും ചരിത്രബോധവും മാനവിക മൂല്യങ്ങളുമെല്ലാം കൂടുതൽ വികസിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള സാമൂഹ്യ ശാസ്ത്ര പഠനങ്ങളുടെ വികാസവും പ്രധാനമാണ്. ഇത്തരം പഠനങ്ങളിൽ അത്യുന്നത തലത്തിലുള്ള ഗവേഷണ സ്ഥാപനങ്ങളുടെ രൂപീകരണവും പ്രധാനമായി നമുക്ക് മുമ്പിലുണ്ട്”.
3.9 ഉന്നതവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുകയും ഗുണനിലവാരം മെച്ചപ്പെടു ത്തുകയും ചെയ്യേണ്ടതുണ്ട്. ബിരുദാനന്തര ബിരുദ വിദ്യാഭ്യാസത്തിനും ഗവേ ഷണത്തിനും പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്. അധ്യാപനത്തിനും ഗവേഷ ണത്തിനും വിദ്യാർത്ഥികളുടെ പരസ്‌പര കൈമാറ്റത്തിനുമുള്ള ശൃംഖല ദേശീയ, അന്താരാഷ്ട്ര തലത്തിൽ തന്നെ വികസിപ്പിക്കുക പ്രധാനമാണ്. ഗവേഷണ സ്ഥാപനങ്ങളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഉത്പാദനമേഖലകളും തമ്മിൽ പരസ്‌പരം ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സമ്പ്രദായം വളർത്തണം. അതോടൊപ്പം ഉന്നതവിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യനീതിയും പ്രാദേശിക സന്തുലിതാവസ്ഥയും ഉറപ്പുവരുത്തുന്നതിനുള്ള നടപടികളും ലക്ഷ്യംവ യ്‌ക്കേണ്ടതുണ്ട്. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളും ശാസ്ത്രീയ അവ ബോധവും വളർത്തുന്ന പാഠ്യപദ്ധതികൾ വിദ്യാഭ്യാസ മേഖലയിൽ ഉടനീളം കൊണ്ടുവരേണ്ടതുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിവിധ ശാഖകളിൽ മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കുന്നതും ഈ മേഖലയുടെ ശാക്തീകരണവു മായി ബന്ധപ്പെട്ട് ഏറ്റെടുക്കേണ്ട പരിപാടിയാണ്.
ശാസ്ത്ര സാങ്കേതിക വികാസങ്ങളെ ഉപയോഗപ്പെടുത്തണം.
3.16 ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകത്തെമ്പാടും നേടിയ വിജ്ഞാനങ്ങളെ നമ്മുടെ നാടിൻറെ സവിശേഷതകൾ കൂടി കണക്കിലെടുത്ത് ഉൽപാദന രംഗത്ത് ഉപയോഗിക്കുന്ന രീതി നാം സ്വീകരിക്കേണ്ടതുണ്ട്. അത് നമ്മുടെ വികസന കാഴിച്ചപ്പാടിന്റെ പ്രധാന സമീപനമാണ്. അതോടൊപ്പം നമ്മുടെ നാടിന്റെ വികസന പ്രശ്‌നങ്ങളെ സവിശേഷമായി കണ്ടുകൊണ്ട് അവ പരിഹരിക്കുന്നതിനുള്ള അറിവുകൾ ഉൽപാദിപ്പിക്കുക എന്നതും പ്രധാനമായി
മനസ്സിലാക്കിക്കൊണ്ടുള്ള ഇടപെടലാണ് എല്ലാ രംഗത്തും നാം സ്വീകരി ക്കേണ്ടത്. ശാസ്ത്രീയമായ അറിവുകളെ ദൈനംദിന ജീവിതത്തിൽ സാംശീകരിക്കുന്നതിനുള്ള ഇടപെടൽ നടത്തിക്കൊണ്ടാകണം ഭാവി പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കേണ്ടത്. ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോ ഗതിക്കായി വിദേശ നിക്ഷേപം ഉൾപ്പെടെ കൊണ്ടുവരിക എന്നത് ജനകീയ ജനാധിപത്യ വിപ്ലവ പരിപാടിയിൽ പോലും നാം മുന്നോട്ടുവയ്ക്കുന്നതാണ്. പാർടി പരിപാടിയിൽ ഇക്കാര്യം ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്. ‘ആധുനിക സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതിനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്ന തിനുംവേണ്ടി തെരഞ്ഞെടുക്കപ്പെട്ട ചില മേഖലകളിൽ വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിക്കും. സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള താൽപ്പര്യ ത്തിനുവേണ്ടി ഫിനാൻസ് മൂലധനത്തിൻ്റെ ഒഴുക്ക് നിയന്ത്രിക്കും.’ (പാർടി പരിപാടി - 6.6 (iii)) ജനകീയ ജനാധിപത്യ വിപ്ലവത്തിന് ശേഷം പോലും ഇത്തരം നിലപാടാണ് നാം മുന്നോട്ടുവയ്ക്കുന്നതെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഇടപെടാൻ കഴിയണം.
3.26 ഉന്നതവിദ്യാഭ്യാസം
a. കേരളത്തിലെ സർവ്വകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഓരോന്നിനും 5-10 വർഷത്തേക്കുള്ള ഭാവി വികസന പദ്ധതികൾ തയ്യാറാക്കുകയും, അവയുടെ അടിസ്ഥാനത്തിൽ സാമ്പത്തിക സഹായ പദ്ധതികളും, കർമ്മ പദ്ധതികളും തയ്യാറാക്കുകയും വേണം.
b. കേരളം ഉന്നതവിദ്യാഭ്യാസത്തിൻ്റെ ഒരു ധിഷണാകേന്ദ്രമാക്കി മാറ്റാനുള്ള ശ്രമ മാണ് ഇപ്പോൾ നടക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രവേശനാനുപാതം (ജി.ഇ.ആർ) 37 ശതമാനമാണ്. അത് അടുത്ത 5 വർഷം കൊണ്ട് 50 ശതമാനമാക്കി വർദ്ധിപ്പിക്കുന്നതിന് പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കണം.
c. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പി ക്കുകയും ബോധന പഠന നിലവാരത്തിൻ്റെ ഗുണമേന്മയിൽ കുതിച്ച് ചാട്ടം ഉറപ്പ് വരുത്തി ലോക നിലവാരത്തിൽ എത്തിക്കാൻ പ്രാപ്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ആഗോള തലത്തിൽ മുന്നിൽ നിൽക്കുന്ന സ്ഥാപനങ്ങളോട് കിടപിടിക്കുന്ന ഉന്നത കലാലയങ്ങൾ വളർത്തി കൊണ്ടു വരണം. സർക്കാർ മേഖലയിലും. സഹകരണ മേഖലയിലും പി.പി.പി മോഡ ലിലും സ്വകാര്യമേഖലയിലും ഈ രീതിയിൽ വൻകിട ഉന്നതവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ ഉണ്ടാവണം. സാമൂഹ്യ നിയന്ത്രണത്തോടെ മാത്രം ഇവ യെല്ലാം പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.
d. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യ നീതി ഉറപ്പാക്കിയും, നിർദ്ദിഷ്ട നിലവാര മാനദണ്ഡങ്ങൾ പാലിച്ചുമാണ് സ്വകാര്യ മേഖലയിലുൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് എന്നും ഉറപ്പ് വരുത്തുന്ന തിനുള്ള കർശന നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തണം. സാമൂഹ്യമായും, സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന പ്രതിഭാശാലികളായ വിദ്യാർത്ഥി കൾക്ക് പ്രത്യേക സ്കോളർഷിപ്പുകൾ, ധനസഹായ പദ്ധതികൾ, വായ്‌പകൾ എന്നിവ വർദ്ധിപ്പിക്കണം. അവ പുതുതായി ആരംഭിക്കുകയും വേണം.
e. പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വർദ്ധിപ്പിക്കാൻ ഫലപ്രദമായ നടപടി വേണം. ഉന്നതവിദ്യാഭ്യാസ മേഖലയെ ഉത്പാദനമേഖലകളുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. വിവിധ സർവ്വക ലാശാലകളിലെ ഗവേഷണ സ്ഥാപനങ്ങളെ ഇത്തരത്തിൽ യോജിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കാനാവണം. ശാസ്ത്ര, സമൂഹ്യശാസ്ത്ര മാനവീക രംഗങ്ങളിലെ ഗവേഷണ ഫലങ്ങളെ സാമൂഹ്യതലത്തിൽ പ്രയോജനപ്പെടു ത്തുന്ന രീതികൾ വികസിപ്പിക്കാനാകണം.
f. പുതിയ പേറ്റൻ്റുകൾ വ്യാപമായി സൃഷ്‌ടിക്കുന്നവിധം ഇവയുടെ നിലവാരം വർദ്ധിപ്പിക്കുന്നതിന് പ്രത്യേക ശ്രദ്ധയുണ്ടാവണം. സാങ്കേതിക വിദ്യാഭ്യാസ ത്തിൻ്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും സവിശേഷ ശ്രദ്ധയുണ്ടാവണം. ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ പ്രവർത്തനത്തെ മുന്നോട്ടുകൊണ്ടുപോകുന്ന തിന് പ്രത്യേക ശ്രദ്ധയുണ്ടാവണം.
g. സർവ്വകലാശാലകളുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ മികവ് കേന്ദ്രങ്ങൾ തുടങ്ങേണ്ടതുണ്ട്. ലോക പ്രശസ്‌തരായ വിഷയ വിദഗ്‌ധർ ഇതിന് നേതൃത്വം നൽകുന്ന സ്ഥിതിയുണ്ടാവണം. ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഹ്യൂമാനിറ്റീസ്, ഭാഷ മേഖലകളും ഇതിൽ ഉണ്ടാകണം. കാർഷിക രംഗത്ത് ഹ്രസ്വകാല കോഴ്സുകൾ ഉണ്ടാവണം.