എന്താണ് ഗ്യാന്‍വാപി കേസ്

എന്താണ് ഗ്യാന്‍വാപി കേസ്?

യുപി വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന മസ്ജിദാണ് ഗ്യാന്‍വാപി. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബ് നിര്‍മിച്ച പള്ളി. എന്നാല്‍ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ പൊളിച്ചു കളഞ്ഞാണ് ഔറംഗസേബ് ഈ പള്ളി നിര്‍മിച്ചത് എന്ന ആരോപണവുമായി ഹൈന്ദവ സംഘടനകള്‍ രംഗത്ത് എത്തി. തര്‍ക്കം വളര്‍ന്നു. 1991 ല്‍ കേസ് കോടതിയിലെത്തി. പള്ളി പൊളിച്ച് ഈ സ്ഥലം ക്ഷേത്രത്തിന് കൈമാറണമെന്നായിരുന്നു ഹിന്ദു സംഘടനകളുടെ ആവശ്യം. എന്നാല്‍ ഇന്നത്തെ അത്ര ശ്രദ്ധയൊന്നും അന്ന് കേസിന് കിട്ടിയില്ല. മറുവശത്ത് ബാബറി മസ്ജിദ് സ്ഥിതി ചെയ്യുന്നത് രാമജന്മഭൂമിയിലാണെന്ന അവകാശവാദം ഇന്ത്യയൊട്ടാകെ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

പ്ലേസ് ഓഫ് വര്‍ഷിപ്പ് ആക്ട് നിലവില്‍ വന്നതോടെ ആരാധനാലയങ്ങള്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കങ്ങളൊക്കെ നിയമം അനുസരിച്ച് അവസാനിപ്പിക്കണമെന്നു വന്നു. ഗ്യാന്‍വാപി മസ്ജിദ് മസ്ജിദായി തന്നെ തുടര്‍ന്നു. അങ്ങനെ അധികം ചര്‍ച്ചകള്‍ക്കൊന്നും ഇടനല്‍കാതെ ഗ്യാന്‍വാപി കേസിന് അന്ന് അവസാനമായി.

2019 നവംമ്പര്‍ 9. അയോധ്യ തര്‍ക്കത്തില്‍ സുപ്രീം കോടതി അന്തിമ വിധി പ്രഖ്യാപിക്കുന്നു. ബാബറി മസ്ജിദ് സ്ഥിതി ചെയ്ത സ്ഥലം രാമക്ഷേത്രത്തിനായി വിട്ടു നല്‍കുക. തകര്‍ക്കപ്പെട്ട പള്ളിക്കുപകരം പുതിയ പള്ളി പണിയുവാന്‍ മറ്റൊരു സ്ഥലത്ത് 5 ഏക്കര്‍ ഭൂമി വിട്ടു നല്‍കുക എന്നായിരുന്നു വിധി.

ആഴ്ചകള്‍ക്ക് ശേഷം ഡിസംബറില്‍ ഗ്യാന്‍വാപി മസ്ജിദിന്റെ നിര്‍മ്മാണം നിയമവിരുദ്ധമാണെന്നും പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പുരാവസ്തു സര്‍വേ വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ വിജയ് ശങ്കര്‍ റസ്‌തോഗി കീഴ്‌ക്കോടതിയെ സമീപിക്കുന്നു. വാദം കേട്ട കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് (എ എസ് ഐ) സര്‍വേ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും ഗ്യാന്‍വാപി മസ്ജിദ് നടത്തുന്ന അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയും ഹര്‍ജിയെ എതിര്‍ത്ത് രംഗത്തെത്തിയതോടെ വാദം നീണ്ടു. തുടര്‍ന്ന് വിഷയം അലഹബാദ് ഹൈക്കോടതിയില്‍ എത്തി. കേസ് പരിഗണിച്ച കോടതി സര്‍വേ നടത്തുന്നതിന് എ എസ് ഐക്ക് നല്‍കിയ നിര്‍ദ്ദേശം താല്‍ക്കാലികമായി സ്റ്റേ ചെയ്തു.

1991 ലെ പ്ലേസ് ഓഫ് വര്‍ഷിപ് ആക്ട് അനുസരിച്ച് 1947 ഓഗസ്റ്റ് 15ന് നിലനിന്നിരുന്ന ആരാധനാലയത്തിന്റെ മതപരമായ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ നിയമം അനുവദിക്കുന്നില്ല എന്ന് കോടതി നിരീക്ഷിച്ചു. തര്‍ക്കം പിന്നെയും നീണ്ടു.

2022 ല്‍ അഖില ലോക് സനാഥന്‍ സംഘിന്റെ പ്രതിനിധികളായ അഞ്ചു സ്ത്രീകള്‍ പള്ളിയില്‍ ഹിന്ദു ദൈവങ്ങളുടെ നിത്യാരാധനയ്ക്കുള്ള അനുവാദം വേണമെന്ന ആവശ്യവുമായി വീണ്ടും ഹര്‍ജി സമര്‍പ്പിച്ചു.

തുടര്‍ന്ന് ഗ്യാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ നടത്താന്‍ വാരാണസി കോടതി കമ്മീഷനെ നിയോഗിച്ചു. ഇതിനെതിരെ പള്ളി കമ്മിറ്റി മേല്‍ കോടതികളെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. വീഡിയോ സര്‍വേ നടന്നു. പള്ളിയിലെ കുളത്തില്‍ നിന്ന് ശിവലിംഗത്തിന് സമാനമായ കല്ല് കണ്ടെടുത്തതായി കമ്മീഷന്‍ കോടതിയെ അറിയിച്ചു.

ഈ സാഹചര്യത്തില്‍ ആരാധന അനുവദിക്കണമെന്ന സ്ത്രീകളുടെ ഹര്‍ജിയില്‍ തുടര്‍വാദം കേള്‍ക്കാമെന്നായി വാരാണസി കോടതി. പ്ലേസ് ഓഫ് വര്‍ഷിപ് ആക്ട് പരിഗണിച്ച് തുടര്‍വാദം അനുവദിക്കരുതെന്ന അഞ്ജുമാന്‍ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി കോടതി തള്ളുകയും ചെയ്തതോടെ ഗ്യാന്‍വാപി വീണ്ടും ചര്‍ച്ചയായി.

വാദങ്ങളും പ്രതിവാദങ്ങളും തുടര്‍ന്നു. സര്‍വ്വേയ്ക്കുള്ള അനുമതിയും അനുമതിയ്ക്കുള്ള സ്റ്റേയും മാറിമാറി വന്നു. ഏറ്റവും ഒടുവില്‍ ഗ്യാന്‍വാപി പരിസരത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സര്‍വ്വേ ആകാമെന്ന് വാരാണസി കോടതിയുടെ വിധി ശരിവച്ചു കൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ വിധിപ്രസ്താവം വന്നു.

സുപ്രീംകോടതിയില്‍ അന്‍ജുമന്‍ മസ്ജിദ് ഭരണസമിതി അപ്പീല്‍ നല്‍കി. ഈ അപ്പീല്‍ തള്ളപ്പെടുകയും മസ്ജിദില്‍ ആർക്കിയോളജിക്കല്‍ സർവേ ആരംഭിക്കുകയും ചെയ്തു.

ഒടുവിൽ പള്ളിയിൽ പൂജ അനുവദിച്ചു കൊണ്ട് വാരാണസി കോടതി ഇന്നലെ ഉത്തരവിട്ടു. ഇന്ന് അവിടെ പൂജ നടന്നു.

വാജ്‌പേയ് ഗവണ്‍മെന്റ് മുതല്‍ മോദി ഗവണ്‍മെന്റ് വരെയുള്ള ബിജെപി സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുന്നതില്‍ ബാബ്‌റി മസ്ജിദിന്റെ അടിത്തറകുലുക്കി വീഴിച്ച വോട്ടുകള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അയോധ്യയില്‍ രാമക്ഷേത്രം, കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നിര്‍ത്തലാക്കുക, ഏകസിവില്‍ കോഡ് പ്രാബല്യത്തില്‍ കൊണ്ടുവരുക തുടങ്ങിയവയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ട് വെച്ച വാഗ്ദാനങ്ങള്‍. ഇതില്‍ ആദ്യത്തെ രണ്ടും നടപ്പിലാക്കി കഴിഞ്ഞ സ്ഥിതിക്ക് ഒരു ചര്‍ച്ചാവിഷയമായി ഇനി ഉയര്‍ത്താന്‍ കഴിയില്ല. ഏക സിവില്‍ കോഡിനെ കുറിച്ച് ഹിന്ദുക്കളിലെ തന്നെ അനവധി വിഭാഗങ്ങളില്‍ അവ്യക്തത നിലനില്‍ക്കുമ്പോള്‍ അത് എത്രത്തോളം വോട്ടായി പെട്ടിയില്‍ വീഴുമെന്ന് ബിജെപിക്ക് സംശയവുമുണ്ട്.

അയോധ്യവിഷയം പോലെ ഇന്ത്യയെ മുഴുവന്‍ പിടിച്ചുലയ്ക്കാനാവില്ലെങ്കിലും 2024 ഇലക്ഷനില്‍ ഉത്തര്‍പ്രദേശിലെ പാര്‍ലമെന്റ് സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഗ്യാന്‍വാപിക്ക് കഴിയും
യുപിയിലെ 80 സീറ്റുകൾ ബിജെപിക്ക് നിർണായകമാണ്.

2014 ല് മുസാഫിർന​ഗറിലുണ്ടായ ഒറ്റകലാപം ബിജെപിയുടെ ക്യാമ്പിലേയ്ക്ക് എത്തിച്ചത് 80 ൽ 75 സീറ്റുകളായിരുന്നു എന്നു മനസ്സിലാക്കുമ്പോൾ ​ഗ്യാൻവാപിയുടെ ലക്ഷ്യം കൂടുതൽ വ്യക്തം