പി വി അൻവർ പ്രതിപക്ഷ നേതാവിനെതിരെ നിയമസഭയിൽ നടത്തിയ അഴിമതി ആരോപണം

പി വി അൻവർ ഇന്ന് പ്രതിപക്ഷ നേതാവിനെതിരെ
നിയമസഭയിൽ നടത്തിയ അഴിമതി ആരോപണം

സർ,

ഇടത് പക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഒരു സുപ്രധാന പദ്ധതിയാണ് കെ-റെയിൽ അഥവാ സിൽവർ ലൈൻ. കേരളത്തിന്റെ രണ്ടറ്റങ്ങളെ കൂട്ടിമുട്ടിക്കുന്ന അതിവേഗ നിർദിഷ്ട റെയിൽ പാതയായിരുന്നു നാം വിഭാവന ചെയ്ത സിൽവർ ലൈൻ പദ്ധതി . പദ്ധതി നടപ്പിലായിരുന്നെങ്കിൽ കേരളത്തിനുണ്ടാകുമായിരുന്ന അടിസ്ഥാന സൗകര്യ വികസനവും സാമ്പത്തിക വളർച്ചയും തൊഴിൽ ലഭ്യതയും കേരളം രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുമായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. അഞ്ച് വർഷം കൊണ്ട് കൊണ്ട് 25 വർഷത്തെ പുരോഗതി കൈവരിക്കാൻ പറ്റുമായിരുന്ന നമ്മുടെ സ്വപ്ന പദ്ധതിയെ അട്ടിമറിക്കാൻ ഒരു വൻ അഴിമതിയുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന കാര്യം വിഷമപൂർവം ഞാൻ ഈ സഭയെ അറിയിക്കട്ടെ.

ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം നമ്മുടെ ഈ കൊച്ചു കേരളമാണല്ലോ. കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഭൂമിയുടെ ലഭ്യത എന്നത്. അതിനാൽ തന്നെയാണ് പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് ഇടതു പക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഈ ബ്രിഹത് പദ്ധതിയുമായി മുന്നോട്ടു പോകുവാൻ തീരുമാനിച്ചത്. ഒന്നാം ഘട്ടത്തിൽ കാര്യമായ എതിർപ്പ് പ്രകടിപ്പിക്കാതിരുന്ന പ്രതിപക്ഷം അർഹരായവർക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ആവശ്യം മാത്രമായിരുന്നു ഉന്നയിച്ചിരുന്നത്. പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോയപ്പോൾ കോൺഗ്രസ് നേതൃത്വത്തിൻറെ സ്വരം പൊടുന്നനെ മാറുകയും ഒരു കാരണവശാലും പദ്ധതി നടപ്പാക്കാൻ സമ്മതിക്കില്ല എന്ന വാശിയോടെയുള്ള സമീപനം സ്വീകരിക്കുകയും ചെയ്തു.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ -റെയിൽ പദ്ധതിയെ ഒരു ഭീകര രൂപമാക്കി ‘കേരളത്തെ ഇതാ രണ്ടായിട്ട് കീറി മുറിക്കാൻ പോകുന്നേ’ എന്ന രൂപത്തിൽ കുപ്രചരണം നടത്തി, ചില മാധ്യമങ്ങളെ കൂട്ട് പിടിച്ച്, പാവപെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കേരളത്തിലുടനീളം സമരത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനി ഈ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനായിരുന്നു.

കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതിയിലൂടെ ഐ .ടി. മേഖലയിൽ സംസ്ഥാനം നേടുന്ന വൻ കുതിച്ചു ചാട്ടത്തെ കുറിച്ച് അന്യസംസ്ഥാനങ്ങളിലെ ഐ.ടി ഭീമന്മാർ പഠിക്കാൻ തുടങ്ങി. ഈ പദ്ധതി നടപ്പിലാക്കിയാൽ കെ-റെയിൽ കടന്ന് പോകുന്ന കേരളത്തിലെ 11 ജില്ലകളും ഐ.ടി.ഹബ്ബുകളായി മാറുമെന്നും ഇവിടങ്ങളിലെ കമ്പനികളിലേക്ക് കേരളത്തിലെ highly professionals ആയതും എന്നാൽ low-cost salaried- മായ യുവതി - യുവാക്കൾ ജോലിക്കെത്തുമെന്നും ഹൈദ്രാബാദിലെയും കർണാടകയിലെയും IT Infrastructure Developments പ്രവൃത്തികൾ ചെയ്യുന്ന കോർപറേറ്റുകൾ നടത്തിയ സർവേയിൽ മനസ്സിലാക്കി.

കേരളത്തിൽ ഏകദേശം ഇരുപത്തഞ്ച് ലക്ഷം ലക്ഷത്തോളം professionally qualified ആയ കുടുംബിനികൾ തൊഴിൽ
ലഭിക്കാത്തവരായി ഉണ്ടെന്നും, കുടുംബ പരമായ ഉത്തരവാദിത്തങ്ങളുള്ളതിനാൽ ഇവർക്ക് അന്യ നാട്ടിൽ പോയി തൊഴിലെടുക്കാൻ സാധിക്കില്ലെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്ന ശമ്പളത്തിൻ്റെ പകുതി കിട്ടിയാൽ പോലും കേരളത്തിൽ അവർ ജോലി ചെയ്യാൻ തയാറാകുന്നുവെന്നും ഈ സർവേയിലൂടെ തിരിച്ചറിഞ്ഞു. കേരളം ഒരു ഐ .ടി.തുരുത്തായി രൂപാന്തരം പ്രാപിക്കുമെന്നും മലയാളി യുവത കേരളത്തിൽ തന്നെ ജോലി ചെയ്യാൻ സന്നദ്ധമാകുമെന്നും അവർ കണക്ക് കൂട്ടി.

ഇങ്ങനെ സംഭവിച്ചാൽ, 2035 -40 കാലഘട്ടത്തേക്കുള്ള വികസനം കണക്കാക്കി കർണടകയിലെയും ഹൈദ്രാബാദിലെയും ഐ.ടി. കമ്പനികൾ വാങ്ങി കൂട്ടിയ ഭൂമിയും (LAND BANK ) നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭീമൻ കെട്ടിടങ്ങളും എല്ലാം പാഴാകുമെന്നും, ഇതിലൂടെ തങ്ങൾക്ക് വരാനിരിക്കുന്ന infrastructure lending business അവതാളത്തിലാകുമെന്നും അവർ മനസ്സിലാക്കി ഈ വികസന വിപ്ലവത്തിന് തടയിടാൻ പോംവഴിയായി അവർ കണ്ടെത്തിയത് കേരളത്തിലെ പ്രതിപക്ഷത്തെ കൂടെ നിർത്തി ഈ പദ്ധതിയെ തകർക്കുക എന്നതായിരുന്നു.

ഈ കൊടും ചതി ചെയ്യുന്നതിനായി എ.ഐ.സി.സി. ജനറൽ ഈ കമ്പനികൾ സെക്രട്ടറി ശ്രീ. കെ.സി. വേണുഗോപാലുമായി, പ്രാഥമികമായ ഗൂഢാലോചന നടത്തുകയും, ഈ ദൗത്യത്തിൻറെ ഉത്തരവാദിത്തം ശ്രീ. വി.ഡി സതീശനെ ഏൽപ്പിക്കുകയും ചെയ്തു. ദൗത്യം വിജയിച്ചാൽ സതീശന് കിട്ടിയ ഓഫർ കേരളത്തിൻ്റെ മുഖ്യമന്ത്രിപഥമായിരുന്നു. ഈ ആവശ്യത്തിലേക്ക് 2021 ഫെബ്രുവരി -മാർച്ച് മാസങ്ങളിലായി 150 കോടി രൂപയാണ് ELECTION FUND എന്ന നിലയ്ക്ക്
കൈക്കൂലിയായി വി.ഡി.സതീശൻ്റെ കൈയിൽ കിട്ടിയത്.

ബാംഗ്ലൂരിൽ നിന്നും ഫ്രോസൺ ചെയ്ത മത്സ്യം കൊണ്ട് പോകുന്ന 20 ഫീറ്റ് കണ്ടൈനർ ലോറിയിൽ 50 കോടി രൂപ വീതം 3 ഘട്ടങ്ങളിലായിട്ടാണ് പണം തൃശ്ശൂർ ജില്ലയിലെ ചാവക്കാടിനടുത്ത് ചേറ്റുവ കടപ്പുറത്ത് എത്തുകയും, അവിടെ നിന്നും രണ്ട് ആംബുലൻസുകളിലായി വി.ഡി.സതീശന്റെ കൂട്ടാളികളുടെ
കൈകളിലെത്തിക്കുകയാണുണ്ടായത്. ഈ പണത്തിന്റെ വലിയൊരു വിഹിതം ഉപയോഗിച്ച് പ്രതിപക്ഷ നേതാവ് കർണാടകയിലെ ഇരുമ്പയിര് മൈനുകളിൽ വലിയ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അറിയാൻ കഴിഞ്ഞു.

എന്നാൽ 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യൂ.ഡി.എഫ് മുന്നണി അമ്പേ പരാജയപ്പെട്ടതോടെ ഈ പദ്ധതികളെല്ലാം പാളി. മുഖ്യമന്ത്രി വാഗ്ദാനം ലഭിച്ച വി.ഡി.സതീശന് ലോബ്ബിയുടെ സമ്മർദ്ദത്തിന് വഴങ്ങി കെ.സി.വേണുഗോപാൽ മുഖാന്തിരം പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിച്ചു. അത് കൊണ്ടാണ് കോൺഗ്രസ് പാർലിമെന്ററി പാർട്ടിയിൽ ഭൂരിപക്ഷം എം.എൽ.എ മാർ രമേശ് ചെന്നിത്തലയെ പിന്തുണച്ചിട്ടും
വി.ഡി.സതീശന് പ്രതിപക്ഷ നേതാവിൻ്റെ സ്ഥാനം ലഭിച്ചത്.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം കെ- റെയിൽ പദ്ധതിയുമായി ശക്തമായി മുന്നോട്ട് പോയെങ്കിലും സർവ്വേ നടപടികളടക്കം തടസ്സപ്പെടുത്തി സാമൂഹ്യ വിരുദ്ധരുടെ പിന്തുണയോടെ കേരളത്തിലുടനീളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് UDF എം.പി മാരുടെ ഒത്താശയോടെ ബിജെപി സർക്കാരിൽ സമ്മർദ്ദം ചെലുത്തി ഈ പദ്ധതിക്കായുള്ള താത്ക്കാലിക അനുമതി പോലും ഇല്ലാതാക്കിയത് കേരള ജനത മറക്കില്ല.

പി.ടി.തോമസിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഈ കോർപ്പറേറ്റ് ലോബി നേരിട്ട് ഇടപെടുകയും, കെ-റെയിലിന്റെ പ്രധാന ഹബ്ബായി മാറുന്ന തൃക്കാക്കരയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെതിരെ വലിയ ആരോപണങ്ങൾ ഉന്നയിച്ച് കെ-റെയിൽ വിഷയം തൃക്കാക്കരയിൽ പ്രധാന ചർച്ചയാക്കി. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിലേക്ക് 25 കോടി രൂപയാണ് ഈ കോർപ്പറേറ്റ് മാഫിയ കൈമാറിയത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ആദ്യമായി നടത്തിയ യു.ഡി.എഫ് കൺവെൻഷനിൽ കെപിസിസി പ്രസിഡന്റ് തനിക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല എന്നാക്രോശിച്ച് വി ഡി സതീശനും കെപിസിസി പ്രസിഡന്റും നടത്തിയ വെല്ലുവിളി നമ്മൾ കണ്ടതാണല്ലോ. ’ ഈ തെരഞ്ഞെടുപ്പ് നടത്താൻ ഒരു കെപിസിസി യുടെയും ഔദാര്യം എനിക്ക് വേണ്ട, ഇത് ഞാൻ ഒറ്റയ്ക്ക് നടത്തും ’ എന്ന സതീശൻ്റെ പ്രസ്താവന ഈ ഇരുപത്തിയഞ്ച് കോടി രൂപയുടെ ബലത്തിലായിരുന്നുവെന്ന് രമേശ് ചെന്നിത്തല അടക്കമുള്ള എന്റെ പ്രിയപ്പെട്ട കോൺഗ്രസ്സുകാർ ചേർത്ത് വായിക്കണം എന്ന് കൂടി ഈ അവസരത്തിൽ ഓർമ്മപ്പെടുത്തട്ടെ.

സർ,

സംസ്ഥാനത്തെ ഒന്നടങ്കം പുരോഗതിയുടെ അങ്ങേയറ്റം എത്തിക്കേണ്ടിയിരുന്ന നമ്മുടെ സ്വപ്ന പദ്ധതിയെ ഇത്തരം ഒരു ഗൂഢാലോചനയിലൂടെ അട്ടിമറിക്കപ്പെട്ടത് മാപ്പർഹിക്കാത്ത കൊടും പാപമാണ്. ഈ അഴിമതിയെയും ഗൂഢാലോചനയെയും സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കേണ്ടതുണ്ട്. ഇതിൽ ഉൾപ്പെട്ട പ്രതിപക്ഷ നേതാവിനെയും കൂട്ടാളികളെയും നിയമത്തിന് മുന്നിൽ കൊണ്ട് വന്ന ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

സർ,

ഉയർന്ന യോഗ്യതയുണ്ടായിട്ടും കുടുംബത്തെ ഉപേക്ഷിച്ച് അന്യ സംസ്ഥാനത്ത് ജോലിക്ക് പോകേണ്ടതിനാൽ അവ ഒഴിവാക്കിയ ആയിരക്കണക്കിന് കുടുംബിനികളുടെയും, ലക്ഷക്കണക്കിന് അഭ്യസ്ത വിദ്യരായ യുവജനങ്ങളുടെയും കഞ്ഞിയിൽ മണ്ണ് വാരിയിട്ട, സ്വാർത്ഥനും കൊടും വഞ്ചകനും സാമൂഹ്യ വിരുദ്ധനും ധിക്കാരിയും അഹങ്കാരിയും സർവോപരി നല്ലൊരു അഭിനേതാവുമായ വി.ഡി.സതീശൻ, പ്രതിപക്ഷ നേതാവ് എന്ന പദവിയിലിരിക്കുന്ന ഈ നിയമസഭയിൽ ഒരു സാമാജികനായി നിൽക്കേണ്ടതിന്റെ അപമാന ഭാരത്താൽ കേരള ജനതയ്ക്ക് മുന്നിൽ ഞാൻ തല കുനിച്ചു പോകുകയാണ്