വിദേശ സർവ്വകലാശാല - വസ്തുത ?
വിദേശ സർവകലാശാലകൾ കേരളത്തിൽ തുടങ്ങുമെന്ന് ഒരു പ്രഖ്യാപനം ബഡ്ജറ്റിൽ ഉണ്ടായിട്ടില്ല
പകരം നിലവിലുള്ള സാഹചര്യങ്ങൾ വിശദീകരിച്ച് വിദേശ സർവകലാശാലകൾ തുടങ്ങുന്നത് അടക്കം പരിശോധിക്കും എന്നാണ് ബജറ്റിൽ പറയുന്നത്
ഉന്നത വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച്
ബജറ്റ് പ്രസംഗത്തിൻ്റെ 71 മുതൽ 75 പാരഗ്രാഫുകൾ ഇങ്ങനെ പറയുന്നു
‘’ 71. രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുക എന്നത് ഒരു പ്രഖ്യാപിത ലക്ഷ്യമായിരിക്കും. നമ്മുടെ രാജ്യത്ത് നിന്നും പഠനത്തിനായി വിദേശത്തേക്ക് പോകുന്ന
വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2022-ൽ ഈ സംഖ്യ 13.2 ലക്ഷമായി ഉയർന്നു. വിദേശത്തേക്ക് പോകുന്ന മൊത്തം വിദ്യാർത്ഥികളിൽ 4 ശതമാനം കേരളത്തിൽ നിന്നുള്ളവരാണെന്നാണ് കണക്കാക്കപ്പെടുന്നത്. ലോകോത്തര നിലവാരമുള്ള സ്ഥാപനങ്ങൾ സംസ്ഥാനത്ത് സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ബഹു. മുഖ്യമന്ത്രി നേതൃത്വം നൽകിയ നവകേരള സദസ്സുകളിൽ നിരവധി ആളുകളിൽ നിന്ന് ലഭിച്ച നിർദേശങ്ങളിൽ ഇത് വ്യക്തമായി പ്രതിധ്വനിക്കുന്നു.
-
കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഘടനയിൽ വേണ്ടുന്ന മാറ്റങ്ങൾ ഉൾപ്പടെ സമഗ്രമായ നയപരിപാടികൾ ഈ വർഷം സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നു. 2022-ലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങൾക്കായുള്ള ഈ സർക്കാർ സ്ഥാപിച്ച കമ്മീഷൻ നിർദ്ദേശിച്ച പ്രകാരം മികവിന്റെ ഏറ്റവും ഉയർന്ന നിലവാരം കൈവരിക്കുന്നതിനുള്ള പാത പിന്തുടരുക എന്നതായിരിക്കും ലക്ഷ്യം.
-
പ്രവാസികളായ അക്കാദമിക് വിദഗ്ദ്ധരെ സംയോജിപ്പിക്കുകയും അവരുടെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തുകയും ചെയ്യും. അക്കാദമിക് വിദഗ്ദ്ധരുടെ ഒരു ടാസ്ക് ഫോഴ്സ് ഇതിനായി രൂപീകരിക്കും. യൂറോപ്പ്, യു.എസ്.എ, ഗൾഫ് നാടുകൾ, സിംഗപ്പൂർ എന്നിവിടങ്ങളിൽ 2024 മെയ് – ജൂൺ മാസങ്ങളിൽ നാല് പ്രാദേശിക കോൺക്ലേവുകൾ നടത്താൻ ഉദ്ദേശിക്കുന്നു. ഇതിന്റെ തുടർച്ചയായിട്ട് 2024 ഓഗസ്റ്റ് മാസത്തിൽ ഹയർ എഡ്യൂക്കേഷൻ ട്രാൻസ്ഫോർമേഷൻ ഇനിഷ്യേറ്റീവ് - ഗ്ലോബൽ കോൺക്ലേവ് സംസ്ഥാനത്ത് നടത്തും. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിനായിരിക്കും ഇതിനുള്ള ചുമതല. ഒരു ഉന്നതവിദ്യാഭ്യാസ നിക്ഷേപ നയം രൂപീകരിക്കുക എന്നത് ഈ സംരംഭത്തിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടും. ദേശീയ അന്തർദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് കേരളത്തിൽ അന്താരാഷ്ട്ര നിലവാരത്തിൽ പുതിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിന് നിക്ഷേപം ആകർഷിക്കുന്നതിനുള്ള പ്രത്യേക പ്രോത്സാഹനങ്ങളും പാക്കേജുകളും നയത്തിൽ ഉൾപ്പെടും.
-
തുല്യതയുടെയും സുതാര്യതയുടെയും തത്വങ്ങൾ അടിത്തറ യാക്കിക്കൊണ്ട് പുതിയ യു.ജി.സി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കേരളത്തിൽ വിദേശ സർവ്വകലാശാല ക്യാമ്പസ്സുകൾ സ്ഥാപിക്കുന്നതിനുള്ള അവസരങ്ങളും പരിശോധിക്കും. ആവശ്യമായ എല്ലാ അംഗീകാരങ്ങൾക്കുമുള്ള ഏകജാലക ക്ലിയറൻസ്, സ്റ്റാമ്പ് ഡ്യൂട്ടി അല്ലെങ്കിൽ ട്രാൻസ്ഫർ ഡ്യൂട്ടി അല്ലെങ്കിൽ രജിസ്ട്രേഷൻ ചാർജ്ജുകളിൽ വൈദ്യുതിയ്ക്കും വെള്ളത്തിനുമുള്ള സബ്സിഡി നിരക്കുകൾ, നികുതി ഇളവുകൾ, മൂലധനത്തിന് മേലുള്ള നിക്ഷേപ സബ്സിഡി എന്നിങ്ങനെയുള്ള ഘടകങ്ങൾ ഈ നിക്ഷേപക പോളിസിയുടെ ഭാഗമായിരിക്കും.
-
ധാരാളം ഇളവുകൾ, വിദേശ വിദ്യാർത്ഥികൾ ഇന്ന് ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തിലെ വിവിധ സർവ്വകലാശാലകളിലേക്കെത്തുന്നുണ്ട്. മേൽ സൂചിപ്പിച്ച നടപടികളിലൂടെ കൂടുതൽ വിദേശ വിദ്യാർത്ഥികളെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ കഴിയും. സ്വകാര്യ സർവ്വകലാശാല ആരംഭിക്കുന്നതിനുളള നടപടികളും സ്വീകരിക്കും.
*മന്ത്രി ആർ ബിന്ദു പറഞ്ഞത് *
സ്വകാര്യ സർവകലാശാലകൾ പൂർണമായും സർക്കാർ നിയന്ത്രണത്തിലാകും പ്രവർത്തിക്കുകയെന്നും മന്ത്രി ആർ ബിന്ദു. സ്വകാര്യ സർവകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബജറ്റിലല്ല ആദ്യമായി അവതരിപ്പിക്കുന്നത്. രണ്ടുവർഷമായി ഈ വിഷയങ്ങൾ പൊതുജനങ്ങളുടെ മുന്നിൽ വച്ചിട്ടുണ്ട്. വിഷയങ്ങൾ പഠിക്കാൻ മൂന്നു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു.
കേരളത്തിലെ 80 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ, എയ്‌ഡഡ് മേഖലകളിലാണ്. ഇവ മികച്ച നിലവാരം പുലർത്തുന്നവയാണ്. ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം വിപുലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് സ്വകാര്യ സർവകലാശാലകൾ എന്ന ആശയം മുന്നോട്ടുവയ്‌ക്കുന്നത്. അതിവേഗം ലിബറൽ നയങ്ങൾ നടപ്പാക്കുമ്പോൾ നമ്മുടെ കുട്ടികൾക്ക് നഷ്ടം ഉണ്ടാകരുത്. അതുകൊണ്ടാണ് സർക്കാർ നിയന്ത്രണത്തിൽ ഇത്തരം കാര്യങ്ങൾ നടപ്പാക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ വിദേശ നിക്ഷേപത്തെപ്പറ്റി തീരുമാനം എടുത്തിട്ടില്ല. ആ ദിശയിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്നാണ് പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു.