2 -നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ നിന്ന്

നമ്മുടെ രാജ്യം ഇന്ന് 18-ാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പടിവാതില്‍ക്കലിലാണ്.

കഴിഞ്ഞ പത്തുവര്‍ഷക്കാലം തുടര്‍ച്ചയായി ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ടിയായ ബി.ജെ.പി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയും എന്തെല്ലാം വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ട് എന്ന് വിശകലനം ചെയ്തുമാണ് തെരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ ന്യായയുക്തമായ തീരുമാനമെടുക്കേണ്ടത്. എന്നാല്‍, ഭരിക്കുന്നവര്‍ക്ക് അവരുടെ പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനത്തില്‍ വോട്ട് ചോദിക്കാന്‍ സാധ്യമാകാത്തതുകൊണ്ട് ഈ രാജ്യത്തെ ജനകോടികള്‍ ആരാധിക്കുന്ന ചില ദൈവങ്ങളുടെ പേരില്‍ വോട്ട് ചോദിക്കുകയാണ്.

മതവിശ്വാസവും ഈശ്വരാരാധനയും ഏത് മതത്തില്‍പ്പെട്ട ഒരാളുടെയും വ്യക്തിപരമായ അവകാശങ്ങളില്‍ പെട്ടതാണ്. അതിനെ ഹനിക്കുവാന്‍ ആര്‍ക്കും ഒരവകാശവുമില്ല. പക്ഷെ, ദൈവങ്ങളെ തെരഞ്ഞെടുപ്പ് സമയത്ത് പ്രതിഷ്ഠിച്ച് മതവികാരത്തെ സങ്കുചിത രാഷ്ട്രീയത്തിനായി ചൂഷണം ചെയ്ത് വീണ്ടും ഒരിക്കല്‍ കൂടി ഭരണാധികാരത്തില്‍ കടന്നുകൂടാനാണ് സംഘപരിവാര്‍ ശക്തികള്‍ പരിശ്രമിക്കുന്നത്. ഇവിടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ വ്യത്യസ്തമായി നില്‍ക്കുന്നത്. തിരഞ്ഞെടുപ്പു കാലത്ത് ജനങ്ങള്‍ക്കു മുമ്പാകെ വച്ച പ്രകടന പത്രികയിലെ വാഗ്ദനങ്ങള്‍ ഓരോ വര്‍ഷം കഴിയുമ്പോഴും എത്രത്തോളം നടപ്പാക്കിയെന്ന് ജനസമക്ഷം അവതരിപ്പിക്കുന്ന ഒരു നൂതന ജനാധിപത്യ രീതി ഞങ്ങള്‍ അവലംബിച്ചു വരികയാണ്. വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന്‍റെയും നേട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് ഞങ്ങള്‍ സമ്മതിദായകരുടെ അംഗീകാരം തേടുന്നത്. വര്‍ഗ്ഗീയതയും വിഭാഗീയതയും ആളിക്കത്തിച്ചുകൊണ്ടല്ല.

മതനിരപേക്ഷ പൊതുമണ്ഡലത്തെ കാത്തുസൂക്ഷിച്ചിരുന്ന നമ്മുടെ രാജ്യത്ത് ഇത് മേല്‍പറഞ്ഞതുപോലെ ഒരു കനത്ത വെല്ലുവിളിയാണ്. ഈ രാജ്യത്തെ നാനാജാതി മതസ്ഥരെയും പ്രതിനിധാനം ചെയ്യുന്ന ഭരണാധികാരികള്‍ മതചടങ്ങുകളിലെ പുരോഹിതരായി അവതരിക്കുന്നത് മതനിരപേക്ഷ രാഷ്ട്രത്തിന്‍റെ അടിസ്ഥാന ശിലകള്‍ക്ക് ഇളക്കമുണ്ടാക്കുന്ന പ്രവൃത്തിയാണ്.

ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍

ഇതിനു മുമ്പ് ഇന്ത്യന്‍ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ തിരിച്ചടി 1975 ജൂണ്‍ 25-ന് പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥയാണ്. 19 മാസക്കാലം ഭരണകൂടത്തെ വിമര്‍ശിക്കാനോ സ്വതന്ത്രമായി അഭിപ്രായം പറയുവാനോ നിയമസഭാ പ്രസംഗങ്ങള്‍ പോലും പത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുവാനോ ഉള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നു. മൂന്നുലക്ഷത്തില്‍പ്പരം ആളുകള്‍ വിചാരണ കൂടാതെ തടങ്കലില്‍ വയ്ക്കപ്പെട്ടു. ഭരണകൂടത്തിന്‍റെ അപ്രീതിക്ക് പാത്രമാകുന്ന ഏതൊരാളും തുറുങ്കിലടയ്ക്കപ്പെടുകയും കൊടിയ മര്‍ദ്ദനങ്ങള്‍ക്ക് വിധേയരാവുകയും ചെയ്തിരുന്ന 19 മാസക്കാലത്തെ കാളരാത്രിയായിരുന്നു അടിയന്തരാവസ്ഥ. ഭരണഘടനയുടെ അനുച്ഛേദം 352 പ്രയോഗിച്ചുകൊണ്ട് ഭരണഘടനാ മൂല്യങ്ങളെ കീറി കാറ്റില്‍പറത്തിയ ഭരണകൂട നടപടികള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു. എന്നാല്‍, ഇന്ത്യയിലെ സാമാന്യജനങ്ങള്‍ 1977 ലെ തെരഞ്ഞെടുപ്പിലൂടെ അന്നത്തെ ഭരണകൂടത്തെ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് പരാജയപ്പെടുത്തി.

ഇന്ന് ഒരു പ്രഖ്യാപിത അടിയന്തരാവസ്ഥ നമ്മുടെ രാജ്യത്ത് നിലവിലില്ല. എന്നാല്‍, കേന്ദ്ര ഭരണകൂടം അതിന്‍റെ ഓരോ നടപടികളിലൂടെയും ഭരണഘടനയെ പേരിന് നിലനിര്‍ത്തിക്കൊണ്ട് അതിന്‍റെ എല്ലാ മൂല്യങ്ങളുടെയും അന്തഃസത്ത ചോര്‍ത്തുകയാണ്. നമ്മുടെ ഭരണഘടനയ്ക്ക് അടിസ്ഥാന ഘടനയുണ്ടെന്നും അതിനെ പാര്‍ലമെന്‍റിലെ കേവല ഭൂരിപക്ഷം കൊണ്ട് മാറ്റിമറിക്കാന്‍ കഴിയില്ലെന്നും വിഖ്യാതമായ കേശവാനന്ദ ഭാരതി കേസില്‍ ബഹു. സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. ആ വിധിയുടെ 50-ാം വാര്‍ഷികമാണ് കഴിഞ്ഞ വര്‍ഷം നിയമവൃത്തങ്ങള്‍ മുന്‍കൈയെടുത്ത് ആചരിച്ചത്. ആ അവസരത്തില്‍ തന്നെ അടിസ്ഥാന ഘടന (Basic Structure) എന്ന ആശയത്തിന് പ്രസക്തിയുണ്ടോ എന്ന് കേന്ദ്ര ഭരണത്തിന്‍റെ തലപ്പത്തിരിക്കുന്ന ചിലരില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇത് ജനാധിപത്യ-മതനിരപേക്ഷ-സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ഭാരതത്തില്‍ വിശ്വസിക്കുന്ന ഏവരെയും അലോസരപ്പെടുത്തുന്ന ഒന്നാണ്.

ഫെഡറല്‍ സംവിധാനം നേരിടുന്ന സമസ്യകള്‍

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ അവിഭാജ്യ ഘടകമാണ് ഫെഡറലിസം. യൂണിയന്‍ ഗവണ്‍മെന്‍റിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഭരണഘടന അനുച്ഛേദം 246 ലെ 7-ാം ഷെഡ്യൂള്‍ പ്രകാരം പ്രത്യേകം പ്രത്യേകം അധികാരം നല്‍കിയിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്‍റെ പരമാധികാരികളായ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരുകളാണ് യൂണിയന്‍ സര്‍ക്കാരുകളും സംസ്ഥാന സര്‍ക്കാരുകളും. സംസ്ഥാന സര്‍ക്കാരുകള്‍ യൂണിയന്‍ സര്‍ക്കാരിന്‍റെ കീഴ്ഘടകങ്ങളല്ല.

എന്നാല്‍, ഈ അടിസ്ഥാന തത്വത്തെ അട്ടിമറിക്കുന്ന നടപടികള്‍ നാം കണ്ടുകൊണ്ടിരിക്കുകയാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ്.

സംസ്ഥാന സര്‍ക്കാരിന്‍റെ അധികാര പരിധിക്കുള്ളില്‍ കടന്നുകയറിക്കൊണ്ട് യൂണിയന്‍ സര്‍ക്കാര്‍ നടത്തുന്ന നിയമനിര്‍മ്മാണങ്ങള്‍. കൃഷി, മൈനര്‍ പോര്‍ട്ടുകള്‍, ഡാമുകള്‍ എന്നിവയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരപരിധിക്കുള്ളില്‍ കടന്നുകയറിയാണ് കേന്ദ്രം നിയമനിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുള്ളത്. കര്‍ഷക സമരത്തിന്‍റെ വേലിയേറ്റത്തില്‍ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടതായി വന്നതും സമീപകാല ഭാവിയിലാണ്. വൈദ്യുതി മേഖലയെ നിയന്ത്രിക്കുന്ന കാര്യത്തിലും ഇത്തരം കേന്ദ്രീകൃത പ്രവണതകള്‍ ദൃശ്യമാണ്. മറ്റ് അനവധി ഉദാഹരണങ്ങള്‍ ഇവിടെയുണ്ട്.

ഫെഡറലിസത്തിന്‍റെ മാത്രമല്ല, പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍റെ അടിസ്ഥാന ശിലകളെ കൂടി ദുര്‍ബലപ്പെടുത്തുന്ന ഒന്നാണ് സംസ്ഥാന നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകള്‍ കാലവിളംബമില്ലാതെ നിയമമാകാന്‍ കഴിയാത്ത അവസ്ഥ. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന നിയമസഭയുടെ നിയമനിര്‍മ്മാണം നടത്താനുള്ള അവകാശം ഹനിക്കപ്പെടുന്നു എന്നു വരുന്നത് ജനാധിപത്യത്തെ ഫലത്തില്‍ ഇല്ലായ്മ ചെയ്യുന്നതിന് തുല്യമാണ്.

നിയമനിര്‍മ്മാണ സഭകളുടെ പരമാധികാരം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ

പ്രഗത്ഭ നിയമവിദഗ്ധനും കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ നിയമമന്ത്രിയും നമ്മുടെ പരമോന്നത നീതിപീഠത്തില ജഡ്ജിയുമായിരുന്ന വി ആര്‍ കൃഷ്ണയ്യര്‍ അദ്ദേഹത്തിന്‍റെ ദി കോണ്‍സ്റ്റിറ്റ്യൂഷണല്‍ മിസലേനി എന്ന പുസ്തകത്തില്‍ ശ്രദ്ധേയമായ ഒരു കാര്യം പറയുന്നുണ്ട്. നിയമനിര്‍മ്മാണ സഭ പാസ്സാക്കുന്ന ബില്ലുകള്‍ക്ക് എന്തിനാണ് ഒരു പ്രത്യേക അനുമതിയുടെ ആവശ്യം. ബില്ല് പാസ്സാക്കിയെന്ന് സ്പീക്കര്‍ അംഗീകരിച്ചാല്‍ തന്നെ ബില്ലുകള്‍ നിയമമാകേണ്ടതല്ലേ എന്നാണ് ഭരണഘടനാ വ്യവസ്ഥകളെക്കുറിച്ച് നല്ല അവഗാഹമുള്ള ജസ്റ്റിസ് കൃഷ്ണയ്യര്‍ ചോദിക്കുന്നത്.

ഈ ചോദ്യം കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഇന്ന് ഏറെ പ്രസക്തമാകുന്നുണ്ട് എന്നുകൂടി പറയേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞത് ഇവിടെ ഉദ്ധരിക്കുന്നത് ഉചിതമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.

നിയമസഭയും പാര്‍ലമെന്‍റും പാസാക്കിയ ബില്ലുകള്‍ നിയമമാകണമെങ്കില്‍ രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും അനുമതി അനിവാര്യമാണെന്ന ഭരണഘടനാ വ്യവസ്ഥയെക്കുറിച്ച് അദ്ദേഹത്തിന്‍റെ വാക്കുകളില്‍ താഴെപറയും പ്രകാരമാണ്:
…It is a ritual, but some rituals can have potential for mischief. The Rajamannar Committee recommended repeal of the provision for Presidential assent. I am inclined to agree with it. In deed, I am for a legislation becoming valid once the Speaker certifies that it has been passed. The Governor’s assent or reference to Presidential assent is a super – arrogation fraught with danger.

ബില്ലുകള്‍ നിയമമാകാന്‍ ആവശ്യമായ അനുമതി അനന്തമായി നീളുന്ന അവസ്ഥയ്ക്ക് പ്രതിവിധി തേടിക്കൊണ്ട് കേരളം ഉള്‍പ്പെടെയുള്ള ബി.ജെ.പിയിതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ബഹു. സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എങ്കിലും ഇക്കാര്യത്തില്‍ വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന നിരീക്ഷണങ്ങള്‍ ബഹു. സുപ്രീംകോടതി നടത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

നേരത്തെ സൂചിപ്പിച്ചതുപോലെ നമ്മുടെ ജനാധിപത്യമൂല്യങ്ങള്‍ 1975-ല്‍ കശാപ്പ് നേരിട്ടപ്പോള്‍ മതനിരപേക്ഷതയ്ക്ക് കാര്യമായ ക്ഷതമൊന്നും ഏറ്റില്ല. പക്ഷെ, ഇന്നത്തെ സാഹചര്യത്തില്‍ മതനിരപേക്ഷതയും ബഹുസ്വരതയും വലിയ ഭീഷണിയാണ് നേരിടുന്നത്. പൗരത്വത്തിലുള്‍പ്പെടെ മതം ഒരു ഘടകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള നിയമനിര്‍മ്മാണത്തിനെതിരെയും കേരളം ബഹു. സുപ്രീംകോടതിക്കു മുമ്പാകെ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

സംഘപരിവാര്‍ ശക്തികളുടെ നീരാളിപ്പിടുത്തം

നമ്മുടെ രാജ്യത്ത് സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന പ്രവണതകള്‍ കേവലം ഭരണതലത്തിലോ രാഷ്ട്രീയതലത്തിലോ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. ചരിത്രം, സാംസ്കാരിക വിഷയങ്ങള്‍, ശാസ്ത്രം എന്നിവയിലെല്ലാം തന്നെ ഒരു പിന്തിരിപ്പന്‍ സമീപനത്തിന്‍റെ പ്രാമുഖ്യം ഇന്ന് അനുഭവപ്പെടുന്നുണ്ട്. ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളുടെ ഭാഗമാണ് പൗരډാര്‍ക്കിടയില്‍ ശാസ്ത്ര അവബോധം വളര്‍ത്തുക എന്നത്. ഇതിന് കടകവിരുദ്ധമായി അന്ധവിശ്വാസങ്ങള്‍ക്ക് പ്രചാരണം നല്‍കുന്ന ഒരവസ്ഥയിലേക്ക് നമ്മുടെ രാജ്യത്തെ ചിലര്‍ തള്ളിവിടുകയാണ്. സ്വന്തം വിശ്വാസം തെരഞ്ഞെടുക്കാനും എന്തുതരം വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താനും ജനാധിപത്യ സമൂഹത്തില്‍ ഏതൊരു വ്യക്തിക്കും അവകാശമുള്ളപ്പോള്‍ തന്നെ ഭരണകൂടം സംഘടിതമായി അന്ധവിശ്വാസങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നത് രാജ്യപുരോഗതിക്ക് കനത്ത തിരിച്ചടിയുണ്ടാക്കും.

ചരിത്രപഠനം

നമ്മുടെ പുതുതലമുറ രാജ്യത്തിന്‍റെ ചരിത്രം സമഗ്രമായി മനസ്സിലാക്കണം എന്നത് ഒരു ജനാധിപത്യ രാഷ്ട്രം കെട്ടിപ്പടുക്കുന്ന പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. ഇതിനെയാണ് എന്‍.സി.ആര്‍.ടി പാഠപുസ്തകങ്ങളില്‍ നിന്നും സംഘപരിവാര്‍ ശക്തികള്‍ക്ക് ഇഷ്ടമില്ലാത്ത ഗാന്ധിവധം, മുഗള്‍ ചരിത്രം, അടിയന്തരവാസ്ഥ എന്നീ ഭാഗങ്ങള്‍ വെട്ടിമാറ്റിയത്. ഇക്കാര്യത്തില്‍ കേരളം ഒരു തിരുത്തല്‍ ശക്തിയായി നിലകൊണ്ടു എന്നത് നമുക്കേവര്‍ക്കു അഭിമാനിക്കാവുന്ന ഒരു നേട്ടമാണ്.

ഈ പാഠഭാഗങ്ങള്‍ നമ്മുടെ പാഠ്യക്രമത്തിലൂടെ പഠിപ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്ത് നടപ്പാക്കിവരികയാണ്. ഇന്ത്യയുടെ ചരിത്രം ബഹുസ്വരതയുടെ ചരിത്രമാണ്. വിവിധ ആശയങ്ങളും വിശ്വാസങ്ങളും ഒത്തുചേര്‍ന്ന് രൂപപ്പെട്ടിട്ടുള്ള ഒരു ദേശീയ സംസ്കാരത്തിന്‍റെ ചരിത്രമാണ്. ഇതിനെ തമസ്ക്കരിച്ചുകൊണ്ട് മതചിഹ്നങ്ങളും അക്രമത്തിനുള്ള ആഹ്വാനങ്ങളും ഇളംമനസ്സുകളില്‍ എത്രവേഗം കടത്തിവിടാമെന്ന ചിന്ത ഹിംസാത്മക രാഷ്ട്രീയത്തിന്‍റെ ഹീനമായ ഉദാഹരണങ്ങളാണ്.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ വര്‍ഗ്ഗീയവത്ക്കരണം

നമ്മുടെ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നേരിടുന്ന വര്‍ഗ്ഗീയവത്ക്കരണ ഭീഷണി കുറച്ചുകാണുന്ന സമീപനം കോണ്‍ഗ്രസ് ഉപേക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ഇവിടെ കെ പി സി സിയുടെ അധ്യക്ഷന്‍ പറഞ്ഞത് സര്‍വകലാശാലകളുടെ നയരൂപീകരണ സ്ഥാനങ്ങളില്‍ കാവിവത്ക്കരണത്തില്‍ വിശ്വസിക്കുന്ന വ്യക്തികള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടാല്‍ എന്താണ് തകരാറ് എന്നാണ്. അവരിലും നല്ലവരില്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്.

ഈ രാജ്യത്തെ മതനിരപേക്ഷ മൂല്യങ്ങളും ഉന്നതവിദ്യാഭ്യാസത്തിന്‍റെ അന്തസത്തയും നേരിടുന്ന വലിയ ഭീഷണയെ ഇത്രകണ്ട് ഒരു ദേശീയപാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം നിസ്സാരവത്ക്കരിക്കാമോ? ബി ജെ പിയെ പരാജയപ്പെടുത്താന്‍ തങ്ങള്‍ക്കു മാത്രമേ കഴിയൂ എന്നു വീമ്പിളക്കുന്നവര്‍ ഇത്തരം സമീപനം കൈക്കൊണ്ടാല്‍ അവരും ബി ജെ പിയും തമ്മില്‍ എന്ത് വ്യത്യാസം എന്നു ചോദിക്കേണ്ടി വരും.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മുന്നോട്ടുള്ള കുതിപ്പിന്‍റെ പാതയിലാണ്. ഈയവസരത്തിലാണ് തിരഞ്ഞെടുപ്പിലൂടെ കടന്നുവരാന്‍ കഴിയാത്ത വര്‍ഗ്ഗീയവത്ക്കരണത്തിന്‍റെ വക്താക്കളെ നാമനിര്‍ദ്ദേശത്തിലൂടെ തിരുകി കയറ്റാന്‍ ചാന്‍സലര്‍ സ്ഥാനം വഹിക്കുന്ന ബഹുമാന്യന്‍ തുനിഞ്ഞത്. ഇതിനെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും പ്രതിഷേധിച്ചപ്പോള്‍ അതിനോട് ഒരുമിച്ച് ചേരാന്‍ നിങ്ങള്‍ക്ക് എന്താണ് മടി? സ്വന്തമായിട്ടെങ്കിലും പ്രതിഷേധം സംഘടിപ്പിക്കാന്‍ നിങ്ങള്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല?

ശാസ്ത്ര സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ ശാസ്ത്രീയമായ ഗവേഷണ രീതി ഉപേക്ഷിച്ച് സര്‍വകലാശാലകളിലെ ഗവേഷണത്തെ മൂഢവിശ്വാസങ്ങളുടെ മാറാലകളില്‍ പൊതിഞ്ഞുകെട്ടുന്ന പിന്തിരിപ്പന്‍ ആശയക്കാരെ നാമനിര്‍ദ്ദേശത്തിലൂടെ തിരികി കയറ്റുന്നത് കേരളത്തില്‍ സ്വീകാര്യമല്ലായെന്ന് ഉറക്കെ പ്രഖ്യാപിക്കുവാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മാത്രമേ ഉള്ളൂ എന്നതുകൂടി നമ്മുടെ പൊതുസമൂഹം കാണുന്നുണ്ട്.

സംഘപരിവാര്‍ ശക്തികളുടെ ന്യൂനപക്ഷ വിരുദ്ധ മതനിരപേക്ഷത വിരുദ്ധ സമീപനങ്ങളെ സര്‍വകലാശാലകളില്‍ കൂടി കടത്തിവിട്ട് ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തെ കയ്യുംകെട്ടി നോക്കിനില്‍ക്കാന്‍ നിങ്ങള്‍ പറയുന്ന ന്യായം ചുവപ്പുവത്ക്കരണവും കാവിവത്ക്കരണവും ഒന്നാണ് എന്നാണ്. തിരഞ്ഞെടുപ്പുകളിലൂടെയാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ സര്‍വകലാശാലകളുടെ വിവിധ സ്ഥാനങ്ങളില്‍ അംഗങ്ങളായിട്ടുള്ളത്. അല്ലാതെ നാമനിര്‍ദ്ദേശം ചെയ്യപ്പെ വ്യക്തികള്‍ ആരുടെയോ സമ്മര്‍ദ്ദത്തിനു വഴങ്ങി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരായിട്ടല്ല വന്നിട്ടുള്ളവരല്ല ഇടതുപക്ഷ പ്രതിനിധികള്‍.

നാക് അക്രഡിറ്റേഷന്‍റെ കാര്യത്തിലും എന്‍ ഐ ആര്‍ എഫ് റാങ്കിംഗിലും കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഗണനീയമായ സ്ഥാനമുണ്ട്. അതെല്ലാം മറച്ചുവെച്ചുകൊണ്ട് ഇവിടുത്തെ വിദ്യാഭ്യാസമാകെ കുഴപ്പത്തിലാണെന്ന് നാഴികയ്ക്കു നാല്‍പ്പതു വട്ടം ചാന്‍സലറും കോണ്‍ഗ്രസും പോഷക സംഘടനകളും ബി ജെ പിയും ഒരുമിച്ചു പറഞ്ഞാല്‍ അത് യാഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെ ദൂരത്തുതന്നെയായിരിക്കും.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രാധാന്യം

മേല്‍ സൂചിപ്പിച്ച ചുരുക്കം ചില കാര്യങ്ങള്‍ നമ്മുടെ രാജ്യം എത്ര അപകടകരമായ സ്ഥിതിവിശേഷത്തില്‍ എത്തിനില്‍ക്കുന്നു എന്ന കാര്യത്തില്‍ വ്യക്തമാക്കുന്നു. ഇത് വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ രാഷ്ട്രീയ പ്രാധാന്യത്തെ വളരെയേറെ വര്‍ദ്ധിപ്പിക്കുന്നു. ഈ രാഷ്ട്രീയ യാഥാര്‍ത്ഥ്യം ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ വ്യക്തമായി തിരിച്ചറിയുന്നുണ്ട്. നമ്മുടെ സമ്പന്നവും വൈവിധ്യവുമായ ജനാധിപത്യ പാരമ്പര്യം നിലനില്‍ക്കണമെങ്കില്‍ ഇന്ന് കേന്ദ്രം ഭരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വരരുത് എന്ന തിരിച്ചറിവാണിത്.

ഇത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇന്ത്യയിലെ ജനങ്ങള്‍ നേരിടുന്ന സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ഒരു സമീപനം അനിവാര്യമാണ്. ബി.ജെ.പിയുടെയും സംഘപരിവാറിന്‍റെയും മതാധിഷ്ഠിത രാഷ്ട്രീയത്തെ മതത്തെ മുന്‍നിര്‍ത്തി ഓരോ പ്രദേശത്തും വിവിധതരം ചെപ്പടിവിദ്യകള്‍ കാട്ടിയാല്‍ ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സാധ്യമല്ല. ഇത് മറ്റാരെക്കാളും മനസ്സിലാക്കേണ്ടത് കോണ്‍ഗ്രസ്സിലെ സുഹൃത്തുക്കളാണ്.

കേരളത്തിലെങ്കിലും അവര്‍ക്കിന്നും ഇടതുപക്ഷത്തിന്‍റെ പ്രാതിനിധ്യം പാര്‍ലമെന്‍റില്‍ എത്ര കണ്ട് കുറയ്ക്കാം എന്ന ലക്ഷ്യമാണ്. അവരുടെ രാഷ്ട്രീയ ലക്ഷ്യം അതായിക്കൊള്ളട്ടെ. ഞങ്ങള്‍ക്ക് ഈ നാട്ടിലെ ജനങ്ങള്‍ക്കു മുന്നില്‍ വയ്ക്കാനുള്ള രാഷ്ട്രീയം ദശാസന്ധിയിലെത്തി നില്‍ക്കുന്ന നമ്മുടെ രാജ്യത്തെ മതനിരപേക്ഷ-ബഹുസ്വര ജനാധിപത്യത്തിന്‍റെ പാതയില്‍ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ സംഘപരിവാര്‍ ശക്തികള്‍ ഭരണത്തില്‍ നിന്ന് പുറത്തുപോകണമെന്നതാണ്.

ഏകീകൃത സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള തിടുക്കത്തിലുള്ള നീക്കങ്ങള്‍ രാജ്യം ഭരിക്കുന്നവരുടെ ജനാധിപത്യവിരുദ്ധ സമീപനത്തിന്‍റെ ഉത്തമ ദൃഷ്ടാന്തമാണ്. മതന്യൂനപക്ഷങ്ങള്‍ക്ക് ഒരിക്കലും ഒരു അരക്ഷിതബോധം ഉണ്ടാകാന്‍ പാടില്ലായെന്ന് നമ്മുടെ രാജ്യത്തെ ദേശീയ നേതൃത്വത്തിന് ഉണ്ടായിരുന്നത് ഇന്നത്തെ ഭരണാധികാരികള്‍ മറന്നുപോയിരിക്കുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുന്‍പന്തിയില്‍ നില്‍ക്കുമെന്ന് ഊന്നിപ്പറയാന്‍ ആഗ്രഹിക്കുകയാണ്.

പാര്‍ലമെന്‍റില്‍ എത്തുന്ന ഓരോ ഇടതുപക്ഷ പ്രതിനിധിയും സംഘപരിവാറിന്‍റെ ഭരണമോഹങ്ങളെ ഏറ്റവും ഉറച്ച രീതിയില്‍ ചെറുത്തുനില്‍ക്കുന്ന വ്യക്തികളായിരിക്കുമെന്ന കാര്യത്തില്‍ ഈ നാട്ടിലെ ജനാധിപത്യവിശ്വാസികള്‍ക്കും മതനിരപേക്ഷ മൂല്യങ്ങള്‍ വിലമതിക്കുന്നവര്‍ക്കും തൊഴിലെടുക്കുന്ന ജനവിഭാഗങ്ങള്‍ക്കും ഉറച്ചുവിശ്വസിക്കാവുന്നതാണ്.

ഇടതുപക്ഷം താരതമ്യേന ദുര്‍ബലമായ പ്രദേശങ്ങളില്‍ സംഘപരിവാറിനെ ചെറുക്കാന്‍ കോണ്‍ഗ്രസ്സിന് സഹായിക്കില്ല എന്നുള്ള പിടിവാശി ഞങ്ങള്‍ക്കില്ല. പക്ഷെ, ബി.ജെ.പിയുമായിട്ടുള്ള യുദ്ധത്തിന്‍റെ തേര് ഗംഗാസമതലമാകുന്ന യുദ്ധഭൂമിയില്‍ ഉപേക്ഷിച്ച്, മതനിരപേക്ഷ കേരളത്തില്‍ വന്ന് ഇടതുപക്ഷത്തെ എങ്ങനെ തളര്‍ത്താമെന്ന് 2019 ല്‍ ആലോചിച്ചതുപോലുള്ള സങ്കുചിത ചിന്തകള്‍ നമ്മുടെ രാജ്യം നേരിടുന്ന ഈ അപകട സന്ധിയില്‍ കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ പുനഃപരിശോധിക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കും അവരെ തുല്യാവകാശമുള്ള ഇന്ത്യന്‍ പൗരډാരായി കാണണമെന്നുള്ള കാര്യത്തിലും എക്കാലവും ഉറച്ചുവിശ്വസിക്കുകയും പോരാടുകയും ചെയ്തിട്ടുള്ളവരാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍.

പൊതുമേഖലാ സംരക്ഷണം - ഇടതുപക്ഷ സമീപനം

ഇന്ത്യന്‍ സമ്പദ്ഘടനയുടെ നെടുംതൂണുകളാകണം പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്ന പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ സങ്കല്‍പ്പത്തെ കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ ഉപേക്ഷിക്കുകയും ആ ഉപേക്ഷയെ പിന്തുടരുന്ന ബി ജെ പി സര്‍ക്കാര്‍ പൊതുമേഖല എന്ന സങ്കല്‍പ്പത്തെ തന്നെ വില്‍പ്പനച്ചരക്കാക്കി മാറ്റിയിരിക്കുകയാണ്. ഫെഡറല്‍ സംവിധാനത്തില്‍ പരിമിതമായ സാമ്പത്തികാധികാരങ്ങള്‍ ഉള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ വഹിക്കാവുന്ന പങ്ക് വളരെ പരിമിതമാണ്. എന്നാല്‍, ആ പരിമിതികളെക്കുറിച്ച് വേവലാതിപ്പെട്ട് കയ്യുംകെട്ടി നോക്കിയിരിക്കുന്ന സമീപനമല്ല കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കാന്‍ വച്ച പൊതുമേഖലാ സ്ഥാപനങ്ങളായ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറി, കാസര്‍ഗോഡ് ബി എം എല്ലും കേരള സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തിവരികയാണ്.

ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സോഷ്യലിസം എന്ന ആശയത്തെ തീര്‍ത്തും പുറംതള്ളുന്ന ബി ജെ പി സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ സമ്പദ്ഘടനയ്ക്കുണ്ടാകുന്ന ഗുരുതരമായ ഭവിഷ്യത്തുകള്‍ എന്താണെന്ന് നാം ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്.

കോണ്‍ഗ്രസ് പാര്‍ട്ടി ഇക്കാര്യത്തില്‍ ചാഞ്ചാട്ട സമീപനം ഉപേക്ഷിച്ച് നെഹ്റുവിയന്‍ ആശയത്തെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കണമെന്നാണ് ഈയവസരത്തില്‍ അഭ്യര്‍ത്ഥിക്കാനുള്ളത്. ഇക്കാര്യത്തിലും അതിശക്തമായ നിലപാട് പാര്‍ലമെന്‍റില്‍ സ്വീകരിക്കണമെങ്കില്‍ അവിടെ മതിയായ പ്രാതിനിധ്യം ഉണ്ടാകണമെന്ന കാര്യം നിസ്ത്തര്‍ക്കമാണ്.

സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ - ബി ജെ പിയുടെയും കോണ്‍ഗ്രസിന്‍റെയും സമീപനം

പേരിനെങ്കിലും നമ്മുടെ രാജ്യത്ത് ഇന്നും ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, യൂണിയന്‍ സര്‍ക്കാരിനെ നയിക്കുന്ന കക്ഷിക്ക് ഇഷ്ടപ്പെടാത്ത പല സംസ്ഥാന സര്‍ക്കാരുകളും ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞുവീഴുന്ന കാഴ്ച ഈ അടുത്ത ദിവസം വരെ നമ്മള്‍ കാണുന്നുണ്ട്. ഇത്തരമൊരു ചീട്ടുകൊട്ടാരമല്ല ഇടതുപക്ഷ ജനാധിപത്യമുന്നണി നയിക്കുന്ന സര്‍ക്കാര്‍.

ഐക്യകേരളം രൂപീകൃതമായതിനുശേഷം കമ്മ്യൂണിസ്റ്റ് പാര്‍ടി സര്‍ക്കാര്‍ രൂപീകരിച്ചത്. സ്പീക്കറെ മാറ്റിനിര്‍ത്തിയാല്‍ ഒരാളുടെ ഭൂരിപക്ഷമായിരുന്നു. ആ സര്‍ക്കാരിനുണ്ടായിരുന്നത്. നമ്മുടെ നാട്ടിലെ സ്ഥാപിതതാല്‍പ്പര്യക്കാരും പണച്ചാക്കുകളും കേന്ദ്രം ഭരിക്കുന്നവരും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒരാളെപ്പോലും അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞില്ല. ആ പാരമ്പര്യമാണ് ഇന്നത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും അതിന്‍റെ സര്‍ക്കാരിനുമുള്ളത്.

ഈ സര്‍ക്കാരിനെ എങ്ങനെയെല്ലാം ദുര്‍ബലപ്പെടുത്താമെന്നാണ് പ്രതിപക്ഷം ആലോചിക്കുന്നത്. ഒരു പ്രതിപക്ഷത്തിന് സര്‍ക്കാരിനെ എല്ലാ കാര്യത്തിലും പിന്തുണയ്ക്കാന്‍ ബാധ്യതയുണ്ടെന്ന വാദമൊന്നും ഞാന്‍ ഉന്നയിക്കുന്നില്ല.
ഞങ്ങളെ വിമര്‍ശിക്കാനും ഞങ്ങളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനുമുള്ള നിങ്ങളുടെ അവകാശത്തെ ഞങ്ങള്‍ മാനിക്കുകയാണ്.

പക്ഷെ, വാലുംതലയുമില്ലാത്ത ആരോപണങ്ങളുമായി, അസത്യങ്ങളുടെ ഘോഷയാത്രയുമായി ഞങ്ങള്‍ക്കെതിരെ നിങ്ങള്‍ നടത്തുന്ന പടപ്പുറപ്പാണ് ആരെ തൃപ്തിപ്പെടുത്താനാണ്?

സംസ്ഥാനത്തിനു നേരെയുള്ള സാമ്പത്തിക ഉപരോധം

നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ അവിഭാജ്യഘടകമായ ഫെഡറലിസം നേരിടുന്ന ഭീഷണികളെക്കുറിച്ച് പ്രസംഗത്തിന്‍റെ ആദ്യഭാഗത്തില്‍ പ്രതിപാദിച്ചുകഴിഞ്ഞു. സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും പശ്ചാത്തല സൗകര്യത്തിനും പണം നീക്കിവയ്ക്കാന്‍ മുന്‍കൈയെടുക്കുന്ന കേരളത്തെ സാമ്പത്തികമായി ഞെരുക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ കേരള ജനത നേരില്‍ കാണുകയാണ്.

നമ്മുടെ നികുതി വരുമാനത്തിന്‍റെ ഒരു നിശ്ചിത വിഹിതം മൂലധന ചെലവിനും പശ്ചാത്തല സൗകര്യ വികസനത്തിനും നീക്കിവയ്ക്കുക എന്ന ആശയം 2016-ല്‍ കേരളം മുന്നോട്ടുവച്ച് നടപ്പാക്കി.

പിന്നീട് യൂണിയന്‍ സര്‍ക്കാരും ഇത്തരം മാതൃക പിന്തുടര്‍ന്നിട്ടുണ്ട്. എന്നാല്‍, കേരളത്തെ ഇക്കാരണം പറഞ്ഞുകൊണ്ട് സാമ്പത്തിക ഉപരോധത്തിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നത്.

15-ാം ധനകാര്യ കമ്മീഷന്‍റെ അംഗീകരിക്കപ്പെട്ട ശിപാര്‍ശകള്‍ പ്രകാരം സംസ്ഥാനത്തിന് ആഭ്യന്തര വരുമാനത്തിന്‍റെ 3 മുതല്‍ 3.5 ശതമാനം വരെ വായ്പാ പരിധിയുണ്ട്. എന്നാല്‍, കിഫ്ബിയും സാമൂഹ്യക്ഷേമ പെന്‍ഷന്‍ കമ്പനി വായ്പകളെ സംസ്ഥാന സര്‍ക്കാര്‍ വായ്പയായി പരിഗണിച്ചുകൊണ്ട് കേരളത്തിന്‍റെ കമ്പോള വായ്പാ പരിധിയെ 2021-22 മുതല്‍ മുന്‍കാല പ്രാബ്യലത്തോടെ വെട്ടിച്ചുരുക്കുന്ന ഒരു സാമ്പത്തിക അടിച്ചമര്‍ത്തല്‍ നയമാണ് കേന്ദ്ര ധനമന്ത്രാലയം കൈക്കൊണ്ടിരിക്കുകയാണ്.

ഇതിനെതിരെ സംസ്ഥാനം ബഹു. സുപ്രീംകോടതിയെ സമീപിച്ച് ഒരു നിയമ പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. കേരളം ഇത്തരമൊരു വിഷമസന്ധിയിലെത്തി നില്‍ക്കുമ്പോള്‍ ഇവിടെ കെടുകാര്യസ്ഥതയാണ്, ധൂര്‍ത്താണ് എന്നൊക്കെയാണ് ബഹു. പ്രതിപക്ഷ നേതാവും അദ്ദേഹത്തിനോടൊപ്പമുള്ളവരും പ്രചരിപ്പിക്കുന്നത്. കടക്കെണിയെന്നും സൗകര്യം പോലെ പറയുന്നുണ്ട്. എന്താണ് ഇവിടെ യാഥാര്‍ത്ഥ്യം? ഞാനോ പ്രതിപക്ഷ നേതാവോ പറയുന്നതല്ല, കണക്കുകള്‍ എന്തു സംസാരിക്കുന്നു എന്നുള്ളതാണ് പ്രധാനം. 2021-22, 2022-23 സാമ്പത്തിക വര്‍ഷങ്ങളില്‍ നമ്മുടെ തനത് നികുതി വരുമാനം 22 ശതമാനത്തോളം വര്‍ദ്ധിച്ചിട്ടുണ്ട്. 2013-14 നുശേഷം ഇതാദ്യമായാണ് ഇത്തരം ശ്രദ്ധേയമായ വളര്‍ച്ചാനിരക്ക് തനത് നികുതി വരുമാനത്തില്‍ ഉണ്ടാകുന്നത്.

2016-17 മുതല്‍ 2020-21 വരെ കേരളത്തില്‍ നിലനിന്നിരുന്ന അസാധാരണ സാഹചര്യങ്ങള്‍ നമ്മുടെ നികുതി വരുമാന വളര്‍ച്ചയെ പിന്നോട്ടുവലിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇവയെല്ലാം മറികടന്നുകൊണ്ട് നമ്മുടെ നികുതി പരിശ്രമം വിജയകരമായി മുന്നേറുകയാണ്.

കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയാണെന്നാണ് ദോഷൈകദൃക്കുകള്‍ പറയുന്നത്. നടപ്പുസാമ്പത്തികവര്‍ഷത്തില്‍ ജി.എസ്.ടി ഇന്‍റലിജന്‍റ്സ് വിഭാഗം 2000 കോടിയില്‍പ്പരം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി അത് ഖജനാവിലേക്ക് അടപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പത്താം ധനകാര്യ കമ്മിഷന്‍റെ കാലത്ത് 3.89 ശതമാനമുണ്‍ണ്ടായിരുന്ന സംസ്ഥാന വിഹിതം 15-ാം ധനകാര്യ കമ്മിഷന്‍റെ കാലത്ത് 1.92 ശതമാനമായി കുറച്ചു. ഇതുമൂലമുണ്‍ണ്ടാവുന്ന കുറവ് 18,000 കോടി രൂപയാണ്. ജി എസ് ടി നഷ്ടപരിഹാരം നിര്‍ത്തിയതു കൊണ്‍ണ്ടുണ്ടായ കുറവ് 12,000 കോടി രൂപയാണ്. റവന്യൂ കമ്മി ഗ്രാന്‍റില്‍ 8,400 കോടി രൂപയുടെ കുറവുണ്ടായി. വായ്പാ അനുമതി നിഷേധിച്ചതുമൂലം 19,600 കോടി രൂപയാണ് കുറവ് വന്നത്. അങ്ങനെ വരുമാനത്തില്‍ 57,000 കോടി രൂപയിലധികം കുറവുണ്ടായിരിക്കുകയാണ്.

മിക്ക കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്രസഹായവിഹിതം 75 ശതമാനത്തില്‍ നിന്നും 2015-16 മുതല്‍ 60 ശതമാനമായി കുറച്ചിട്ടുണ്ട്. ഇതിലുപരി സംസ്ഥാന സര്‍ക്കാര്‍കൂടി നടത്തിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളെ കേന്ദ്രം നിര്‍ദ്ദേശിക്കുന്ന പേരിലും ബ്രാന്‍ഡിംഗ് നടത്തണമെന്ന് നിഷ്ക്കര്‍ഷിക്കുകയാണ്. ഇത് ചെയ്തില്ലായെങ്കില്‍ ധനസഹായം നല്‍കില്ലായെന്നാണ് പറയുന്നത്. ഇത് ഫെഡറല്‍ സംവിധാനത്തിന് തികച്ചും അന്യമാണ്.

കാര്യക്ഷമവും സമഗ്രവുമായി പ്രവര്‍ത്തിക്കുന്ന ജി.എസ്.ടി വിഭാഗമാണ് കേരളത്തിലുള്ളത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന ജി.എസ്.ടി വകുപ്പ് ഇത്ര സമഗ്രമായി പുനഃസംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. നമ്മുടെ പുനഃസംഘടനയെക്കുറിച്ച് പഠിക്കുവാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥ പ്രതിനിധികള്‍ കേരളത്തിലേക്ക് വരുന്നുണ്ട്. ചെലവിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ മിതവ്യയം പാലിക്കുന്നുമുണ്ട്.

കുറയുന്ന കേന്ദ്ര നികുതി വിഹിതം - നേട്ടങ്ങള്‍ക്കായി ശിക്ഷിക്കപ്പെടുന്ന കേരളം

കേരളം ഉയര്‍ന്ന മാനവവിഭവ സൂചികകള്‍ കൈവരിച്ചത് പൊതുവിദ്യാലയങ്ങള്‍ക്കും പൊതുജനാരോഗ്യത്തിനും പ്രാബല്യം നല്‍കുന്ന നയങ്ങള്‍ കാലങ്ങളായി സ്വീകരിച്ചുപോന്നതുകൊണ്ടാണ്. ഇതിന് ഗണ്യമായ സാമ്പത്തിക ചെലവുകള്‍ സംസ്ഥാനത്തിന് വഹിക്കേണ്ടി വന്നിട്ടുണ്ട്. ഇതിന്‍റെ ഫലമായി സാക്ഷരതയിലും, പ്രത്യേകിച്ച് സ്ത്രീ സാക്ഷരതയിലും ആയൂര്‍ ദൈര്‍ഘ്യത്തിലും കുറഞ്ഞ ശിശുമരണ നിരക്കിലും കേരളം ഇന്ത്യന്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വളരെയേറെ മുന്നിലാണ്. തല്‍ഫലമായി നമ്മുടെ ജനസംഖ്യ നിയന്ത്രണത്തില്‍ വരികയും ചെയ്തു.

ഇപ്പോള്‍ അക്കാരണം പറഞ്ഞുകൊണ്ട് നമ്മുടെ നികുതി വിഹിതത്തില്‍ ക്രമാതീതമായ വെട്ടിക്കുറവ് ഉണ്ടാവുകയാണ്.

11-ാം ധനകാര്യ കമ്മീഷന്‍റെ ശിപാര്‍ശ പ്രകാരം നമുക്ക് ലഭ്യമായിരുന്ന നികുതി വിഹിതം 3.05 ശതമാനമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 1.92 ശതമാനമായി ചുരുങ്ങിയിരിക്കുകയാണ്.

ഭരണഘടനയുടെ അനുച്ഛേദം 280 പ്രകാരം കേന്ദ്രം പിരിക്കുന്ന നികുതികള്‍ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്ന മാനദണ്ഡങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന ഭരണഘടനാ സ്ഥാപനമാണ് ധനകാര്യ കമ്മീഷന്‍. കേന്ദ്ര സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ബി ബി ആര്‍ സുബ്രഹ്മണ്യന്‍ അടുത്തിടെ നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടല്‍ ഉളവാക്കുന്നതാണ്. ധനകാര്യ കമ്മീഷന്‍റെ അധ്യക്ഷനായിരുന്ന ഡോ. വൈ.ബി റെഡ്ഡിയോട് സംസ്ഥാനങ്ങളുമായി പങ്ക് വയ്ക്കേണ്ട നികുതിയുടെ വിഹിതം 42 ശതമാനത്തില്‍ നിന്നും 33 ശതമാനമായി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അത്യുന്നത തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാണ് വെളിപ്പെടുത്തല്‍. ഭരണഘടനയ്ക്കും ഫെഡറല്‍ സംവിധാനത്തിനും നല്‍കുന്ന പരിഗണന ഇതാണെങ്കില്‍, ഇതിനെതിരെ, കേന്ദ്രസമീപനത്തിനെതിരെ പ്രതിഷേധിക്കാന്‍ ഞങ്ങള്‍ ഒരുങ്ങുമ്പോള്‍ യുഡിഎഫും കോണ്‍ഗ്രസും മാറിനില്‍ക്കുന്നത് ശരിയാണോ എന്നും നിലപാട് പുനഃപരിശോധിക്കാന്‍ ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുകയാണ്.

ഇതിനോടൊപ്പം നാം ചേര്‍ത്തുവായിക്കേണ്ടത് സംസ്ഥാനങ്ങളുമായി വീതം വയ്ക്കേണ്ടതില്ലാത്ത സര്‍ചാര്‍ജ്ജുകളുടെയും സെസ്സുകളുടെയും കാര്യത്തില്‍ ഉണ്ടായിരിക്കുന്ന വന്‍ വര്‍ദ്ധനയാണ്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സര്‍ചാര്‍ജ്ജുകളും സെസ്സുകളും 12 ല്‍ നിന്നും 20 ശതമാനം വരെ വര്‍ദ്ധിച്ചിട്ടുണ്ട്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇത് വന്‍ പണഞെരുക്കമാണുണ്ടാക്കുന്നത്.

ഇത് പറയുമ്പോള്‍ എന്തിനാണ് പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും സംസ്ഥാനത്തിന്‍റെ കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ് പണഞെരുക്കത്തിന് കാരണമെന്ന് പറയുന്നത്. ബി.ജെ.പിയുടെ സംഗീതമേളയില്‍ എന്തിനാണ് കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ പക്കവാദ്യം വായിക്കാന്‍ പുറപ്പെടുന്നത്.

ധൂര്‍ത്തിന്‍റെ മറവില്‍ - യാഥാര്‍ത്ഥ്യം മറയ്ക്കാനുള്ള പാഴ്മുറ

എന്നാല്‍, സര്‍ക്കാര്‍ എന്തെങ്കിലും ഒരു ആഘോഷം നടത്തിയാല്‍, അത് ധൂര്‍ത്തെന്ന് മുറവിളി കൂട്ടുന്നത് ചിലര്‍ക്കൊരു ആചാരമായി മാറിയിരിക്കുകയാണ്. ഇവയൊന്നും മുമ്പുള്ള സര്‍ക്കാരുകള്‍ ചെയ്തിട്ടില്ലേ? കേരളീയം 2023 നടത്തിയപ്പോള്‍ അതിനെ ധൂര്‍ത്ത് എന്ന് പറയാന്‍ എങ്ങിനെയാണ് കഴിയുന്നത്. നോബല്‍ സമ്മാന ജേതാക്കളും ലോകത്തെ അറിയപ്പെടുന്ന വിദഗ്ദ്ധരും പങ്കെടുത്ത അര്‍ത്ഥവത്തായ സംവാദങ്ങളും ചര്‍ച്ചകളും ഇതിന്‍റെ ഭാഗമായി നടന്നതും കുപ്രചരണം നടത്തുന്നവര്‍ മറച്ചുവയ്ക്കുകയാണ്.

വിദഗ്ദ്ധര്‍ നല്‍കിയ വിലപ്പെട്ട നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.

ഇതുപോലെ, നിങ്ങള്‍ ധൂര്‍ത്ത് എന്ന് ആക്ഷേപിച്ച മറ്റൊരു പരിപാടിയാണ് നവകേരള സദസ്സ്. മന്ത്രിസഭാംഗങ്ങള്‍ മൊത്തം 140 അസംബ്ലി മണ്ഡലങ്ങളും സന്ദര്‍ശിച്ച് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടികള്‍ സര്‍ക്കാര്‍ ഗൗരവകരമായി സ്വീകരിച്ചുവരികയാണ്.

ലോക വിമോചന പ്രസ്ഥാനങ്ങളോട് ഇന്ത്യ എന്ന ഭാരതത്തിന്‍റെ നിലപാടുകള്‍ - പാരമ്പര്യം മറക്കുന്ന കോണ്‍ഗ്രസ്

ദേശീയപ്രസ്ഥാനത്തിന്‍റെ കാലം മുതല്‍ ലോകമെമ്പാടുമുള്ള വിമോചന പ്രസ്ഥാനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. ബി ജെ പി സര്‍ക്കാരിന്‍റെ ഭരണകാലത്ത് ഇതില്‍ നിന്നും ദൗര്‍ഭാഗ്യകരമായ ഒരു പിന്നോക്കം പോക്ക് കാണുകയാണ്. ഇതിനെ പലസ്തീന്‍ ജനതയുടെ സ്വയംഭരണാവകാശത്തിനു മേല്‍ നമ്മുടെ രാജ്യം നാളിതുവരെ സ്വീകരിച്ചുവന്നിരുന്ന നിലപാട് മാറ്റിപ്പറയുന്നത്. ഇത് ഇന്ത്യയുടെ യശസ്സിനു ചേര്‍ന്നതാണോ? ഇക്കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ പ്രതികരിക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്. മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാന്‍ നെഹ്റുവിന്‍റെ പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇതില്‍ വ്യക്തമായ നിലപാട് പ്രഖ്യാപിക്കാന്‍ കുറേയധികം സമയം വേണ്ടിവന്നുവെന്നത് നമ്മെ ആശ്ചര്യപ്പെടുത്തുന്നതാണ്. പലസ്തീന്‍ ജനതയുടെ സ്വയംഭരണാവകാശം ഉയര്‍ത്തിപ്പിടിക്കുന്ന ശക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ ഇസ്രായേലില്‍ പണിയെടുക്കുന്ന നമ്മുടെ നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന കാര്യം കേരളത്തിലെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

മതനിരപേക്ഷ നിലപാടുകളും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കണമെങ്കില്‍ വിട്ടുവീഴ്ച കൂടാത്ത നിലപാട് അനിവാര്യമാണ്. അവിടെ മൃദുവര്‍ഗ്ഗീയതയും മറ്റു ചെപ്പടിവിദ്യകളും കാട്ടി ചാഞ്ചാട്ടം നടത്തിയാല്‍ അതിന്‍റെ അന്തിമ ഗുണം ഈ രാജ്യത്തെ വര്‍ഗ്ഗീയശക്തികള്‍ക്കായിരിക്കും എന്ന് ഓര്‍ക്കുന്നത് നല്ലതാണ്.

മറ്റു പ്രധാനപ്പെട്ട വിഷയങ്ങള്‍

മറ്റു ചില കാര്യങ്ങള്‍ കൂടി ഈയവസരത്തില്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ സംഘപരിവാര്‍ സംഘടനകളുടെ ഒത്താശയോടെ ഗോത്രവിഭാഗമായ കുക്കികളുടെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ വ്യാപകമായാണ് തകര്‍ക്കപ്പെട്ടത്. ബി ജെ പി മണിപ്പൂരില്‍ അധികാരത്തില്‍ വന്നശേഷം ആ സംസ്ഥാനത്ത് വര്‍ഗ്ഗീയ - വംശീയ സംഘര്‍ഷങ്ങള്‍ നിത്യസംഭവമായിരിക്കുകയാണ്. സംഘപരിവാറിന്‍റെ തീവ്ര ഹൈന്ദവ വര്‍ഗ്ഗീയതയുടെ നേര്‍പതിപ്പാണ് മണിപ്പൂരില്‍ നാം കാണുന്നത്. ഇതുപോലെ ഉത്തരാഖണ്ഢില്‍ ആസൂത്രിതമായ മുസ്ലീംവേട്ടയാണ് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടന്നത്. വ്യാപാര്‍ ജിഹാദ് എന്ന ഹിംസാത്മകമായ പേരില്‍ നടത്തിയ വര്‍ഗ്ഗീയവിദ്വേഷ പ്രചാരണത്തിനാണ് ഇവിടെ സംഘപരിവാര്‍ തുടക്കമിട്ടത്. ഇതെല്ലാം നമ്മുടെ രാജ്യത്തിന്‍റെ അഖണ്ഡതയെയും ഭദ്രതയെയും തകര്‍ക്കുന്ന നടപടികളായതിനാല്‍ ഇത്തരം വിഷലിപ്തമായ ആശയങ്ങള്‍ ചുമലിലേറ്റി നടക്കുന്നവര്‍ ഇനിയും അധികാരത്തില്‍ തുടരുന്നത് നമ്മുടെ രാജ്യത്തിന്‍റെ നിലനില്‍പ്പിനു തന്നെ അപകടമാണെന്ന് പറയാതെ വയ്യ.

ഉത്തരകാശിയില്‍ നിന്നും മുസ്ലീങ്ങളെ പൂര്‍ണ്ണമായും ഒഴിപ്പിക്കണമന്നായിരുന്നു വിശ്വഹിന്ദു പരിഷത്തിന്‍റെ ഒരു ആവശ്യം. ദേവ് ഭൂമി രക്ഷാഅഭിയാന്‍ എന്ന തീവ്ര ഹിന്ദുത്വ സംഘടന എല്ലാ മുസ്ലീംവ്യാപാരികളും തങ്ങളുടെ കടകള്‍ ഒഴിഞ്ഞുപോകണമെന്ന തിട്ടൂരം ഇറക്കുകയുണ്ടായി.

ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രം ആകണം എന്നതടക്കമുള്ള തീവ്രഹിന്ദുത്വ നിലപാട് മുന്നോട്ടുവച്ച ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗീതാപ്രസ്സിനാണ് കഴിഞ്ഞ വര്‍ഷം ഗാന്ധിസമാധാന പുരസ്കാരം നല്‍കിയത്. ഗീതാപ്രസ്സിന് മഹാത്മാഗാന്ധിയുടെ പേരിലുള്ള സമാധാന പുരസ്കാരം നല്‍കാന്‍ തീരുമാനിച്ചത് രാഷ്ട്രപിതാവിനെ ഏതു രീതിയില്‍ സംഘപരിവാര്‍ ശക്തികള്‍ കാണുന്നു എന്നതിന്‍റെ ഒരു ഉദാഹരണം കൂടിയാണ്.

1923 ല്‍ സ്ഥാപിക്കപ്പെട്ട ഗീതാപ്രസ്സ് അതിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് കേന്ദ്രസര്‍ക്കാര്‍ മഹാത്മാഗാന്ധിയുടെ പേരിലുള്ള പുരസ്കാരം നല്‍കി അവരെ വെളുപ്പിക്കാന്‍ ശ്രമിക്കുന്നത്.

ദൂരദര്‍ശനും ആകാശവാണിയും ഉള്‍ക്കൊള്ളുന്ന പ്രസാര്‍ ഭാരതിയുടെ ഏക വാര്‍ത്താസ്രോതസ്സായി സംഘപരിവാര്‍ ചായ്വുള്ള ഹിന്ദുസ്ഥാന്‍ സമാചാറിനെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചതും ഇക്കഴിഞ്ഞ വര്‍ഷമാണ്. വിശ്വഹിന്ദു പരിഷത്തിന്‍റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായ ശിവറാം ശങ്കര്‍ ആപ്തെ സ്ഥാപിച്ച ഹിന്ദുസ്ഥാന്‍ സമാചാറിനെ പ്രസാര്‍ ഭാരതിയുടെ ഏക വാര്‍ത്താസ്രോതസ്സായി മാറ്റിയത് പത്രസ്വാതന്ത്ര്യത്തോടെയുള്ള സംഘപരിവാറിന്‍റെ വെല്ലുവിളിയായി മാത്രമേ കാണാനാവൂ.

വെല്ലുവിളിക്കപ്പെടുന്ന നാനാത്വത്തിലെ ഏകത്വം

നമ്മുടെ രാജ്യത്തിന്‍റെ, ഇന്ത്യ എന്ന ഭാരതത്തിന്‍റെ ഏറ്റവും വലിയ സവിശേഷതയാണ് ആംഗല ഭാഷയില്‍ പറയുന്ന ഡിശ്യേ ശി ഉശ്ലൃശെ്യേ. ഇത് കടുത്ത ഭീഷണി നേരിടുകയാണ്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ്.

1971 നു ശേഷം നമ്മുടെ രാജ്യത്ത് പാര്‍ലമെന്‍റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ചല്ല തെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ഒരു സംസ്ഥാനത്ത് സീറ്റുകള്‍ തൂത്തുവാരുന്ന കക്ഷി ഹ്രസ്വകാലത്ത് നടക്കുന്ന നിയസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്ന അനുഭവങ്ങള്‍ ഏറെയുണ്ട് ഈ രാജ്യത്ത്.

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനെയും നിയമസഭാ തെരഞ്ഞെടുപ്പിനെയും വ്യത്യസ്തമായി കാണാനുള്ള വിവേകമുള്ള വോട്ടര്‍മാരാണ് നമ്മുടെ രാജ്യത്തുള്ളത്. എന്നാല്‍, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം അടിച്ചേല്‍പ്പിക്കുമ്പോള്‍ ഒരു തെരഞ്ഞെടുപ്പ്, ഒരു മുദ്രാവാക്യം, ഒരു നേതാവ്, ഒരു കക്ഷി എന്ന ഏകശിലാ രൂപത്തിലേക്ക് നീങ്ങുകയും നമ്മുടെ വൈവിധ്യങ്ങളെ തകര്‍ക്കുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്യും. നമ്മുടെ ഫെഡറല്‍ സംവിധാനത്തിന്‍റെ സൗന്ദര്യം തന്നെ വിവിധ കക്ഷികള്‍ കേന്ദ്രവും സംസ്ഥാനവും ഭരിക്കുകയും സാഹചര്യങ്ങള്‍ക്കൊത്ത് സഹകരിക്കുകയും ഭിന്നാഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്നത്. ഇത് ഇല്ലാതായാല്‍ നമ്മുടെ ജനാധിപത്യത്തിന്‍റെ അന്തസത്തക്ക് സാരമായ കോട്ടം സംഭവിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഉപസംഹാരം

നമ്മുടെ രാജ്യം ഇന്ന് ഏകാധിപത്യ വര്‍ഗീയശക്തികളില്‍ നിന്നും നേരിടുന്ന വലിയ ഭീഷണികള്‍ക്കു നേരെ ചെറുത്തുനില്‍പ്പിന്‍റെ ഒരു വെള്ളി രേഖയായാണ് കേരളം നിലകൊള്ളുന്നത്. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളും പശ്ചാത്തലസൗകര്യ വികസന പദ്ധതികളുമായി മുന്നോട്ടുപോകാന്‍ ഉദ്യമിക്കുന്ന സര്‍ക്കാരിനെ ഏതെല്ലാം വിധത്തില്‍ ധനഞെരുക്കത്തിലാക്കാമെന്ന് കേന്ദ്ര സര്‍ക്കാരും അതിനെ സര്‍വ്വാത്മനാ പിന്തുണയ്ക്കുന്ന കേരളത്തിലെ പ്രതിപക്ഷവും ചില സ്ഥാപിത താല്‍പ്പര്യങ്ങളെയാണ് സംരക്ഷിക്കുന്നത്. വെല്ലുവിളികളെ തരണം ചെയ്തുകൊണ്ട് ജനങ്ങളുടെ വലിയ പിന്തുണയോടെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ വിജയകരമായി മുന്നോട്ടുപോകുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട എന്ന കാര്യത്തില്‍ ഉറച്ച വിശ്വാസത്തോടെ പറഞ്ഞുകൊള്ളട്ടെ.

പ്രസംഗം ഉപസംഹരിക്കുന്നതിനു മുമ്പ് കഴിഞ്ഞ മൂന്നുവര്‍ഷ കാലയളവില്‍ വിവിധ മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച പ്രധാനപ്പെട്ട ചില നേട്ടങ്ങള്‍ പ്രത്യേകം എടുത്തുപറയാന്‍ ആഗ്രഹിക്കുകയാണ്.

ډ