നിയമസഭ പാസാക്കിയ ലോകായുക്ത ഭേദഗതി ബില്ലിനു അംഗീകാരം നൽകാൻ സാധാരണഗതിയിൽ ബാധ്യസ്ഥനാണ് ഗവർണർ; പാർലമെന്റ് പാസാക്കിയ ഏതു ബില്ലിലും ഒപ്പുവെച്ച് അംഗീകാരം നൽകാൻ രാഷ്ട്രപതി ബാധ്യസ്ഥമാണെന്നതുപോലെ. അതാണ് ഭരണഘടനാ വ്യവസ്ഥ. ജനപ്രതിനിധികൾ അടങ്ങുന്നതാണ് പാർലമെന്റ്. അതിന്റെ ഭൂരിപക്ഷ തീരുമാനം അംഗീകരിച്ച് ഒപ്പുവെച്ച് നിയമമാക്കാൻ പാർലമെന്റിലെയും നിയമസഭകളിലെയും അംഗങ്ങൾ ചേർന്നു തിരഞ്ഞെടുക്കുന്ന രാഷ്ട്രപതി ബാധ്യസ്ഥമാണ്. ഗവർണർ രാഷ്ട്രപതിയാൽ നിയമിക്കപ്പെടുന്ന വ്യക്തിയാണ്. ഒരു തരത്തിൽ ഒരു ഉദേ-്യാഗസ്ഥൻ. നിയമസഭ പാസാക്കുന്ന ഏത് ബില്ലിലും ഒപ്പുവെക്കാൻ ഗവർണർക്ക് ബാധ്യതയുണ്ട്. കാരണം ജനപ്രതിനിധി സഭയ്ക്കാണ് പരമാധികാരം. നിയമങ്ങൾ നിർമിക്കുന്നതും ഇല്ലാതാക്കുന്നതും ജനപ്രതിനിധിസഭയാണ്. ഇതാണ് നമ്മുടെ ഭരണഘടനയുടെ സത്ത.
കേരള നിയമസഭ ലോകായുക്ത ബില്ലിനു ഭേദഗതി പാസാക്കിയിരുന്നു. നേരത്തെ നിയമസഭ അംഗീകരിച്ചിരുന്ന അതിന്റെ രൂപത്തിൽ മുഖ്യമന്ത്രി, മന്ത്രിമാർ, മറ്റു ജനപ്രതിനിധികൾ എന്നിവരെക്കുറിച്ച് ഉയർന്നുവരുന്ന പരാതികളിൽ ലോകായുക്ത വിധി പറഞ്ഞാൽ അതിനുമേൽ അപ്പീലിനു വ്യവസ്ഥ ഇല്ലായിരുന്നു. അത് ഭരണഘടന അനുസരിച്ച് പൊതുവിൽ അംഗീകരിക്കപ്പെട്ട നിയമവ്യവസ്ഥകയ്ക്ക് വിരുദ്ധമാണ്. സുപ്രീംകോടതിയോ രാഷ്ട്രപതിയോ കെെക്കൊള്ളുന്ന തീരുമാനത്തിനു മാത്രമേ സാധാരണഗതിയിൽ അപ്പീൽ ഇല്ലാതുള്ളു. ഇക്കാര്യം ശ്രദ്ധയിൽപെട്ടപ്പോൾ കേരള നിയമസഭയിൽ ലോകായുക്ത നിയമത്തിനു ഭേദഗതി അവതരിപ്പിക്കപ്പെട്ടു. നിയമസഭ അത് പാസാക്കി ഗവർണറുടെ അംഗീകാരത്തിനു അയച്ചു.
നിയമസഭ പാസാക്കുന്ന ബില്ലുകൾ അംഗീകരിച്ച് ഒപ്പുവെക്കാൻ സാധാരണഗതിയിൽ ഗവർണർ ബാധ്യസ്ഥനാണ്. അദ്ദേഹത്തിനു വിവേചനാധികാരമില്ല. ബിൽ ഭരണഘടനാവിരുദ്ധമാണെങ്കിൽ മാത്രമേ അതിൽ ഒപ്പുവെക്കാതിരിക്കാൻ ഗവർണർക്ക് അധികാരമുള്ളൂ. അതുപോലും സ്വമേധയാ തീരുമാനിക്കാനാവില്ല. സംശയമുള്ള ബില്ലുകൾ രാഷ്ട്രപതിയുടെ നിർദേശത്തിന് അയച്ചു കൊടുക്കാം. രാഷ്ട്രപതി ബില്ലിൽ കുഴപ്പമില്ല എന്നു നിർദേശിച്ചാൽ ഗവർണർ ബില്ലിൽ ഒപ്പുവെക്കണം. അതാണ് ലോകായുക്ത ബില്ലിന്റെ കാര്യത്തിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.
ഇതിനെ ഒരു സാധാരണ സംഭവമായി കണക്കാക്കാൻ നിവൃത്തിയില്ല. 2021ൽ വീണ്ടും ജനവിധി നേടി അധികാരത്തിൽ തുടരുന്ന എൽഡിഎഫ് സർക്കാരിനോട് കേരളത്തിലെ വലതുപക്ഷ ശക്തികൾക്കുള്ള കലിപ്പ് മനസ്സിലാക്കാവുന്നതേയുള്ളൂ. അവയിൽ പ്രതിപക്ഷ പാർട്ടികൾ മാത്രമല്ല, അവയെ ആശയപരമായി നയിക്കുന്ന ഇവിടത്തെ ചില വലതുപക്ഷ മാധ്യമങ്ങളുമുണ്ട്. ലോകായുക്ത മുമ്പാകെ ഒരു കേസ് കൊണ്ടുവന്ന് സർക്കാരിനോ മുഖ്യമന്ത്രിക്കോ എതിരായ വിധി വരാൻ ഇടയാക്കിയാൽ എൽഡിഎഫ് സർക്കാർ താഴെ വീഴും. അതു മാത്രമേ എൽഡിഎഫിന്റെ ഇപ്പോഴത്തെ ജെെത്രയാത്ര തടയാൻ മാർഗമുള്ളൂ എന്ന നിഗമനത്തിൽ ഒരു വിഭാഗം മാധ്യമങ്ങളും അവയുടെ താളത്തിനൊത്തുതുള്ളുന്ന പ്രതിപക്ഷ നേതാക്കളും എത്തി. ആ തഞ്ചം പ്രയോഗിക്കാൻ അവർ തക്കം പാർത്തിരിക്കവെയാണ് ലോകായുക്ത നിയമത്തിനു കേരള നിയമസഭ ഭേദഗതി പാസാക്കിയത്.
ഇന്ത്യയിലെ ഭരണഘടനയും നിയമ ദർശനവും അനുസരിച്ച് അപൂർവം ചില സന്ദർഭങ്ങളിൽ ഒഴികെ ഏതു നിയമവിധിക്കും എതിരായി അപ്പീൽ നൽകാൻ അവസരം ഉണ്ടായിരിക്കണം. ലോകായുക്ത നിയമത്തിന് ആ വ്യവസ്ഥ ഉണ്ടായിരുന്നില്ല. ആ വ്യവസ്ഥ കൂട്ടിച്ചേർക്കുന്ന ഭേദഗതിയാണ് കേരള നിയമസഭ പാസാക്കിയത്. അത് ഗവർണർ ഒപ്പുവെച്ച് നിയമമാക്കുന്നതിനെതിരെയാണ് ഇവിടത്തെ പ്രതിപക്ഷവും അതിനെ നയിക്കുന്ന ചില മാധ്യമങ്ങളും കൊണ്ടുപിടിച്ച പ്രചരണം നടത്തിയത്. അതിന്റെ സമ്മർദത്തിലാകാം, ഗവർണർ ഒരു വർഷത്തോളം ഈ ഭേദഗതി ബിൽ ഒപ്പുവയ്ക്കാതെ കെെവശം വച്ചു. അതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ കേസു നൽകി. തുടർന്ന് കോടതിയുടെ രൂക്ഷവിമർശനം ഉണ്ടായപ്പോഴാണ് ഗവർണർ ബിൽ രാഷ്ട്രപതിയുടെ പരിശോധനയ്ക്കും അംഗീകാരത്തിനുമായി അയച്ചു കൊടുത്തത്. അത് അവിടെ കിടന്നോളും എന്നായിരുന്നിരിക്കാം ഗവർണറും അദ്ദേഹത്തിന് ഉപദേശ നിർദേശങ്ങൾ നൽകിയവരും പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ,രാഷ്ട്രപതി ഏതാനും മാസങ്ങൾക്കുള്ളിൽ ബിൽ പരിശോധിച്ച് അംഗീകാരം നൽകി ഗവർണർക്ക് തിരിച്ചയച്ചിരിക്കുകയാണ്. ബിൽ സംബന്ധിച്ച് ഗവർണർ ഉന്നയിച്ച സംശയങ്ങൾക്കും അദ്ദേഹത്തിന് ഇവിടത്തെ ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷം നൽകിയ നിവേദനങ്ങൾക്കും മാധ്യമങ്ങൾ നടത്തിയ അഭിപ്രായ പ്രകടനങ്ങൾക്കും ഇതോടെ നിവാരണമായിരിക്കുന്നു. ബിൽ നിയമവിരുദ്ധമല്ല എന്ന അഭിപ്രായം രാഷ്ട്രപതി അറിയിച്ചാൽ ഗവർണർക്ക് ബിൽ അംഗീകരിച്ച് ഒപ്പിട്ടുകൊടുക്കുക മാത്രമേ നിർവാഹമുള്ളൂ.
ലോകായുക്ത നൽകുന്ന വിധി സാധാരണഗതിയിൽ സംസ്ഥാന സർക്കാർ അംഗീകരിക്കണം. സമാനമായ നിയമം കേന്ദ്ര സർക്കാരിനും ബാധകമാണ്. എന്നാൽ, ആർക്കും തെറ്റും പറ്റാം എന്നതുകൊണ്ട് ലോകായുക്ത വിധിയിൽ പരാതിയോ സംശയമോ ഉണ്ടെങ്കിൽ സർക്കാരിനു ബന്ധപ്പെട്ട കോടതി മുമ്പാകെ ലോകായുക്ത വിധിക്കെതിരെ അപ്പീൽ ബോധിപ്പിക്കാം. അപ്പീൽ ഇല്ലാത്ത വിധിയല്ല ലോകായുക്ത നൽകുന്നത് എന്നാണ് നിയമസഭ പാസാക്കിയ ലോകായുക്ത ഭേദഗതി ബില്ലിലെ സാരം. അത് നിയമസംഹിതയ്ക്ക് നിരക്കുന്നതാണ്. ലോകായുക്തയുടെ ഉത്തരവ് സർക്കാർ ചോദ്യംചെയ്യാതെ നടപ്പാക്കേണ്ടതാണ് എന്നത് ചോദ്യം ചെയ്യാനാകാത്ത ഒരു നിയമവിധിയായി അവതരിപ്പിക്കാനാണ് എൽഡിഎഫ് സർക്കാരിനെതിരായി നിലപാടെടുക്കുന്ന പ്രതിപക്ഷ പാർട്ടികളും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ വാദം നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗഗതി നിയമവിരുദ്ധമാണെന്നാണ്. എന്നാൽ, രാഷ്ട്രപതി ബില്ലിനു അംഗീകാരം നൽകിയത് ആ വാദഗതി ഉന്നയിക്കുന്നവരുടെയും പ്രചരിപ്പിക്കുന്നവരുടെയുമെല്ലാം പ്രചരണത്തിന്റെ കാറ്റ് കളഞ്ഞിരിക്കുന്നു. അതിന്റെ അരിശം ഫെബ്രുവരി 29ന് അത് സംബന്ധമായ വാർത്ത പ്രസിദ്ധീകരിച്ച പല മാധ്യമങ്ങളുടെയും റിപ്പോർട്ടുകളിൽ കാണാം.
പ്രതിപക്ഷ പാർട്ടികളും ഒരു വിഭാഗം മാധ്യമങ്ങളും കേരളത്തിലെ ഗവർണറുടെ കീഴുദ്ദേ-്യാഗസ്ഥരിൽ ഒരു വിഭാഗവും എൽഡിഎഫ് സർക്കാരിനെതിരെ കയ്യിൽ കിട്ടുന്നതെന്തും ആയുധമായി പ്രയോഗിക്കാനുള്ള വെപ്രാളത്തിലാണ്. തങ്ങൾ സർക്കാരിനെതിരെയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള അതിന്റെ നേതൃത്വത്തിനെതിരെയും പ്രയോഗിക്കുന്ന വാദമുഖങ്ങൾ പലതും തിരിഞ്ഞുകൊത്തുന്നത് അവരുടെ വെപ്രാളം പല ഇരട്ടിയാക്കുന്നു. നിയമാനുസൃതമായും ജനക്ഷേമകരമായും സർക്കാർ കെെക്കൊള്ളുന്ന തീരുമാനങ്ങളെയും നടപടികളെയും ജനവിരുദ്ധമാണെന്നു വ്യാഖ്യാനിച്ച് ജനങ്ങളെ സർക്കാരിനെതിരിക്കാനുള്ള തങ്ങളുടെ വാക് ശരങ്ങൾ ബൂമറാങ്ങുകളാകുന്നത് അവരെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. ജനങ്ങൾക്കുവേണ്ടിയും നിയമപരമായും പ്രവർത്തിക്കുന്ന സർക്കാരിനെ കുരിശിലേറ്റാനുള്ള അത്തരക്കാരുടെ നീക്കങ്ങൾ അവർക്കു നേരെ തന്നെ തിരിച്ചുവരുന്നതു കണ്ടുള്ള അവരുടെ അസ്വാസ്ഥ്യപ്രകടനങ്ങൾ കേരള രാഷ്ട്രീയത്തിലെ സ്ഥിരം ദൃശ്യമായിട്ടുണ്ട്.