എഴുപത്തിനാല് വർഷം മുമ്പാണ് ഇന്ത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത്. അന്നു മുതൽക്കാണ് ഇന്ത്യയുടെ ഭരണഘടന ഇന്നുള്ള രൂപത്തിൽ നിലവിൽവന്നത്. രണ്ടാം ലോകയുദ്ധത്തിനുശേഷമാണ് അതേവരെ സാമ്രാജ്യത്വ ശക്തികളുടെ കോളനികളായിരുന്ന ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ കൂട്ടത്തോടെ സ്വാതന്ത്ര്യം നേടാൻ തുടങ്ങിയത്. ആ രാജ്യങ്ങളിലെ സ്വാതന്ത്ര്യസമരങ്ങൾ ശക്തിയാർജിച്ചതിനെയും സോവിയറ്റ് യൂണിയൻ പ്രബല ലോകശക്തിയായി മാറിയതിനെയും തുടർന്നായിരുന്നു ഈ സംഭവവികാസങ്ങൾ. അത്തരം രാജ്യങ്ങൾ തങ്ങളുടെ മുൻ മേധാവിയായിരുന്ന സാമ്രാജ്യത്വത്തോട് ഒരു തരത്തിലുള്ള വിധേയത്വവും പുലർത്താൻ തയ്യാറായിരുന്നില്ല. അങ്ങനെയാണ് അവയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകാൻ സാമ്രാജ്യശക്തികൾ നിർബന്ധിതമായത്. ഇന്ത്യ, ഇൻഡോനേഷ്യ എന്നിവയുൾപ്പെടെ അക്കാലത്ത് സ്വാതന്ത്ര്യം നേടിയതും റിപ്പബ്ലിക്കുകളായി സ്വയം പ്രഖ്യാപിച്ചതും അതിനെ തുടർന്നാണ്.
ആ അടിസ്ഥാനത്തിലാണ് ഇന്ത്യക്ക് ഒരു ഭരണഘടന തയ്യാറാക്കപ്പെട്ടത്. സ്വാതന്ത്ര്യസമരം രൂക്ഷമായതിനെത്തുടർന്ന് 1935ൽ ഇന്ത്യക്ക് കൂടുതൽ സ്വാതന്ത്ര്യങ്ങൾ നൽകിക്കൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യാ ആക്ട് (നിയമം) പാസ്സാക്കിയിരുന്നു. അതിനെ പിൻപറ്റി കാലോചിതമാക്കി തയ്യാറാദക്കപ്പെട്ടതാണ്. 1950 ജനുവരി 26 മുതൽ നിലവിൽ വന്ന ഇന്ത്യയുടെ ഭരണഘടന അതിൽ സാമൂഹ്യനീതി ഉറപ്പാക്കുന്ന സവിശേഷമായ ചില വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട് മാത്രമല്ല, ജനാധിപത്യവും മതനിരപേക്ഷതയുമാണ് ഇന്ത്യൻ ഭരണഘടനയുടെ മറ്റു സവിശേഷതകൾ. അതിലെ മൗലികാവകാശങ്ങൾ, മാർഗ നിർദ്ദേശകതത്വങ്ങൾ എന്നിവ ഉൾപ്പെടുത്തപ്പെട്ടത് എം എൻ റോയിയുടെ നിർദ്ദേശം അംഗീകരിച്ചുകൊണ്ടായിരുന്നു.
ഇന്ത്യയിലെ സ്വാതന്ത്ര്യസമരംതന്നെ സവിശേഷമായ ഒന്നായിരുന്നല്ലോ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ലോകത്തിലെ പ്രബലമായ സാമ്രാജ്യത്വ ശക്തിയായിരുന്നു ബ്രിട്ടൻ. മഹാത്മാഗാന്ധി ആവിഷ്കരിച്ച സമാധാനപരമായ, നിസ്സഹകരണത്തിലൂടെയുള്ള സ്വാതന്ത്ര്യ സമരത്തിന്റെ അടവ് എന്നതായിരുന്നു. അതിന്റെ ഭാഗമായി നാനാ രാജ്യങ്ങളിൽ നിന്ന്, നാനാ സ്വാതന്ത്ര്യപ്പോരാളികളിൽനിന്ന്, ദാർശനികരിൽനിന്ന് ഗാന്ധിയും കോൺഗ്രസ്സും പല ആശയങ്ങളും അടവുകളും സ്വീകരിച്ചു. തൊഴിലാളി – കർഷക സമരങ്ങളും രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതിൽ പങ്കുവഹിച്ചു. ഈ സമരത്തിലൂടെ ആർജിച്ച പല കാഴ്ചപ്പാടുകളും ഭരണഘടനയ്-ക്ക് രൂപം നൽകുമ്പോൾ ഭരണഘടനാ ശിൽപികൾ മാർഗദർശകമാക്കി. രണ്ടാം ലോക യുദ്ധക്കാലത്ത് ആഗോളതലത്തിൽ ശക്തമായിരുന്ന സോവിയറ്റ് യൂണിയന്റെയും സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുടെയും ചില ആശയങ്ങൾ അതിൽ ഉൾപ്പെടുത്തപ്പെട്ടു.
റിപ്പബ്ലിക് പരമാധികാര രാഷ്-ട്രമാണ്. മറ്റൊരു രാജ്യത്തോടും ഭരണപരമോ മറ്റ് ഏതെങ്കിലും വിധത്തിലോ ഉള്ള ഒരു വിധേയത്വവും അതിനില്ല. അമേരിക്ക പഴയ സോവിയറ്റ് യൂണിയൻ അല്ലെങ്കിൽ ഇപ്പോഴത്തെ റഷ്യ, ചെെന, ഫ്രാൻസ്, ജർമനി മുതലായ വൻശക്തികളും ബ്രസീൽ, ചിലി മുതലായ ലാറ്റിനമേരിക്കൻ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയും ഒക്കെ റിപ്പബ്ലിക്കുകളാണ്. അവയുടെ അധികാരഘടനയിലും മറ്റും വ്യത്യസ്തതകളുണ്ടാകാം. നമ്മുടെ റിപ്പബ്ലിക്കിൽ അധികാരം കേന്ദ്ര ഭരണകൂടത്തിലാണ് പ്രധാനമായും നിക്ഷിപ്തമായിരിക്കുന്നത്. ചില രാജ്യങ്ങളുടെ ഭരണഘടനയിൽ അതിലെ ഘടക സംസ്ഥാനങ്ങൾക്ക് വേറിട്ടുപോകാനുള്ള അധികാരം വരെ അനുവദിച്ചിട്ടുണ്ട്. നമ്മുടേതുപോലുള്ള റിപ്പബ്ലിക്കുകളിൽ അത് നൽകപ്പെട്ടിട്ടില്ല. പാർലമെന്റിനാണ് പരമാധികാരം.
കഴിഞ്ഞ പത്തുവർഷക്കാലത്തെ ബിജെപി വാഴ്ച സ്വാതന്ത്ര്യാനന്തരം ഏഴുപതിറ്റാണ്ടായി നിലനിന്ന ജനങ്ങളുടെ ചിന്താഗതി പുനഃപരിശോധിക്കുന്നതിനു വലിയ പ്രേരണ നൽകി വരികയാണ്. ബിജെപിയുടെ പ്രഖ്യാപിതലക്ഷ്യം ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കുകയാണ്. നമ്മുടെ ഭരണഘടന അതിന്റെ ആമുഖത്തിലും പിന്നീടുള്ള അധ്യായങ്ങളിലും ഉറപ്പുനൽകുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയെല്ലാം ജനസാമാന്യത്തിനു മൊത്തത്തിൽ നിഷേധിക്കുന്നതാണ് സംഘപരിവാറിന്റെ കാഴ്ചപ്പാട്. അതാണ് അവർ നിരന്തരം വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുക്കളാണ് ഇവിടെ ഭൂരിപക്ഷം. അതിനാൽ മറ്റു മതക്കാർക്ക് സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും അനുവദിക്കാൻ കഴിയില്ല എന്നാണ് അവരുടെ നിലപാട്. ഇതിനെ തള്ളിക്കളഞ്ഞാണ് 1950ൽ ഭരണഘടന അംഗീകരിക്കപ്പെട്ടത്. തങ്ങൾക്ക് പാർലമെന്റിൽ നിർണായക നേതൃത്വം ലഭിച്ചുകഴിഞ്ഞാൽ തിരഞ്ഞെടുപ്പുവേളയിലും അല്ലാതെയും പ്രചരിപ്പിച്ചിട്ടുള്ള നിലപാട് നടപ്പാക്കും എന്താണ് അവർ നിരന്തം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുക്കളല്ലാത്ത മതക്കാർക്കൊന്നും തുല്യമായ പൗരാവകാശങ്ങൾ നൽകേണ്ടതില്ല എന്നാണ് അവരുടെ നെടുനാളായുള്ള പ്രഖ്യാപിത നിലപാട്. ഇത് ആർഎസ്-എസും ബിജെപിയും ആവർത്തിച്ചു പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് ന്യൂനപക്ഷ വിഭാഗങ്ങളിലും സ്ത്രീകളിലും മറ്റും വലിയ ഉൽക്കണ്ഠ സൃഷ്ടിച്ചിട്ടുണ്ട്.
ലോക്-സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തിലാണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷം വരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ അവരുടെ പാർട്ടിയുടെ വിഭാഗീയ നിലപാടുകൾ ഏറ്റവും ഭീഷണമായ രീതിയിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നത് ജനാധിപത്യവാദികളിൽ പൊതുവെയും ന്യൂനപക്ഷ വിഭാഗങ്ങളിലും സ്ത്രീകളിലും പ്രതേ-്യകിച്ചും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ബിജെപിയാണ് ഇന്നു രാജ്യത്തെ ഏറ്റവും വലിയ പാർട്ടി. 2014ലെ ലോക്-സഭാ തിരഞ്ഞെടുപ്പിൽ അവർ കേവല ഭൂരിപക്ഷം നേടിയെങ്കിൽ, 2019ൽ അവരുടെ അംഗബലം പാർലമെന്റിൽ ഗണ്യമായി വർധിച്ചു. എന്നാൽ വോട്ടർമാരിൽ 40 ശതമാനം പേരുടെ പിന്തുണപോലും ആ പാർട്ടിക്ക് നേടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പണ്ട് കോൺഗ്രസ്സിന്റെയും സ്ഥിതി ഇതുതന്നെയായിരുന്നു. അടിയന്തരാവസ്ഥയെത്തുടർന്ന് മറ്റെല്ലാ പാർട്ടികളും യോജിച്ചു മത്സരിച്ചപ്പോൾ കോൺഗ്രസ് ഭീകരമായി നിലംപൊത്തി. ബിജെപി ഇതരകക്ഷികൾ യോജിച്ചു മത്സരിച്ചാൽ 1977ൽ കോൺഗ്രസ്സിനുണ്ടായ തിരിച്ചടി ബിജെപിയുടെ കാര്യത്തിൽ 2024ൽ ഉണ്ടാകും.
ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യ എന്ന റിപ്പബ്ലിക് ഉറപ്പുചെയ്യുന്ന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അവസരങ്ങളും ജനങ്ങൾക്ക് തുടർന്നും അനുഭവിക്കാൻ കഴിയണമെങ്കിൽ, മറ്റെല്ലാ പാർട്ടികളും ചേർന്നു ബിജെപിയെ തിരഞ്ഞെടുപ്പിൽ അമ്പെ പരാജയപ്പെടുത്തേണ്ടതുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ജനങ്ങൾക്കാകെ ഉറപ്പുചെയ്യുന്ന മതനിരപേക്ഷ റിപ്പബ്ലിക്കായി ഇന്ത്യ തുടരണമെങ്കിൽ ഇന്ത്യയിൽ മതരാഷ്ട്രം സ്ഥാപിക്കാൻ കച്ചകെട്ടി നിലകൊള്ളുന്ന ബിജെപിയെ തിരഞ്ഞെടുപ്പിൽ പറ്റെ പരാജയപ്പെടുത്തണം. ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കുകയെന്ന ലക്ഷ്യം നടപ്പാക്കും എന്നതാവട്ടെ ഈ റിപ്പബ്ലിക് ദിനത്തിലെ ജനസാമാന്യത്തിന്റെ ദൃഢപ്രതിജ്ഞ.