പ്രധാനമന്ത്രി പദം ഏറ്റെടുത്ത ഉടനെ 2014ൽ നരേന്ദ്രമോദി ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കുന്നതിനു ശ്രമിച്ചിരുന്നു. ഈ നീക്കത്തെക്കുറിച്ച് അക്കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിൽ ഉന്നത പദവി വഹിച്ചിരുന്നയാളും ഇപ്പോൾ നിതി ആയോഗിന്റെ തലവനുമായ ബി വി ആർ സുബ്രഹ്മണ്യം ഈയിടെ സെന്റർ ഫോർ ഇക്കണോമിക് പ്രോഗ്രസിന്റെ സെമിനാറിൽ നടത്തിയ പ്രഭാഷണത്തിൽ വിശദാംശങ്ങളോടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ മുഖ്യധാരാ മാധ്യമങ്ങളൊന്നും അതു സംബന്ധിച്ച് ഒരു വരിപോലും റിപ്പോർട്ട് ചെയ്തില്ല.
2014ലെ തിരഞ്ഞെടുപ്പു കഴിഞ്ഞ് നരേന്ദ്രമോദി പ്രധാനമന്ത്രി പദം ഏറ്റെടുത്ത കാലം. കേന്ദ്ര സർക്കാരിന്റെ വരുമാനം ഗണ്യമായി വർധിപ്പിക്കുന്നതിനുള്ള വഴികൾ അദ്ദേഹം ആരാഞ്ഞിരുന്നു. കേന്ദ്രത്തിന്റെ നികുതി വരുമാനത്തിൽ സംസ്ഥാനങ്ങൾക്ക് 5 വർഷക്കാലം നൽകേണ്ട വിഹിതത്തെക്കുറിച്ച് ഫിനാൻസ് കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ. കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനത്തിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകണമെന്നായിരുന്നു ശുപാർശ. അതുവരെ 32 ശതമാനമായിരുന്നു സംസ്ഥാനങ്ങൾക്കുള്ള വിഹിതം. 10 ശതമാനം വർധനവ് വരുത്തണമെന്നായിരുന്നു റിപ്പോർട്ടിലെ ശുപാർശ. മുൻ റിസർവ് ബാങ്ക് ഗവർണർ വെെ വി റെഡ്ഡിയായിരുന്നു കമ്മീഷൻ ചെയർമാൻ.
പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത ഉടനെ നരേന്ദ്രമോദി ചെയ്തത് ഫിനാൻസ് കമ്മീഷൻ ചെയർമാനുമായി ചർച്ച നടത്തുകയായിരുന്നു, സംസ്ഥാനങ്ങൾക്കുള്ള വിഹിതം 42 ശതമാനമായി വർധിപ്പിച്ചത് 32 ശതമാനമായി കുറയ്ക്കണമെന്ന് വെെ വി റെഡ്ഡിയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് വഴങ്ങിയില്ല എന്നാണ് സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തൽ. മോദി അതേവരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. മുഖ്യന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം 50 ശതമാനമാക്കി ഉയർത്തണമെന്ന് മോദി വാദിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രിയായതിനു ശേഷം മോദി കേന്ദ്ര സർക്കാരിന്റെ വരുമാനം വർധിപ്പിക്കുന്നതിനായി സംസ്ഥാനങ്ങളുടെ വിഹിതം കുറപ്പിക്കാനായിരുന്നു ശ്രമിച്ചത്. കേന്ദ്ര നികുതി വരുമാനത്തിന്റെ 32 ശതമാനമായിരന്നു അതേവരെ സംസ്ഥാന സർക്കാരുകൾക്ക് മുൻ കമ്മീഷൻ നിർദേശപ്രകാരം നൽകി വന്നത്. അത് 42 ശതമാനമായി വർധിപ്പിക്കുന്നതിനായിരുന്നു ന്യായമായ കാരണങ്ങൾ ഉന്നയിച്ച് വെെ വി റെഡ്ഡി കമ്മീഷൻ ശിപാർശ ചെയ്തത്. അത് തിരുത്തിക്കാനാണ് മോദി ശ്രമിച്ചത്.
റെഡ്ഡി കമ്മീഷന്റെ മേൽ സമ്മർദം ചെലുത്തി സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം ഉയർത്താതിരിക്കാനുള്ള നീക്കം പരാജയപ്പെട്ടപ്പോൾ മോദി വിദഗ്ധമായി ഒരു പ്രകടനം പാർലമെന്റിൽ നടത്തി. സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വർധിപ്പിക്കാനുള്ള 14–ാം ഫിനാൻസ് കമ്മീഷൻ ശിപാർശകളെ അദ്ദേഹം പാർലമെന്റിൽ സഹർഷം സ്വാഗതം ചെയ്തു; പ്രധാനമന്ത്രി എന്ന നിലയിൽ താൻ കൂടി ശ്രമിച്ചതിന്റെ ഫലമായാണ് റെഡ്ഡി കമ്മീഷൻ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വർധിപ്പിച്ചത് എന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു അത്.
എങ്ങനെയായാലും പൂച്ച നാലുകാലിലേ വീഴു എന്ന നാടൻചൊല്ല് ഈ സന്ദർഭത്തിൽ ആരെങ്കിലും ഓർത്താൽ കുറ്റംപറയാനാവില്ല.
സെസും സർചാർജും കേന്ദ്രം കുത്തനെ വർധിപ്പിച്ചു. ഒപ്പം ചെലവിനങ്ങളിൽ പലതും വെട്ടിക്കുറയ്ക്കാനും നിർബന്ധിതമായി. സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന നികുതി കുറയ്ക്കുക എന്ന രഹസ്യനീക്കവും അതിലൂടെ നടപ്പാക്കി. ആ ലക്ഷ്യം വച്ച് പുതുതായി സെസും സർചാർജും ഏർപ്പെടുത്താനും നേരത്തെ ഏർപ്പെടുത്തിയവയുടെ തോത് വർധിപ്പിക്കാനും തുടങ്ങി. സംസ്ഥാനങ്ങൾക്ക് കേന്ദ്രം പങ്കുവയ്ക്കേണ്ടത് നികുതിയായി പിരിച്ചെടുക്കുന്ന പണം മാത്രമാണ്. സെസും സർചാർജും കേന്ദ്രത്തിനു മാത്രം അവകാശപ്പെട്ടതാണ്, ഭരണഘടനാപരമായി.
കേന്ദ്രത്തിന്റെ ഇതു സംബന്ധമായ നയസമീപനവും നടപടികളും സംസ്ഥാനങ്ങളെ വലിയ തോതിൽ ബാധിക്കുന്നു. ഇതുതന്നെ വിവിധ കക്ഷികളും നേതാക്കളും നയിക്കുന്ന സംസ്ഥാന സർക്കാരുകൾക്കുകീഴിൽ വ്യത്യസ്തമായ രീതിയിലാണ് വർധിച്ചത്. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകൾ തന്നെ പൊതുവിൽ ഒരേ സാമ്പത്തികനയം പിന്തുടരുമ്പോഴും സാഹചര്യങ്ങൾ മാറി വരുന്നതിനു അനുസരിച്ച് വ്യത്യസ്ത നിലപാടുകൾ കെെക്കൊണ്ടു. കേരളത്തിൽ 1957ൽ കമ്യൂണിസ്റ്റ് സർക്കാർ നിലവിൽ വന്നപ്പോൾ കെെക്കൊള്ളപ്പെട്ട കേന്ദ്ര സമീപനം 1967 ൽ കേരളത്തിൽ ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ കോൺഗ്രസ്സിതര സർക്കാരുകൾ നിലവിൽ വന്നതോടെ വ്യാപകമായി. 1977 മുതൽ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വ്യത്യസ്ത പാർട്ടികളുടെ നേതൃത്വത്തിലുള്ള സർക്കാരുകൾ നിലവിൽ വരാൻ തുടങ്ങിയതോടെ ചിത്രം വീണ്ടും മാറി. കേന്ദ്ര–സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ പൊളിച്ചെഴുത്ത് വേണമെന്ന് 1968 ആയപ്പോഴേക്കും സിപിഐ എം നേതൃത്വത്തിൽ പല കോൺഗ്രസ്സിതര പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഫെെനാൻസ് കമ്മീഷൻ റിപ്പോർട്ടുകളിലും അവയുമായി ബന്ധപ്പെട്ട് വിവിധ പാർട്ടികൾ ഉന്നയിച്ച നിർദേശങ്ങളിലും ഇത്തരം നിർദ്ദേശങ്ങൾ കൂടുതൽ കൂടുതൽ വ്യക്തമായും കാലോചിതമായും ഉന്നയിക്കപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളിലെ സാമൂഹ്യ–സാമ്പത്തിക സ്ഥിതി വ്യത്യസ്തമാണ്. അവിടങ്ങളിലെ സർക്കാരുകൾ നടപ്പാക്കുന്ന സാമൂഹ്യ–സാമ്പത്തിക പരിഷ്കാരങ്ങളും വ്യത്യസ്തമാണ്. ഉദാഹരണത്തിന്, കേരള സർക്കാർ കെെക്കൊള്ളുന്നതുപോലുള്ളത്ര സമഗ്രതയോടെ സാമൂഹ്യ–സാമ്പത്തിക പരിഷ്-കാരങ്ങളും ക്ഷേമനടപടികളും മറ്റു സംസ്ഥാനങ്ങളിൽ അധികം നടപ്പാക്കുന്നില്ല. സ്വാഭാവികമായി അവ നടപ്പാക്കുന്നതിനു സംസ്ഥാനം സമാഹരിക്കേണ്ട വിഭവത്തിന്റെ അളവിൽ വലിയ വ്യത്യാസമുണ്ട്. ആ വസ്തുത പരിഗണിച്ചുകൊണ്ട് ആ സംസ്ഥാനത്തിനു നൽകുന്ന കേന്ദ്ര വിഹിതത്തിൽ പ്രത്യേക പരിഗണന നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകാറില്ല. ഇത് അത്തരം സംസ്ഥാനങ്ങൾക്ക് വിഭവം സമാഹരണത്തിൽ വലിയ വെല്ലുവിളികൾ ഉയർത്തുന്നു.
ബി വി ആർ സുബ്രഹ്മണ്യം മറനീക്കി കാണിച്ചിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി സകല ഭരണഘടനാ മാനദണ്ഡങ്ങളും അദ്ദേഹം വഹിക്കുന്ന പദവിയുടെ ഔന്നത്യവും മറന്നുകൊണ്ടോ അവഗണിച്ചുകൊണ്ടോ കെെക്കൊണ്ടിട്ടുള്ള സമീപനങ്ങളും നടപടികളുമാണ്. ഭരണഘടനാ വ്യവസ്ഥകളും താൻ വഹിക്കുന്ന പദവിയുമൊന്നും അങ്ങനെ പ്രവർത്തിക്കാൻ അദ്ദേഹത്തിനു തടസ്സമല്ല.
ഇവിടെ ബി വി ആർ സുബ്രഹ്മണ്യം ചൂണ്ടിക്കാണിച്ച ഉദാഹരണത്തിൽനിന്നു വെളിവാകുന്നത് കേന്ദ്ര സർക്കാരിനെപ്പോലെ പ്രധാനമായി സംസ്ഥാന സർക്കാരുകളെ മോദി കാണുന്നില്ല എന്നതാണ്. കാരണം ആർഎസ്എസ് ഒരിക്കലും ഫെഡറൽ സംവിധാനത്തിനനുകൂലമല്ല. സർവ അധികാരവും സമ്പത്തും കേന്ദ്രത്തിൽ മാത്രം കുന്നുകൂട്ടുന്ന സേ-്വച്ഛാധിപത്യപരമായ സംവിധാനത്തിനുവേണ്ടിയാണ് ആ സംഘടന വാദിച്ചിരുന്നത്. അതനുസരിച്ചുള്ള നടപടികളാണ് മോദി സർക്കാർ ഇപ്പോൾ തുടരുന്നത്.
കേരള സർക്കാർ നിരന്തരം കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നത് തികച്ചും ശരിയാണെന്ന് വെളിപ്പെടുത്തുന്നതാണ് ബി വി ആർ സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തൽ. ഈ അവഗണനയ്ക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ ഒറ്റക്കെട്ടായി അണിനിരക്കേണ്ടത് അനിവാര്യമായിരിക്കുന്നു. 2024 ജനുവരി 20ന് ഡിവെെഎഫ്ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല ഇത്തരമൊരു പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു. ഫെബ്രുവരി 8ന് ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭാംഗങ്ങളും ജനപ്രതിനിധികളും സമരം നടത്തുന്നതോടെ ഈ വിഷയം കൂടുതൽ സജീവമാകുമെന്നുറപ്പാണ്.