ഗ്യാരന്റിയില്ലാത്ത മോദി ഗ്യാരന്റി

നുവരി 3ന് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂരിൽ എത്തിയത് ബിജെപിയുടെ മഹിളാ വിഭാഗമായ മഹിളാ മോർച്ചയുടെ കേരള ഘടകം സംഘടിപ്പിച്ച സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കാനായിരുന്നു. വരുന്ന ലോക്-സഭാ തിരഞ്ഞെടുപ്പിന്റെ നാന്ദി കേരളത്തിൽ കുറിക്കുകയായിരുന്നു ലക്ഷ്യം. തൃശ്ശൂരിലെ പ്രസംഗത്തിൽ ‘മോദിയുടെ ഗാരന്റി’ എന്നു പ്രധാനമന്ത്രി ആവർത്തിച്ചുപറയുകയുണ്ടായി. മോദിയാണ് സർവാധികാരി എന്നു അതുവഴി ഭംഗ്യന്തരേണ അദ്ദേഹം തന്നെ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ബിജെപിയിൽ വന്നു കഴിഞ്ഞ ഒരു മാറ്റത്തിന്റെ സൂചനയാണത്. തന്റെ പാർട്ടിയുടെ ഗ്യാരന്റിയല്ല, തന്റെ ഗ്യാരന്റിയാണ് എന്നാണ് ഇരുപതോളം തവണ മോദിയുടെ ഗ്യാരണ്ടി എന്നു ആവർത്തിച്ചതിലൂടെ പ്രധാനമന്ത്രി സൂചിപ്പിച്ചത്. മറ്റാർക്കും ചെയ്യാൻ കഴിയാത്ത എന്തൊക്കെയോ, ഭരണപരിഷ്കാരങ്ങളും വികസന പ്രവർത്തനങ്ങളും താൻ ചെയ്തിരിക്കുന്നു എന്നായിരുന്നു തൃശ്ശൂരിലെ പ്രസംഗത്തിൽ മോദി ആവർത്തിച്ചു പറഞ്ഞത്. എന്നാൽ, പ്രസംഗത്തിലെ ഊന്നൽ ബിജെപിയുടെ വർഗീയ അജൻഡയും കേരളത്തിൽ അത് കത്തിച്ചു പടർത്താനുള്ള പ്രകടമായ ശ്രമവുമായിരുന്നു. അതിന്റെ ഭാഗമായിരുന്നു തൃശ്ശൂർ പൂരത്തെയും ശബരിമലയെയും സംബന്ധിച്ച അദ്ദേഹത്തിന്റെ പരാമർശങ്ങൾ. തൃശ്ശൂർ പൂരം കേരളീയ കലകളുടെ പ്രകടന വേദിയാണ്. ഇലഞ്ഞിത്തറ മേളം, മഠത്തിൽ നിന്നുള്ള വരവ് എന്നിവ അവയിൽ ദേവീ ദേവന്മാരെ ആനപ്പുറത്ത് എഴുന്നള്ളിച്ചതുകൊണ്ടല്ല പ്രസിദ്ധമായത്. ചെണ്ടമേളത്തിന്റെയും പഞ്ചവാദ്യത്തിന്റെയും അസുലഭ സൗന്ദര്യം കൊണ്ടും താളം കൊണ്ടുമാണ്. രാത്രിയിലെ വെടിക്കെട്ടും വെെകുന്നേരത്തെ തെക്കേ നടയിലെ കൂട്ടിയെഴുന്നള്ളിപ്പും ഉൾപ്പെടെ മേൽപറഞ്ഞ കാഴ്ചകളും വാദ്യഭംഗിയും എല്ലാം കേരളത്തിലെ നാനാജാതി മതസ്ഥരെ മാത്രമല്ല, ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുവരെ വരുന്ന കലാസ്വാദകരെ വരെ കോൾമയിർകൊള്ളിക്കുന്നു. കേരളത്തിന്റെ പ്രത്യേകത ഇവിടെ വിവിധ മതങ്ങളുടെ ഭാഗമായി നടന്നുവരുന്ന ആഘോഷങ്ങളിലെല്ലാം എല്ലാ വിഭാഗം ജനങ്ങളും സർവാത്മനാ പങ്കാളികളാകുന്നു എന്നതാണ്. തൃശ്ശൂർ പൂരം, തൃശ്ശൂർക്കാരുടെ മൊത്തം ഉത്സവമാണ് എന്നു മോദിക്ക് അറിവില്ലായിരിക്കാം.അതിലേക്ക് ഹിന്ദുത്വത്തിന്റെ കനലെറിയാനാണ് മോദി തന്റെ പ്രസംഗത്തിൽ പൂരത്തെയും ശബരിമലയെയും പരാമർശിച്ചത്. ശബരിമലയാണ് കേരളത്തിലെ ഹിന്ദുക്കൾക്കിടയിൽ ജാതി വേർതിരിവ് ആദ്യകാലത്ത് ഇല്ലാതാക്കിയത്. ജാതീയത കത്തിനിന്ന കാലത്ത് ഏത് ജാതിക്കാരനും ശബരിമലക്ക് മാലയിടുന്നതോടെ അയ്യപ്പനായി മാറുന്നു. അവർ തമ്മിൽ ജാതിഭേദമില്ല. മലയ്ക്ക് ഓരോ പ്രദേശത്തുനിന്നും മുതിർന്ന അയ്യപ്പന്റെ നേതൃത്വത്തിലാണ് വിവിധ ജാതിക്കാരായ മറ്റു ‘സ്വാമിമാർ’ പൊയ്ക്കൊണ്ടിരുന്നത്. ശ്രീനാരായണ ഗുരു പറഞ്ഞ ‘ജാതി ഭേദം മതദേ-്വഷം ഏതുമില്ലാത്ത’ യാത്രയായിരുന്നു പണ്ടു മുതൽക്കേ തന്നെ ശബരിമലയിലേക്ക് ഓരോ പ്രദേശത്തുനിന്നുമുള്ളവർ പൊയ്ക്കൊണ്ടിരുന്നത്. ക്ഷേത്ര പ്രവേശന വിളംബരത്തിനും എത്രയോ മുമ്പുതന്നെ ശബരിമലയിലേക്ക് എല്ലാ വിഭാഗം ഹിന്ദുക്കൾക്കും പ്രവേശനം ഉണ്ടായിരുന്നു. ചുരുക്കത്തിൽ നരേന്ദ്രമോദി പരാമർശിച്ച തൃശ്ശൂർപൂരവും ശബരിമലയും പണ്ടുമുതൽക്കേ വിവിധ ജാതിമതക്കാരുടെ സംഗമകേന്ദ്രങ്ങളായി ഇവിടത്തെ നാനാജാതിമതസ്ഥർ വളർത്തിക്കൊണ്ടുവന്നിരുന്നു. ഹെെന്ദവാചാരങ്ങളുടെ കെട്ടുപൊട്ടിച്ച രണ്ടു സംഗമസ്ഥാനങ്ങളായിരുന്നു തൃശൂർ പൂരവും ശബരിമലയും. ശബരിമലയിലെ തിരക്കു കുറയ്ക്കുന്നതു സംബന്ധിച്ചും തൃശ്ശൂർ പൂരത്തിന്റെ ചെലവ് വർധിപ്പിക്കുന്നതു സംബന്ധിച്ചും കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചില ഇടപെടലുകൾ വാർത്തയായിരുന്നല്ലോ. കേരളത്തിലെ എൽഡിഎഫ് സർക്കാർ അക്കാര്യങ്ങളിൽ കാണിക്കുന്ന ശുഷ്-കാന്തിയുടെ തെളിവാണ് അവ. ഇവിടെ ഏതു സർക്കാരും ഇത്തരം കാര്യങ്ങളിൽ ജാതി മതഭേദം പ്രദർശിപ്പിക്കാത്ത സംസ്കാരം നിലനിൽക്കുന്നതായി അത് വിളിച്ചോതുന്നു. അതിനാൽ അവയെ പരാമർശിച്ച് ഇവിടത്തെ ജനങ്ങളെ മതപരമായോ രാഷ്ട്രീയമായോ തമ്മിലടിപ്പിക്കാനും അതുവഴി ബിജെപിക്ക് പിന്തുണ ഉണ്ടാക്കാനുമുള്ള നരേന്ദ്രമോദിയുടെ നീക്കം പരാജയപ്പെടുകയേ ഉള്ളൂ. കേരളത്തിൽ സ്ത്രീ വിമോചനത്തിനായി ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾ, ഇടതുപക്ഷം പ്രത്യേകിച്ചും, സ്വാതന്ത്ര്യലബ്ധിക്കു മുമ്പു മുതൽക്ക് പ്രവർത്തിച്ചുവരികയായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരുകൾ അവരുടെ വിദ്യാഭ്യാസം, ആരോഗ്യരക്ഷ, തൊഴിൽ, മൊത്തത്തിലുള്ള സുരക്ഷ എന്നിങ്ങനെയുള്ള വിവിധ കാര്യങ്ങളിൽ നടപ്പാക്കിയ പരിഷ്കാരങ്ങളാണ് കേരളത്തിലെ സ്ത്രീകളെ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവരേക്കാൾ മുൻപന്തിയിൽ എത്തിച്ചത്. ഇടതുപക്ഷവും കോൺഗ്രസും അക്കാര്യത്തിൽ ഒന്നും ചെയ്തിട്ടില്ല എന്നൊക്കെ തട്ടിവിടുന്നത് മോദിക്ക് സഹജമായ ഇന്ത്യാ ചരിത്രബോധക്കുറവുകൊണ്ടോ തന്റെ സർക്കാർ സ്ത്രീകൾക്കായി എന്തൊക്കെയോ ചെയ്യുന്നു എന്ന് പ്രതീതി ജനിപ്പിക്കാനോ ആണ്. ഇന്ത്യയിലെ സ്ത്രീകളെ അവരുടെ ചരിത്രപരമായ പിന്നാക്കാവസ്ഥയിൽനിന്നു ഒട്ടെങ്കിലും മോചിപ്പിച്ചത് സ്വാതന്ത്ര്യസമര പ്രസ്ഥാനവും സ്വാതന്ത്ര്യത്തിനു ശേഷം നിലവിൽ വന്ന വിവിധ സർക്കാരുകളുമായിരുന്നു. അതിൽ കമ്യൂണിസ്റ്റ് പാർട്ടി നയിച്ച സംസ്ഥാന സർക്കാരുകൾക്ക് വലിയ പങ്കുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂർ പ്രസംഗത്തിൽ പരാമർശിച്ച മറ്റൊരു കാര്യം കേന്ദ്ര പദ്ധതികൾ കേരളത്തിൽ വേണ്ടപോലെ നടപ്പാക്കുന്നില്ല എന്നായിരുന്നു. കേന്ദ്ര പദ്ധതികളിൽ ചിലവ ഇവിടെ നേരത്തെ നടപ്പാക്കിയിട്ടുണ്ട്, പൂർണമായോ ഭാഗികമായോ വീടില്ലാത്തവർക്ക് വീട് നൽകുന്നതിനു കേന്ദ്രം ഇപ്പോഴും 75000 രൂപയാണ് നൽകുന്നത്. പക്ഷേ, കേരള സർക്കാർ 4 ലക്ഷം രൂപ നൽകുന്നു. അതേസമയം കേന്ദ്രം തന്ന പണം കൊണ്ട് നിർമിച്ച വീടിനു മുമ്പിൽ അക്കാര്യം എഴുതുകയും പ്രധാനമന്ത്രിയുടെ ചിത്രം പ്രദർശിപ്പിക്കുകയും വേണമെന്നും നിർദേശമുണ്ട്. കേരളത്തിൽ സർക്കാർ പാവപ്പെട്ടവർക്ക് വീടു നൽകാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. അങ്ങനെ പണിത ലക്ഷക്കണക്കിനു വീടുകളിന്മേൽ ‘കേരള സർക്കാർ വക’ എന്നു എഴുതുകയോ ഏതെങ്കിലും മുഖ്യമന്ത്രിയുടെ ചിത്രം വയ്ക്കുകയോ ചെയ്യുന്ന പതിവില്ല. സുരക്ഷിത പാർപ്പിടം എന്നത് പൗരരുടെ അവകാശമായാണ് എൽഡിഎഫ് സർക്കാർ കാണുന്നത്. വീടിന്റെ ഒരു മുറി പണിയാൻപോലും തികയാത്ത തുകയുടെ പേരിൽ കേന്ദ്ര സർക്കാരിന്റെ പേര് എഴുതിവച്ച് ആ വീട്ടുകാരെ മാനസികമായി ക്ഷീണിപ്പിക്കണമെന്ന സമീപനമല്ല കേരള സർക്കാരിന്റേത് എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. സർക്കാർ, കേന്ദ്രത്തിലേതായാലും, സംസ്ഥാനത്തിലേതായാലും, ജനങ്ങൾ തിരഞ്ഞെടുത്തതാണ് അവർ ചെലവഴിക്കുന്നത് ജനങ്ങളുടെ പണമാണ്. അതിനാൽ അവരുടെ പണംകൊണ്ട് അവർ പണിത വീടിനുമേൽ ബന്ധപ്പെട്ട സർക്കാരിന്റെ പേര് എഴുതിവയ്ക്കണമെന്ന വ്യവസ്ഥ ജനങ്ങൾ എന്നോ തള്ളിക്കളഞ്ഞ നാടുവഴിത്ത മനോഭാവത്തിന്റെ അവശിഷ്ടമാണ്. അതിനെ ഇവിടത്തെ പാവപ്പെട്ടവരുടെമേൽ കുടിയിരുത്തണമെന്ന് കേരള സർക്കാർ ആഗ്രഹിക്കുന്നില്ല, അതിന്റെ പേരിൽ കേന്ദ്ര സർക്കാർ വിഹിതം നഷ്ടപ്പെടുകയാണെങ്കിൽപോലും. :diamonds:

Share