ജനുവരി 22ന് അയോധ്യയിൽ ബാബറി മസ്ജിദ് പൊളിച്ച അതേ സ്ഥലത്ത് രാമക്ഷേത്രം നിർമിച്ച് അതിന്റെ ഉദ്ഘാടനം ഇന്ത്യയുടെ പ്രധാനമന്ത്രി നിർവഹിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ ശവപ്പെട്ടിയിൽ അടിക്കുന്ന അവസാനത്തെ ആണിയാകും എന്നുറപ്പാണ്. ഡോ. ബി ആർ അംബേദ്ക്കറുടെ നേതൃത്വത്തിൽ തയ്യാറാക്കി ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നായകർ ഭരണഘടനാ നിർമാണസഭയിൽ വിശദമായ ചർച്ചകൾക്കുശേഷം 1949 നവംബർ 26ന് അംഗീകരിക്കുകയും 1950 ജനുവരി 26ന് നിലവിൽ വരികയും ചെയ്ത ഇന്ത്യൻ ഭരണഘടനയുടെ മരണ മണിമുഴക്കമാണ് 2014ൽ സംഘപരിവാറിന്റെയും ഇന്ത്യൻ കോർപ്പറേറ്റുകളുടെയും സ്വന്തം ആളായ നരേന്ദ്രമോദി അധികാരത്തിൽവന്നതോടെ നാം കേൾക്കുന്നത്. ഭരണഘടന നിലവിൽവന്ന കാലത്തുതന്നെ സംഘപരിവാർ അതിനെതിരെ പരസ്യമായി രംഗത്തുവന്നതാണ്. അവരെ സംബന്ധിച്ചിടത്തോളം ഭരണഘടന മനുസ്-മൃതിയാണ്. ഇന്ത്യയെ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി നിലനിർത്താനല്ല, മതാധിഷ്ഠിതവും സേ-്വച്ഛാധിപത്യപരവുമായ ഹിന്ദുത്വ രാഷ്ട്രമാക്കാനാണ് ആർഎസ്എസ് അതിന്റെ രൂപീകരണകാലം മുതൽ നീക്കം നടത്തിയത്. സംഘപരിവാറിന്റെ പ്രത്യയശാസ്ത്രകാരന്മാർ തുടക്കംമുതൽ തന്നെ അക്കാര്യം വ്യക്തമാക്കിട്ടുമുണ്ട്. ഹിന്ദുമത വിശ്വാസവുമായി ഹിന്ദുത്വ എന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് കടലും കടലാടിയും തമ്മിലുള്ള ബന്ധം മാത്രമേയുള്ളൂ. ഹിന്ദുത്വവാദികളെ സംബന്ധിച്ചിടത്തോളം മതവും വിശ്വാസവും ഒരു രാഷ്ട്രീയ ആയുധം മാത്രമാണ്.
ആർഎസ്-എസ് രൂപീകരണത്തിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കുമെന്ന പ്രഖ്യാപനം സംഘപരിവാർ കേന്ദ്രങ്ങൾ ഉയർത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. നരേന്ദ്രമോദിയുടെ രണ്ടാം വരവോടെ, 2019 മുതൽ അതിനുള്ള നീക്കങ്ങൾ ത്വരിതഗതിയിലാക്കി വരികയാണ്. എല്ലാ പാർലമെന്ററി മര്യാദകളും കാറ്റിൽ പറത്തി, പാർലമെന്റംഗങ്ങളെയാകെ ഇരുട്ടിൽ നിർത്തിയാണ് അമിത്ഷാ ജമ്മുകാശ‍്മീരിനെ സംബന്ധിച്ച ഭരണഘടനയുടെ 370–ാം വകുപ്പും 35 എ വകുപ്പും റദ്ദ് ചെയ്യുകയും ആ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തത്. അങ്ങനെ ചെയ്യുന്നതിന് ബന്ധപ്പെട്ട നിയമസഭയുടെ അംഗീകാരം വേണമെന്ന വ്യവസ്ഥ മറികടക്കാൻ ജമ്മുകാശ്മീർ നിയമസഭയെത്തന്നെ മുൻകൂട്ടി പിരിച്ചുവിട്ടിരുന്നു. അങ്ങനെ തികച്ചും ജനാധിപത്യവിരുദ്ധമായി സംഘപരിവാറിന്റെ ഹിന്ദുത്വ അജൻഡകളിലൊന്ന് നടപ്പാക്കപ്പെടുകയായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആധാരശിലകളിലൊന്നായ ഫെഡറൽ സംവിധാനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന ഈ തീരുമാനത്തിൽ സംസ്ഥാനത്തെ കീറിമുറിച്ച് കേന്ദ്ര ഭരണപ്രദേശമാക്കിയതു സംബന്ധിച്ച് വിധിപറയാതെ മാറ്റിവച്ച് ഇന്ത്യയിലെ പരമോന്നത നീതിപീഠംതന്നെ ജനാധിപത്യവിരുദ്ധമായ ഈ നീക്കത്തിനു മുന്നിൽ കണ്ണടച്ചുവെന്നതാണ് ദൗർഭാഗ്യകരമയ കാര്യം.
ഇതിനുപിന്നാലെ വന്ന പൗരത്വ നിയമദേഭഗതിയും മതന്യൂനപക്ഷങ്ങൾക്കു നേരെയുള്ള കടന്നാക്രമണമാണ്. അതുസംബന്ധിച്ച കേസും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
അയോധ്യ സംബന്ധിച്ച സുപ്രീംകോടതിയുടെ വിധിയാണ് അയോധ്യ ക്ഷേത്രനിർമിതിക്കും ഇപ്പോൾ അതിന്റെ ഉദ്ഘാടനത്തിനും അവസരമൊരുക്കിയത്. ബാബറി മസ്ജിദ് പൊളിച്ച നടപടി കടുത്ത ക്രിമിനൽ കുറ്റമാണെന്ന് കണ്ടെത്തിയ സുപ്രീംകോടതി ആ കുറ്റകൃത്യം ചെയ്ത അതേ വിഭാഗത്തിന് ആ സ്ഥലത്തുതന്നെ ക്ഷേത്രം പണിചെയ്യാൻ അനുമതി നൽകിയെന്നതാണ് വിരോധാഭാസം; ദൗർഭാഗ്യകരവും. ആ വിധിന്യായത്തിന്റെ ഒടുവിൽ ആദരണീയരായ ജഡ്ജിമാരാരും ഒപ്പിട്ടിട്ടില്ല എന്നതിൽതന്നെ അവരതിനു നിർബന്ധിതരാകുകയായിരുന്നുവെന്ന് വ്യക്തമാകുന്നു. ആ വിധിന്യായം യഥാർഥത്തിൽ ഇന്ത്യയുടെ മതനിരപേക്ഷതയ്ക്കു നേരെയുള്ള കടന്നാക്രമണത്തിനുനേരെ കണ്ണടയ്ക്കുകയായിരുന്നുവെന്നതാണ് ദുഃഖകരം.
എന്നാൽ അതിനടുത്തായി മറ്റൊരു സ്ഥലത്ത് പള്ളി പണിയണമെന്ന വിധിന്യായത്തിലെ ഭാഗം നടപ്പാക്കാൻ തയ്യാറാകാതെ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രാമക്ഷേത്രത്തിന്റെ പണി പൂർത്തിയാക്കുകയും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും യുപി മുഖ്യമന്ത്രിയും ഉൾപ്പെടെ മതനിരപേക്ഷ ഭരണഘടനാപദവികളിലിരിക്കുന്നവരുടെ കാർമികത്വത്തിൽ അതിന്റെ ഉദ്ഘാടനം നടത്തുകയും ചെയ്യുന്നത് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ്. യുപി ഗവൺമെന്റ് സംസ്ഥാനത്തെ മുഴുവൻ ക്ഷേത്രങ്ങളിലും രാമായണ പാരായണവും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും നടത്താൻ തീരുമാനിക്കുകയും അതിനായി സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തതുതന്നെ മതനിരപേക്ഷതയുടെ ലംഘനമാണ്. ആർഎസ-്എസ് ആഗ്രഹിക്കുന്ന ഹിന്ദുത്വരാഷ്ട്രമായി ഇന്ത്യയെ മാറ്റുന്നതിന്റെ ലക്ഷണങ്ങളാണ് ഇതിലെല്ലാം നാം കാണുന്നത്.
2024ലെ ലോക്-സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മുദ്രാവാക്യം തന്നെ രാമക്ഷേത്ര നിർമാണമായിരിക്കെ ആ ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഒരുവിധത്തിലും വിശ്വാസവുമായി ബന്ധപ്പെട്ടതല്ല; മറിച്ച് അതൊരു രാഷ്ട്രീയ പദ്ധതി മാത്രമാണ്. അതിലേക്കാണ് കേന്ദ്ര സർക്കാർ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളെ ക്ഷണിച്ചത്. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആ ക്ഷണം തൽക്ഷണം നിരസിച്ചു. സിപിഐ, സമാജ്-വാദി പാർട്ടി തുടങ്ങിയ മിക്കവാറും പ്രതിപക്ഷ പാർട്ടികൾ അത് നിരസിച്ചിട്ടുണ്ട്. മതവിശ്വാസം വ്യക്തികളുടെ സ്വകാര്യവിഷയമായിരിക്കെ ഭരണകൂടം അതിൽ ഇടപെടുന്നത് മതനിരപേക്ഷ ഭരണസംവിധാനത്തിന്റെ ലംഘനമായിരിക്കും എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സിപിഐ എം ഉൾപ്പെടെയുള്ള പ്രതിപക്ഷം അതിൽ പങ്കെടുക്കാതിരിക്കുന്നത്.
എന്നാൽ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് ഇക്കാര്യത്തിൽ ഇതേവരെ വ്യക്തമായ ഒരു തീരുമാനമെടുക്കാത്തത് മതനിരപേക്ഷ ജനാധിപത്യവാദികളെയും മതന്യൂനപക്ഷ ജനവിഭാഗങ്ങളെയും ആശങ്കയിലാഴ്-ത്തുന്നു. ബിജെപി ഹിന്ദുത്വ പ്രത്യയശാസ്ത്രംകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാൻ ശ്രമിക്കുമ്പോൾ പകരം മൃദുഹിന്ദുത്വത്തിലൂടെ ജനവിധി നേടാമെന്ന കോൺഗ്രസിന്റെ മോഹത്തിന് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റിട്ടും പാഠം പഠിക്കാൻ ആ പാർട്ടി തയ്യാറാകുന്നില്ല എന്നാണ് തോന്നുന്നത്.
കോൺഗ്രസ് മതനിരപേക്ഷതയുടെ കാര്യത്തിൽ വെള്ളംചേർക്കാൻ തുടക്കംമുതൽ തന്നെ തയ്യാറായതാണ് ഒടുവിൽ സംഘപരിവാറിനുമുന്നിൽ അടിയറവ് പറയാൻ അവസരമൊരുക്കിയത്. 1949ൽ ബാബറി മസ്ജിദിനുള്ളിൽ രാമവിഗ്രഹം കൊണ്ടിടപ്പെട്ടപ്പോൾ പ്രധാനമന്ത്രിയായിരുന്ന നെഹ്റു അതിനെ സരയൂ നദിയിലേക്ക് വലിച്ചെറിയാൻ നിർദേശിച്ചു. എന്നാൽ അന്നത്തെ അയോധ്യ ഉൾപ്പെടുന്ന ജില്ലയുടെ ഭരണാധികാരിയായിരുന്ന മലയാളിയായ ഉദ്യോഗസ്ഥനോ യുപിയിലെ കോൺഗ്രസ് ഗവൺമെന്റോ അതിനു തയ്യാറാകാതിരുന്നതാണ് പിൽക്കാലത്തെ സംഭവവികാസങ്ങൾക്കെല്ലാം നിദാനമായത്. 1980കളിൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ബാബറി മസ്ജിദ് ഹിന്ദുവിഭാഗത്തിന് ആരാധനയ്ക്കായി തുറന്നുകൊടുത്തതും അവിടെ ക്ഷേത്രനിർമാണത്തിന് ശിലാന്യാസം നടത്താൻ അനുമതി നൽകിയതും 1992 ഡിസംബർ 6ന് ബാബറി മസ്ജിദ് സംഘപരിവാറുകാർ തകർത്തപ്പോൾ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന കോൺഗ്രസ് ഗവൺമെന്റ് അതിന് മൂകസാക്ഷിയായി കയ്യും കെട്ടിനിന്നതും ബിജെപിയുടെ വളർച്ചയ്ക്കും അധികാരാരോഹണത്തിനുംമാത്രമാണ് സഹായകമായത്. ഇക്കാര്യം പക്ഷേ കോൺഗ്രസ് ഓർക്കുന്നതേയില്ല. ഉറച്ച മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചു മാത്രമേ സംഘപരിവാറിന്റെ ഹിന്ദുത്വ വെല്ലുവിളിയെ നേരിടാനാകൂ എന്നതാണ് യാഥാർഥ്യം.
ഇന്ത്യൻ ഭരണഘടനയുടെ ആധാരശിലകളായ മതനിരപേക്ഷതയെയും ജനാധിപത്യത്തെയും ഫെഡറലിസത്തെയുമെല്ലാം തകർത്ത് നഗ്നമായ സേ-്വച്ഛാധിപത്യത്തിലേക്കാണ് ബിജെപി ഇന്ന് ഈ രാജ്യത്തെ എത്തിച്ചിരിക്കുന്നത്. ജനങ്ങളെയാകെ അണിനിരത്തി എന്തു വിലകൊടുത്തും ഇതിനെ ചെറുത്തുതോൽപ്പിക്കേണ്ടത് ഈ രാജ്യത്തോടും ജനങ്ങളോടും കൂറുള്ള മതനിരപേക്ഷ ജനാധിപത്യവിശ്വാസികളുടെയാകെ പരമപ്രധാനമായ കടമയായിരിക്കുന്നു. അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നവർ ചരിത്രത്തോടുതന്നെ നീതി പുലർത്തുന്നവരായിരിക്കില്ല.