ഒടുവിൽ 2023 നവംബർ 23 വ്യാഴാഴ്ച കോഴിക്കോട് കടപ്പുറത്ത് കേരളത്തിലെ കോൺഗ്രസ് പാർട്ടി പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ചേർന്നു. അപ്പോഴേക്കും വടക്കൻ ഗാസ ഏറെക്കുറെ ഇസ്രയേലിന്റെ പിടിയിലായി കഴിഞ്ഞിരുന്നു. അൽഷിഫ ആശുപത്രിയെ ഇസ്രയേൽ പൂർണമായി തകർത്തുകഴിഞ്ഞിരുന്നു. ഗാസയിലെ, പലസ്തീൻ പ്രദേശങ്ങളിലെ ആശുപത്രികളാകെ അടച്ചുപൂട്ടപ്പെട്ട് കഴിഞ്ഞു. 14,000 ത്തിലധികം പലസ്തീൻകാർ കൊല്ലപ്പെട്ടു കഴിഞ്ഞിരുന്നു. അതിൽ ആറായിരത്തോളവും കുട്ടികളായിരുന്നു. ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ഉൾപ്പെടെ ലോകതലസ്ഥാനങ്ങളിലെല്ലാം ലക്ഷക്കണക്കിനു മനുഷ്യർ പങ്കെടുത്ത ഐക്യദാർഢ്യ റാലികൾ രണ്ടും മൂന്നും തവണ നടന്നുകഴിഞ്ഞിരുന്നു. അപ്പോഴാണ് കേരളത്തിലെ കോൺഗ്രസിന് പലസ്തീൻ ഐക്യദാർഢ്യ റാലി നടത്താൻ നാളും പക്കവും മുഹൂർത്തവും ഒത്തുവന്നത്. അപ്പോഴും രാജ്യതലസ്ഥാനമായ ഡൽഹിയിലോ കേരളത്തിനു പുറത്ത് മറ്റേതെങ്കിലും സംസ്ഥാനത്തോ പലസ്തീനിൽ മരിച്ചുവീഴുന്ന മനുഷ്യർക്കായി, കുഞ്ഞുങ്ങൾക്കായി ഒരിറ്റു കണ്ണീരെങ്കിലും വീഴ്ത്താൻ കോൺഗ്രസ് തയ്യാറായോ? ഇല്ലല്ലോ!
എന്തിന് കോഴിക്കോട് റാലിയിൽ, കോഴിക്കോടിന്റെ തൊട്ടടുത്ത ലോക്-സഭാ മണ്ഡലമായ വയനാട്ടിൽനിന്നുള്ള എംപി, കോൺഗ്രസിന്റെ ദേശീയ നേതാവ്, ഹെെക്കമാൻഡ് എല്ലാമായ രാഹുൽഗാന്ധി പങ്കെടുത്തോ? ഇല്ലല്ലോ! എന്തെ അങ്ങനെ? ഒക്ടോബർ 7ന് ഇസ്രയേലിലെ സയണിസ്റ്റ് ഭീകരഭരണം പലസ്തീനുനേരെ ബോംബാക്രമണം ആരംഭിച്ച് 48 ദിനരാത്രങ്ങൾ പിന്നിടുകയും ഇസ്രയേലും പലസ്തീനും തമ്മിൽ താൽകാലിക വെടിനിർത്തലും തടവുകാരെയും ബന്ദികളെയും വിട്ടയക്കാൻ തുടങ്ങുകയും ചെയ്യുന്നതുവരെ കാത്തിരുന്നു കോൺഗ്രസ് പലസ്തീൻ ഐക്യദാർഢ്യ പ്രകടനം കോഴിക്കോട്ട് നടത്താൻ. അങ്ങനെ രംഗം ശാന്തമാകാൻ തുടങ്ങുന്ന പ്രതീതി പരന്ന ശേഷം പോലും അത്തരമൊരു പ്രകടനത്തിൽ രാഹുൽഗാന്ധിയെ പോലെ കോൺഗ്രസിന്റെ ഒരു പ്രധാന നേതാവ് പങ്കെടുത്തതുമില്ല.
എന്തുകൊണ്ട്? ഈ ചോദ്യത്തിന് മറുപടി കാണാൻ രാജ്യത്തെ മറ്റൊരു ദേശീയ സംഭവ വികാസം കൂടി നാം അറിയേണ്ടതുണ്ട്. കോൺഗ്രസിന് പലസ്തീൻ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ 48 ദിവസം കാത്തിരിക്കേണ്ടതായി വന്നതെന്തുകൊണ്ട്? ഉത്തരേന്ത്യയിൽ – രാജസ്താനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും – നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്നു എന്നതല്ലാതെ മറ്റൊരു കാരണവും പ്രത്യക്ഷത്തിലില്ല. അവസാനം രാജസ്താൻ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ച ശേഷമല്ലേ ആ ഒരു അഭ്യാസത്തിന്, തട്ടിക്കൂട്ട് പ്രകടനത്തിന് കോൺഗ്രസ് മുഹൂർത്തം കണ്ടുള്ളൂ. വോട്ട് ബാങ്ക് രാഷ്ട്രീയമെന്നല്ലാതെ ഇതിനെ എന്താണ് വിശേഷിപ്പിക്കേണ്ടത്? ഉത്തരേന്ത്യയിലെ ഹിന്ദു വോട്ട് ബാങ്ക് കെെമോശം വന്നേയ്ക്കുമോയെന്ന പേടിയല്ലാതെ മറ്റൊന്നുമല്ല ഇത്. സംഘപരിവാർ പ്രചാരണത്തെ ഭയന്നു മാത്രം നിലപാടെടുക്കുന്ന കോൺഗ്രസിൽ നിന്ന് വേറൊന്നും പ്രതീക്ഷിക്കേണ്ട.
മാത്രമോ? കോഴിക്കോട് കടപ്പുറത്തെ പ്രകടനത്തിന് (ഷോ എന്ന് പറയുന്നതാവും ഭംഗി) വേണ്ടി കെപിസിസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യത്തിനെക്കാൾ മുഴച്ചുനിന്നത് സിപിഐ എം നടത്തുന്ന ഐക്യദാർഢ്യ പ്രകടനങ്ങളോടുള്ള എതിർപ്പല്ലാതെ മറ്റൊന്നുമല്ല. കോൺഗ്രസിന്റെ ഇസ്രയേൽ അനുകൂല നിലപാടുകളെ തുറന്നു കാണിക്കുന്ന സിപിഐ എം കാമ്പെയ്ൻ കോൺഗ്രസിനെ വല്ലാതെ ബേജാറിലാക്കിയതിന്റെ പ്രതിഫലനം മാത്രമാണ് കോഴിക്കോട്ടെ ഷോ. മുസ്ലീംലീഗിനെ പോലെയുള്ള യുഡിഎഫിലെ ആൾബലമുള്ള ഏക ഘടകകക്ഷി കോൺഗ്രസിനെ തള്ളിപ്പറയുകയോ കോൺഗ്രസ‍് അണികൾപോലും നിലമ്പൂരിന്റെ പാത സ്വീകരിക്കുകയോ ചെയ്യുമെന്ന ഭീതിയല്ലേ കോഴിക്കോട്ടെ തട്ടിക്കൂട്ടിന് കോൺഗ്രസിനെ നിർബന്ധിതരാക്കിയത്?
ഇനി മറ്റൊരു കാര്യം. കോഴിക്കോട്ടെ പൊതുയോഗത്തിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രസംഗങ്ങളിലാകെ മുഴച്ചുനിന്നത് സിപിഐ എമ്മിനെതിരെ നടത്തിക്കൊണ്ടിരുന്ന നുണപ്രചാരണങ്ങളല്ലേ? ശരിക്കും കോൺഗ്രസിനെ, സംബന്ധിച്ചിടത്തോളം, സുധാകര – സതീശ – വേണുഗോപാലന്മാരെ സംബന്ധിച്ചിടത്തോളം കോഴിക്കോട്ട് നടത്തിയത് ഒരു സിപിഐ വിരുദ്ധ നുണപ്രചാരണമല്ലാതെ മറ്റൊന്നുമായിരുന്നില്ല. കോൺഗ്രസിന്റെ ഐക്യദാർഢ്യം പലസ്തീനോടല്ല ഇസ്രയേലിനോടാണെന്ന് പരസ്യമായി ഇതേ കോഴിക്കോട് കടപ്പുറത്തുതന്നെ മുസ്ലിംലീഗ് പ്രകടനത്തിൽ പങ്കെടുത്ത് ഒരു മറയുമില്ലാതെ വ്യക്തമാക്കിയ ശരി തരൂർ തന്നെ ഈ യോഗത്തിലും എത്തിയിരുന്നല്ലോ? എന്നിട്ട് തരൂർ തിരുത്തിയോ? ഇല്ലല്ലോ. താൻ പറഞ്ഞതിനെ ദുർവ്യാഖ്യാനം ചെയ്തെന്ന മുടന്തൻ ന്യായം പറയുകയല്ലേ തരൂർ ചെയ്തത്! തരൂർ ലീഗ് റാലിയിൽ പറയുക മാത്രമല്ല 2009ൽ, താൻ ആദ്യമായി കോൺഗ്രസിന്റെ ലോക്-സഭാ സ്ഥാനാർഥിയായി തിരുവനന്തപുരത്ത് എത്തുന്നതിനു തൊട്ടുമുൻപ് ഹാരറ്റ്സ് എന്ന ഇസ്രയേലി പത്രത്തിൽ എഴുതിയത് മറ്റാരും ദുർവ്യാഖ്യാനം ചെയ്തല്ലല്ലോ. അത് തരൂർ പിൻവലിച്ചിട്ടില്ലല്ലോ. തരൂർ തുറന്നു പറയുന്നത് മറ്റ് കോൺഗ്രസ് നേതാക്കൾ പൊതിഞ്ഞു പറയുന്നുവെന്നേയുള്ളൂ.
കോഴിക്കോട് നടന്ന യോഗത്തിൽ സിപിഐ എം വിരുദ്ധ വിഷം ചീറ്റലിന് മുന്നിൽ നിന്നത് സംഘപരിവാർ ശെെലിയിൽ നട്ടാൽ കുരുക്കാത്ത നുണകൾ വിളിച്ചു പറയാൻ ഉളുപ്പില്ലാത്ത വി ഡി സതീശനായിരുന്നല്ലോ. സതീശന്റെ പ്രസംഗത്തിലുടനീളം മുഴച്ചുനിന്നത് ഒന്നിനു പുറകെ ഒന്നായി പുറത്തു ചാടിയ നുണകൾ മാത്രമാണല്ലോ. അതുകൊണ്ടാണല്ലോ കോൺഗ്രസ് മുഖപത്രം തന്നെ, ‘‘ഇസ്രയേലിനെ പിന്തുണച്ചത് കമ്യൂണിസ്റ്റ് പാരമ്പര്യം: വി ഡി സതീശൻ’’ എന്ന തലക്കെട്ടു നൽകി സതീശന്റെ പ്രസംഗം റിപ്പോർട്ടു ചെയ്തത്.
‘‘ഇസ്രയേൽ രൂപീകരണത്തെ ഉൾപ്പെടെ പിന്തുണച്ച പാരമ്പര്യമാണ്’’ കമ്യൂണിസ്റ്റുകാരുടേതെന്ന് പറഞ്ഞുകൊണ്ടാണ് സതീശൻ നുണകളുടെ ഭാണ്ഡക്കെട്ടഴിക്കുന്നത്. പലസ്തീൻ പ്രദേശത്തെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനം, ഇന്നും അവിടെ ശക്തമായ വേരുകളുള്ള രാഷ്ട്രീയ പ്രസ്ഥാനം ഏതെന്നറിയാമോ മി. സതീശന്? കമ്യൂണിസ്റ്റ് ഇന്റർനാഷണലിൽ അംഗമായ പലസ്തീൻ കമ്യൂണിസ്റ്റു പാർട്ടിയാണത്. സാമ്രാജ്യത്വത്തിനും സയണിസത്തിനും എതിരായി പലസ്തീൻ കമ്യൂണിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങൾക്കെല്ലാം സോവിയറ്റ് യൂണിയന്റെയും കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെയും എല്ലാവിധ പിന്തുണയും ലഭിച്ചിരുന്നുവെന്നത് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
1948നു മുൻപ് പലസ്തീൻ ബ്രിട്ടന്റെ കോളനി ആയിരുന്നു. പലസ്തീനിൽ ജൂത രാഷ്ട്രം (ഇസ്രയേൽ) രൂപപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്ക് അമേരിക്കയുടെ പിന്തുണയോടെ ബ്രിട്ടീഷ് സാമ്രാജ്യത്വം നേതൃത്വം നൽകിക്കൊണ്ടിരുന്നപ്പോൾ 1947 ഫെബ്രുവരി 26 മുതൽ മാർച്ച് 3 വരെ ബ്രിട്ടീഷ് എംപയറിനു കീഴിലുള്ള രാജ്യങ്ങളിലെ കമ്യൂണിസ്റ്റു പാർട്ടികളുടെ സമ്മേളനം ലണ്ടനിൽ ചേർന്നിരുന്നു. അതംഗീകരിച്ച പ്രമേയത്തിൽ പലസ്തീൻ പ്രശ്നത്തിലുള്ള കമ്യൂണിസ്റ്റുകാരുടെ നിലപാട് സംശയാതീതമായി വ്യക്തമാക്കിയിട്ടുണ്ട്.
1947 മാർച്ച് മൂന്നിന് സമ്മേളനം അംഗീകരിച്ച, ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് രജനി പാമെ ദത്ത് അവതരിപ്പിക്കുകയും പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളായ എമിൽ തൗമയും എസ് മിൽക്കുനിസും പിന്തുണയ‍്ക്കുകയും ചെയ്ത പ്രമേയത്തിൽ പറയുന്നത് നോക്കൂ: ‘‘പലസ്തീനിലും ലോകത്താകെയുമുള്ള സ്വാതന്ത്ര്യത്തേയും സമാധാനത്തേയും സ്നേഹിക്കുന്ന മനുഷ്യരാകെ പലസ്തീനിൽനിന്ന് എത്രയും വേഗം ബ്രിട്ടീഷ് പട്ടാളം പോകണമെന്ന് ആവശ്യപ്പെടാൻ ഒറ്റക്കെട്ടായി അണിനിരക്കണം; പലസ്തീനുമേലുള്ള ബ്രിട്ടീഷ് മാൻഡേറ്റ് നിയമപരമായി റദ്ദാക്കുകയും സ്വതന്ത്ര, പരമാധികാര, ജനാധിപത്യ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുകയും ആ രാഷ്ട്രം ആ പ്രദേശത്തെ ജൂതരും അറബികളും ഉൾപ്പെടെയുള്ള എല്ലാ മനുഷ്യർക്കും തങ്ങളുടെ സംസ്കാരം വികസിപ്പിക്കാനുള്ള എല്ലാ അവസരങ്ങളും അതാത് വിഭാഗത്തിന്റെ മതം പിന്തുടരാനുള്ള അവകാശത്തോടുകൂടി പൗരത്വത്തിനുള്ള തുല്യ അവകാശങ്ങളും ഉറപ്പാക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു’’. പലസ്തീൻ പ്രദേശത്ത് പൂർണമായോ ഭാഗികമായോ ജൂതരാഷ്ട്രം സ്ഥാപിക്കാനുള്ള സാമ്രാജ്യശക്തികളുടെ നീക്കങ്ങളെ പ്രമേയം ശക്തമായി എതിർത്തു.
അപ്പോഴാണ് നുണയൻ സതീശൻ സ്വതന്ത്ര ഇസ്രയേൽ ജൂതന്മാർക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ടത് സ്റ്റാലിനായിരുന്നുവെന്ന് തട്ടിവിടുന്നത്. ചരിത്രം അറിഞ്ഞിട്ട് കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണത്തിനായി കല്ലുവെച്ച നുണ സതീശൻ പടച്ചുവിടുന്നതാകും. അല്ലെങ്കിൽ ചരിത്രം പഠിക്കാൻ അദ്ദേഹം തയ്യാറാവണം. പലസ്തീൻ പ്രദേശത്ത് ജൂതരാഷ്ട്രം സ്ഥാപിക്കുമെന്ന് ആദ്യം പറഞ്ഞത് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയായിരുന്ന സർ ആർതർ ജയിംസ് ബാൽഫോർ ആയിരുന്നുവെന്നതും 1917 ആണ് ബാൽഫോർ പ്രഭുവിന്റെ പ്രഖ്യാപനം വന്നതും അതിനുശേഷമാണ് യൂറോപ്പിൽനിന്ന് ജൂതരെ ആട്ടിത്തെളിച്ച് പലസ്തീനിൽ കുടിപാർപ്പിച്ചതും എന്നെല്ലാമുള്ള ചരിത്രപാഠം മറച്ചുവെച്ചാണ് സതീശൻ വിഷം ചീറ്റുന്നത്. മാത്രമോ? 1947 നവംബറിൽ ഐക്യരാഷ്ട്ര സഭയിൽ പലസ്തീൻ വിഭജിച്ച് ഇസ്രയേൽ സ്ഥാപിക്കാനുള്ള പ്രമേയം കൊണ്ടുവന്നത് ബ്രിട്ടനും അമേരിക്കയും ചേർന്നാണെന്നതും സതീശൻ മറച്ചുവെച്ചാലും ലോകം മറക്കില്ല. കാരണം അത് ചരിത്ര യാഥാർഥ്യമാണ്. അന്നത്തെ ലോക രാഷ്ട്രീയ സാഹചര്യത്തിൽ സോവിയറ്റ് യൂണിയൻ ആ പ്രമേയത്തിന് പിന്തുണ നൽകുകയായിരുന്നുവെന്നതും ചരിത്രം. മാത്രമല്ല, ഒരു പ്രദേശത്തെ ഒരു വിഭാഗം ജനതയ്ക്ക് പ്രത്യേകം രാഷ്ട്രമായി നിൽക്കാനുള്ള സ്വയം നിർണയാവകാശം എന്നത് സോവിയറ്റ് ഭരണഘടനയിൽ തന്നെയുള്ള വ്യവസ്ഥയാണ്. പക്ഷേ, സോവിയറ്റ് യൂണിയൻ അറബ് – ഇസ്രയേൽ തർക്കങ്ങളിലും യുദ്ധങ്ങളിലും തുടക്കംമുതൽ തന്നെ അറബ് പക്ഷത്ത് ഉറച്ചുനിൽക്കുകയായിരുന്നു. ഇന്ത്യയും 1991 വരെ അതേ നിലപാടു തന്നെയാണ് പൊതുവെ സ്വീകരിച്ചിരുന്നത്.
എന്നാൽ അതെല്ലാം വിസ്മരിച്ചാണ് സതീശൻ കമ്യൂണിസ്റ്റു വിരുദ്ധ പ്രചാരണത്തിനായി നുണകൾ പടച്ചുവിടുന്നത്. ബംഗാളിൽ ജേ-്യാതിബസു മുഖ്യമന്ത്രി ആയിരിക്കെ ചില മന്ത്രിമാർ നിക്ഷേപം തേടി ഇസ്രയേലിൽ പോയിയെന്നും 1996 കാലത്തെ നായനാർ മന്ത്രിസഭയിലെ കൃഷി മന്ത്രി ഇസ്രയേലിലെ കൃഷിയെക്കുറിച്ചു പഠിക്കാൻ പോയിയെന്നുമെല്ലാം തട്ടിവിടുന്ന സതീശൻ ആരാണ് 1991നുശേഷം ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചതെന്ന് മറച്ചുവയ്ക്കുന്നു. ബംഗാളിലെയോ കേരളത്തിലെയോ എന്നല്ല ഒരു സംസ്ഥാന സർക്കാരിനും ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനാവില്ലല്ലോ.
1992ൽ നരസിംഹറാവു പ്രധാനമന്ത്രിയും മൻമോഹൻസിങ് ധനമന്ത്രിയുമായിരിക്കെയല്ലേ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചത്. 1992 ജനുവരി ഒന്നിന് ടെൽ അവീവിൽ ആദ്യമായ നയതന്ത്ര കാര്യാലയം സ്ഥാപിച്ച് ആദ്യം വി കെ സിങ്ങിനെയും പിന്നീട് ശിവശങ്കർ മേനോനെയും അംബാസിഡർമാരായി അയച്ചതും ന്യൂഡൽഹിയിൽ ഇതേകാലത്ത് ഇസ്രയേൽ എംബസി തുറന്ന് സയണിസ്റ്റ് പതാക പാറിപ്പിച്ചതും നരസിംഹറാവുവിന്റെ കാലത്താണല്ലോ! ഇസ്രയേൽ പ്രസിഡന്റ് യെസർ സീസ്മാനെ ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദർശനത്തിന് ക്ഷണിച്ചതും നരസിംഹറാവുവായിരുന്നല്ലോ. ഇതൊന്നും സതീശന് അറിയാത്തതല്ല. മാത്രമോ? സതീശന്റെ നേതാവ് എ കെ ആന്റണി പ്രതിരോധമന്ത്രിയായിരിക്കെ ഇസ്രയേലിലെ കരിമ്പട്ടികയിൽ ഉൾപെടുത്തപ്പെട്ട എയ്റൊ സ്പെയ്സ് ഇസ്രയേൽ എന്ന കമ്പനിയിൽനിന്ന് 10,000 കോടി രൂപയുടെ ബറാക് മിസെെൽ വാങ്ങിയതും അതിനുപിന്നിലെ അഴിമതികൾ ചർച്ചയായതും മോദി സർക്കാർ ആന്റണിക്കെതിരെ അത് ആയുധമാക്കുമെന്നറിഞ്ഞ അനിൽ ആന്റണി ബിജെപിയിൽ അഭയം തേടിയതും സതീശൻ മറക്കാൻ കാലമായില്ലല്ലോ.
രാജ്യതലസ്ഥാനത്തുൾപ്പെടെ ഇന്ത്യയിലെമ്പാടും പാർട്ടിയുടെ ദേശീയ നേതാക്കൾ തന്നെ പങ്കെടുത്തുകൊണ്ട് സിപിഐ എം അതാതിടത്തെ ശക്തിയനുസരിച്ച് പലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടത്തിയത് സതീശൻ നുണ പറയാനുള്ള വ്യഗ്രതയ്ക്കിടയിൽ കാണില്ല. ലോകത്തെല്ലായിടത്തും നടക്കുന്ന പലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങളിൽ നേതൃത്വപരമായ പങ്കു വഹിക്കുന്നതിൽ അതാതിടത്തെ കമ്യൂണിസ്റ്റുകാരുമുണ്ടെന്നതും നുണയൻ സതീശൻ മറയ്ക്കുന്നു. എന്തിന് ഇസ്രയേലിലെ കമ്യൂണിസ്റ്റ് പാർട്ടി നെതന്യാഹു സർക്കാരിന്റെ ആക്രമണത്തിനെതിരെ ഗാസയിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രകടനം നടത്തിയതും പലസ്തീൻ അനുകൂല നിലപാട് പറഞ്ഞ കമ്യൂണിസ്റ്റുകാരായ പാർലമെന്റംഗങ്ങളെ ഇസ്രയേൽ പാർലമെന്റിൽനിന്നും പുറത്താക്കിയതും സതീശൻ മറച്ചുപിടിക്കുന്നു. പലസ്തീൻ പ്രശ്നം ഉയർന്നുവന്നതു മുതൽ ലോകത്തെല്ലായിടത്തുമുള്ള കമ്യൂണിസ്റ്റുകാർ അറബ് ജനതയ്ക്കൊപ്പം ഉറച്ചുനിൽക്കുകയായിരുന്നുവെന്നത് സത്യം. നുണയൻ സതീശന് ആ സത്യം കാണാനുള്ള കണ്ണില്ല.