സിദ്ധിനാഥാനന്ദ സ്വാമിയുടെ മനുസ്മൃതി വാഖ്യാനത്തിന് അവതാരിക എഴുതിയിട്ടുള്ളത് ഡോ. എൻ വി കൃഷ്ണവാര്യരാണ്. അവതാരികയിൽ അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്, ‘‘ബ്രാഹ്മണനെ മനു അങ്ങേയറ്റം പുകഴ്ത്തി; ശൂദ്രന് എന്തെങ്കിലും അവകാശം ഉള്ളതായി മനു കരുതിയില്ല;വർണ്ണ ബാഹ്യരുടെ കാര്യം പറയേണ്ടതുമില്ല.സ്ത്രീകളെ പലയിടത്തും വാഴ്ത്തുന്നുണ്ടെങ്കിലും പുരുഷാധീശത്വത്തെ മനു സർവ്വാത്മനാ അംഗീകരിച്ചു.ഈ കാരണങ്ങളാൽ മനുസ്മൃതിയിലെ നിർദേശങ്ങൾ പുലർത്തിക്കൊണ്ടുള്ള ഒരു ജീവിതത്തെപ്പറ്റി ഇന്നത്തെ ജനാധിപത്യ വ്യവസ്ഥിതിയിൽ സങ്കൽപ്പിക്കുക തന്നെ പ്രയാസമാകുന്നു’’. 1988ലാണ് എൻ വി കൃഷ്ണവാര്യർ ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
മനുസ്മൃതി ഇങ്ങനെ ആയതിന് ഒരു ചരിത്ര പാശ്ചാത്തലമുണ്ട്. ഋഗ്വേദത്തിൽ ആണത്തത്തിന് മഹത്വം കൽപ്പിച്ചു കൊണ്ടാണ് ദേവേന്ദ്രനെ വാഴ്ത്തിപ്പാടിയിരുന്നത് എങ്കിൽ മനുസ്മൃതി ആയപ്പോൾ പുരുഷന്റെ മേധാവിത്വത്തിന് കീഴിൽ വിധേയയായി കഴിഞ്ഞുകൂടേണ്ടവളാണ് സ്ത്രീ എന്ന വിധത്തിൽ നിയമസംഹിത സൃഷ്ടിക്കുന്നതിന് തന്നെ പുരുഷാധിപത്യത്തിന് കഴിഞ്ഞു.
സ്ത്രീ‐പുരുഷ സമത്വത്തിന്റെ ആദിമകാലത്തെ അനുസ്മരിക്കും വിധമാണ് മനുസ്മൃതിയിലും മനുഷ്യോല്പത്തിയെ വിവരിച്ചിരിക്കുന്നത്. ‘‘ബ്രഹ്മാവ് തന്റെ ദേഹം രണ്ടു ഭാഗമാക്കി; ഒരു പകുതി പുരുഷനും മറ്റെ പകുതി സ്ത്രീയുമായി. പുരുഷൻ സ്ത്രീയിൽ വിരാട് പുരുഷനെ സൃഷ്ടിച്ചു’’. അതായത് ബ്രഹ്മാവിന്റെ പകുതിയാണ് സ്ത്രീയെന്നും അവൾ പുരുഷന് തുല്യയാണെന്നും പറഞ്ഞു തുടങ്ങുന്ന മനുസ്മൃതി തുടർന്നങ്ങോട്ട് പുരുഷന് കീഴ്പ്പെട്ടു നിൽക്കേണ്ട,രക്ഷാകർതൃത്വം ഇല്ലാതെ നിലനിൽപ്പില്ലാത്ത രണ്ടാം തരം പൗരയായി സ്ത്രീയെ പരിഗണിക്കുന്നതായാണ് പിന്നീട് കാണാനാവുക. സ്വകാര്യ സ്വത്തുടമസ്ഥത രൂപപ്പെട്ട ഒരു കാലത്താണ് മനുസ്മൃതി രചിക്കപ്പെട്ടിട്ടുള്ളത് എന്ന് അതിന്റെ ഉള്ളടക്കത്തിൽ നിന്നു തന്നെ വ്യക്തമാണ്. സ്വകാര്യ സ്വത്തവകാശം, ദായക്രമം, മോഷണം തുടങ്ങി സ്വകാര്യ സ്വത്ത് നിലനിൽക്കുന്നതിന്റെ നിരവധി സൂചനകൾ മനുസ്മൃതിയിൽ ലഭ്യമാണ്. ഈ സ്വകാര്യ സ്വത്തുടമസ്ഥതയാണ് കുടുംബത്തിനുള്ളിൽ സ്ത്രീയെ കീഴാളത്തമനുഭവിക്കുന്നവളാക്കി മാറ്റിയതെന്ന എംഗത്സിന്റെ നിരീക്ഷണം പൂർണമായി ശരിവെക്കുകയാണ് മനുസ്മൃതി ചെയ്യുന്നത്.
സ്ത്രീ വിദ്യാഭ്യാസം നേടേണ്ടതില്ല; പുറത്ത് ജോലിക്ക് പോകേണ്ടതില്ല; വിവാഹം കഴിക്കുകയും ഭർത്താവിനെ ശുശ്രൂഷിക്കുകയും ആണ് അവർ ആകെ ചെയ്യേണ്ടത് എന്ന് മനുസ്മൃതി പറയുന്നുണ്ട്. മറ്റൊരിടത്ത് ശൃംഗാരചേഷ്ടകളാൽ പുരുഷന്മാരെ വശീകരിച്ചു നശിപ്പിക്കുക എന്നത് സ്ത്രീകളുടെ സ്വഭാവമാണ് എന്ന് പറഞ്ഞ് സ്ത്രീകളെയാകെ അപമാനിക്കാനും മനുസ്മൃതി തയ്യാറാവുന്നുണ്ട്.
മനുസ്മൃതിയുടെ അഞ്ചാം അധ്യായത്തിലാണ് സ്ത്രീധർമ്മത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. അത് ഉദ്ധരിക്കാം: ‘‘ബാലയോ യുവതിയോ വൃദ്ധയോ ആരായാലും സ്ത്രീ സൗഹൃദത്തിൽ പോലും ചെറിയ കാര്യമായാലും തന്നിഷ്ടം പോലെ പ്രവർത്തിക്കരുത്. ബാലയോ യുവതിയോ വൃദ്ധയോ ആരായാലും സ്ത്രീ സൗഹൃദത്തിൽ പോലും ചെറിയ കാര്യമായാലും തന്നിഷ്ടം പോലെ പ്രവർത്തിക്കരുത്’’ (ശ്ലോകം 147)
‘‘ബാല്യത്തിൽ പിതാവിന്റെയും യൗവനത്തിൽ ഭർത്താവിന്റെയും വാർദ്ധക്യത്തിൽ പ്രവരന്മാരായ പുത്രന്മാരുടെയും അധീനതയിൽ വേണം സ്ത്രീ ജീവിക്കാൻ; അവൾ സ്വാതന്ത്ര്യമർഹിക്കുന്നില്ല’’ എന്നും മനുസ്മൃതി പറയുന്നുണ്ട്. ‘‘പിതാവിനോടോ ഭർത്താവിനോടോ പുത്രന്മാരോടോ പിരിഞ്ഞു പാർക്കണമെന്ന് സ്ത്രീ ആഗ്രഹിക്കരുത്. അവരിൽ നിന്നും അകന്നു വാണാൽ അവർ ഭർതൃകുലത്തേയും പിതൃകുലത്തെയും നിന്ദാ പാത്രങ്ങളാക്കി തീർക്കും’’ എന്നും പിതാവോ പിതാവിന്റെ അനുമതിയോടെ സഹോദരനോ സ്ത്രീയെ ആർക്ക് വിവാഹം ചെയ്തു കൊടുക്കുന്നുവോ ആജീവനാന്തം അവരെ ശുശ്രൂഷിക്കേണ്ടതാകുന്നു. അവർ മരിച്ചാൽ അവർ അവനെ അതിലംഘിക്കുകയുമരുത് എന്നും മനുസ്മൃതി വ്യക്തമാക്കുന്നുണ്ട്. വിധവാ വിവാഹം അനുവദിക്കരുത് എന്നാണ് മനുസ്മൃതിയുടെ തീർപ്പ്. എന്നാൽ തന്നേക്കാൾ മുമ്പ് മരിച്ച ഭാര്യയുടെ അന്ത്യകർമ്മത്തിന് അഗ്നി കൊളുത്തിയ ശേഷം ഗൃഹനാഥൻ വീണ്ടും വിവാഹം ചെയ്യുകയും അഗ്നികർമ്മങ്ങൾ ഉടനെ നടത്തുകയും വേണം എന്നും മനുസ്മൃതി തന്നെ പറയുന്നുണ്ട്. എന്നാൽ ഭാര്യ മരിച്ച ഭർത്താവ് ഉടൻ വിവാഹിതനാവണം എന്നാണ് മനുസ്മൃതി പറഞ്ഞത്.
മനുസ്മൃതിയുടെ ഏഴാം അധ്യായത്തിലാണ് രാജധർമം വിശദീകരിച്ചിരിക്കുന്നത്. രാജാവ് മന്ത്രിമാരുമായി രാജ്യകാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ അകറ്റിനിർത്തേണ്ടവരിൽ സ്ത്രീകൾക്കാണ് പ്രാമുഖ്യം നൽകിയിരിക്കുന്നത്. സ്ത്രീകൾ ചഞ്ചലചിത്തകൾ ആയതിനാൽ മന്ത്രഭേദം ചെയ്യുന്നതായിരിക്കും അതിനാൽ അവരെ സൂക്ഷിക്കണം എന്നാണ് മുന്നറിയിപ്പ്. സ്ത്രീകൾ തമ്മിൽ തമ്മിലുള്ള വ്യവഹാരങ്ങളിലൊഴികെ മറ്റൊരു വ്യവഹാര വിചാരണയിലും സ്ത്രീകളെ സാക്ഷിയാക്കാനാവില്ല എന്നും മനുസ്മൃതി പറഞ്ഞു വയ്ക്കുന്നുണ്ട്.
ഇങ്ങനെ തീർത്തും സ്ത്രീവിരുദ്ധമായ ഒന്നാണ് മനുസ്മൃതി. ഈ മനുസ്മൃതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഇന്ത്യൻ ഭരണഘടന സൃഷ്ടിക്കേണ്ടിയിരുന്നത് എന്ന് അഭിപ്രായപ്പെട്ട സംഘടനയാണ് ആർഎസ്എസ്. ഇപ്പോഴും അവർ നിലകൊള്ളുന്നത് അതേ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. ഈ സ്ത്രീവിരുദ്ധത ഇന്ത്യയിൽ പരമ്പരാഗതമായി നിലനിന്നു വരുന്നതാണ്. ഇന്ത്യയിൽ മുതലാളിത്ത വളർച്ച ആരംഭിച്ചതോടെ പുത്തൻ ആശയഗതികൾ രൂപപ്പെടുകയും അത് നവോത്ഥാന പ്രസ്ഥാനം ആയി മാറുകയും ചെയ്തു. വിധവാവിവാഹം നവോത്ഥാന പ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട മുദ്രാവാക്യങ്ങളിൽ ഒന്നായിരുന്നു. എന്നാൽ ഇന്ത്യയിൽ നവോത്ഥാന പ്രസ്ഥാനത്തോടൊപ്പം തന്നെ പുനരുത്ഥാന പ്രസ്ഥാനവും രൂപപ്പെട്ടിരുന്നു. വേദങ്ങളിലേക്ക് മടങ്ങുക എന്നതായിരുന്നു അവരുടെ കാഴ്ചപ്പാട്. വേദത്തിന്റെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്നതാണ് സ്മൃതികൾ. സ്മൃതികളിൽ ഏറ്റവും പ്രാബല്യം ഉള്ളതാണ് മനുസ്മൃതി.
ഇന്ത്യയിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനം രൂപം കൊണ്ടപ്പോഴും അതിനകത്തും ഈ രണ്ടു ചിന്താഗതികളും തമ്മിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഹിന്ദു മഹാസഭയുടെ നേതാക്കൾ തന്നെ കോൺഗ്രസിന്റെ നേതാക്കളായും പ്രവർത്തിച്ചിട്ടുള്ളത് നമുക്കറിയാം. എന്നാൽ കേരളത്തിൽ നവോത്ഥാനത്തിന് തുടർച്ചയുണ്ടായി. കമ്യൂണിസ്റ്റുകാർ തൊഴിലാളികളെയും കർഷകരെയും ഒക്കെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുകയും സമരം ചെയ്യുകയും ചെയ്തതിന്റെ ഭാഗമായി സമത്വബോധം വലിയതോതിൽ വളർന്നുവന്നു. നിരവധി സ്ത്രീകളും ഇത്തരത്തിലുള്ള പോരാട്ടത്തിൽ പങ്കുവഹിച്ചിട്ടുണ്ട്.
പിന്നീട് കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരികയും ഭൂപ്രഭുത്വം അവസാനിപ്പിക്കുന്നതിനുള്ള നിയമനിർമാണം നടത്തുകയും ചെയ്തു. ഒപ്പം സ്ത്രീ‐പുരുഷഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കുകയും ചെയ്തു. ഇതുവഴി നിരവധി സ്ത്രീകൾ ജോലിക്കാരായി മാറി. തൊഴിൽപരമായി അവർ സംഘടിക്കാനും സമരം ചെയ്യാനും പ്രാപ്തിയുള്ളവരായി മാറി. പുരുഷനോട് ഏത് നിലയ്ക്കും കിടപിടിക്കാവുന്നവരാണ് തങ്ങൾ എന്ന ബോധം അവർക്ക് രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞു. അങ്ങനെയാണ് കേരളത്തിൽ സ്ത്രീ ശാക്തീകരണം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടത്.
മറ്റു സംസ്ഥാനങ്ങളിൽ ഈ പ്രക്രിയ വേണ്ടത്ര നടന്നില്ല എന്നുമാത്രമല്ല നല്ല നിലയിൽ മേൽജാതി മേധാവിത്വം തുടരുകയും ചെയ്തു. സ്ത്രീകളുടെ പിന്നാക്കാവസ്ഥയ്‌ക്ക് അതും ഒരു കാരണമായി. സാക്ഷരതാ നിരക്കിലെ കുറവ്, ഭൂപരിഷ്കരണം നടക്കാതിരുന്നത് ഇതൊക്കെ സ്ത്രീകളെ പിന്നാക്കാവസ്ഥയിൽ തന്നെ തളച്ചിട്ടു. സുസ്ഥിര വികസന ലക്ഷ്യസൂചികയിൽ ദേശീയ ശരാശരി 66 ആണെങ്കിൽ കേരളം നേടിയ സ്കോർ 15 ആണ്. ഒപ്പം ഒന്നാം സ്ഥാനവും. സ്കൂൾ വിദ്യാഭ്യാസ ഗുണമേന്മ സൂചികയിലും ദേശീയമായി ഒന്നാം സ്ഥാനത്താണ് കേരളം. ഇത് നിതി ആയോഗിന്റെ തന്നെ കണക്കാണ്. യുഎൻഡിപിയുടെ മാനവ വികസന സൂചികയിലും കേരളം ഒന്നാം സ്ഥാനത്താണ്.
ഈ നേട്ടം കേരളത്തിൽ ഇടതുപക്ഷം ഭരിച്ചതുകൊണ്ട് ഉണ്ടായതാണ്. അത് തകർക്കാനാണ് അർഹമായ കേന്ദ്ര വിഹിതം പോലും നൽകാതെ കേരളത്തെ കടക്കെണിയിലാക്കാൻ കേന്ദ്രം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.