ഭരണഘടനയും അവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടം-

പ്രതിപക്ഷം നോർത്ത്, സൗത്ത് ഡിവിഷൻ ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ആദ്യം ഇന്ത്യയുടെ ഭൂമിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കണം എന്നാണ് എനിക്ക് തോന്നുന്നത്. കെജരിവാൾ സൗത്തിൽ നിന്നല്ല, പഞ്ചാബിൽ മുഖ്യമന്ത്രി ഭ​ഗവത് മാൻ സൗത്ത് അല്ല, കാശ്മീരിൽ നിന്നെത്തിയ ഫറൂഖ് അബ്ദുള്ള സൗത്ത് അല്ല. പ്രധാനമന്ത്രി ഇന്ത്യയുടെ ഭൂമിശാസ്ത്രം പഠിക്കേണ്ടത് അനിവാര്യമാണ്.

അദ്ദേഹത്തിന് ഭാരതത്തിന്റെ ഭൂമിശാസ്ത്രം അറിയില്ല. ഇത് തെക്ക്, വടക്ക് പോരാട്ടമല്ല. ഇത് നമ്മുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടമാണ്. ഭരണഘടന നമുക്ക് അനുവദിച്ചു തരുന്ന അടിസ്ഥാന അവകാശങ്ങളുണ്ട്. ഇന്ത്യയെന്നാൽ സംസ്ഥാനങ്ങളുടെ യൂണിയനാണ് എന്നാണ് ഭരണഘടന പറയുന്നത്.

സംസ്ഥാനങ്ങൾ ഇല്ലെങ്കിൽ യൂണിയനുമില്ല. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് പ്രകാരം യൂണിയൻ മാത്രം മതി; സംസ്ഥാനങ്ങൾ വേണ്ട. അർഹതപ്പെട്ട അവകാശങ്ങൾക്കായി സംസ്ഥാനം കേന്ദ്രത്തോട് യാചിക്കണമെന്നത് അം​ഗീകരിച്ചു കൊടുക്കാൻ സാധിക്കില്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ഇത് കേന്ദ്രീകൃത അധികാരത്തിന്റെ പ്രവണതകളായി മാത്രം കാണാൻ കഴിയില്ല. തീർച്ചയായും അവർക്ക് കേന്ദ്രീകൃത ഭരണത്തിൽ തന്നെയാണ് താൽപര്യം. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട വിഷയം എന്തെന്നാൽ അവർക്ക് നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവം തന്നെ മാറ്റണം എന്നതാണ്. അവർ ശ്രമിക്കുന്നത് അസഹിഷ്ണുതയോടു കൂടിയ ഏകാധിപത്യ ഹിന്ദുത്വ രാജ്യത്തിന്റെ അതിവേ​ഗ നിർമ്മിതിക്കാണ്. ഒരു ഹിന്ദുത്വ രാജ്യത്തിന്റെ നിർമ്മാണത്തിന് കേന്ദ്രീകൃത ഘടനയോടു കൂടിയ രാജ്യം അവർക്ക് ആവശ്യമാണ്. അതിനായി നമ്മുടെ രാജ്യത്തിന്റെ ഫെഡറൽ ഘടന തന്നെ ഇല്ലാതാക്കണം. കേന്ദ്രീകൃത ഭരണ സംവിധാനങ്ങൾക്കുള്ള ഈ ശ്രമം നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കൻ സ്വഭാവവും ഘടനയും ഇല്ലാതാക്കും. അത് പുതിയൊരു ഫാസിസ്റ്റ് ഹിന്ദുത്വ രാഷ്ട്ര നിർമ്മാണത്തിലേക്ക് നയിക്കും. എന്തുകൊണ്ട് ഇത്തരം അധിക്ഷേപങ്ങളുണ്ടാകുന്നു എന്ന് ചിന്തിക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി മനസ്സിൽ കാണേണ്ടതുണ്ട്.

കെജരിവാൾ പറഞ്ഞതു പോലെ കാലചക്രം നീങ്ങിക്കൊണ്ടിരിക്കുകയാണ്.
കാലചക്രത്തെപ്പോലും പിടിച്ചു നിർത്തിയെന്നു ഊറ്റം കൊള്ളുന്ന ഒരു പ്രധാനമന്ത്രി നമുക്കുണ്ട് . അയോധ്യയിൽ പ്രസംഗിക്കുമ്പോൾ അദ്ദേഹം പറഞ്ഞു കാലചക്രത്തെ തിരിച്ചുവെച്ചുവെന്ന് !

കാലചക്രത്തെ പിടിച്ചുനിർത്താൻ കഴിവുള്ളവർ ഇതുവരെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. കാലചക്രം തിരിഞ്ഞുകൊണ്ടിരിക്കും. അത് തിരിയുമ്പോൾ ചെറിയവരും വലിയവരും എല്ലാം മാറും.

ഹിന്ദി സിനിമയിൽ ഹാസ്യപ്രധാനമായ റോളുകൾ അഭിനയിച്ചിരുന്ന ഒരു നടനുണ്ട്, ജോണീ വാക്കർ എന്ന പേരിൽ. അദ്ദേഹം വളരെ ദരിദ്രനായാട്ടായിരുന്നു മരിച്ചത്.
അവസാനകാലത്ത് ഒരഭിമുഖത്തിൽ ഒരു പത്രക്കാരൻ അദ്ദേഹത്തോട് ചോദിച്ചു, ‘‘ഒരുകാലത്ത് താങ്കളില്ലാത്ത സിനിമകൾ ഇറങ്ങിയിരുന്നില്ല. താങ്കൾ പാടിയഭിനയിച്ച പാട്ടുകൾ അതിപ്രശസ്തങ്ങളായിരുന്നു. പിന്നെയെങ്ങനെ അവസാനകാലത്ത് ഈ നിലവന്നു? .

അതിനുത്തരമായി ജോണി വാക്കർ പറഞ്ഞത് ഇതാണ്, ‘”ടെൻസിങ് നോർഗേ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കൊടിമുടിയിൽ കയറി. പക്ഷേ അദ്ദേഹം അവിടെയിരുന്നില്ല. ഇരിക്കാനും കഴിയില്ല. തിരിച്ചിറങ്ങി വന്നു. എത്ര മുകളിൽ കയറിയാലും ഒരിറക്കമുണ്ട്. തിരിച്ചിറങ്ങേണ്ടി വരും’’.

ഇപ്പോൾ മോദിക്കും ഇറങ്ങേണ്ട സമയമായിരിക്കുന്നു. ഇറക്കേണ്ട സമയവുമാണിത്. ഭരണത്തിൽ നിന്ന് അദ്ദേഹത്തെ മാറ്റാതെ നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയെയോ, രാജ്യത്തിന്റെ ചരിത്രത്തെയോ, രാജ്യത്തെ ത്തന്നെയോ രക്ഷിക്കാനാകില്ല.

അതിനാൽത്തന്നെ ഈ സമരം കേവലം സാമ്പത്തിക വിഭവങ്ങളുടെ പങ്ക് പിടിച്ചുവാങ്ങുവാൻ മാത്രമുള്ള സമരമല്ല, രാജ്യത്തിന്റെ ചരിത്രത്തെ, രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള സമരം കൂടിയാണ്.

ഈ സമരം തുടരുകമാത്രമല്ല, ഇത് നമ്മൾ ജയിക്കുക കൂടി വേണം. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. ഞങ്ങളുടെ ഐക്യദാർഢ്യം നിങ്ങളുടെ ഈ സമരത്തിനൊപ്പമുണ്ട്. കേരളത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുവാനുള്ള സമരത്തോടൊപ്പം തന്നെ ഭരണഘടന നമുക്ക് ഉറപ്പാക്കിയിട്ടുള്ള അവകാശങ്ങളെല്ലാം സംരക്ഷിക്കാനുള്ള പോരാട്ടം നമ്മൾ തുടരും. :diamonds: