നമ്മുക്ക് എല്ലാവർക്കും അറിയാം നമ്മുടെ രാജ്യം ഇന്ന് വലിയ പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. രാജ്യം അതിന്റെ ചരിത്രത്തിലെ തന്നെ വലിയ ദുരിതം നേരിടുകയാണ്. ഈ ദുരിതത്തിൽ നിന്ന് നമ്മുടെ രാജ്യത്തെ എങ്ങനെ രക്ഷിക്കാം അതാണ് നാം ചിന്തിക്കേണ്ടത്. ഫെഡറലിസം അതിൽ ഒന്നാണ്. മോദി അധികാരത്തിലെത്തുമ്പോൾ അദ്ദേഹം വാഗ്ദാനം ചെയ്തത് കോ– ഓപ്പറേറ്റീവ് ഫെഡറലിസത്തിനായി നിലകൊള്ളുമെന്നാണ്. എന്നാൽ എന്താണ് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇപ്പോൾ സഹകരണമൊന്നുമില്ല ഫെഡറലിസവുമില്ല. അന്ന് കോ–ഓപ്പറേറ്റീവ് ഫെഡറലിസത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം ഇപ്പോൾ പറയുന്നു പ്രതിപക്ഷം രാജ്യത്തെ നോർത്ത്, സൗത്ത് എന്ന് വിഭജിക്കാൻ ശ്രമിക്കുന്നു എന്ന്. മിസ്റ്റർ മോദീ ഞങ്ങൾ നിങ്ങളോട് പറയുന്നു, നിങ്ങളും നിങ്ങളുടെ പാർട്ടിയായ ബിജെപിയും ആർഎസ്എസുമാണ് മതത്തിന്റെയും ജാതിയുടെയും പേരില്‍ രാജ്യത്തെ വിഭജിക്കുന്നത്. നിങ്ങളാണ് രാജ്യത്തെ നോർത്ത്, സൗത്ത് ഈസ്റ്റ്, വെസ്റ്റ് എന്ന് വിഭജിക്കുന്നത്. നേരത്തെ തന്നെ നിങ്ങൾ നോർത്ത് ഈസ്റ്റ് എന്ന് ഒരു വിഭജനം നടത്തിക്കഴിഞ്ഞു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? നിങ്ങളുടെ നേതൃത്വത്തിൽ ബിജെപിയും ആർഎസ്എസും യോജിച്ചു.
നമ്മുടെ ഭരണഘടന വ്യക്തമാക്കുന്നുണ്ട് ഇന്ത്യ എന്നത് ഒരു മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കാണെന്ന്. നിങ്ങൾ ഇപ്പോൾ ആ ഭരണഘടനയെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയെ പൗരോഹിത്യഭരണ രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു. ഞങ്ങള്‍ നിശബ്ദരായി കയ്യുംകെട്ടി നോക്കിയിരിക്കുമെന്ന് കരുതിയോ? അതുകൊണ്ടാണ് നമ്മുടെ മുഖ്യമന്ത്രി രാജ്യ തലസ്ഥാനമായ ഡൽഹിയിലേക്ക് വന്നിരിക്കുന്നത്. പാർലമെന്റിന്റെ വാതിലിൽ മുട്ടി നിങ്ങളെ ഓർമ്മപ്പെടുത്തുകയാണ്. നിങ്ങൾ എല്ലാ കാലത്തും അധികാരത്തിലുണ്ടാകില്ലായെന്ന്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് ഭരണഘടന വ്യക്തമാക്കുന്നു. എന്നാൽ നിങ്ങൾ അത് കോർപ്പറേറ്റ് കുടുംബങ്ങളുടെ രാജ്യമാക്കി മാറ്റി. കോർപ്പറേറ്റ് ഹൗസസിനു വേണ്ടിയുള്ള അവരുടെ രാജ്യം. നിങ്ങളുടെ ഭരണത്തിൻ കീഴിൽ ജനങ്ങൾക്കും തൊഴിലാളികൾക്കും കർഷകർക്കും പരിഗണനയില്ലാതായി. രാജ്യത്തെ കോർപ്പറേറ്റുകൾക്കായി തീറെഴുതി. രാജ്യത്തിന്റെ ക്ഷേമസ്വഭാവം നിങ്ങൾ ഇല്ലാതാക്കി. മിസ്റ്റർ മോദീ ഭരണഘടന വ്യക്തമാക്കുന്നു, ഇന്ത്യ എന്ന ഭാരത് – നിങ്ങൾ എന്ത് വേണമെങ്കിലും വിളിച്ചോളു അത് സംസ്ഥാനങ്ങളുടെ ഒരു യൂണിയൻ ആണെന്ന്. യഥാർഥത്തിൽ ഡോ. അംബേദ്ക്കർ വ്യക്തമാക്കുന്നു ഇന്ത്യയെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഇന്ത്യ എന്ന് വിളിക്കണം. ഭരണഘടന ഡ്രാഫ്റ്റ് ചെയ്യുമ്പോൾ അദ്ദേഹം അത് യൂണിയൻ ഓഫ് സ്റ്റേറ്റ്സ് എന്ന് വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് അവരുടേതായ അവകാശങ്ങളുണ്ട്. രാഷ്ട്രീയവും സാമ്പത്തികവുമായ അവകാശങ്ങളുണ്ട്. ഭരണഘടനയുടെ ചട്ടക്കൂടിൽ തന്നെ അതുണ്ട്.
ഇപ്പോൾ നിങ്ങൾ പ്രധാനമന്ത്രിയായി ഇരുന്നുകൊണ്ട് ബിജെപിയുടെയും ആർഎസ്എസിന്റെയും ആജ്ഞയും മർഗനിർദേശങ്ങളും ഉപദേശവും കേട്ടുകൊണ്ട് സംസ്ഥാന സർക്കാരുടെ അധികാരം കവർന്നെടുക്കാന്‍ ശ്രമിക്കുന്നു. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുവാന്‍ ഞങ്ങള്‍ അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ? അവസാനിക്കുന്നില്ല. അതുകൊണ്ടാണ് ഞങ്ങൾ എല്ലാവരും ഇവിടെ വന്നിരിക്കുന്നത്. നിങ്ങൾ എല്ലാ കാലത്തും അധികാരത്തിലുണ്ടാകില്ലെന്ന് നിങ്ങളെ ഓർമ്മപ്പെടുത്തുന്നു. 2024 പാർലമെന്റ് തിരഞ്ഞെടുപ്പ് രാജ്യത്തിന് വളരെ നിർണ്ണായകമാണ്. രാജ്യത്തിന്റെ ഭാവിക്ക് നിർണ്ണായകമാണ്. ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി പോരാടും. ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കും. അതിനായി നമുക്ക് ഒന്നിച്ച് പോരാടാം. ആ പോരാട്ടത്തിന് രാജ്യതലസ്ഥാനത്തെത്തി തുടക്കം കുറിച്ച സഖാവ് പിണറായി വിജയനെ ഞാൻ അഭിനന്ദിക്കുന്നു. വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാർ മുൻ മുഖ്യമന്ത്രിമാർ എല്ലാം ഇവിടെ എത്തി. വ്യത്യസ്ത രാഷ്ട്രീയ സംഘടനാ നേതാക്കളെത്തി. എന്തിനാണ് നാമെല്ലാം ഒന്നിച്ചണിചേരുന്നത്. അത് രാജ്യത്തിന്റെ സുരക്ഷയ്ക്കായാണ്. രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവവും ഫെഡറലിസവും സംരക്ഷിക്കാനാണ്. ഇന്ത്യയെത്തന്നെ സംരക്ഷിക്കാനാണ്. നമുക്ക് ഒന്നിച്ച് നീങ്ങാം. ഒന്നിച്ച് പോരാടാം.